Sunday, March 28, 2010

പോലീസും കള്ളനും

മൂന്ന്‌ ദിവസത്തെക്കായി വീട്ടില്‍ പോയി തിരിച്ച് വരുന്ന വഴി കൊച്ചി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു‍. തുടര്‍ച്ചയായ യാത്രാ ക്ഷീണമുള്ളതിനാല്‍ അകത്തുകയറി വിശ്രമിക്കാമെന്നു കരുതി പ്രധാന കവാടം ലക്ഷ്യമാക്കി നടന്ന എന്നോട്, അതുവരെ എന്തോ പറഞ്ഞു ചിരിച്ചുകൊണ്ടിരുന്ന സ്കാനിങ്ങ്‌ മഷിന്‍ ഓപറേറ്റേഴ്സ്‌ എന്നെ കണ്ടതും സംസാരം നിര്‍ത്തി കയ്യിലുള്ള ബാഗ്‌ മെഷിനിലേക്കിടാനാവശ്യപ്പെട്ടു.

സ്കാനിങ്ങ് മെഷിനില്‍ നിന്ന് ബാഗും കയ്യിലെടുത്ത് ടിക്കറ്റിങ്ങ് കൗണ്ടറിലേക്ക് നീങ്ങിയ എനിക്ക് പിന്നാലെ അമ്പതു വയസ്സ് തോന്നിക്കുന്ന ഒരാള്‍ ഓടിവന്നു. ചെറിയതാടിയുള്ള അയാളുടെ കയ്യില്‍ പാസ്പോര്‍ട്ടും ടികറ്റുമൊക്കെ വെക്കാന്‍ പാകത്തിലുള്ള കറുത്ത നിറമുള്ള ഒരു ചെറിയ ബാഗു മാത്രമേയുള്ളു.

' യു.എ.യിലേക്കാ? ' അതെയെന്നുത്തരം പറഞ്ഞ എന്നോട് വാതോരാതെ അയാള്‍ സംസാരിച്ചുകൊണ്ടിരുന്നു.
വടക്കന്‍ മലബാറുകാരനായ അയാളുടെ പേര് സുലൈമാനാണെന്നും , മുപ്പതു വര്‍ഷമായി സൗദിയില്‍ കഫിട്ടേറിയ നടത്തുകയുമാണെന്നും , രണ്ടുവര്‍ഷത്തില്‍ അഞ്ചോ ആറോ മാസം നാട്ടില്‍ നില്‍ക്കാറുണ്ടെന്നുമൊക്കെ ഞാന്‍ മനസ്സിലാക്കി. ടിക്കെറ്റിങ്ങ്‌ കൌണ്ടറുകളൊന്നും തുറക്കാത്തതിനാല്‍ അവിടെയുള്ള സീറ്റില്‍ ഇരുന്ന ഞങ്ങളുടെ സംസാരം തുടര്‍ന്നു. നാട്ടിലുള്ള പ്രശനങ്ങളും വിദേശത്തുള്ള പ്രശ്നങ്ങളും , മക്കളുടെ പഠിപ്പുമെല്ലാം ഒരു സാധരണക്കാരന്‍‌റ്റെ ഭാഷയിലൂടെ അയാള്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഞാനൊരു കേള്‍‌വിക്കാരന്‍ മാത്രമായി. ഇടക്ക് എനിക്കു വന്ന ഫോണ്‍കോളുകള്‍ മാത്രമെ അയാളുടെ സംസാരത്തെനിര്‍ത്തിയുള്ളൂ.

പെട്ടെന്നാണ് എഴുപത്തഞ്ചോളം വരുന്ന കാക്കി യൂണിഫോമിട്ട ചെറുപ്പക്കാര്‍ വരിയായി ഹാളിലേക്ക് പ്രവേശിച്ചത്.അകത്തുകയറിയ അവര്‍ രണ്ട് വരികളിലായി കൗണ്ടറുകളെ അഭിമുഖരിച്ചുകൊണ്ട് നിന്നു.
വല്ല വി.ഐ,പി കളോ മറ്റോ വരുന്നുണ്ടാകും എന്നും കരുതി ഞാന്‍ സുലൈമാന്‍‌റ്റെ അടുത്ത വിഷയത്തിന് കാതോര്‍ത്തെങ്കിലും അയാള്‍ അവരെ ശ്രദ്ധിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞതും സീനിയര്‍ ഓഫീസര്‍ എന്നു തോന്നിപ്പിക്കുന്ന ഒരാള്‍ അവിടേക്ക് വന്ന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും തുടങ്ങി. അധികം താമസിയാതെ അവര്‍ വരിയായി ഉള്ളിലേക്കു പോകുകയും ചെയ്തു.

കൌണ്ടര്‍ തുറന്ന് ബോര്‍ഡിങ്ങ്‌ പാസ്സും വാങ്ങി ഞങ്ങള്‍ പാസ്പോര്‍ട്ട് കണ്‍ട്രോള്‍ കൌണ്ടറിലേക്കു നീങ്ങി. കൗണ്ടര്‍ തുറന്നിട്ടുണ്ടായിരുന്നില്ലെങ്കിലും മുമ്പ് കണ്ട കാക്കി യൂണിഫോമിട്ടവര്‍ രണ്ടുവരിയായി അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് മുന്നില്‍ നിന്ന് നിര്‍ദ്ദേശം കൊടുക്കുന്ന ആളുടെ വാക്കുകള്‍ ശ്രദ്ധിച്ചപ്പോളാണ് ട്രൈനിങ്ങിനായി വന്നതാണിവരെന്ന് മനസ്സിലായത്.

സീനിയര്‍ ഉദ്യോഗസ്ഥന്‍‌റ്റെ നിര്‍ദ്ദേശം അനുസരിച്ചുകൊണ്ട് , ഇരുപത്തഞ്ചോളം പേര്‍ ഓരോ കൗണ്ടറിലും ഇരിക്കുന്ന പോലീസുകര്‍ക്ക് ചുറ്റും നിലയുറപ്പിച്ചു. അവിടെ കൗണ്ടറില്‍ ഇരിക്കുന്ന പോലീസുകാര്‍ ഓരോരുത്തരോടും പേരു ചോദിക്കുന്നതും പറയുന്നതും കേള്‍ക്കാമായിരുന്നു.

പോലീസുകാരനെ കേന്ദ്രീകരിച്ച് വട്ടത്തില്‍ നിലയുറപ്പിച്ച ട്രൈനികളില്‍ പിന്‍ നിരയിലുള്ളവര്‍ പോലീസുകാരന്‍ പറയുന്നത് ശ്രവിക്കാന്‍ വേണ്ടി മുന്നിലുള്ളവരുടെ തോളില്‍ കയ്യിട്ട് ഉയര്‍ന്നുനോക്കിയത് ; കുന്നംകുളം ചന്തയില്‍ മൈലെണ്ണ വില്‍ക്കുന്നവന് ചുറ്റും നാട്ടിന്‍ പുറത്തുകാര്‍ കൂടിനില്‍ക്കുന്ന ഒരു പ്രതീതി ജനിപ്പിച്ചു.

പോലീസുകാരന്‍‌റ്റെ നിര്‍‌ദ്ദേശത്താല്‍ കൌണ്ടറിലേക്ക്‌ നീങ്ങിയ എന്‍‌റ്റെ പാസ്പോര്‍ട്ട്‌ വാങ്ങി അയാള്‍ തനിക്കു ചുറ്റും നിന്നിരുന്നവരോട് പാസ്പോര്‍ട്ടിലെ ഓരോ പേജിനെക്കുറിച്ച് വിവരിച്ചുകൊടുത്തു. ഓരോരുത്തരുടെയും ഭാവ വ്യത്യാസങ്ങള്‍ വീക്ഷിച്ചു നിന്നിരുന്ന എന്നോട് , അതുവരെ സൌമ്യനായിരുന്ന പോലീസുകാരന്‍ സ്വല്‍പം ഗൌരവത്തില്‍:

' എന്താ (ഡാ) പേര് '

ആ ചോദ്യം ചോദിച്ചപ്പോള്‍ ട്രൈനികളുടെ മുഖത്ത്‌ വല്ലാത്തൊരു പരിഹാസം ഞാന്‍ കണ്ടു.പിന്നീട്‌ അയാള്‍ പാസ്പോര്‍ട്ടിലെ പേജുകള്‍ മറിച്ചുകൊണ്ട്‌ ഓരോന്ന് വിശദീകരിച്ചുകൊടുത്തുകൊണ്ടിരുന്നു. ഇടക്കെന്നോട് ചോദിക്കുമ്പോള്‍ വല്ലാത്ത ഒരു ഗൗരവം മുഖത്തും ചോദ്യത്തിലും വരുത്താന്‍ അയാള്‍ ശ്രമിച്ചിരുന്നു.

' എവിടെയാ (ഡാ) വീട്‌ '
' ആനക്കര '

മൂന്ന് മാസം മുമ്പ്‌ ഇതേ കൌണ്ടറിലൂടെ തന്നെ കടന്നുപോയതും , അന്നു സൗമ്യമായി ഇതേ പോലീസുകാരന്‍ പെരുമാറിയതും എല്ലാം ഓര്‍മ്മിക്കുകയായിരുന്നു ഞാന്‍.

' മൂന്ന് മാസം മുമ്പല്ലെ താന്‍ പോയത്‌?'
' അതെ '
' ആന്ന് ഈ വഴിയാണോ പോയത് ? '
' അതെ '
' അന്ന് താന്‍ ഡല്‍ഹിയിലാണിറങ്ങിയതല്ലെ'
'അതെ'

ചോദ്യത്തിനടക്കൊക്കെ അയാള്‍ പാസ്പോര്‍ട്ട് തുറന്ന് പേജുകളില്‍ നോക്കി ട്രൈനികളോട് വിശദീകരിച്ചുകൊടുക്കുണ്ടായിരുന്നു.

' എന്തെ അന്ന് ഡല്‍ഹിയില്‍ ഇറങ്ങിയത് ഇറങ്ങിയത് ? '
' എന്താ(ഡാ) നിന്‍‌റ്റെ ജോലി? '

മൂന്ന് മാസം മുമ്പ് ലീവിന് നാട്ടില്‍ പോയപ്പോള്‍ ഡല്‍ഹിയില്‍ പോയതെന്തിനെന്ന ചോദ്യത്തിനുത്തരം പറഞ്ഞില്ലെങ്കിലും എന്‍റ്റെ ജോലി ഞാന്‍ പറഞ്ഞു. ഈ സമയം കൊണ്ട് എന്‍‌റ്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

' എവിടെക്കാണിപ്പോ പോകുന്നത്‌ '

എന്ന ചോദ്യം കൂടെയായപ്പോളേക്കും എന്‍‌റ്റെ ക്ഷമ പൂര്‍ണ്ണമായി നശിച്ചിരുന്നു , അബൂദാബിയിലേക്കുള്ള ഫ്ലൈറ്റില്‍ പോകുന്ന ഞാന്‍ അയാളെ ഒന്നിളക്കാന്‍ വേണ്ടി തന്നെ സ്വല്‍‌പ്പം നീരസത്തോടെ:

' ദുബായിലേക്ക് '

അയാളുടെ ഉത്തരം പെട്ടെന്നായിരുന്നു ,

' ദുബായിലേക്കോ , അതിനീ വിമാനം അബുദാബിയിലേക്കാണല്ലോ' പിന്നെ എന്തോ ആലോചിച്ച് ;

' അബൂദാബീന്ന് റോഡ് വഴിയാവും അല്ലെ? '.

പാസ്പോര്‍ട്ടിലെ ശരിയായ വിസ തപ്പിയെടുക്കാന്‍ അയാള്‍ കുറച്ചു പാടുപെട്ടു, ഓരോന്നും മാറി മാറി നോക്കുന്നതിനിടക്ക് ചില തമാശകളൊക്കെ ട്രൈനികളോട് പറയുന്നുണ്ടായിരുന്നു.

ക്ഷമയുടെ നെല്ലിപ്പലകയും പൊളിഞ്ഞുനിന്ന എനിക്ക് അയാളുടെ പരിഹാസവും ഗൗരവവും കലര്‍ന്ന ,

' എന്തെ ഇത്രപെട്ടെന്ന് വീണ്ടും വന്നത്? ' എന്ന് ചോദ്യം തീരെ പിടിച്ചില്ല.
' ഉത്തരം നിര്‍ബന്ധമാണോ ' എന്ന എന്‍റ്റെ മറുചോദ്യവും;
' എന്‍റ്റെ സാറെ കുറെ നേരമായിവിടെ നില്‍ക്കാന്‍ തുടങ്ങിയീട്ട്‌ ഒന്നു കടത്തിവിട്‌ '

എന്ന പരിഹാസം കലര്‍ന്ന അപേക്ഷയും അയാളെ ക്ഷുപിതനാക്കും എന്നു കരുതിയെങ്കിലും അതുണ്ടായില്ല .
അയാളെന്നെ രൂക്ഷമായി നോക്കി പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ്‌ ചെയ്ത്‌ കയ്യിലേക്ക്‌ തരികയായിരുന്നില്ല വലിച്ചെറിയുകായായിരുന്നു.

കൗണ്ടറില്‍ നിന്നും നീങ്ങുമ്പോള്‍ ട്രൈനികള്‍ എന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു. നടന്നു നീങ്ങിയ എനിക്കു പിന്നാലെ സുലൈമാന്‍ ഓടിവന്നു. അയാളുടെ സംസാരത്തില്‍ നിന്നും എനിക്കുണ്ടായതിനേക്കാള്‍ മോശമായിരുന്നു അയാളുടെ അനുഭവം എന്നും മനസ്സിലായി. ആദ്യം എനിക്കുള്ള ഫ്ലൈറ്റ് വന്നു , ഞങ്ങള്‍ യാത്രപറഞ്ഞു പിരിഞ്ഞെങ്കിലും യാത്രയില്‍ മിക്കപ്പോഴും സുലൈമാനിക്കയുടെ സംസാരത്തില്‍ വന്നിരുന്ന വാക്കുകളായിരുന്നു ,

' മ്മടെ നാടൊരിക്കലും നന്നാവൂല്ല '

Tuesday, March 23, 2010

കാര്‍ത്തുവിന്റെ വിധി

ഓണത്തിന്‌ കുറച്ച്‌ നാള്‍ മുമ്പുള്ള ‌ ഇടപ്പാള്‍ പൂരാടവാണിഭത്തില്‍ നിന്നാണ് നാട്ടിലുള്ളവര്‍ ഓണത്തിനുള്ള സാധനങ്ങളെല്ലാം വാങ്ങുന്നത്. എല്ലാവര്‍ഷവും പോലെ പോലെ ആ തവണയും ഞാനും മണിയേട്ടനും കൊച്ചുണ്ണിയേട്ടനും മാമദുമൊക്കെ വൈകുന്നേരം ഇടപ്പാളിന് പുറപ്പെട്ടു. സെക്കന്‍ഡ് ഷോ കഴിഞ്ഞാണ് മടങ്ങുക.

****
പലരേയും പോലെ , പുറത്ത് നിന്നും ഞങ്ങളുടെ നാട്ടില്‍ വന്ന കരിങ്കല്‍ കോണ്ട്രാക്ടര്‍ ആയിരുന്നു ചെങ്കന്‍.
മറ്റുള്ളവരെപ്പോലെയല്ലായിരുന്നു ചെങ്കന്‍. ക്വാറിയില്‍ പണിക്കാരിയായിരുന്ന ജാനുവില്‍‍ അയാള്‍ക്കൊരു കുട്ടി പിറക്കാറായപ്പോള്‍ അയാള്‍ അവളെ കെട്ടി, സ്ഥിര താമസവും ജാനുവിന്‍‌റ്റെ വീട്ടിലായി.

ചെങ്കന്‌ കുട്ടികള്‍ വരിയായി 6 പേരായതിന് ശേഷം ജാനുവിന്‍‌റ്റെ കല്യാണം കഴിക്കാത്ത ചേച്ചി തങ്കമ്മയിലും കുട്ടികള്‍ ആകാന്‍ തുടങ്ങിയപ്പോള്‍ ഇടക്ക്‌ നാട്ടിലുള്ള ഭാര്യയെ കാണാന്‍ പോയിരുന്ന ചെങ്കന്‍ അതങ്ങ്‌ നിര്‍ത്തിയിട്ട്‌ , തങ്കമ്മയെയും കെട്ടി; തങ്കമ്മയില്‍ എത്ര മക്കളുണ്ടായി എന്നതെനിക്കറിയില്ല.ജാനുവിന്‍റെ അനിയത്തി കാര്‍ത്തു എന്‍‌റ്റെ ക്ളാസ്സിലായിരുന്നു പഠിച്ചിരുന്നത് ഒരിക്കല്‍ വഴിയില്‍ എതിരെ വന്ന കാര്‍ത്തൂനെ കണ്ടപ്പോള്‍ കൊച്ചുണ്ണിയേട്ടന്‍ നിന്നു:

' കാര്‍ത്ത്വാ , സൂക്ഷിക്കണട്ടോ '

' ന്നോട്‌ കളിച്ചാ ഞാ മടാകത്തിയെടുക്കും '

കാര്‍ത്തൂന്‍‌റ്റെ മറുപടിക്ക് താമസമില്ലായിരുന്നു.

*****

സിനിമയുടെ പേരെനിക്കോര്‍മ്മയില്ല , നായകനായ പ്രേം നസീറിന് മക്കളുണ്ടാകുന്നില്ല. പണക്കാരനായ നായകന്‍ പല ചികിത്സകളും നടത്തുണ്ടെങ്കിലും എല്ലാം പരാജയം തന്നെ. ഒരു കുഞ്ഞിക്കാലുകാണാന്‍ സര്‍‌വ്വ അമ്പലങ്ങളിലും പള്ളികളിലും നേര്‍ച നടത്തിക്കൊണ്ടിരിക്കയാണ് നായകന്‍. അമ്പല നടയില്‍ വെച്ച് നായകന്‍‌റ്റെ ഭാര്യ ദുഖത്തോടെ പ്രാര്‍ത്ഥനാലാപനം നടത്തുമ്പോള്‍ മുന്നിലായിരിക്കുന്ന പെണ്ണുങ്ങളുടെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയുന്നുണ്ടായിരുന്നു, പിന്‍‌ഡ്രോപ് സൈലന്‍സിനെ കീറിമിറിച്ചൊരു അലര്‍ച്ചയായിരുന്നു പിന്നില്‍ നിന്നുമുയര്‍ന്നത്.

' ഓ! ഇതിനാണൊ ഇത്ര വിഷമം , നമ്മുടെ ചെങ്കേട്ടന്‍‌റ്റെ സൌസറൊന്ന്‌ കൊടഞ്ഞാപ്പോരെ? '

അവിടെവിടെയായി ഇരുന്നിരുന്ന ചെങ്കനെ അറിയുന്ന നാട്ടുകാരുടെ കൂട്ട ചിരിയായിരുന്നു പിന്നീട് ടാക്കീസില്‍ ഉയര്‍ന്ന് കേട്ടത്.

അടിക്കുറുപ്പ്‌: കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അറിഞ്ഞു ,ചെങ്കന്‍ പോയി ഞങ്ങളുടെ നാട്ടില്‍ നിന്നും കൂടെ കാര്‍ത്തുവും പിന്നെ അവരുടെ മൂന്ന്‌ കുട്ടികളും.

Monday, March 22, 2010

സന്തോഷം

എനിക്ക് സന്തോഷം തോന്നാനും ദുഖം തോന്നാനും വലിയ കാര്യങ്ങള്‍ വേണമെന്നില്ലെങ്കിലും അത് പ്രകടിപ്പിക്കണമെങ്കില്‍ പ്രത്യേകിച്ചും, സന്തോഷം സ്വല്‍‌പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഏറ്റവും കൂടുതല്‍ സന്തോഷിച്ചിട്ടുള്ളത് എപ്പൊഴൊക്കെയാണെന്ന് ചോദിച്ചാല്‍ ഉത്തരം കൃത്യമായി പറയാന്‍ കഴിയും, ആദ്യത്തേത് ചെറുപ്പത്തില്‍ സൈക്കിള്‍ കിട്ടിയതായിരുന്നു.പിന്നീട് കുറെ കാലത്തിന് ശേഷം എഞ്ചിനീയറിങ്ങ് അഡ്മിഷനുള്ള പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍, കാലങ്ങളായുള്ള ഒരു ആഗ്രഹസഫലീകരണം.

അഞ്ചുവര്‍ഷം മുമ്പ് ഒരു ക്രിസ്തുമസ് പാര്‍ട്ടിക്ക് ആയിരത്തോളം ആളുകളുടെ ഇടക്കിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ആളുകള്‍ ഞങ്ങളിരിക്കുന്ന ടേബിളിലേക്ക് നോക്കുമ്പോളാണ് എന്തോ സംഭവിച്ചത് മനസ്സിലായത്.' എമ്പ്ലോയീ ഓഫ് ദ ഇയര്‍' ആയി ഭാര്യയെ വിളിക്കുകയായിരുന്നു സ്റ്റേജിലേക്ക്.

ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള ഓഫീസുകളില്‍ നിന്നും നാമമാത്ര ഇന്‍‌ഡ്യന്‍സടങ്ങിയ രണ്ടായിരത്തിലധികം പേരില്‍ നിന്നും തിരഞ്ഞെടുത്തതില്‍ സന്തോഷമാണോ അതിശയമാണോ എന്നൊക്കെ വേര്‍തിരിക്കാന്‍ പ്രയാസം.

അതുപോലുള്ള ഒരു പക്ഷേ അതില്‍ കൂടുതല്‍ സന്തോഷമുള്ള ഒരു ദിവസമായിരുന്നു ഇന്നലെ, കൈരളി ടി.വീയിലെ നേരറിവില്‍ ശ്രീ.മെഹബൂബ് വല്യമ്മായിയുടെ ബ്ലോഗിനെപറ്റി പറഞ്ഞപ്പോള്‍

എഴുത്തിനെ പറ്റി കൃത്യമായുള്‍ക്കൊണ്ട് വിലയിരുത്തിയത് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി, ദൈവത്തിന് സതുതി.

Saturday, March 20, 2010

കല്യാണം ഒരോര്‍മ്മ

ഇത്തയുടെ കല്യാണം ഉറപ്പിച്ച സമയത്ത് ഞാന്‍ അഞ്ചാം കളാസ്സിൽ  പഠിക്കുകയായിരുന്നു.
കല്യാണമടുത്തതോടെ  കുടുംബക്കാരും ബന്ധുക്കളും വീട്ടിൽ  വരാന്‍ തുടങ്ങി.

വരന്‍ ആദ്യമായി വധുവിന്റെ വീട്ടില്‍ വരുമ്പോള്‍ വധുവിന്റെ സഹോദരന്‍ കാലില്‍ വെള്ളമൊഴിച്ച് സ്വീകരിക്കുന്ന സന്ദര്‍ഭമായിരുന്നു എന്റെ മനസ്സില് മുഴുവൻ. അതിനുള്ള കാരണം അപ്പോൾ ലഭിക്കുന്ന നോട്ടുകളാണെന്ന് പറയേണ്ടതില്ലല്ലോ!
എത്ര രൂപ കിട്ടും, അതുകൊണ്ടെന്തൊക്കെ വാങ്ങാം തുടങ്ങി വരുന്ന മാസങ്ങളിൽ ആ പണം കൊണ്ട് ചെയ്യാവുന്നതൊക്കെ കിനാവും കണ്ടുഞ്ഞാൻ നടന്നു.


കല്യാണത്തിന്റെ തലേന്നാണ് കോരിത്തരിപ്പിക്കുന്ന വാര്‍ത്തയുമായി മാമയുടെ മകന്‍ നൗഷാദ് വന്നത്: ഏറ്റവും ഇഷ്ടമുള്ള പാല്‍ പൊടിയുടെ ടിന്നുകള്‍ പത്തായത്തില്‍ നിരത്തിവെച്ചിരിക്കുന്നു, അതും പൂട്ടുമില്ലാതെ!


കളിച്ചുകൊണ്ടിരിക്കുന്ന സമയങ്ങളില്‍ ഇടക്കിടക്ക് മൂത്രമൊഴിക്കണം എന്നും മറ്റും പറഞ്ഞ് ഞങ്ങള്‍ പത്തായത്തില്‍ കയറി ആവുന്നത്ര പാല്‍‌പൊടി വായില്‍ നിറച്ച് പുറത്ത് കടന്നുകൊണ്ടിരുന്നു.ഒരാള്‍ കയറുമ്പോള്‍ മറ്റെയാള്‍ വാതിലിനരികെ നില്‍ക്കും , ആരെങ്കിലും വരുന്നുണ്ടെകില്‍ പാടും :

“ മാനസ മൈനെ വരൂ...” , ഈ സമയത്ത് ഒന്നുകില്‍ പുറത്ത് കടക്കണം അല്ലെങ്കില്‍ പത്തായത്തിനുള്ളീലേക്ക് വലിയണം.ഒരു പ്രാവശ്യം എന്റെ ഊഴമായിരുന്നു, ഞാന്‍ പത്തായത്തിനുളള്ളില്‍ നില്‍ക്കുമ്പോള്‍ ബിരിയാണിവെപ്പുകാരന്‍ ബാപ്പുട്ടി വരുന്നതു കണ്ട് നൌഷാദ് പാടിയെങ്കിലും എനിക്കു പുറത്തുകടക്കാനായില്ല.

ഉള്ളില്‍ കയറിയ ബാപ്പുട്ടി , ഇരുട്ടില്‍ തപ്പുന്നതിനിടെ എന്‍‌റ്റെ കാലില്‍ പിടിച്ചതും , അള്ളോ പാമ്പെന്നും പറഞ്ഞു പുറത്തേക്കോടി , ഈ തക്കത്തിന്‌ ഞാന്‍ പുറത്തുകടന്നെങ്കിലും , എല്ലാരും ഓടിക്കൂടി പാമ്പിനെ തിരയാന്‍ തുടങ്ങി.ഇട്ടിരുന്ന ചെരുപ്പ് പൊക്കിക്കൊണ്ട് പാമ്പിനെയടിക്കാന്‍ വന്ന മമ്മൂഞ്ഞിനെ ചെരുപ്പോണ്ടാടാ..പാമ്പിനെ കൊല്ലുന്നതെന്നും പറഞ്ഞോടിപ്പിച്ചു.

പിറ്റേന്ന് കല്യാണം , 11 മണിക്കാണ് നിക്കാഹ്, 10 മണിക്ക് തന്നെ പുതിയാപ്ള   വന്നു. ഞാന്‍ കാല്‍ കഴുകാന്‍ തയ്യാറായി കിണ്ടിയില്‍ വെള്ളം നിറച്ച് , പടിപ്പുര വാതിലില്‍ കാത്ത് നിന്നു , കൂടിനിന്ന എല്ലാവരുടേയും ശ്രദ്ധ ഞാനായിരുന്നതിനാൽ  സ്വല്‍‌പ്പം ഗമയില്‍ തന്നെയായിരുന്നു  നിന്നത്.

കാലില്‍ വെള്ളമൊഴിച്ച എനിക്ക് പുതിയാപ്ള  മോതിരം ഇട്ടുതന്നെങ്കിലും, എന്റെ ചിന്ത  പണക്കവരായതിനാൽ  അത്  പ്രതീക്ഷിച്ച് ഞാന്‍ പുതിയാപ്ലയെ നോക്കി, തുടര്‍ന്ന് ഒരു കവര്‍ എന്റെ നേരെ നീട്ടി.

സന്തോഷത്തോടെ കിണ്ടി താഴെവെച്ച് കവര്‍ കയ്യില്‍ വാങ്ങാന്‍ ഞാന്‍ കൈ നീട്ടിയെങ്കിലും , എനിക്ക് വാങ്ങാനായില്ല, ദയനീയമായി ഞാന്‍ പുതിയാപ്ളയെ  നോക്കി , പിന്നെ ഒന്നും ആലോചിച്ചില്ല ഞാന്‍ വീട്ടിനുള്ളിലേക്കോടി.

ആകെ രണ്ട് സംഭവമെ ഞങ്ങടെ വീട്ടിലൊള്ളു, .അടഞ്ഞ് കിടക്കുന്ന രണ്ടു വാതിലുകളിലും മുട്ടിയെങ്കിലും അകതാളുണ്ടേന്നും  പറഞ്ഞവിടെ കൂടിനിന്ന പെണ്ണുങ്ങള്‍ എന്നെ അവിടെനിന്നും പറഞ്ഞയച്ചു.

ഗത്യന്തരമില്ലാതെ ഞാന്‍ പറമ്പിലേക്കോടി.പറമ്പിന്‍‌റ്റെ പല ഭാഗത്തും ആളുകള്‍ കൂടിനിന്നതിനാല്‍ , വീണ്ടും വീണ്ടും അകലേക്കെനിക്ക് പോകേണ്ടി വന്നു.

പറമ്പിന്‍‌റ്റെ നടുവിലെത്തിയപ്പോള്‍ , താഴെ നിന്നും വരുന്നവന്‍‌റ്റെ ചോദ്യം :

“ അനക്കും പിടിച്ചോ?” .

നൌഷാദിന്റെ ചോദ്യത്തിനുത്തരം കൊടുക്കാതെ ഞാന്‍ പറമ്പിന്റെ അറ്റത്തേക്ക് ഓടി.

ബൂര്‍ഷ്വ

ദുബായിലെ ദേരയിലുള്ള മീന്‍‌മാര്‍ക്കറ്റില്‍ പോകുന്ന സമയങ്ങളിലൊക്കെ അവിടെ ജോലിചെയ്യുന്ന സുലൈമാനെ ഞാന്‍ കാണാറുണ്ട്.മാര്‍ക്കറ്റിനൊരു വശത്തുള്ള ഉണക്ക മീന്‍ കടയിലെ രാവിലെ 9 മണിക്ക് മുതല്‍ രാത്രി 12:30 ദിവസവും അവനുണ്ടാവുന്നതിനാല്‍ ഞാന്‍ പോകുന്ന സമയമൊക്കെ കാണാനും സാധിക്കാറുണ്ട്. ഉണക്കമീനിറ്റെ മണം അസഹ്യമായതിനാല്‍ എന്നെ ദൂരേന്ന് കാണുമ്പോഴേക്കും ഒപ്പം ജോലിയുള്ളവരെ പണിയേല്പ്പിച്ചവന്‍ പുറത്തേക്കിറങ്ങിവന്ന് പത്ത് മിനിട്ടോളം സംച്ച്ച് പിരിയും.

നാട്ടിലായിരുന്നപ്പോള്‍ വൈകുന്നേരങ്ങളില്‍ പാടത്തെ പാലത്തിരിക്കുന്ന സ്വഭാവമുണ്ടായിരുന്നത്, അവധിക്ക് പോയാലും തുടരാറുണ്ട്. സമപ്രായക്കാര്‍ വൈകൂന്നേരങ്ങളില്‍ പാലത്തില്‍ ഒരുമിച്ചുകൂടുന്നതിനാല്‍ ഒരു വര്‍ഷത്തില്‍ നടന്ന പ്രധാന സംഭവങ്ങളൊക്കെ അറിയാം.സം‌സാരിച്ച് കൊണ്ടിരിക്കെയാണ് പെട്ടെന്ന് മുന്നിലൂടെ രണ്ട് പേര്‍ ഒരു മോട്ടോര്‍ ബൈക്കില്‍ അതിവേഗത്തില്‍ കടന്ന് പോയത്, കുറച്ച് ദൂരം പോയി തിരിഞ്ഞുനിന്ന് പാലത്തിലിരിക്കുന്ന ഞങ്ങളെ നോക്കി തിരിച്ചുവന്നു.

'എപ്പോ വന്നു? '

സുലൈമാനാണ് , ആളാകെ മാറിയിട്ടുണ്ട്‌ സണ്‍ ഗ്ലാസ് , ജീന്‍സ് , ഷൂ , നല്ല അത്തറിന്‍‌റ്റെ മണം. വിശേഷങ്ങളെല്ലാം പറഞ്ഞ് പിരിഞ്ഞെങ്കിലും പലപ്പോഴും പലയിടത്തും വെച്ച് ഞാന്‍ സുലൈമാനെ കണ്ടു , എപ്പോഴും ആരെങ്കിലും ബൈക്കിന് പിന്നില്‍ ഉണ്ടാകും. നാട്ടിലുള്ള പലര്‍ക്കും ബിരിയാണി വാങ്ങിക്കൊടുക്കുന്നതും , സിനിമക്ക് കൊണ്ടു പോകാറുള്ളതുമെല്ലാം ചിലര്‍ സ്വല്‍‌പ്പം പരിഹാസചുവയോടെ പറഞ്ഞ അന്ന് വൈകീട്ടാണ് സുലൈമാന്‍ വീട്ടില്‍ വന്നത്.

'നിക്ക് ത്തിരി പൈസ വേണം , ഒരു മാസം കൂടി തള്ളാനാ '

പിരിയുമ്പോള്‍ , പോക്കറ്റില്‍ നിന്നും സണ്‍ഗ്ലാസെടുത്ത് വെച്ച് ,ബൈക്ക് സ്റ്റാ‍ര്‍ട്ടാക്കി നീങ്ങുന്ന സുലൈമാനെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു...ബൂര്‍ഷ്വാ..ഒരു ഗള്‍‍ഫുകാരന്‍ ബൂര്‍ഷ്വാ..

Thursday, March 18, 2010

നീലി.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും ഇടവഴി കണ്ടപ്പോള്‍ നീലിത്തള്ളയുടെ മുഖമായിരുന്നു മനസ്സില്‍.
ശരീരത്തിന്‍‌റ്റെ മുന്‍‌ഭാഗം പല നിറത്തിലുള്ള മണിമാലകള്‍ക്കൊണ്ട് മറച്ചിട്ടുള്ള അവര്‍ വടി കുത്തി നടക്കുമ്പോള്‍ വശങ്ങളിലേക്കാടുന്നത് കാണാം. മഴവെള്ളമൊലിച്ച് വഴിയുടെ വശങ്ങള്‍ കൂടുതല്‍ ഇടിയുകയും രണ്ട് വശങ്ങളിലായി വളര്‍ന്ന മുളകള്‍ മൂലമുള്ള ഇരുട്ടുമല്ലാതെ മറ്റ് മാറ്റമൊന്നും കണ്ടില്ല. പണ്ടും പകല്‍ സമയങ്ങളില്‍ ഇരുട്ടുള്ള വഴി നേരെ ചെന്ന് കയറുന്നത് നീലിയുടെ മക്കളായ ചെമ്പന്‍റ്റേയും വേലായിയും വീടുകളിലേക്കാണ്.

" പാമ്പുകളുള്ള സ്ഥലാണല്ലോ കുട്ട്യേ , എവിടേക്കാ ഈ വഴിക്ക്? "

പാടത്തുനിന്നും പുല്ല് പറിച്ച് വരുന്ന കുഞ്ഞമ്മദ്ക്ക് പശുവിന്‍‌റ്റെ കയറില്‍ പിടിച്ച് നിന്നു.

ലക്ഷ്യം നീലിയുടെ വീടാണെന്നറിഞ്ഞപ്പോള്‍ കുഞ്ഞമ്മദ്ക്ക പുതിയ വഴി നിര്‍ദ്ദേശിച്ചു:

" അവിടേക്കീ വഴി ആരും പോകാറില്ലാല്ലോ , മ്മടെ ചേക്കൂന്‍റ്റെ പറമ്പിലൂടേണ് അങ്ങോട്ട്‌ക്കുള്ള വഴി"

സ്കൂള്‍വിട്ട്‌ വരുമ്പോള്‍ ചേക്കുക്കയുടെ പറമ്പ്‌ വഴി നീലിയുടെ മുറ്റത്തൂടെ നടന്നാല്‍ പെട്ടെന്ന് വീട്ടിലെത്താം. കുന്നിന്‍ മുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ള മൊഴികെ മറ്റൊന്നും ഈ എളുപ്പ വഴിയിലൂടെയുള്ള ഞങ്ങളുടെ സഞ്ചാരത്തെ തടഞ്ഞിരുന്നില്ല. വീടിന് പിന്നിലുള്ള കശുവണ്ടി മോഷണത്തെ സൂചിപ്പിച്ച് നീലി വേലികെട്ടിയെങ്കിലും, മുറ്റത്തൂടെയുള്ള ഞങ്ങളുടെ സഞ്ചാരത്തെ നിര്‍ത്തുകയായിരുന്നു ലക്ഷ്യം, അതുകൊണ്ട് തന്നെ ചെറുതായി വേലി പൊളിച്ചും ഇടയിലൂടെ നൂഴ്ന്നും ഞങ്ങള്‍ സഞ്ചാരന്‍ തുടര്‍ന്നു.

" ഇടെടാ അണ്ടി താഴെ ? "

വലിയവരുടെ പിന്നിലായി ഓടിയ അഞ്ചുവയസ്സുകാരന്‍റ്റെ പുറത്ത് നീലിയുടെ വടി പല തവണ വീണു.ജീവിതത്തില്‍ ആദ്യമായി എടുത്ത മുണ്ട് അഴിഞ്ഞുപോകാതിരിക്കാന്‍ അരയില്‍ ചുരുളുകളായി തിരുകിയത് അണ്ടി യാണെന്ന് കരുതി അവര്‍ ഓരോന്നായി അഴിച്ചു. അവസാനത്തെ ചുരുളുമഴിഞ്ഞപ്പോള്‍ കണ്ണ് ചുവന്ന നീലി അടികൊണ്ട് പുറത്തുവീണ അടയാളത്തില്‍ മെല്ലെ തടവി.

വെളുത്ത കുപ്പായവും തുണിയും ഇരുട്ടില്‍ നിന്നും തിളങ്ങുന്നത് കണ്ട് ചെമ്പന്‍ താഴേക്കിറങ്ങിവന്നു: ആളെ മനസ്സിലായപ്പോള്‍ ചെമ്പന്‍ മുകളിലോട്ട് നോക്കി.

" അടുത്ത വരവിന് മ്മളൊക്കെ ണ്ടാവോ ആവോ "

മുറ്റത്തേക്ക് കയറുമ്പോള്‍ ചെമ്പന്‍ വിലക്കി,

" അതല്ല വഴി കുട്ട്യേ അവിടൊക്ക് മ്മിണി പാമ്പോളാ "

ചേക്കുക്കാടെ പറമ്പിലേക്ക്‌ ചെമ്പന്‍ കൈ ചുണ്ടി, അതിലൂടെ വരാന്‍ കൈകൊണ്ടാങ്ങ്യം കാണിച്ചു.

"എന്തെ ആ ഭാഗം വൃത്തിയാക്കാതെ അങ്ങിനെ ഇട്ടിരിക്കുന്നത്‌ ? വേലികെട്ടി ഇടവഴി അടച്ചുകൂടെ? "

മറുപടി പറഞ്ഞത് ഉള്ളീല്‍ നിന്നുമിറങ്ങിവന്ന ചെമ്പന്റെ മകന്‍,

" ഈ അച്ഛന് പ്രാന്താ ഇക്കാ അമ്മൂമ്മ പണ്ടെങ്ങോ എന്തോ പറഞ്ഞൂന്ന് പറഞ്ഞ്‌ വേലി കെട്ടാതിരിക്കണോ? "

" വേണം കുട്ട്യേ വേണം, ന്‍റ്റെ കാലം കഴിഞ്ഞാ ങ്ങള് വേല്യോ മതിലോ ന്താന്ന് വെച്ചാ കെട്ടിക്കോ പ്പോ പറ്റൂല്ല "

ഇടവഴിയിലൂടെ താഴത്തേക്കിറങ്ങുമ്പോള്‍ നീലിയുടെ മുറുക്കു ചുവപ്പിച്ച ചുണ്ടും വശങ്ങളിലേക്കാടുന്ന മണി മാലകളും മുള വടിയും ചുകന്ന കണ്ണുകളുമായിരുന്നു മനസ്സില്‍.

Wednesday, March 17, 2010

ഉപ്പാടെ ഒരു കാര്യം!

എട്ടാം ക്ലാസ്സില്‍ ആനക്കര ഹൈസ്കൂളില്‍ ചേര്‍ക്കാന്‍ ഉപ്പയാണ് വന്നത്. സ്കൂളിലെ പരിപാടികളെല്ലാം കഴിഞ്ഞ് ഞങ്ങള്‍ സ്കൂളിനടുത്തുള്ള മുഹമ്മദ്ക്കയുടെ ചായപ്പീടികയിലേക്ക് നടന്നു.വീടിന്റെ ഒരു ഭാഗത്താണ് മുഹമ്മദ്ക്ക ചായക്കടനട നടത്തുന്നത്.

ഉപ്പാനെ കണ്ടതും തോര്‍ത്തുമുണ്ടില്‍ കൈ തുടച്ച് അടുത്ത് വന്ന് ഞങ്ങളോടിരിക്കാന്‍ പറഞ്ഞു.

' കുറെ നാളായല്ലോ കുഞ്ഞുണ്ണിക്ക കണ്ടിട്ട് , ദാരാ ചെറിയോനാ? '
' ഉം സ്കൂളില്‍ ചേര്‍ക്കാന്‍ വന്നതാ '

എനിക്ക് പുട്ടും കടലയും , ഉപ്പ ചായയും കുടിച്ചവിടെനിന്നും ഇറങ്ങുമ്പോള്‍ ഉപ്പ അയാള്‍ക്കടുത്തേക്ക് ഒന്നുകൂടെ ചാഞ്ഞു.

' അതൈ മൊമ്മദെ ന്ത് വേണങ്കിലും കൊടുക്കണെ പൈസയില്ലെങ്കിലും എന്നോട് പറഞ്ഞാ മതി '

'അതിപ്പോ ങ്ങള് പറഞ്ഞിട്ട് വേണോ! ഓന് മ്മടെ കുട്ട്യല്ലെ , ങ്ങട്ട് പോരെട്ടാ '

ആനക്കര കുന്നിന്‍ മുകളിലൂടെ വീട്ടിലേക്ക് നടക്കുമ്പോ ഉപ്പ ഒന്നുറപിച്ചുപറഞ്ഞു ,

' പീടികേന്ന് എന്തേങ്കിലും വാങ്ങിത്തിന്നൂന്നറിഞ്ഞാല്‍ ... ഹാ...പൊറം പൊളിക്കും... പ്പോതന്നെ പറഞ്ഞേക്കാം! '

മേനോനും റഫീക്കും

ജബല്‍ അലിയിലേക്ക് താമസമാക്കിയ സമയത്ത് ഇബിന്‍ ബത്തൂത്ത മാള്‍ തുറക്കാത്തതിനാല്‍ പ്രധാന പ്രശ്നം മുടിവെട്ടലും വീട്ട് സാധനങ്ങള്‍ വാങ്ങിക്കലുമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാഴ്ചകൂടുമ്പോള്‍ അറുപത് കിലോമീറ്റര്‍ യാത്ര ചെയ്ത കിസ്സൈസിലെ സാധനം വാങ്ങല്‍ തുടര്‍ന്നു. പിന്നീട് ജബല്‍ അലിയില്‍ ഇബിന്‍ ബത്തൂത്ത മാള്‍ തുറന്നു, ഉള്ളില്‍ ജിയന്റ് സൂപര്‍മര്‍ക്കറ്റും. സാധനങ്ങളുടെ കാര്യം പോലെത്തന്നെയായിരുന്നു മുടിവെട്ടുന്ന കാര്യവും.

ജബല്‍ അലിയില്‍ തന്നെ മലയാളി നടത്തുന്ന ബാര്‍ബര്‍ഷോപ്പ് കണ്ടെത്തുന്നത് വരെ ടൗണില്‍ പോയായിരുന്നു മുടിവെട്ടിയിരുന്നത്.റഫീക്കിനടുത്ത് മുടിവെട്ടാന്‍ എനിക്ക് നല്ല താത്പര്യമാണ്. മെല്ലെ മൂളിപ്പാട്ടൊക്കെ പാടും. മുടിവെട്ടാന്‍ കാത്തിരിക്കുന്ന അന്യദേശക്കാരായവരെ ഉദ്ദേശിച്ച് നിര്‍ദോഷകരമായ ചില തമാശകള്‍ പറയും മൂപ്പര്‍ ചിരിക്കില്ല, ഇരിക്കുന്ന എനിക്ക് ചിരി അടക്കാനുമാവില്ല.

ചെല്ലുന്ന സമയത്ത് മറ്റ് കസേരകള്‍ ഒഴിഞ്ഞാണിരിക്കുന്നതെങ്കിലും പോലും അവന്റെ കസ്റ്റമര്‍ മുടിവെട്ടിക്കഴിയുന്നതുവരെ ഞാന്‍ കാത്തുനില്‍ക്കുമായിരുന്നു. ഇടക്ക് മലയാളിയായ മുതലാളി ഇല്ലാത്ത സമയത്ത് ചെറുതായൊക്കെ അവന്റെ കാര്യങ്ങള്‍ പറയും അങ്ങിനെയാണ് ആള്‍ തമാശപറയുന്നുണ്ടെങ്കിലും വേദനിക്കുന്നവനാണെന്ന് മനസ്സിലായത്. വര്‍ഷങ്ങള്‍ കൊണ്ടുള്ള പരിചയം അവന്റെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചു. എട്ട് മണിമുതല്‍ വൈകീട്ട് പത്ത് പണിവരെയുള്ള പണിയും തുടങ്ങി പലതും പറയും അപ്പോള്‍ പക്ഷെ നഷ്ടമായത് അവന്റെ തമാശകളാണ്.

മുടിവെട്ടല്‍ കഴിഞ്ഞാല്‍ ചെറിയ കണ്ണാടി തലക്ക് പിന്നില്‍ പിടിച്ച് കാണിക്കുന്ന പരിപാടിയുണ്ട്, എനിക്കത് തീരെ ഇഷ്ടമല്ല. പണിചെയ്യാന്‍ അറിയും എന്ന വിശ്വാസത്തിലാണല്ലോ ഞാന്‍ വെട്ടാന്‍ ഏല്പ്പിച്ചത് അതുകൊണ്ട് തന്നെ അവര്‍ അത് വേണ്ട പോലെ ചെയ്തിരിക്കുമെന്നെ വിശ്വാസമാണിതിന് പിന്നില്‍.

എട്ടൊമ്പത് മാസം മുമ്പൊരിക്കല്‍ മുടിവെട്ടിക്കൊണ്ടിരിക്കുമ്പോള്‍ അവന്‍ പറഞ്ഞു, ' ഇക്കാ ഇനി വെട്ടണമെങ്കില്‍ ഇക്ക നാട്ടില്‍ വരേണ്ടിവരും മുടിവെട്ടാന്‍ '. അവന്‍ പോകുകയാണത്രേ. മറ്റൊരാള്‍ക്ക് നടത്താന്‍ കൊടുത്ത കടയില്‍ നിന്നും ആളെ ഒഴിവാക്കിയെന്നും , പ്രാരാബ്ദമെല്ലാം ഒരു വഴിക്കായെന്നും ആയതിനാല്‍ ഇനി നാട്ടില്‍ നില്‍ക്കാനാണ് തീരുമാനമെന്നും അറിയീച്ചു, ഒപ്പം ഇനി ഗള്‍ഫിലേക്കില്ലെന്ന് മാത്രമല്ല പോരാന്‍ ആഗ്രഹിക്കുന്നവരെ കഴിയുന്നത്ര നിരുത്സാഹപ്പെടുത്തും എന്നും പറഞ്ഞു. അങ്ങിനെ ഞങ്ങള്‍ പിരിഞ്ഞു. പിന്നീട് രണ്ട് തവണ മാത്രമേ ഞാന്‍ അവിടെ പോയിട്ടുള്ളൂ.

************

ജബല്‍ അലി - അബൂദാബി ഡ്രൈവിങ്ങിന്റെ ക്ഷീണം നോമ്പ് തുടങ്ങിയതോടെ കൂടി. അങ്ങിനെയാണ് കാര്‍ പൂള്‍ നോക്കിയത്. വലിയ കാറില്‍ നാലുപേര്‍, രാവിലെ വീട്ടില്‍ നിന്നുമെടുക്കും വൈകീട്ട് വീട്ടില്‍ കൊണ്ട്ചെന്നാക്കും. മറ്റുള്ള മൂന്നുപേരില്‍ രണ്ടുപേര്‍ ബാങ്കില്‍ ഉദ്യോഗസ്ഥര്‍ ഒരാള്‍ എന്റെ സീനിയറയിട്ട് തൃശ്ശൂരില്‍ പഠിച്ചയാളും. പണ്ട് കുറ്റിപ്പുറത്ത് നിന്നും തൃശ്ശൂരിലേക്കുള്ള എക്സിക്യൂട്ടീവ് ട്രെയില്‍ യാത്രയെപ്പോലെ രസകരം. ശീട്ട് കളിയൊഴികെ ബാക്കിയെല്ലാം ഏകദേശം അതുപോലെത്തന്നെ.

ഇന്നലെ അപ്രതീക്ഷിതമായി പാലക്കാട്ട് കാരന്‍ മേനോന്‍ പറഞ്ഞു ' ഈ യാത്ര അവസാനത്തെയാണ്, നാളെ ഞാനുണ്ടാവില്ല, എനിക്ക് അലൈനലേക്ക് ട്രാന്‍സ്ഫര്‍ ആയി' അതൊരു വല്ലാത്ത വാര്‍ത്തയായിരുന്നു! എന്നും വിളിക്കാം മറക്കില്ല തുടങ്ങി കുറെ ഓഫറുകള്‍ അങ്ങോട്ടും തിരിച്ചും എല്ലാവരും കൈമാറിയെങ്കിലും അതിനെ പ്രായോഗികതയും നടപ്പില്ലായ്മയും എല്ലാവര്‍ക്കും അറിയുമായിരുന്നു!

സ്വന്തം വീട്ടില്‍ സംസാരിക്കുന്നതിലധികം ഞങ്ങള്‍ ഒരുമിച്ചായിരുന്നു, ദിവസേനെ ചുരുങ്ങിയത് മൂന്നര മണിക്കൂര്‍ അതും പൂര്‍ണ്ണമായും വായടക്കാതെ! ജീവിതമെന്ന യാത്രയില്‍ എത്രപേരെ കാണുന്നു, പിന്നെ ഓര്‍മ്മയില്‍ മാത്രമവശേഷിപ്പിക്കുന്നു പിന്നീട് ഓര്‍മ്മയില്‍ നിന്നു പോലും ഇല്ലാതാവുന്നു.
അങ്ങിനെ മേനോനും ഒരോര്‍മ്മയാകുന്നു.

മേനോനെ യാത്രയാക്കി പതിവ് പോലെ എന്നെ വീട്ടില്‍ വിടേണ്ട, ഡിസ്കവറിയില്‍ ഈയിടെ തുടങ്ങിയ
ജെന്റ്സ് ബ്യൂട്ടിപാര്‍ളറില്‍ ഇറക്കാന്‍ പറഞ്ഞു. മുടിവെട്ടാന്‍ വന്ന ആളെ കണ്ടതും ഞാനമ്പരന്നു, റഫീക്ക്!
വെളുത്ത സ്റ്റൈലുള്ള യൂണിഫോമൊക്കെയിട്ട്! അവന്‍ പഴയതും പുതിയതുമായ കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് മുടിവെട്ടവസാനിപ്പിച്ചു, കണ്ണാടി എടുത്തു പിന്നെ താഴെവെച്ചൂ , ഓ ഇക്കാക്കിതാവശ്യമില്ലല്ലോ!

കാണാക്കരങ്ങള്‍

" ന്താ കുട്ടാ ദ്‌ ഒന്നു മാറിനിക്കൂ , പാല്‌ തട്ടി പ്പൂവും"

അപ്പുവിന്‍റ്റെ കഴുത്തിലെ കയറില്‍ വലിച്ചുപിടിക്കുമ്പോള്‍ ഇടയില്‍ ചാടിയ മകനോട് അമ്മിണിയുടെ ശകാരം. മാളു അപ്പുവിനെ പ്രസവിച്ചിട്ടു അധികം നാളായിട്ടില്ല.

" എന്താണമ്മെ , അപ്പു പാവല്ലെ , അവന്‍റ്റെ പാലല്ലെ അമ്മ എടുക്കുന്നത്‌!"

കുട്ടന്‍റ്റെ പരാതി കേട്ട്‌ , വൈകുന്നേരം മാളുവിനെ കറക്കേണ്ടെന്ന്‌ അമ്മിണി തീരുമാനിച്ചു.

" അമ്മേ ദാ ഈ കുട്ടനെയൊന്നു വിളിക്കൂ..ഇല്ലെങ്കില്‍ ഈ പാലൊക്കെ തട്ടിക്കളയും"

“ കുട്ടാ, ങ്ങട്ട് പോന്നോളൂ , ദോശ കഴിച്ചാകാം ഇനി കളി ”

ദേവകിയമ്മ അടുക്കള വാതിലിലൂടെ തല പുറത്തേക്ക് നീട്ടി.

" മാളൂ , ഈയിടെയായി നീ വളരെകുറവ്‌ പാലാ തരുന്നത്‌ , ഇങ്ങനെയാണെങ്കില്‍ അപ്പുവിന്‍റ്റേതുകൂടി ഞാന്‍ ചന്ദ്രന്‍റ്റെ ചായപ്പീടികയില്‍ കൊടുക്കേണ്ടിവരും!!"

" അമ്മേ , സൈദാലിക്കാട്‌ നാളെമുതല്‍ പാലുണ്ടാകില്ലാന്നു പറഞ്ഞോളൂ , ഇതെന്നെ അപ്പൂന്‍റ്റെ വീതമാ..കുട്ടിയല്ലെ അവന്‍ "

പാല്‍ പാത്രവുമായി കുട്ടന്‍റ്റെ കയ്യും പിടിച്ചു നടക്കാന്‍ തുടങ്ങുമ്പോള്‍ ദേവകിയമ്മ ഒന്നിരുത്തിമൂളി.

" ന്താ ചേച്ചീ..വേണുവേട്ടനെണീറ്റില്ലെ? , പൊന്നാനിയില്‍നിന്നുമാണ്‌ ഇന്ന്‌ ലോഡെടുക്കേണ്ടത്‌ "
താഴെ റോഡില്‍നിന്നും മണി പടികള്‍ കയറിവരുമ്പോള്‍ ഇടക്ക് നിന്നു.ലോറിഡ്രൈവറായ വേണുവിന്‍റെ സഹായി യാണ് മണി.

" ദാ പ്പോ വിളിക്കാം , മണി കയറിരിക്കൂ "

കാക്കിയിട്ട് അകത്തുനിന്നും വന്ന വേണു ചുമരില്‍ തൂക്കിയ കണ്ണാടിയില്‍ നോക്കി പൌഡര്‍ ഇടുന്നത്‌ കണ്ട്‌ മണി‍ ഇരുത്തിമൂളി.

"ഓ..ജയനാണെന്നാ വിചാരം ...ന്‍‌റ്റെ വേണുവേട്ടാ ഒന്നു വേഗം വന്നെ , ഇന്നലെതന്നെ വൈകിവന്നതിനാല്‍ ശരിക്കുറങ്ങാന്‍ പറ്റിയില്ല"

അമ്മിണിയുടെ കയ്യില്‍നിന്നും ചോറ്റുപാത്രം വാങ്ങുമ്പോള്‍ ചെറുതായി കുലുക്കി നോക്കി.

" മീനുണ്ടോ ?"

" ന്നലേം ആ മീങ്കാരന്‍ വന്നില്ലന്നൈ"

" മീനൊക്കെ കടയില്‍നിന്നും കിട്ടും അതും നല്ല പൊരിച്ചത്‌ , ഒന്നു വരൂ ന്‍റ്റെ വേണുവേട്ടാ"

റോഡില്‍ നിന്നും നീങ്ങിയ ലോറി കണ്ണില്‍ നിന്നും മറയുന്നതുവനെ അമ്മിണി മുറ്റത്തുതന്നെ നിന്നു.
വയനാട്ടില്‍ നിന്നും തിരിക്കുമ്പോഴേ വേണുവിന്‍റ്റെ മനസ്സ്‌ അസ്വസ്ഥമായിരുന്നു. മണി ഒന്നു രണ്ട് തവണ ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. ലോഡൊന്നുമില്ലാത്തതിനാല്‍ വേഗതയിലാണ് വേണു ഓടിച്ചത്. പിറ്റേന്ന് കാണാമെന്ന് പറഞ്ഞ് മണിയെ പറഞ്ഞയച്ച് വേണു വീട്ടിലേക്ക് കയറി. മുറ്റത്ത് സൈദാലിക്ക ഇരിക്കുന്നു. വേണുവിന്‍‌റ്റെ അച്ഛനും സൈദലിക്കയുടെ ബാപ്പയും കൂട്ടുകാരാണ് , കുറച്ചപ്പുറത്താണ് സൈദാലിക്കയുടെ വീട്. പതിവില്ലാതെ അതും വൈകീട്ട് സൈദാലിക്കയെ വീട്ട് മുറ്റത്ത് കണ്ടപ്പോള്‍ വേണു പരിഭ്രാന്തനായി.

" ആ വേണു ..ജ്ജ്‌ വന്നോ, ബേജാറാവാനൊന്നുമില്ല , കുപ്പായം മാറ്റി വാ.."

മിനിഞ്ഞാന്ന്‌ താന്‍ പോയതിനു ശേഷം‍ അമ്മിണിയുടെ മൂക്കില്‍ നിന്നും രക്തം വന്നതും , ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തതുമെല്ലാം സൈദാലിക്ക പറഞ്ഞു. അമ്മ ആശുപത്രിയിലാണെന്നും കുട്ടന്‍ സൈദാലിക്കയുടെ വീട്ടിലാണെന്നുമൊക്കെ വേണു മനസ്സിലാക്കി.

" എല്ലാം പോയല്ലോ സൈദാലിക്കാ"

ആശുപത്രിയുടെ വരാന്തയില്‍ സൈദാലിക്ക കാലെടുത്തുവെച്ചതും , വേണു ഓടിവന്ന്‌ കെട്ടിപ്പിടിച്ചു
" ജ്ജെ ന്താ ന്‍റ്റെ വേണൂ ഇങ്ങനെ ആയാല്‍ , അസുഖമൊക്കെ എല്ലാര്‍ക്കും വരുന്നതല്ലെ , ഐനല്ലെ ആസ്പത്രികളുള്ളത്‌ , ആ കുട്ടിക്ക്‌ വെഷമാവുല്ലെ"

വേണുവിനെ പുറത്തുകൊട്ടി സമാധാനിപ്പിക്കുന്നതിനിടെ , അടുത്തായി നിന്ന മണിയേ നോക്കി.

" ഡോകറ്റര്‍ ന്താ പറഞ്ഞത്‌?"

" തുടക്കമാണത്രെ ...ചികിത്സ ഉടന്‍ തുടങ്ങണമെന്നും , ഇല്ലെങ്കില്‍ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നേക്കാമെന്നും പറഞ്ഞു”

"ജ്ജ്‌ ഇവിടെത്തന്നെ വേണം , ഞാന്‍ രാത്രി വരാം .., പാടത്താളുണ്ടൈ , ദാ ..ദ്‌ കയ്യില്‍ വെച്ചോ "

കാന്‍സര്‍ ഒരു പകര്‍ച്ചവ്യാധി ആണോ അല്ലയോ എന്നുള്ള വേണുവിന്‍റെ സഹോദരങ്ങളുടെയും അമ്മയുടെയും ചര്‍ച്ച എവിടെയുമെത്തിയില്ലെങ്കിലും , ഒരു കാര്യത്തില്‍ തീരുമാനമായി , അമ്മിണി വീട്ടില്‍ നിക്കാന്‍ പാടില്ല .
“ ഒരു പെണ്‍കുട്ടിയുള്ളതാണിവിടെ , അമ്മിണി വേണോങ്കി ഓള്‍ടെ വീട്ടില്‍ നിക്കട്ടെ , കുട്ടന്‌ ഇവിടെനിന്ന്‌ സ്കൂളില്‍ പോകാല്ലോ"

സൈദാലിക്കയുടെ ബാപ്പയുടെ ബാപ്പ ഉണ്ടക്കിയതാണവരുടെ തറവാട്. ആറു കൊല്ലമായി അടച്ചിട്ടിരിക്കുന്നു. മൂത്തമകന്‍ ഹംസ പുതിയ വീടു വെച്ചതില്‍പിന്നെ സൈദാലിക്കയും , മക്കളും അവിടേക്ക്‌ താമസം മാറ്റുകയായിരുന്നു. അടച്ചിട്ടിരിക്കുന്ന തറവാട്ടില്‍ ‍ പഴയ കുറെ സാധനങ്ങളും പിന്നെ പണിക്കാരുടെ പണിയായുധങ്ങളും ആണുള്ളത്‌.

എന്തൊക്കെയോ മനസ്സില്‍ കരുതി വീട്ടില്‍ കയറിയ സൈദാലിക്ക ഭാര്യയെ വിളിച്ചു.

" കൈജാ , ന്താ അന്‍‌റ്റെ അഭിപ്രായം , ഇപ്പോ ഓല്ക്കാരുല്ല , ആ ചെക്കന്‍ ത്രകാലം നോക്കീട്ട്‌ , ഒരസുകം വന്നപ്പോ , തള്ളേം കൂടി തള്ളി"

" ങ്ങളാരുടെ കാര്യാ പറയണത്‌ "

" മ്മടെ വേണൂന്‍റ്റെ കാര്യം , ഓന്‍ ഇപ്പോ വാടകക്ക്‌ വീട്‌ നോക്വാ , നമ്മടെ നാട്ടിലെവിടാടീ വാടകക്ക്‌ വീട്‌"

" ന്നാ പിന്നെ ങ്ങക്കോനോട്‌ ഞമ്മടെ തറവാട്ടില്‌ നിക്കാന്‍ പറഞ്ഞൂടേ , അവിടേണെങ്കില്‍ ആളനക്കവുമുണ്ടാകും"

സൈദാലിക്കയുടെ മുഖം തിളങ്ങി എങ്ങിനെ അവതരിപ്പിക്കും , എന്തൊക്കെ പ്പറയേണ്ടിവരും , എതിര്‍പ്പെന്തൊക്കെയാവുമെന്നൊക്കെയായിരുന്നു വീട്ടിലേക്ക് കയറുമ്പോള്‍ മനസ്സില്‍.
കുറച്ചുദിവസത്തിനു ശേഷം ആശുപത്രിയില്‍നിന്നും വേണുവും കുടുംബവും സൈദാലിക്കയുടെ തറവാട്ടിലേക്ക്‌ താമസം മാറ്റി. നാട്ടുപ്രമാണി മാധവന്‍റ്റെ മുന്നറിയീപ്പ്‌

" സൈദാലിക്കാ..ങ്ങളൊന്നൂടെ ആലോചിക്കുന്നതായിരിക്കും നല്ലത്‌ , പണ്ടത്തെകാലമല്ല"

തന്‍‌റ്റെ സ്വതവെയുള്ള ചിരിയോടെ സൈദാലിക്കാടെ മാധവനെ നോക്കി.

" മാധവാ , അനക്കും ഇനിക്കുമൊക്കെ എത്ര സ്ഥലം വേണം ഒന്നു നീണ്ടുകിടക്കാന്‍? ആറടി, അതു പോരെ ?"
ഇവരുടെ സംസാരം കേട്ടുനിന്ന സുലൈമാനിക്കയുടെ ചോദ്യം.

" പറയാന്‍ എളുപ്പമാ , നിങ്ങള്‍ മക്കളോടു ചോദിച്ചോ"

" എടോ സുലൈമാനെ ,ഞാന്‍ പറഞ്ഞാല്‍ മക്കള്‍ കേള്‍ക്കണം, പിന്നെ ആ വീട്‌ എന്‍‌റ്റെയാ , ആര്‍ക്കും ഒരവകാശവുമില്ല"

കാലങ്കുടയുടെ കമ്പി നിലത്തുകുത്തി സൈദാലിക്ക നടന്നുനീങ്ങി.

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു പ്രഭാതം.

കോളിങ്ങ് ബെല്ലിന്‍റെ ശബ്ദം കേട്ടുണര്‍ന്ന സൈദാലിക്ക വാതില്‍ തുറന്നു.
മുറ്റത്ത് വേണുവും അമ്മിണിയും.

“അല്ല വേണൂ , ജ്ജ് ന്ന് പണിക്കു പോയില്ലെ , അമ്മിണീ അന്നെപ്പോ വഴിക്കൊന്നും കാണാറേല്ലല്ലോ”

“ഇല്ല സൈദാലിക്ക , ഇന്നു പണിക്ക് പോയില്ല , വീട്ടില്‍തന്നെ കൊറച്ച് പണിണ്ട്”

“അല്ല ചോദിക്കാന്‍ വിട്ടു , എന്തായി അന്‍റെ വീടുപണി , നിക്കു വയ്യടോ അതോണ്ടാ അവിടേക്കൊന്നും വരാത്തതിപ്പോള്‍“

“ ഞങ്ങള്‍ കുടിയിരിക്കലിനു വിളിക്കാന്‍ വന്നതാ , നാളെ എല്ലാരും കൂടി വരണം ”

“എല്ലാ പണിയും‍ കഴിഞ്ഞോ അമ്മിണീ?”

ഉള്ളില്‍ നിന്നും കദീജുമ്മയുടെ അന്വേഷണം.

“ ഇല്ല ഉമ്മാ , തേക്കല്‍ ബാക്കിയുണ്ട് ”

“ ന്‍‌റ്റെ വേണൂ അതുകൂടി കഴിഞ്ഞിട്ടു പോരെ , അന്നെ ആരെങ്കിലും ഇറക്കിവിട്ടൊ ന്‍‌റ്റെ വീട്ടീന്ന്?”

“ അതൊക്കെ അങ്ങോട്ട് നടക്കും ഇക്കാ.”

“ഒക്കെ അന്‍റെ ഇഷ്ടം , ഞങ്ങള്‍ രാവിലെ വരാം”

ചായകുടിച്ചു പിരിയുമ്പോള്‍, വേണു തന്‍റെ കണ്ണുകള്‍ തുടക്കുന്നത് കദീജുമ്മ കണ്ടതായി നടിച്ചില്ല.

Tuesday, March 16, 2010

പുള്ളുവത്തി .

വീടിന് മുന്നിലൂടെ മദ്രസ്സയില്‍‌ പോകുമ്പോള്‍ യശോദാമ്മ അടുത്ത് വന്നെന്‍‌റ്റെ തലയില്‍ തടവും.

' ന്‍റ്റെ പുട്ടല്ലേത്‌ '

ഞങ്ങളുടെ വീട്ടില്‍ നിന്നും പഞ്ചായത്ത് റോടിലേക്കു പോകുമ്പോള്‍ ആറാമത്തെ വീടാണ്‌ പാണന്‍ ശങ്കരന്‍‌റ്റേത്. പ്രായം അമ്പതോടടുത്ത ഭാര്യ യശോദാമ്മ , വിളവെടുപ്പ് കാലത്ത് രാവിലെ അടുത്തുള്ള സ്ഥലങ്ങളിലൊക്കെ നടന്ന് പാട്ട് പാടിയതിനു ശേഷം തിരിച്ചു വരുന്നത് ഞങ്ങളുടെ പറമ്പിലൂടെയാണ്‌.

ഒരിക്കലെപ്പോഴോ ഞങ്ങളുടെ വീട്ടില്‍ കയറിയപ്പോള്‍ , പുട്ടുകഴിക്കുന്നതു കണ്ട എന്നെ അന്നുമുതലാണ് അയമ്മ ഈ പേര് വിളിക്കാന്‍ തുടങ്ങിയത്.മൂത്ത മകളുമൊത്ത് വൈകുന്നേരങ്ങളില്‍ പാടിത്തളര്‍ന്ന് വരുമ്പോള്‍ ഉമ്മയോട് നാട്ടുവര്‍ത്തമാനങ്ങളൊക്കെ പറഞ്ഞിരിക്കുന്നത് പതിവാണ്. അയമ്മ ഈ പേര് വിളിക്കുന്നതെനിക്ക് തീരെ ഇഷ്ടമായിരുന്നില്ല.

' ന്‍‌റ്റെ പേരതല്ലാ '

'ആയിക്കോട്ടെ , ന്നാലും ഞാന്‍ പുട്ടെന്നേ വിളിക്കൂ'

അകലങ്ങളില്‍ പാട്ട് പാടി നാലോ അഞ്ചോ ദിവസം കഴിഞ്ഞ് തിരിച്ചുവന്നാല്‍ പടിപ്പുരയില്‍ അവര്‍ എന്നെ കാത്തുനില്‍ക്കുമായിരുന്നു. എനിക്കിഷ്ടമില്ലാത്ത അവരുടെ ഈ പേര്‍ വിളിയില്‍ നിന്നും രക്ഷപ്പെടാന്‍ ഉമ്മ എനിക്കൊരു മാര്‍ഗ്ഗം പറഞ്ഞുതന്നു.

' അതിനെന്താ ..പകരം ജ്ജ് ഓലെ പാട്ടുകാരിയമ്മേന്ന് വിളിച്ചോ '

അവരെ ഒഴിവാക്കാനായി ചന്ദ്രന്‍‌റ്റെ പറമ്പിലൂടെ വഴിമാറിനടന്ന എന്നെ ഒരിക്കല്‍ നായ ഓടിച്ചതിനുശേഷം വീണ്ടും പഴയ വഴിതന്നെ ഞാന്‍ തുടര്‍ന്നു, അവരുടെ ' പുട്ട് ' വിളിയും'.

************************************

സ്കൂളില്‍ നിന്നും വന്നപ്പോള്‍ , പൂമുഖത്ത് ഉപ്പയുമായി സംസാരിച്ചിരിക്കുന്ന ഒസ്സാന്‍ പോക്കര്‍ എന്നെ അടുത്തേക്ക് വിളിച്ചു. അടുത്ത് ചെന്ന ഉടന്‍ പോക്കര്‍ ഉടുത്തിരുന്ന എന്‍‌റ്റെ മുണ്ടഴിച്ചു, പിന്നീട് ഉപ്പാനെ നോക്കി.

' അല്ല അതൈ ഈ ചെക്കന്‍....ഇത് മൂത്തല്ലോ , ഇനി വൈകിച്ചൂടാ ട്ടാ. '

' അപ്പോ.. ഈ ..വ്യായായ്ച '

അന്നുമുതല്‍ വീട്ടിലുള്ള എല്ലാവരും എന്നോട് വല്ലാത്ത സ്നേഹം കാണിച്ചുതുടങ്ങി , ഇഷ്ടപ്പെട്ട പലഹാരങ്ങള്‍ , എന്തു ചോദിച്ചാലും കിട്ടുന്ന അവസ്ഥ , സ്കൂളില്‍ പോകാതിരിക്കാനുള്ള സന്തോഷത്തോടെയുള്ള അനുവാദം , സര്‍‌വ്വ ഐശ്വര്യങ്ങളോടും കൂടി ദിവസങ്ങള്‍ കഴിഞ്ഞു.ചൊവ്വയോടു കൂടി വീട്ടില്‍ ബന്ധുക്കള്‍ വന്നു തുടങ്ങി , കാണുന്നവരോക്കെ വല്ലാത്ത വാത്സല്യത്തോടെ എന്‍റ്റെ തല തടവി വന്നവരില്‍ പലരും പൈസ തരാന്‍ തുടങ്ങിയതോടെ ഞാന്‍ ആര്‍ത്തുല്ലസിക്കാന്‍ തുടങ്ങി.വ്യാഴാഴ്ചയായപ്പോള്‍ ചെറിയൊരു കല്യാണത്തിന്‍‌റ്റെ ആളുകളായി . പത്തുമണിയോടെ മദ്രസ്സയിലെ ഉസ്താദും പോക്കരും വീട്ടിലെത്തിയപ്പോള്‍ പുതിയ കുപ്പായവും മുണ്ടുമൊക്കെ അണിഞ്ഞ്‌ പറമ്പില്‍ കളിച്ചു കൊണ്ടിരുന്ന എന്നെ മാമ വീട്ടിലേക്ക്‌ വിളിച്ചു.

ഒരു തോര്‍ത്തുമുണ്ട ഉടുപ്പിച്ച്‌ എന്നെ ഉസ്താദിന്‍റ്റെ മടിയില്‍ ഇരുത്തി. രണ്ടു കൈകളും , കാലുകളും ഓരോരുത്തര്‍ പിടിച്ചു. ശക്തമായി ഞാന്‍ കുതറും തോറും അവര്‍ പിടി മുറുക്കിക്കൊണ്ടിരുന്നു. ഏതോ ഒരു നിമിഷത്തില്‍ അതി കഠിനമായ വേദനയുണ്ടായപ്പോള്‍ ഞാന്‍ ഉറക്കെ കരഞ്ഞു.

' കഴിഞ്ഞു....കഴിഞ്ഞു.. '

കണ്ണില്‍ ഇരുട്ടികയറയതു മാത്രം ഓര്‍മ്മയുണ്ട്.മെല്ലെ കണ്ണു തുറന്നപ്പോള്‍ കുന്നിന്റെ ആകൃതിയില്‍ ഒരു വെളുത്ത തുണി മുകളില്‍നിന്നും തൂക്കിയിട്ടിരിക്കുന്നു. പുറത്ത്‌ നല്ല ബഹളം കേള്‍ക്കുന്നുണ്ട്‌ , കുട്ടികള്‍ പറമ്പില്‍ കളിക്കുന്നത്‌ ജനലിലൂടെ എനിക്കൊരു മായ പോലെ കാണാമായിരുന്നു. പകുതി മയക്കത്തോടെ മെല്ലെ വാതിലിനരികിലേക്ക്‌ നോക്കിയപ്പോള്‍ വാതിലിനരികെ ആരോ നില്‍ക്കുന്നു,

' ന്‍റ്റെ പൈസ എവിടെ? '

വാതിലിനരികില്‍ നിന്നവര്‍ എന്‍‌റ്റെ അടുത്ത് വന്നു , മെല്ലെ തലയില്‍ തലോടി ,

' ന്‍റ്റെ പുട്ടെ , പൈസ തലക്കാണിടെ ചോട്ടിലുണ്ട് ട്ടോ.. '

തലയിണയുടെ അടിയിലുള്ള നോട്ടുകളെ ഞാന്‍ തൊട്ട്‌ തീര്‍ച്ചപ്പെടുത്തുമ്പോള്‍ കട്ടിലിനരികെ ഇരുന്നവര്‍ കയ്യിലുണ്ടായിരുന്ന പൊതിയഴിച്ചു.ഒരു കൈ കൊണ്ട്‌ കണ്ണു തുടക്കുന്ന യശോദാമ്മയേയും മറുകൈകൊണ്ട്‌ എനിക്കു നേരെ നീട്ടുന്ന നെയ്യപ്പവും ഞാന്‍ വ്യക്തമായി കണ്ടു.

പാരകള്‍

വിമാനത്തില്‍ നിന്നും ഇറങ്ങിയ ഉടന്‍ എതിരേറ്റ ചൂടുള്ള കാറ്റ്‌ ചെറുതായൊന്നു നടുക്കി.തലേന്ന് ബാവ വിളിച്ചുപറഞ്ഞതുപോലെത്തന്നെ ഇടതുവശത്തായുള്ള കൗണ്ടറില്‍ നിന്നും വിസയും എടുത്ത് ഞാന്‍ എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നീങ്ങി. നാട്ടുകാരനും ബാല്യകാല സുഹൃത്തുമായ ബാവ പുറത്ത് കാത്തുനില്‍‌ക്കുന്നുണ്ടായിരുന്നു.

രാത്രി പതിനൊന്ന് മണിയാണെങ്കിലും പ്രകാശപൂരിതമായ ദുബായ് നഗരത്തിലൂടെ ബാവയുടെമുറിയിലേക്ക് പോകുമ്പോള്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരാറുള്ള അവന്‍ ഓരോരുത്തരെപ്പറ്റിയും വളരെ താത്പര്യത്തോടേ അന്വേഷിച്ചു. ചോദിച്ചവരില്‍ പലരേയും ഞാന്‍ കണ്ടിട്ട് ആഴ്ചകളായിരുന്നെങ്കിലും തലേന്നും കണ്ടതുപോലെ പറയാനേ തോന്നിയുള്ളൂ.

നാല് നിലയുണ്ടെന്ന് തോന്നുന്ന കെട്ടിടത്തിന് മുകളിലേക്ക് കയറിയ ഞങ്ങള്‍ ടെറസ്സിലെത്തിയാണ് നിന്നത്. കയറുമ്പോല്‍ എതിരെ വന്നിരുന്ന പലരും പരിച്ചിതരെപ്പോലെ ചിരിച്ചു. ബാവ ഞാന്‍ വരുന്ന വിവരം സര്‍‌വരേയും അറിയീച്ചിരിക്കുന്നു. ടെറസ്സില്‍ തന്നെയാണ് അടുക്കള രണ്ട് പേര്‍ അടുക്കളക്ക് പുറത്തായി ഭക്ഷണം കഴിക്കുന്നു.പത്തോളം കട്ടിലുകള്‍ നാലു വശങ്ങളിലായി ഇട്ടിട്ടുണ്ട്‌ താഴെ നടുഭാഗം കാലിയായിരിക്കുന്നു.

' തല്‍ക്കാലം ആ കാണുന്നകട്ടിലില്‍ കിടന്നോളൂ , അവിടത്തെ ആള്‍ ഒരാഴ്ച കഴിഞ്ഞേ വരൂ അപ്പോള്‍ എന്തെങ്കിലും ചെയ്യാം '

മറ്റൊരാളുടെ , അതും അറിയാത്ത ഒരാള്‍ ഉപയോഗിച്ച കട്ടിലില്‍ കിടക്കാന്‍ മനസ്സനുവദിച്ചില്ല.
' വേണ്ട ബാവേ ,' ഞാന്‍ ഇവിടെ കിടന്നോളാം '

ഒഴിഞ്ഞ നടുഭാഗമായിരുന്നു എന്‍‌റ്റെ മനസ്സിലെന്ന് ബാവക്ക മനസ്സിലായി.

' അവിടെയൊക്കെ ആളുകളുണ്ടല്ലോ ആ കട്ടില്‍ മാത്രമെ ഒഴിവുള്ളൂ , മാത്രല്ല അവിടെ കെടക്കാന്‍ അവസാനമേ പറ്റൂ ഭക്ഷണം കഴിക്കുന്ന സ്ഥലവുമാണത് '

*******************************

ദുബായില്‍ വന്നിട്ട് രണ്ടുമാസം കഴിഞ്ഞിരിക്കുന്നു.

' നീയ്യ് ബേജാറാവുകയൊന്നും വേണ്ടട്ടാ നമുക്കൊരു വിസിറ്റ്‌ കൂടി എടുക്കാം'

വളരെ അപ്രതീക്ഷിതമായി ലഭിച്ച ഇന്‍‌റ്റര്‍‌വ്യൂകോള്‍ ജോലി കിട്ടിയ സന്തോഷമാണുണ്ടാക്കിയത്. ഇന്‍‌റ്റര്‍‌വ്യൂവിന് വിളിച്ച സമയത്തിന് അര മണിക്കൂര്‍ മുമ്പെത്തന്നെ ഞാന്‍ കെട്ടിടത്തിനരികെ എത്തി.നാല് നിലയുള്ള കെട്ടിടത്തില്‍ ഏറ്റവും മുകളിലുള്ള ഓഫിസ്സിലായിരുന്നു ചെല്ലാന്‍ പറഞ്ഞിരുന്നത്. അടഞ്ഞികിടന്നിരുന്ന ഓഫീസില്‍ വാതില്‍ മെല്ലെ തുറന്ന് കയറി റിസപ്ഷനില്‍ ആരും ഇല്ലായിരുന്നതിനാല്‍ ഉള്ളിലുള്ള മറ്റു മുറികളിലേക്ക് കണ്ണോടിച്ചു.ഫോണില്‍ മലയാളത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ ഉള്ളിലേക്ക് വരാന്‍ കൈകൊണ്ടാഗ്യം കാണിച്ചു.

' yes '
' ഒരു ഇന്‍‌റ്റര്‍വ്യൂവിനു വിളിച്ചിരുന്നു അതിനു വന്നതാണ് '
' sit '

റിസപ്ഷനിനുള്ള കസേരകളിലേക്ക് അയാള്‍ കൈ ചൂണ്ടി.പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ അറബി വേഷവിധാനത്തിലൊരാള്‍ ഉള്ളിലേക്കു വന്നു. നാല്‍പതു വയസ്സോളം വരുന്ന അയാള്‍ എന്നോട് സലാം പറഞ്ഞ് അകത്തുള്ള മുറിയിലേക്കു പോയി. കുറച്ചുകഴിഞ്ഞപ്പോള്‍ മലയാളിയുടെ നിര്ദ്ദേശമനുസരിച്ച് ഞാന്‍ അരബിയുടെ മുറിയിലേക്ക് പ്രവേശിച്ചു.

നാടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമെല്ലാം അറിഞ്ഞതിനു ശേഷം ചെയ്യേണ്ട പണിയെക്കുറിച്ചും മറ്റും വിവരിച്ചതിന് ശേഷം പ്രതീക്ഷിക്കുന്ന ശമ്പളം ചോദിച്ചു.
' 3500 Dirham '

ഗള്‍ഫ് എക്സ്പീരിയെന്‍സില്ലാത്തതിനാല്‍ അത്ര തരാന്‍ അയാള്‍ തയ്യാറായില്ല. തുടക്കത്തില്‍ 3000 Dirham രണ്ട് മാസം കഴിഞ്ഞ് മുഴുവന്‍ തരാമെന്നും പറഞ്ഞ് പിറ്റേന്ന് ജോലിയില്‍ പ്രവേശിച്ചോളാന്‍ നിര്‍ദ്ദേശിച്ചു.

***************************
പിറ്റേന്ന് ഓഫീസ് സമയത്തിന് സ്വല്‍‌പ്പം മുമ്പെത്തിയപ്പോള്‍ തലേന്ന് കണ്ട മലയാളി അയാളുടെ സീറ്റിനരികിലേക്ക് വിളിച്ച് കുശലം ചോദിക്കാന്‍ തുടങ്ങി.

തോമസ് നാല് വര്‍ഷമായി ഈ കമ്പനിയില്‍ ജോലി തുടങ്ങിയീട്ട് , വളരെ നല്ല കമ്പനിയാണെന്നും അറബി നല്ലവനാണെന്നുമൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി.കോട്ടയം കാരനായ അയാള്‍ തുടക്കത്തില്‍ സെക്രട്ടറിയായിരുന്നു പിന്നെ ജോലികയറ്റം കിട്ടി അകൌണ്ടന്‍റ്റായെങ്കിലും അയാള്‍ വളരെ എഫിഷ്യന്‍‌റ്റ ആയതിനാലും സെക്രട്ടറിയുടെ പണിയും അയാള്‍ ചെയ്യുന്നതിനാലാണ് സെക്രട്ടറിയുടെ കസേര ഇപ്പോഴും ഒഴിഞ്ഞുതന്നെ കിടക്കുന്നതെന്ന് പറഞ്ഞു.പിന്നീടുള്ള തോമസിന്‍‌റ്റെ സംസാരം എനിക്ക് സത്യത്തില്‍ ഉള്‍ക്കൊള്ളാനാവുന്നതായിരുന്നില്ല.

ഞാന്‍ ദുബായില്‍ വന്നത് മണ്ടത്തരമായെന്നും , നാടായിരുന്നു നല്ലതെന്നും മാത്രമല്ല പഠിപ്പിലൊന്നും വലിയകാര്യമില്ല എല്ലാം ഒരു ഭാഗ്യമാണെന്നുമൊക്കെ അയാളുടെ സംസാരത്തോട് എനിക്കുള്ള താത്പര്യക്കുറവ് മനസ്സിലാക്കിയതിനാല്‍ അയാള്‍ കൂടുതല്‍ അത്തരം സംസാരത്തിലേക്ക് പോയില്ല.

താമസിക്കുന്ന സ്ഥലത്ത്‌ വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞുകൊണ്ടുതന്നെ ഒരു ചായ എന്‍‌റ്റെ മേശക്കു മുകളില്‍ വെച്ചു. കുടിക്കുന്നതിനിടെ എന്‍‌റ്റെ ശമ്പള വിവരങ്ങളടക്കം സര്‍‌വതും അയാള്‍ അറിഞ്ഞുകഴിഞ്ഞിരുന്നു.

' ഇന്നിനി ഇവിടെ ഇരിക്കെണ്ട മുറിയില്‍ പൊയ്ക്കോ നാളെ രാവിലെ ജോലിക്ക്‌ വന്നാല്‍ മതി ഞാന്‍ പറഞ്ഞുകൊള്ളം'

അത്രക്കിഷ്ടമായില്ലെങ്കിലും അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ മുറിയില്‍ പോയി. പിറ്റേന്ന് വെള്ളിയവധിയും കഴിഞ്ഞ് ഞാന്‍ ഓഫീസിലെത്തിയപ്പോള്‍ തോമസ് പുറത്ത് തന്നെ നില്‍‌പ്പുണ്ടായിരുന്നു.

' I want talk to you '

തോമസിന്‍‌റ്റെ ശബ്ദത്തിന്‍‌റ്റെ ഗൗരവം എനിക്കത്രക്ക് രസിച്ചില്ലെങ്കിലും അയാളോടൊപ്പം അയാളുടെ സീറ്റിനരികിലേക്ക് പോയി.

' താന്‍ പറഞ്ഞ അത്രയൊന്നുമില്ലാ തന്‍‌റ്റെ ശമ്പളം തനിക്കു തെറ്റിയതാണ് 1500 Dirhams ആണ് തന്‍‌റ്റെ ശമ്പളം'

തോമസിന്‍‌റ്റെ പെട്ടെന്നുള്ള വാക്കുകള്‍ എന്നെ ആശ്ചര്യപ്പെടുത്തി.

' തെറ്റിയതോ തോമസേട്ടന്‍ എന്താണീപ്പറയുന്നത്‌ അറബി എന്നോടെല്ലാം പറഞ്ഞുറപ്പിച്ചതാണല്ലോ'
' നാട്ടില്‍ കിട്ടുന്നതിന്‍റ്റെ ഇരട്ടിയാവാം ഇതിപ്പോ എട്ടിരട്ടി എന്നു പറഞ്ഞാല്‍ അതെങ്ങിനെ ശരിയാവും '

എനിക്ക് നാട്ടില്‍ കിട്ടിയ ശമ്പളവും ഇവിടെ തരാമെന്നേറ്റ സമ്പളവും തമ്മില്‍ ബന്ധപ്പെടുത്തുകയായിരുന്നു തോമസ്.ഒന്നും മനസ്സിലാകാത്തതു പോലെ മുഖത്തേക്കു നോക്കിയിരുന്ന എന്നെ പരിഹാസത്തോടെ തോമസ് നോക്കി.

' ഞാനൊക്കെ ഇവിടെ വന്നിട്ട്‌ നാലുകൊല്ലമായി എന്നിട്ടും എനിക്കത്ര കിട്ടുന്നില്ല എന്നിട്ടല്ലേ ഇന്നലെ വന്ന തനിക്ക് '
' അതിനെന്‍‌റ്റെ ജോലിയല്ലല്ലോ തോമസേട്ടാ താങ്കളുടെ '

എന്‍‌റ്റെ നീരസത്തിലുള്ള സംസാരം അയാളെ ചൊടിപ്പിച്ചു ,
' താനെന്താ സമരം ചെയ്യാന്‍ വന്നതാണോ? താനില്ലെങ്കില്‍ ആളുകള്‍ വേറെയുണ്ട്‌ പറ്റില്ലെങ്കില്‍ പൊയ്ക്കോ , ദാ തന്‍റ്റെ പാസ്പോര്‍ട്ട്‌ '

മറ്റൊരു വിസിറ്റ്‌ വിസ ബാവക്കുള്ള അധിക ചിലവ്‌ , ചൂടത്തുള്ള ജോലി തെരച്ചില്‍ ഇതൊക്കെ ഒരു മിന്നല്‍ പിണര്‍പോലെ മനസ്സിലേക്കു വന്നു.

' അപ്പോ രണ്ടുമാസം കഴിഞ്ഞു കൂട്ടാമെന്നു പറഞ്ഞതോ '
'രണ്ടുമാസമല്ല ഒരു കൊല്ലം കഴിഞ്ഞാല്‍ 2000 Dirham ആക്കിയേക്കും താന്‍ നന്നായി പണി ചെയ്താല്‍ , അയാള്‍ വരാറായി എന്താ തന്‍‌റ്റെ തീരുമാനം ? '

ഒന്നും മിണ്ടാതെനിന്ന ഞാന്‍ തോമസിന്‍‌റ്റെ മുഖത്ത് വന്ന വിജയ ഭാവം നോക്കിയിരുന്നു.
' ഇനി അറബിയോട് പണ്ടതു പറഞ്ഞു ഇതു പറഞ്ഞു എന്നൊക്കെ പറയാനുള്ള ഉദേശമുണ്ടെങ്കില്‍ അതു വേണ്ടെന്നിപ്പോഴെ പറഞ്ഞേക്കാം '
ആഫീസിലേക്ക് കയറിയ അറബിയുടെ പിന്നാലെ തോമസ്‌ അറബിയുടെ മുറിയിലേക്കു പോയി. അവര്‍ തമ്മിലുള്ള അടക്കിപ്പിടിച്ച സംസാരത്തിനിടയില്‍ അറബിയുടെ സംസാരം വ്യക്തമായി കേള്‍ക്കാമായിരുന്നു.

' OK good ..good '

പുറത്തേക്കു വന്ന തോമസിന്‍റ്റെ മുഖം ചിരിയില്‍ നിന്നും ഗൌരവത്തിലേക്കു മാറുന്നത് ഞാന്‍ നിരാശയോടെയും നീരസത്തോടെയും നോക്കിയിരുന്നു.ആറുമാസത്തിനു ശേഷം മറ്റൊരു കമ്പനിയിലേക്കും പിന്നീട് പലകമ്പനികളിലേക്കും ഞാന്‍ പ്രവേശിച്ചപ്പോഴെല്ലാം അവിടെയെല്ലാമുണ്ടായിരുന്നു.

തോമസുമാര്‍ , ഗണേഷനായിട്ടും , അഷറഫ് ആയിട്ടുമൊക്കെയായിരുന്നെന്ന് മാത്രം.

അതിക്രമങ്ങള്‍

' മ്മടെ മൊയ്ദീന്‍കാടെ മൂത്ത മോള്‍ടെ കല്യാണം ഉറപ്പിച്ചു എന്തെങ്കിലും കാര്യായിട്ട് കൊടുക്കണം , ഉപ്പ ഉണ്ടായിരുന്നെങ്കീ...'

ഉമ്മയാണ് ഫോണില്‍.

ഗള്‍ഫിലെ ചൂടും പണിയുടെ കാഠിന്യമൊന്നും താങ്ങാനുള്ള കരുത്തില്ലാത്തതിനാല്‍ കുറച്ച് കാലം മാത്രം ഗള്‍ഫില്‍ ജോലിചെയ്ത ആളാണ് മയ്ദീന്‍‌ക്ക.ഗള്‍ഫിലേക്കുള്ള യാത്ര തീരുമാനിച്ചപ്പോള്‍ നടത്താന്‍ കൊടുത്ത ചെറിയ ചായക്കടയുണ്ടായിരുന്നത് വീണ്‍ടും തുറക്കാനൊന്നും അയാള്‍ തയ്യാറായില്ല.കുട്ടികള്‍ ആറ് പേരാണ് , നാല് പെണ്ണും രണ്ടാണും എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം മാത്രം. ആണ്‍ മക്കളില്‍ ഒരുത്തന് ജോലി ചെയ്യുമ്പോള്‍ ചെറിയ വിറയല്‍ വരുന്നതിനാല്‍ ചെറിയ ജോലികള്‍ മാത്രമേ ചെയ്യനൊക്കു , രണ്ടാമന്‍ ചെറിയ പണികള്‍ക്കൊക്കെ പോകുന്നുണ്ട്. ചുരുക്കത്തില്‍ അങ്ങിനേയും -ഇങ്ങനേയും അങ്ങ് ജീവിച്ചുപോകുന്നു.

ആദ്യത്തെ പെണ്‍‌കുട്ടിയുടെ കല്യാണക്കാര്യമാണ് ഉമ്മ ഫോണിലൂടെ പറഞ്ഞത്. പയ്യന്‍ ഓട്ടോ റിക്ഷ ഓടിക്കുന്നു. ഇരു‍പത്തഞ്ച് പവന്‍ സ്വര്‍ണ്ണവും അമ്പതിനായിരം രൂപയും ആണ് സ്ത്രീ ധനമായി പറഞ്ഞിരിക്കുന്നത്.

' അല്ല ഉമ്മ ഇത്രയധികം സ്വര്‍ണവും പണവും മൂപ്പരുടെ അടുത്ത് ഉണ്ടാകുമോ?'

' എല്ലാവരും സഹായിക്കുമെന്നാണ് ഓന്റെ കണക്ക് കൂട്ടല്‍ ? '

പകുതി സ്വര്‍ണ്ണം കയ്യിലുള്ളപ്പോള്‍ ബാക്കി പകുതി മറ്റുള്ളവര്‍ സഹായിക്കും; എന്നാലും കല്യാണചിലവും മറ്റുമായി നല്ലൊരു തുകവേണ്ടിവരില്ലെ എന്ന എന്റെ ചോദ്യത്തെ ഉമ്മ ഖണ്ടിച്ചു.

' എന്ത് കണക്ക് കൂട്ടലാണുമ്മാ ആളുകള്‍ സഹായിക്കുന്നതിനൊക്കെ ഒരു പരിധിയില്ലെ?'

കല്യാണം വളരെ ഭംഗിയായി നടന്നു. നാല്‍‌പ്പത് പവനോളം സ്വര്‍ണ്ണം പലരില്‍ നിന്നുമായി അവര്‍ക്ക് കിട്ടി മോശമില്ലാത്ത പണവും. പയ്യന്‍ ആവശ്യപ്പെട്ടത് മാത്രം കൊടുത്താല്‍ മതിയെന്നും ബാക്കി മറ്റുള്ളവര്‍ക്ക് കരുതണമെന്ന് ചിലര്‍ ഉപദേശിച്ചെങ്കിലും മൊയ്ദീന്‍ തയ്യാറായില്ല.

' ഇത് നടന്നില്ലേ അതും അങ്ങട്ട് നടക്കും , ഇവള്‍ക്ക് കിട്ടിയതിവള്‍ക്ക് '

അധികം താമസിയാതെ വീടിന് ചില മാറ്റങ്ങളൊക്കെ മൊയ്ദീന്‍ വരുത്തി. കല്യാണം കഴിഞ്ഞുള്ള പുത്യാപ്ല സല്‍‌ക്കാരങ്ങളും , വീടുകാണലും ഒക്കെ വളരെ ഗംഭീരമായി ത്തന്നെ നടത്തി. ഉപദേശിച്ചവരെ അസൂയാലുക്കളെന്ന് വിലയിരുത്തി.കഴിഞ്ഞ ദിവസം ഉമ്മയുടെ ഫോണ്‍ :

' മ്മടെ മൊയ്ദീന്‍ക്കാടെ രണ്ടാമത്തെ മോള്‍ടെ കല്യാണം ഉറപ്പിച്ചു എന്തെങ്കിലും കാര്യായിട്ട് കൊടുക്കണം , ഉപ്പ ഉണ്ടായിരുന്നെങ്കീ...'

അമ്പത് പവന്‍‌റ്റെ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയുമാണത്രെ സ്ത്രീധനം പറഞ്ഞിരിക്കുന്നത്. പയ്യന് ഓട്ടോ ഡ്രൈവര്‍ , ഗള്‍ഫില്‍ പോകാന്‍ താത്പര്യമുണ്ട് അങ്ങിനെ പോകേണ്ടിവന്നാല്‍ ടിക്കറ്റിന്‍‌റ്റെ പണവും കൊടുക്കണമത്ര!

ഫെമിനിസ്റ്റ്

ഒരൊഴിവ്‌ ദിവസം, ഉമ്മ കോലായില്‍ കസേരയില്‍ ഇരിക്കുന്നു ഞാന്‍ ഉമ്മറപ്പടിയിലും.നാണ്യമ്മ പുറത്ത്‌ നിന്ന് ഉമ്മയോട് സംസാരിച്ചുകൊണ്ടിരിക്കെയാണ്.ആരോ പടിപ്പുര കടന്ന് വരുന്നത് കണ്ട് ഉമ്മ ആളെ അറിയാന്‍ സൂക്ഷിച്ച് നോക്കി. പുറത്ത് നില്‍‌ക്കുകയായിരുന്നതിനാല്‍ നാണ്യമ്മ ഉമ്മയെ നോക്കി ചിരിച്ചു.

' അതാ വേലായീടെ മകനാ '

ഉമ്മ കസേരയില്‍ നിന്നും എണീറ്റു , മുന്നോട്ടാഞ്ഞു ,

' ന്ത്യേ കുട്ട്യേ ? '

' അച്ഛന്‍ നാളെ വരില്ല മറ്റന്നാളേ പണിക്ക്‌ വരൂന്ന് പറഞ്ഞു '
' ഉം ഞാന്‍ ഇവിടത്തെ ആളോട് പറയാം '

ഏഴോ എട്ടോ വയസ്സ്‌ പ്രായമുള്ള ആ കുട്ടി തിരിച്ച്‌ ഗേറ്റിനടുത്തിയിട്ടാണുമ്മ വീണ്ടും ഇരുന്നത്‌.

' ങ്ങക്കിപ്പോ അവിടെ ഇരുന്ന് പറഞ്ഞാല്‍ എന്താ? '
എന്‍റ്റെ ചോദ്യത്തിനുമ്മ ചിരിച്ചു ,

' എടാ , നൂറ്‍ വയസ്സായ പെണ്ണ് അഞ്ച്‌ വയസ്സായ ആണിനെ ബഹുമാനിക്കണം '

Monday, March 15, 2010

യുദ്ധം

ദുബായ്‌ സിറ്റിക്ക്‌ പുറത്തൂടെയുള്ള ഒരു യാത്ര.
ടി. ജങ്ക്ഷനില്‍ എത്തിയ എന്‍‌റ്റെ മുന്നിലുള്ള കാര്‍ എതിര്‍ വശത്തുനിന്നും വന്ന കാറിന് പോകാനായി നിര്‍ത്തിയിട്ടു.മുമ്പിലുള്ള കാറും , എതിര്‍ വശത്തുവന്നുനിന്ന കാറും ആരെടുക്കും ആദ്യം എന്ന തീരുമാനം ഉറപ്പിക്കുന്നതിനുമുമ്പെ രണ്ടും ഒരുമിച്ചെടുക്കയും മോശമല്ലാത്ത ഇടിയില്‍ കലാശിക്കുകയും ചെയ്തു.രണ്ടു കാറില്‍ നിന്നും ഡ്രൈവര്‍മാരായ അറബി വേഷധാരികള്‍ പുറത്തേക്കിറങ്ങി.

ആദ്യത്തെയാള്‍ : ' അസ്സലാമു അലൈക്കും , എന്തെങ്കിലും പറ്റിയോ ?
രണ്ടാമത്തെയാള്‍ : ' വ അലൈകുമുസ്സലാം വ റഹ്മത്തുല്ലാ ,അല്‍ ഹംദുലില്ല , ഒന്നും പറ്റിയില്ല ?'
ആദ്യത്തെ ആള്‍ : ' അല്‍ ഹംദുലില്ലാ , നിനക്ക്‌ സുഖം തന്നെയല്ലെ ? '
രണ്ടാമത്തെയാള്‍ : ' അല്‍ ഹംദുലില്ലാ , എല്ലാം ഐശ്വര്യം തന്നെ , നിന്‍‌റ്റെ കുട്ടികള്‍ക്ക്‌ സുഖമല്ലെ ? '

പിന്നേയും എന്തൊക്കെയോ കുശലാന്വേഷണത്തിനു ശേഷം രണ്ടുപേരും അവരവരുടെ കാറുകള്‍ക്ക് പറ്റിയ പരിക്കുകള്‍ നോക്കി തിരിച്ചു വന്നു.

അദ്യത്തെയാള്‍ : ' നിനക്ക് തലയില്‍ തലച്ചോറില്ലെ ഞാന്‍ കാര്‍ എടുത്തത് നീ കണ്ടില്ലെ? '
രണ്ടാമത്തെയാള്‍ : ' നിന്‍‌റ്റെ തലയിലാണില്ലത്തത് , നീ കണ്ടില്ലെ ഞാന്‍ എടുത്തത് ,തെറ്റ് നിന്‍‌റ്റെയാണ് '

അപ്പോഴേക്കും പോലീസ് വാഹനം വന്നു,

' അസ്സലാമു അലൈക്കും '

രണ്ടുപേരും ഒരുമിച്ച് പോലീസുകാരനെ നോക്കി , ' വ അലൈകുമുസ്സലാം വ റഹ്മത്തുല്ല '

പോലീസുകാരന്‍ രണ്ടുപേര്‍ക്കും ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നു ,പിന്നീട് കാറുകളുടെ കിടപ്പും കേടുപാടുകളും നോക്കി തിട്ടപ്പെടുത്തി തെറ്റു ആരുടെ പക്ഷത്താണെന്ന് നിഗമനത്തിലെത്തുന്നു.
തെറ്റു ചെയ്തവന് ചുവന്ന പേപ്പറും മറ്റേയാള്‍ക്ക് പച്ചയും കൊടുക്കുന്നു , രണ്ടുപേര്‍ക്കും കൈ കൊടുത്ത ശേഷം പോലീസുകാരന്‍ തിരിച്ചു പോകുന്നു.

പോലീസുകാരന്‍ പോയതിനു ശേഷം രണ്ടുപേരും ഷേക് ഹാന്‍‌ഡ് ചെയ്യുന്നു ചിരിക്കുന്നു അവരവരുടെ കാറുകളില്‍ കയറുന്നു. കൈകൊണ്ട്‌ വീശിപിരിയുമ്പൊള്‍ ആദ്യത്തെ ആള്‍ വിളിച്ചു പറയുന്നു ,

'അസ്സലാമു അലൈക്കും ' കേട്ട ഉടന്‍ മറ്റേയാള്‍ പറയുന്നു :
'വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ല '

*********************
അസ്സലാമു അലൈക്കും : നിനക്ക് സമാധാനമുണ്ടാവട്ടെ.
വ അലൈകുമുസ്സലാം വ റഹ്മത്തുല്ല : നിനക്ക് സമാധാനവും ഐശ്വര്യവുമുണ്ടാവട്ടെ.
അല്‍ ഹംദുലില്ലാ : ദൈവത്തിനു സ്തുതി

ആകാശയാത്രകള്‍

അനോണി ആന്‍‌റ്റണിയുടെ പോസ്റ്റാണീ കുറിപ്പിനാധാരം.


ഫ്ലൈറ്റ് യാത്രയെപറ്റി മലയാളിയുമായി സം‌സാരിക്കാനിടയായാല്‍ മിക്കവാറും അതവസാനിക്കുന്നത് എയര്‍ ഇന്‍‌ഡ്യയെ കുറെ കുറ്റം പറഞ്ഞും എയര്‍ ലൈന്‍ സ്റ്റാഫുകളുടെ തെറ്റായ ചെയ്തികളെപ്പറ്റിയുമായിരിക്കുമെന്നത് പറയേണ്ടതില്ലല്ലോ.

എയര്‍ ഇന്‍ഡ്യയുടെ കാര്യം അവിടെ നില്‍‌ക്കട്ടെ എയര്‍ ലൈന്‍ സ്റ്റാഫിനെ, പ്രത്യേകിച്ചും ഹോസ്റ്റസ്സുകളെപ്പറ്റി പറയുന്നതിനുമുമ്പ് വിവിധ ഘട്ടങ്ങളിലുള്ള യാത്രയില്‍ ചിലരുടെ സര്‍ക്കസ്സുകള്‍ നോക്കാം.

ചെക്ക് ഇന്‍ കൗണ്ടര്‍:

വിവിധ ഘട്ടങ്ങളുള്ള യാത്രയില്‍ സാമാന്യം കുഴപ്പമില്ലാത്ത ഫേസാണിത്. ദുബായില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ പൊതുവെ എയര്‍ പോര്‍ട്ടില്‍ മര്യാദരാമന്‍‌മാരായിരിക്കും , അതിനുള്ള പ്രധാനകാരണം എയര്‍ പോര്‍‌‌ട്ടിലുള്ള അറബിപോലീസുതന്നെയാണ്.

ഇനി തിരിച്ചുള്ള യാത്രയില്‍ നാട്ടിലെ എയര്‍ പോര്‍ട്ടാണെങ്കില്‍ , നാട്ടിലെ പോലീസുകാര്‍ കൂടുതല്‍ വില്ലന്‍‌മാരായതിനാല്‍ വലിയ വേഷം കെട്ടൊന്നും എടുക്കാന്‍ പറ്റാതെ നാടിനെപ്പറ്റി സഹതപിച്ച് കൊണ്ട് യാത്ര തുടങ്ങും.

എത്രകിലോ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിനീയമാണെന്ന് വ്യക്തമായറിഞ്ഞിട്ടും , കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുവരും എന്നിട്ട് തല ചൊറിഞ്ഞ് കൗണ്ടറില്‍ നില്‍‌ക്കും , കുറച്ച് സാധനം കുറച്ചകലെ മാറ്റി വെച്ചിട്ട് , കയ്യിലൊന്നുമില്ലെന്ന് പറഞ്ഞ് ബോര്‍ഡിങ്ങ് പാസ്സും വാങ്ങി നീങ്ങുമ്പോള്‍ ' എയര്‍ ലൈനെ പറ്റിച്ചേ' എന്ന കള്ള ച്ചിരിയോടെ ക്യൂവില്‍ നില്‍‌ക്കുന്ന ഇതര യാത്രക്കാരെ നോക്കും.

ഗേറ്റ്:

യാത്രക്കാരന്‍‌റ്റെ ശരിക്കുള്ള സ്വഭാവം വെളിപ്പെടുന്ന ഫേസാണിത്. കൗണ്ടര്‍ സ്റ്റാഫിനെ ഒളിച്ചുകടത്തിയ സാധനങ്ങള്‍ക്ക് പുറമെ ഡ്യൂട്ടി ഫ്രീയില്‍ നിന്നും വാങ്ങിയ കുറെ ബാഗ് സാധനങ്ങളുമായി വെയിറ്റിങ്ങ് ലോഞ്ചില്‍ അക്ഷമരായിരിക്കുന്നവര്‍ കേള്‍ക്കുന്നു;

' ആദ്യം കുട്ടികളും സ്ത്രീകളും അവരുടെ ഒപ്പമുള്ളവരും ഫ്ലൈറ്റിനുള്ളിലേക്ക് പോകുക'

എന്താണ് പറഞ്ഞതെന്ന് കേള്‍ക്കാതെ സ്കൂള്‍ വിട്ട് കുട്ടികള്‍ പലക്ലാസ്സുകളില്‍ നിന്നും സ്കൂളില്‍ നിന്നും പുറത്തേക്കോടുന്നതിനേക്കാള്‍ ‍ വേഗത്തില്‍ , ചുള്ളന്‍ മാര്‍ ഗേറ്റിനരികിലേക്കോടും. ഒരു ഫ്ലൈറ്റിലേക്കുള്ള മൊത്തം യാത്രക്കാര്‍ ഒരു ഗേറ്റിന് മുമ്പില്‍ നില്‍‌ക്കുമ്പോഴുള്ള അവസ്ഥ ആലോചിക്കുക.

കൈകുഞ്ഞുങ്ങളേയും മറ്റും കയ്യിലേന്തിയും , ചെറിയകുട്ടികളുടെ കയ്യില്‍ പിടിച്ചും സ്ത്രീകള്‍ പലഭാഗത്തുനിന്നും വഴികിട്ടാനായി എണ്ണമറ്റ ' എക്സ് ക്യൂസ് മീ ' കേള്‍ക്കാം.

ഇതെല്ലാം കേട്ട് നില്‍‌ക്കുകയല്ലാതെ ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ ഗേറ്റിനുമുന്നില്‍തന്നെ ചടഞ്ഞുകൂടി നില്‍‌ക്കും . അവസാനം സഹികെട്ട് ചിലര്‍ ഇടയിലൂടെ നൂഴ്ന്ന് ഗേറ്റിലൂടെ അകത്തേക്ക് പോകും , കുറെ പേര്‍ തിരക്ക്കൊണ്ട് പോകാന്‍ പറ്റാത്തതിനാല്‍ ലോഞ്ച് സീറ്റിലേക്ക് തന്നെ തിരിച്ചുപോകും പിന്നീട് എല്ലാവരും കയറികഴിഞായിരിക്കും തിരിച്ചുപോയവര്‍ ഫ്ലൈറ്റിനുളീലേക്ക് കയറുക.

സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും കഴിഞ്ഞാല്‍ ചിലപ്പോള്‍ വയസ്സായുള്ളവരുടെ ഊഴം വരും , ആ സമയത്ത് ആദ്യം ഗേറ്റിലെത്തുക ഏറ്റവും ചെറുപ്പക്കാരായിരിക്കും.ഒരിക്കല്‍ ഒരു ചുള്ളന്‍ ഉറക്കെ ചോദിച്ചു:

" എന്താ ഞങ്ങളുടെതും ടികറ്റുതന്നെയല്ലേ? "

ഇനി ഇതൊന്നുമല്ലാതെ ടികറ്റ് സ്വീകന്‍സ് അനുസരിച്ചുള്ള വിളികള്‍ക്കും ഇതേ സര്‍ക്കസ്സ് കാണാം. ടികറ്റ് സ്വീക്വന്‍സായി ഫ്ലൈറ്റിനുള്ളീല്‍ കയറിയാല്‍ എന്തുമാത്രം സൗകര്യമാണ് എല്ലാവര്‍ക്കും എന്നൊരിക്കലും ചിന്തിക്കാതെ ഒരോട്ടമാണ് ,

തങ്ങള്‍ക്ക് സീറ്റ് കിട്ടിയില്ലെങ്കിലോ / കയറ്റാതെ ഫ്ലൈറ്റെങ്ങാനും പോയാലോ എന്നൊക്കെതോന്നും ചിലരുടെ ഓട്ടം കണ്ടാല്‍.

ഫ്ലൈറ്റിനുള്ളില്‍:

ഫ്ലൈറ്റില്‍ കയറിയാല്‍ കയ്യിലെ സാധനങ്ങള്‍ മുകളില്‍ വെച്ച് ഇരിക്കുകയല്ല ചെയ്യുക , വഴിയിലങ്ങ് നില്‍‌ക്കും ഒരു കയ്യില്‍ ഫോണായിരിക്കും , മറ്റേ കൈകൊണ്ട് സാധനങ്ങള്‍ മുകളിലേക്ക് വെക്കാന്‍ തത്രപ്പെടും.

ഒരു മിനി ചന്തയാണ് ഫ്ലറ്റീ സമയത്ത് കുറേ പേര്‍ സാധനങ്ങല്‍ മുകളീല്‍ വെക്കുന്നു , കുറേ പേര്‍ വഴിയില്‍ നില്‍‌ക്കുന്നു , കുറെ പേര്‍ വഴിയിലുള്ളവര്‍ മാറാനായി വഴിയില്‍ കാത്തുനില്‍‌ക്കുന്നു.

ഇനി ഇരിക്കുന്നവരുടെ ആദ്യപരിപാടി മൊബൈല്‍ എടുത്ത് ഡയല്‍ ചെയ്യുക എന്നതാണ്. അന്നുവരെ മിസ് കാള്‍ മാത്രം ചെയ്തിരുന്നവന്‍‌റ്റെ നിര്‍‌ത്താതെയുള്ള വിളി കണ്ട് അപ്പുറത്തുള്ളവരുടെ അദിശയത്തിനുള്ള ഉത്തരം ഫ്ലറ്റ് മൊത്തം കേള്‍ക്കെ കൂവുന്നതു കേള്‍ക്കാം.

ഇതിനെല്ലാം ഇടയില്‍ എയര്‍ ഹോസ്റ്റസ്സുകളോടുള്ള ചില യാത്രക്കാരുടെ പെരുമറ്റം വളരെ അസഹ്യമാണത്. എയര്‍ ഹോസ്റ്റകള്‍ ബെയര്‍‌മാരണെന്നാണ് പലയാത്രക്കാരും ധരിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നും.സ്വല്‍‌പ്പം വൈകിയതിനാല്‍ എനിക്കൊരിക്കല്‍ കുടുംബത്തിനടുത്തിരിക്കാനായില്ല. തൊട്ടടുത്തിരുന്ന മാന്യ ദേഹം സീറ്റില്‍ ഇരുന്നതും നീട്ടിയൊരു വിളി ,

' ഹലോണ്‍ ഗീവ് ബീയര്‍ '.

സ്വല്‍‌പ്പം കാത്ത് നില്‍‌ക്കാന്‍ റിക്വസ്റ്റ് ചെയ്ത് ഹോസ്റ്റസ്സ് തിരിഞ്ഞതും, അയാള്‍ ശബ്ദമെടുത്തു,

' വാട്ട് ? നൗ ഐ ആം കസ്റ്റമര്‍'

ഒന്നൂടെ റിക്വസ്റ്റ് ചെയ്ത് അവര്‍ നടന്നപ്പോളും മൂപ്പര്‍ തുടര്‍ന്നതുകണ്ടപ്പോള്‍ എനിക്ക് സഹികെട്ടു, എന്‍‌റ്റെ നോട്ടം പിടിച്ചില്ലാത്തതിനാല്‍ മൂപ്പര്‍ എനിക്ക് നേരെ തിരിഞ്ഞു:

' ഞാനിതൊക്കെ എത്ര കണ്ടതാ , ഇവരൊക്കെ നമ്മുടെ പൈസകൊണ്ടാണ് ജീവിക്കുന്നത് '.

കൂടുതല്‍ പരിചയപെട്ടപ്പോള്‍ മനസ്സിലായി , ദുബായില്‍ വന്നാദ്യമായി നാട്ടില്‍ പോകുകയാണെന്ന്, അദ്ദേഹത്തിന്‍‌റ്റെ സുഹൃത്ത്‌ക്കളാണത്രെ ഹോസ്റ്റസ്സുകളോട് ശബ്ദത്തില്‍ ഓര്‍ഡര്‍ ചെയ്യാന്‍ പഠിപ്പിച്ചത്, അല്ലെങ്കില്‍ തുടക്കയാത്രക്കാരനാണെന്ന് ആളുകള്‍ ധരിക്കുമത്രെ!.തുടര്‍ന്ന് കുടിയോട് കുടി; അവസാനം ശര്‍ദ്ദിച്ച് കൊളമാക്കിയാണ് ഫ്ലൈറ്റിന്നും ഇറങ്ങിയത് അല്ല , സ്റ്റാഫ് വന്ന് എടുത്ത് കൊണ്ടുപോയത്.

ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ തുടക്കത്തില്‍ ഉപയോഗിക്കരുതെന്ന് തുടരെ തുടരെ അറിയീപ്പ് വന്നാലും മിക്കവരും ഓഫാക്കില്ല, കുനിഞ്ഞിരുന്ന് ,

' ഡാ പൊങ്ങുന്നു , ദാ എത്താറാവുന്നു ഇറങ്ങാന്‍ പോകുന്നു '

എന്നൊക്കെ പറയുന്നത് കേള്‍ക്കാം.

കഴിഞ്ഞ തവണ മദ്രാസ്സില്‍ നിന്നും കൊച്ചിക്കുള്ള യാത്രയില്‍ ഒരു എക്സിക്യൂട്ടീവിന്‍‌റ്റെ തുടരെയുള്ള ഫോണ്‍‌വിളി കണ്ട് ശബ്ദമുയര്‍ത്തേണ്ടിവന്നു , പുള്ളിക്കാരന്‍ ഇമ്മിണി ബല്യ എക്സിക്യൂട്ടീവാണെന്നും എപ്പോഴും ഫ്ലൈറ്റിലാണ് യാത്രയെന്നും അതിനാല്‍ പഠിപ്പിക്കേണ്ടെന്നും മൊഴിഞ്ഞു , അവസാനം ശരിക്കും ഷൗട്ടായപ്പോഴാണ് സ്റ്റാഫ് വന്ന് മോബൈല്‍ അയാളില്‍ നിന്നും വാങ്ങിയത്, കൊച്ചിയില്‍ ഇറങ്ങുന്നതുവരെ കക്ഷി എന്നെ നോക്കി ദഹിപ്പിക്കുകയായിരുന്നു ;).

ഫ്ലൈറ്റ് പൊങ്ങിയ ഉടന്‍ ചില ആളുകള്‍ക്ക് മുള്ളാന്‍ മുട്ടുന്നത് കാണാം , സര്‍‌വ്വ സൗകര്യവുമുള്ള ലോഞ്ചില്‍ അര മണിക്കൂറോളം ഇരുന്നാണ് ഫ്ലൈറ്റില്‍ കയറുന്നതെന്ന് നോക്കുക. തുടര്‍ന്ന് വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒരാവശ്യവുമില്ലാതെ നടക്കുന്നതും കാണാം

ഫ്ലൈറ്റ് ലാന്‍‌ഡ് ചെയ്ത ഉടന്‍ , പൂര്‍ണ്ണമായും നില്‍ക്കുന്നതിനുമുമ്പെ സീറ്റില്‍ നിന്നും എഴുന്നേല്‍ക്കരുതെന്ന തുടരെയുള്ള അറിയീപ്പുകളെ കാറ്റില്‍ പറത്തി ചാടി എണീറ്റ് മുകളില്‍ നിന്നും സാധനങ്ങള്‍ വലിച്ചെടുത്ത് വഴിയില്‍ കുത്തി നില്‍‌ക്കും.

മിക്കവാറും സാധനങ്ങള്‍ വലിച്ചെടുക്കുന്ന സമയത്ത് സഹയാത്രികന്‍‌റ്റെ നെറ്റിയില്‍ തട്ടിയീട്ടായിരിക്കുമെന്നത് പറയേണ്ടല്ലോ.ഈ സമയം അടുത്ത ബഹളം തുടങ്ങുകയായി. ഡോര്‍ തുറന്ന് അതിനടുത്തുള്ളവര്‍ ഓരോരുത്തരായി ഇറങ്ങുകയാണെങ്കില്‍ എല്ലാവര്‍ക്കും എന്തുസൗകര്യമാണെന്നൊരിക്കലും നോക്കില്ല.

' ഇറങ്ങിയെടാ , എത്തിയെടാ'

തുടങ്ങിയ വിളികളുടെ ഒരു ബഹളമാണൊപ്പം ആര്‍പുവിളികളും ചിരിയും. ടെര്‍മിനലിലേക്ക് ബസ്സ് യാത്രയുണ്ടെങ്കില്‍ ആ ഫേസാണ് അധികം കുഴപ്പമില്ലാത്ത അടുത്ത ഫെസ് , ഈ സമയത്ത് ഫോണ്‍ വിളിമാത്രമേ ഉണ്ടാകാറുള്ളു അതായിരിക്കും കാരണം.

ബസ്സില്‍ നിന്നുമിറങ്ങിയാല്‍ ബോംബ് പൊട്ടുന്ന സ്ഥലത്തുനിന്നും രക്ഷപ്പെടാനുള്ളതുപോലുള്ള തത്രപ്പാടാണ് പിന്നെ കാണുക.

ഇതൊന്നും ഒരിക്കലോ രണ്ട് പ്രാവശ്യമോ ഉണ്ടായിട്ടുള്ളതല്ല എല്ലാതവണയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉണ്ടായിട്ടുള്ളതാണ്.

എയര്‍ ഹോസ്റ്റസ്സുമാരെ കുറ്റം പറയുന്നതിനുമ്പ് യാത്രക്കാര്‍ പാലിക്കേണ്ട നിയമങ്ങളും മര്യാദകളും എത്ര പേര്‍ പാലിക്കുന്നുണ്ടെന്ന് സ്വയം വിലയിരുത്തിയാല്‍ മനസ്സിലാവും അവര്‍ എത്രയോ ബേധമാണെന്ന്.

കഴിഞ്ഞ മാസത്തിലാണ് രണ്ടാഴ്ചക്ക് ആജു ഒറ്റക്ക് നാട്ടില്‍ പോയത് , അണ്‍ അക്കമ്പനീഡ് ചൈല്‍ഡായി പോകുമ്പോള്‍ സ്വല്‍‌പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ സര്‍‌വീസ് ഞങ്ങള്‍ കരുതിയതിലും എത്രയോ നല്ലതായിരുന്നു. ഒരു പക്ഷെ എനിക്ക് ശ്രദ്ധിക്കാന്‍ പറ്റുന്നതിലും വളരെ നന്നായിട്ടവര്‍ , ഇന്‍‌ഡ്യന്‍ എക്സ്പ്രെസ്സുകാര്‍ ചെയ്തു.

ഫ്ലൈറ്റ് യാത്രകള്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും മിനിമം മര്യാദകള്‍/ നിയമങ്ങള്‍ പാലിക്കുമ്പോള്‍ മാത്രമേ മറുഭാഗത്തുനിന്നും നല്ല പെരുമാറ്റവും പ്രതീക്ഷിക്കാനുമാവുകയുള്ളൂ, അതിന് പക്ഷെ വേണ്ടത് ആദ്യം നമ്മള്‍ നല്ല യാത്രക്കാരാവുകയാണ്.

ഫ്ലൈറ്റ് പൊങ്ങുമ്പോഴും താഴുമ്പോഴും ഇലക്ട്രോണിക്ക് സാധനങ്ങള്‍ എന്തുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നും , എന്തിനാണ് ടിക്കറ്റ് നംബര്‍ ക്യൂ പാലിക്കുന്നതെന്നും , എന്തിനാണ് മറ്റുള്ള മര്യാദകള്‍ പാലിക്കുന്നതെന്നും എന്താണ് എയര്‍ ഹോസ്റ്റസ്സുകാരുടെ അവകാശങ്ങളെന്നും നമ്മുടെ അവകാശങ്ങളെന്നും എല്ലാം അറിയുന്നതിലൂടേയും , അവ പാലിക്കുന്നതിലൂടേയും നമുക്ക് നല്ല യാത്രക്കാരവാം.

നമ്മള്‍ നല്ല യാത്രക്കാരാവാതെ എയര്‍ ഹോസ്റ്റസ്സുമാരെ കുറെ കുറ്റം പറഞ്ഞിട്ട് യാതൊരുകാര്യവുമില്ല.

Sunday, March 14, 2010

ജിന്ന്.

വൈകുന്നേരമുള്ള ദര്‍സ്സിന് പള്ളിയില്‍ വരുമ്പോള്‍ സലിം അവന്‍‌റ്റെ ഉപ്പ പോക്കര്‍ ഹാജിയുടെ കടയില്‍ നിന്നും മിഠായി കൊണ്ടുവരാറുണ്ടായിരുന്നു. വെത്യസ്ഥ തരത്തിലുള്ള മിഠായി കൊണ്ടുവരുന്ന അവന്‍ ശിങ്കിടിയായ ഹംസക്കൊഴികെ മറ്റാര്‍ക്കും കൊടുക്കാത്തതിനാല്‍ പലര്‍ക്കും അവനോട് താത്പര്യവുമുണ്ടായിരുന്നില്ല.
പള്ളിയിലെ മുഖ്യ പുരോഹിതനായ കുഞ്ഞമ്മു മുസലിയാര്‍ക്കും മദ്രസ്സയില്‍ ഓത്ത് പഠിപ്പിക്കുന്ന ഖാദര്‍ മുസലിയാര്‍ക്കുമുള്ള ഭക്ഷണം വീടുകളില്‍ നിന്നും മുക്ക്രി സൈദാലിക്കയാണ്‌ കൊണ്ടുവരുന്നത്. കഞ്ഞി / ചോറും കറിയും എന്നതില്‍ നിന്നും വ്യത്യസ്ഥമായി , പോത്തിറച്ചിയോ , നെയ്ച്ചോറൊ കൊണ്ടുവന്നാല്‍ , ഓത്തുനടക്കുന്ന ക്ലാസ്സിന്‍‌റ്റെ വാതിലിനരികെ നിന്ന് ക്ലാസ്സിനുള്ളിലേക്ക് നോക്കും,

“ ഇന്ന് ങ്ങളങ്ങട്ട് നോക്കീക്കോളീ”
ഓത്തിന് ശേഷമുള്ള കൂട്ട പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാതെ കറിയിലെ ഇറച്ചിക്കഷ്ണമെല്ലാം ഊറ്റി , സ്വന്തം പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം , ഇറച്ചിയില്ലാത്ത കറിയും , കുറച്ച് നെയ്ച്ചോറും മറ്റൊരു പാത്രത്തിലാക്കി , നമസ്കാരം കഴിഞ്ഞിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് വരും,

“ കൊറച്ച് കയിച്ചിട്ട് പൊയ്കോടാ”

പേര്‍ഷ്യയില്‍ നിന്നും ലീവിന് വന്ന സലീമിന്‍‌റ്റെ ഇക്ക കൊണ്ടുവന്ന പുതിയ കുപ്പായത്തില്‍ അത്തര്‍ പൂശി ദര്‍സിന് വന്ന സലീം ഞെക്കിയാ ഓടുന്ന വണ്ടിയെക്കുറിച്ചും , സ്വയം ചെണ്ട കൊട്ടുന്ന കുരങ്ങനെക്കുറിച്ചും വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. ക്ലാസ്സില്‍ വെച്ച് ഇക്ക തന്നുവിട്ടതാണെന്ന് പറഞ്ഞ് പ്ലാസ്റ്റിക് കവര്‍ ഉസ്താദിന് നേരെ നീട്ടുമ്പോള്‍ ഉസ്താദിന്‍‌റ്റേയും അവന്‍‌റ്റേയും മുഖങ്ങള്‍ ഒരുപോലെ തിളങ്ങി.

പലകുറി ഓത്ത് തെറ്റിച്ച സലീമിനോട് സൗമ്യമായി പെരുമാറുകയും വളരെ കുറച്ചുമാത്രം തെറ്റി ഓതിയ എന്നെയും ജമാലിനേയും ഉസ്താദ് ശിക്ഷിച്ചതുമാണ് അന്നുവരെ ഉണ്ടായതില്‍ കൂടുതല്‍ ദേഷ്യം ഞങ്ങള്‍ക്കുണ്ടാവാന്‍ കാരണം. അന്ന് ദര്‍സ് കഴിഞ്ഞ് വീട്ടില്‍ പോകുമ്പോള്‍ ചിലതൊക്കെ ഉറപ്പിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്.

പിറ്റേന്ന് വളരെ നേരത്തെ പള്ളിയിലെത്തിയ ഞങ്ങള്‍ , നാട്ടില്‍ അവധിക്കു പോയ വല്യ ഉസ്താദിന്‍‌റ്റെ വെളുത്ത വലിയ കുപ്പായം കൈക്കലാക്കി ഗേറ്റിനരികെ ,പള്ളിക്കുള്ളിലായി ഒളിച്ചിരുന്നു.സലീമും , ഹംസയും പള്ളിയില്‍ കാലു കുത്തിയ ഉടനെ ജമാല്‍ വലിയകുപ്പായമിട്ട് , രണ്ട് കയ്യും പൊന്തിച്ചും താഴ്ത്തിയും അലറാന്‍ തുടങ്ങി.ആദ്യം തരിച്ച് നിന്ന രണ്ടുപേരും , “ ന്റ്റ മ്മാ....ജിന്ന് ...ജിന്ന്...” എന്ന് ഓളിയിട്ട് പിന്തിരിഞ്ഞോടുമ്പോള്‍ കല്ലില്‍ തട്ടിവീണ ഹംസയുടെ മുകളില്‍ സെലീമും വീണു.

നിലവിലിയും , വീഴ്ചയുടെ ശബ്ദവും കേട്ട് ഉസ്താദും മുക്രിയും , ഓടിവരുന്നത് കണ്ട ജമാല്‍ കുപ്പായമഴിച്ച് പള്ളിപ്പറമ്പിലേക്ക് വലിച്ചെറിഞ്ഞെങ്കിലും കാര്യം ഏകദേശം ഉസ്താദിനു പിടികിട്ടിയിയിരുന്നു.

ഉസതാദിനെ കണ്ടപ്പോള്‍ സമാധനത്തോടെ സലീം എണീറ്റെങ്കിലും അവിടെത്തന്നെ ബോധമറ്റു കിടന്ന ഹംസയെ താങ്ങിയെടുത്ത് ഹൌളിന്റെ അടുത്ത് കിടത്തി മുഖത്ത് വെള്ളം തെളിച്ചു.മെല്ലെ കണ്ണ് തുറന്ന ഹംസ വെള്ളക്കുപ്പായമിട്ട ഉസ്താദിനെ കണ്ടപ്പോള്‍ വീണ്ടും ബഹളം വെച്ചു:
' ജിന്ന് ..ജിന്ന്.'
' ജിന്ന് അന്‍‌റ്റെ ബാപ്പ'
ഉസ്താദ് വീണ്ടും അവന്‍‌റ്റെ മുഖത്ത് വെള്ളം തെളിച്ചുകൊണ്ടിരുന്നു.കാര്യം പിടിവിട്ടു എന്ന് മനസ്സിലാക്കിയ ഞാ‍ന്‍ , ഭയങ്കര വയറ് വേദന എന്നും പറഞ്ഞ് വയറ്റില്‍ കയ്യമര്‍ത്തിപ്പിടിച്ചു.
' നാളെ ദര്‍സിന് വാടാ ...അന്‍‌റ്റെ വയറ്‌ വേദന ഞാന്‍ മാറ്റിത്തരാം '

ഞാന്‍ പിറ്റേന്ന് ദര്‍സിന് പോയില്ല.ഉസ്താദ് തുട അടിച്ച് പൊട്ടിച്ചതും , എനിക്ക് വെച്ചിട്ടുണ്ടെന്ന് പറഞ്ഞതും എല്ലാം ജമാല്‍ സ്കൂളില്‍ വെച്ച് പറഞ്ഞു. കോഴിക്കോട്‌ കോളേജില്‍ പഠിക്കുന്ന ഉറ്റ സുഹൃത്തും വഴികാട്ടിയുമൊക്കെയായ മണിയേട്ടന്‍ നാട്ടില്‍ അവധിക്കു വന്ന അന്ന്‌ രാത്രി ഞങ്ങള്‍ സെക്കന്‍‌ഷോക്ക് പോയി.

സിനിമയുടെ ഇട വേളക്ക് കടല വാങ്ങാന്‍ പോയ ഞാന്‍ , പെട്ടെന്ന് വളരെ അറിയുന്ന ഒരാള്‍ പുറത്ത് നില്‍ക്കുന്നത് കണ്ട് അടുത്ത് ചെന്ന് നോക്കി. ആളെ മനസ്സിലായ ഞാന്‍ വാണം വിട്ട പോലെ ടാക്കീസിനകത്തേക്കോടി‍.

ഇടവേള കഴിഞ്ഞപ്പോള്‍ സ്ക്രീനിലേക്ക് നോക്കുന്നതിന് പകരം , നാല് വരി മുന്നില്‍ , തലയില്‍ വെള്ളത്തൊപ്പിയില്ലാതെ , പുതിയ സില്‍ക്കിന്‍‌റ്റെ കുപ്പായമിട്ട് , അത്തറിന്‍‌റ്റെ മണം പരത്തി , കടലകോറിച്ച് സിനിമകണ്ടിരുന്ന ഉസ്താദിനെ നോക്കിയിരുന്നു.നിര്‍ബന്ധത്തിന് വഴങ്ങി , സിനിമ മുഴുമിക്കാതെ വീട്ടിലേക്ക് നടക്കുമ്പോള്‍ എല്ലാ സംഭവങ്ങളും മണിയേട്ടന് മനസ്സിലായി , രക്ഷപ്പെടാന്‍ ഒരു വഴിയും പറഞ്ഞ് തന്നാണ് പിറ്റേന്ന് കോഴിക്കോടിന് തിരിച്ചുപോയത്.

ദര്‍സിന് നേരത്തെ എത്തിയ എന്നെ കണ്ടപ്പോള്‍ വിരല്‍ ചുരുട്ടി തലക്ക് മുട്ടാന്‍ ഉസ്താദിനെ നോക്കി ഞാന്‍ ചിരിച്ചു.
' അസ്സലാമു അലൈകും....ഉസ്താദെ ..സിനിമ എങ്ങനെണ്ടായിരുന്നു..? '
ഇടിവെട്ട് കൊണ്ടത് പോലെ ഉസ്താദ് നിന്നു.
' എന്ത് സിനിമ..ഏത് ..സിനിമ ?.'
എല്ലാമെനിക്കറിയാമെന്ന് മനസ്സിലായ ഉസ്താദ് എന്‍‌റ്റെ തോളില്‍ കയ്യിട്ട് പള്ളിക്കുള്ളിലേക്ക് നടക്കുമ്പോള്‍ ദയനീയ മായി എന്‍‌റ്റെ മുഖത്തേക്ക് നോക്കി.


' സുവറെ...ആരൊടും പറയല്ലെട്ടാ ഇനി അന്നെ ഞാന്‍ തല്ലൂല്ല...'
പുറത്ത് പറയില്ലെന്ന് ആണയിടുപ്പിച്ച എന്നെ കുറെ പ്രാവശ്യം ഓത്ത് തെറ്റിച്ചെങ്കിലും ഉസ്താദ് തല്ലിയില്ല,ഇടക്ക് ഹംസയോട് ,
' അന്‍‌റ്റെ വാപ്പ ജിന്നാണോ ' എന്ന് ഞാന്‍ ചോദിച്ചത് കേട്ടപ്പോഴോ
' ഉസ്താതെ ഇവന്‍‌റ്റെ വാപ്പാക്ക് വിളിച്ചു '
എന്ന് ഹംസ പരാതി പറഞ്ഞപ്പോഴൊന്നും ഉസ്താദ് ശിക്ഷിച്ചില്ല ;

' അത് സാരല്ല ..ഞ്ഞ് ഓന്‍ വിളിക്കൂല..'
അപ്പോഴും ഞാന്‍ ഉസ്താദിന്‍‌റ്റെ കണ്ണ് പറയുന്നുണ്ടായിരുന്നു:
' സുവറെ ..ആരോടും..പറയരുത്..ട്ടോ '

എന്നെ അലട്ടുന്ന ചോദ്യം

ഓര്‍മ്മയില്‍ അന്നെനിക്ക് എട്ട് വയസ്സ് , എന്തോ കാരണവാശാല്‍ ഞാനും ഉപ്പയും‌ തെറ്റി.പൊതുവെ ഇത്തരം‌ സംഭവങ്ങളുണ്ടാകുമ്പോള്‍‌ മുറിയില്‍ കതകടച്ചിരിക്കുന്ന ഞാന്‍ അന്ന് പക്ഷെ റോടിലേക്കിറങ്ങി, വിതറാനിട്ടിരുന്ന കരിങ്കല്ലുകളില്‍ രണ്ടെണ്ണം രണ്ടുകയ്യിലുമായെടുത്തു ഉപ്പുയുടെ നേരെ ചൂണ്ടി:


" വേണ്ടാ ..അടുത്ത്‌ വരണ്ടാ ..വന്നാ ഞാന്‍ കലക്കും..."

എന്തു ചെയ്യണമെന്നറിയാതെ വല്ലാതെ പകച്ച ഉപ്പ സ്ഥബ്ദനായി നിന്നു.

" മോനെ ഏറിയല്ലെട്ടാ ..ഞാന്‍ ഒന്നും പറയില്ലാ...എറിയല്ലെട്ടാ.."

തിരിഞ്ഞുനടന്നാല്‍ ഞാന്‍ എറിഞ്ഞാലോ എന്ന ഭയമുള്ളതിനാല്‍ അവിടെ തന്നെ നിന്നുകൊണ്ട് വീണ്ടും ദയനീയമായി എന്നോട് അപേക്ഷിച്ചുകൊണ്ടിരുന്നു.

" മോനെ എറിയല്ലെട്ടാ...."

ഞാനും ഉപ്പയും തമ്മിലുള്ള ഈ കളി കുറച്ച്‌ നേരം തുടര്‍ന്നു , ഇത്‌ കേട്ടറിഞ്ഞോ എന്തോ കുട്ടന്‍ നായര്‍ ആ വഴി വന്നു. എന്നെ രൂക്ഷമായി നോക്കി.

" ഇടെടാ കല്ല് താഴെ"

" വേണ്ടാ ..അടുത്ത്‌ വരണ്ടാ..ഞാനെറിയും.."

ഇത്തിരി കടുത്ത ശബ്ദത്തില്‍ നായര്‍ വീണ്ടും

" നിന്നോട്‌ കല്ല് താഴെ ഇടാനാ പറഞ്ഞത്‌"

ഞാനറിയാതെ കല്ലുകള്‍ താഴെ വീണു , കല്ലുകള്‍ താഴെ എത്തുന്നതിന്‌ മുമ്പെ കുട്ടന്‍ നായര്‍ തൊട്ടടുത്ത പുളിമേല്‍ നിന്നും വടിയൊടിക്കലും അടിക്കലും കഴിഞ്ഞിരുന്നു പിന്നീട് ദേഷ്യത്തോടെ ഉപ്പയേ നോക്കി,

" നീയാ കുഞ്ഞുണ്ണ്യ ചെക്കനെ വെടക്കാക്കുന്നത്‌"

പിന്നീട് ഉപ്പയുടെ നെറ്റിയില്‍ കൈകൊണ്ട് തടവി.

" നിനക്കൊന്നും പറ്റീല്ലല്ലോ അല്ലെ?"

രണ്ട്‌ പേരും തിരിഞ്ഞ്‌ നടക്കുമ്പോള്‍ , മോങ്ങി നിന്നിരുന്ന എന്നെ ഉപ്പ ഇടക്ക്‌ തിരിഞ്ഞ്‌ നോക്കികൊണ്ടിരുന്നു.ഞാന്‍ എറിഞ്ഞാലോ എന്ന് ഭയന്നിട്ടാവുമോ ഉപ്പ ഇടക്കിടക്ക് നോക്കിയത്?
ന്‍‌റ്റെ റബ്ബെ ആജു വെങ്ങാനും ഇങ്ങനെ ചെയ്താല്‍ ഏത്‌ കുട്ടന്‍ നായര്‍ വരും??

കിട്ടേണ്ട സമയത്ത് കിട്ടണം.

ഗ്രോസറിയില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ഹംസയുടെ മുഖത്ത് പതിവിലുള്ള പുഞ്ചിരിയില്ല. നാട്ടിലേക്ക് ഫോണ്‍ വിളിക്കുന്ന വെള്ളിയാഴ്ചകളില്‍ ഇത് പതിവാണ് ആറുവയസ്സുകാരി മകളുമായി ഒന്നുകില്‍ മുഴുവന്‍ സംസാരിച്ചുതീരുന്നതിന് മുമ്പെ പൈസ കഴിഞ്ഞ് ടെലിഫോണ്‍ കട്ടാവും അല്ലെങ്കില്‍ ഉമ്മയുമായുള്ള പിണക്കം അതുമല്ലെങ്കില്‍ നാട്ടില്‍ ചെല്ലാന്‍ വൈകുന്നതിലെ പരാതികള്‍.

" ഹംസേ ഇന്നെന്താടോ പ്രശ്നം? "

നാട്ടുകാരനായ കോയക്കയുടെ ഇരുപത്തഞ്ച് വര്‍ഷം പഴക്കമുള്ള കടയില്‍ ഹംസ വന്നിട്ട് ഏഴ് വര്‍ഷമായിരിക്കുന്നു.

'.. അപ്പോ ങ്ങളൊന്നുമറിഞ്ഞില്ലെ? '

പുതിയ കെട്ടിടം വരുന്നതിനാല്‍ പഴയതെല്ലാം പൊളിക്കുന്നതിന്‍‌റ്റെ ഭാഗമായി കോയക്കക്കും കഴിഞ്ഞ മാസം മുനിസിപ്പാലിറ്റിയില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം കിട്ടിയിരുന്നു. ഒരു പക്ഷെ ഇതു പിന്‍‌വലിച്ചേക്കാം എന്ന പ്രതീക്ഷക്കിടയിലാണ് രണ്ട് ദിവസം മുമ്പ് വീണ്ടും മുന്നറിയീപ്പ് വന്നതത്രെ.രണ്ട് ദിവസം കൂടിയേയുള്ളു ഇനി അതിനാല്‍ കടയിലെ മിക്ക സാധനങ്ങളും വില കുറച്ച് വിറ്റഴിക്കയാണ് കോയക്ക.

' ങ്ങള് വരീ , പറ്റുന്ന വല്ലതും കണ്ടാല്‍ എടുക്കാലോ. '

പള്ളിജുമുഅ പിരിഞ്ഞതിന് ശേഷം ഞാനും കോയക്കയുടെ കടക്ക് മുന്നില്‍ ചെന്ന് നിന്നു. അടുത്തുള്ള ചില ശ്രീലങ്കന്‍ വംശജരും ഒന്ന് രണ്ട് മലയാളികളും , കുറച്ച് ബലൂച്ചികളും അവിടെ മുമ്പെ സ്ഥാനമുറപ്പിച്ചിരുന്നു.ഉള്ളില്‍ നിന്നും ഓരോ സാധനങ്ങളും പുറത്തേക്കെടുക്കുമ്പോള്‍ കോയാക്ക സൂക്ഷിച്ച് നോക്കും , പിന്നെ എന്തോ ആലോചിച്ച് പറയും ' പത്ത് ദിര്‍ഹം ' , മിക്ക സാധനങ്ങള്‍ക്കും പത്ത് ദിര്‍ഹമായിരുന്നു വിലയിട്ടത്.

കടക്ക് പുറത്ത് ഓരോരുത്തരും എടുത്ത സാധനങ്ങള്‍ കൂട്ടിക്കിടന്നു. കുറച്ച് പേര്‍ അവര്‍ വാങ്ങിയതുമായി പോയപ്പോള്‍ മറ്റുള്ളവര്‍ പിന്നേയും കടക്കുള്ളിലേക്ക് നോക്കിക്കൊണ്ടിരുന്നു. ഇടക്ക് ഹംസ ഒരു പൊതിയെടുത്ത് കോയാക്കയുടെ നേരെ വിലക്കായി കാണിച്ചു.

ചാവികൊടുത്താല്‍ സ്വയം ചെണ്ടകൊട്ടുന്ന പാവക്കുട്ടി കോയാക്ക പാകറ്റ് തുറന്ന് പുറത്തെടുത്തു , പിന്നെ എന്തോ ഓര്‍ത്തിട്ട് ഹംസക്ക് തിരിച്ചുകൊടുത്തു.

'ഇത് വിക്കുന്നില്ല ഇതെനിക്ക് വേണം '

' എന്തിനാ കോയാക്കാ ങ്ങക്കുണ്ടോ ചെറിയ കുട്ട്യോള്? '

' ഹംസേ ജ്ജാ ടെലിഫോണ്‍ നമ്പറെഴുതിയ ബുക്കൊന്നെടുത്തേ , പുതിയതല്ല പഴയത് '

' അതിലൊരു പേരുണ്ട് രാജന്‍ ഭായിയുടെ അതിലേക്കൊന്ന് വിളിച്ചെ '

*****************
രണ്ട് വര്‍ഷം മുമ്പ് ഞങ്ങള്‍ ഇവിടേക്ക് താമസിക്കാന്‍ വന്നപ്പോള്‍ അവിടത്തെ മുമ്പുള്ള താമസക്കാരനായിരുന്നു രാജന്‍.കോയക്കാക്ക് ഗ്രോസറിവകയില്‍ നല്ലൊരു കുടിശ്ശിക കൊടുക്കാനുണ്ടായിരുന്നതിനാല്‍ അവര്‍ തമ്മിലുള്ള ബന്ധം നല്ല രസത്തിലായിരുന്നില്ല.വാടകയും കുടിശ്ശികയായതോടെ സ്ഥലമൊഴിയാതെ മറ്റൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. രാജന്‍ അവിടം വിട്ടുപോകുന്ന ദിവസം കോയക്കയോട് യാത്രപറയുന്നതിനിടെയാണ് ഞാനവസാനമായി രാജനെ കണ്ടത്.ഏകദേശം മുപ്പത്തഞ്ച് വയസ്സ് പ്രായമുള്ള അയാള്‍ക്കൊപ്പം എട്ട് വയസ്സ് തോന്നിക്കുന്ന മകനുമുണ്ടായിരുന്നു.

മുമ്പ് വന്ന കസ്റ്റമേറെ കാണിച്ചതിന് ശേഷം എടുത്തുവെക്കാതിരുന്ന ചെണ്ടകൊട്ടുന്ന ഒരു പാവ കുട്ടി കയ്യിലെടുത്തു. പിന്നീട് വാങ്ങിത്തരാമെന്ന് പറഞ്ഞ രാജനെ അനുസരിക്കാതിരുന്ന കുട്ടിയെ കയ്യില്‍ വലിച്ച് അയാള്‍ പുറത്തേക്ക് പോയി. ഏങ്ങിക്കരുയുന്ന കുട്ടി കടയിലേക്ക് തന്നെ നോക്കിക്കൊണ്ട് പോകുന്നത് ഞങ്ങളെല്ലാവരും നോക്കിക്കൊണ്ടിരുന്നു.

' ഹലോ രജന്‍ ഭായിയല്ലെ ദ് കോയയാണ് ഗ്രോസറീന്ന് '

നാട്ടില്‍ പോകുകയാണെന്നും കാണണമെന്നുമൊക്കെ പറഞ്ഞ് താമസ സ്ഥലവും മനസ്സിലാക്കിയാണ് കോയക്ക ഫൊണ്‍ വെച്ചത്. വൈകീട്ട് ഞങ്ങള്‍ രാജന്‍‌റ്റെ താമസസ്ഥലത്തേക്ക് പോയി. വിശാലമായ ഹാളിന്‍‌റ്റെ മൂലയിലിരിക്കുന്ന ടി.വിയില്‍ ഏഷ്യാനെറ്റിലെ ഏതോ സീരിയല്‍ നടന്നുകൊണ്ടിരിക്കുന്നു . ടി.വി. ഓഫാക്കി സന്തോഷത്തോടെ രാജന്‍ ഞങ്ങളെ എതിരേറ്റു. റിമോട്ട് പിടിച്ചുവങ്ങിയ മകന്‍ പ്ലേസ്റ്റേഷനില്‍ ഗെയിം കളി‍ക്കാന്‍ തുടങ്ങി.

സംസാരത്തിനിടെ കോയക്ക കുട്ടിയെവിളിച്ച് പൊതി ഏല്‍‌പ്പിച്ചു.പൊതിതുറന്ന കുട്ടി തീരെ താത്പര്യമില്ലാതെ പാവയെ തിരിച്ചും മറിച്ചും നോക്കി.

' അയ്യെ അങ്കിളെ ഇതൊക്കെ പഴയ മോഡലല്ലെ , എനിക്ക് വേണ്ട താങ്ക്സ് '
' ഒരാള്‍ ഒരു സാധനം തന്നല്‍ ഇങ്ങനെയാണോ പറയുക '
ചായയുമായി വന്ന രാജന്‍ മകന്‍‌റ്റെ ഈ പെരുമാറ്റം കണ്ട് ശാസിച്ചു.
' എനിക്ക് വേണ്ടാഞ്ഞിട്ടാ ഡാഡി , ചാവികൊടുക്കുന്ന പാവ... '

രാജന്‍‌റ്റെ ദേഷ്യംമൂലം മനമില്ലാമനസോടെ കുട്ടി പാവയെ വാങ്ങി, അകത്തേക്ക് നടന്നു.

ഭക്ഷണമൊക്കെകഴിച്ച് പിരിയുമ്പോള്‍ വല്ലാതെ വൈകിയിരുന്നു. വണ്ടിയെടുത്തപ്പോള്‍ കാറിന്‍റെ ഹെഡ് ലൈറ്റിന്റെ തിളക്കത്തില്‍ മൂന്നാം നിലയില്‍ നിന്നുള്ള ഏറില്‍ ചെണ്ട പൊതിയില്‍ നിന്നും പുറത്തേക്ക് തള്ളിയിരുന്നത് വ്യക്തമായി കണ്ടു.

'കിട്ടേണ്ട സമയത്ത് കിട്ടുന്നതിനേ വില കാണൂ ...'
കോയക്കയുടെ വാക്കുകളില്‍ കുറ്റബോധം ഒളിച്ചിരിപ്പുണ്ടായിരുന്നോ!

മോഹങ്ങള്‍

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴാണ്

യാസിര്‍ പറഞ്ഞത്,
9-A യില്‍ അവസാനത്തെ
ബെഞ്ചിലിരുന്ന്
മുകളിലോട്ട് നോക്കിയാല്‍
മരപ്പട്ടികയില്‍

വെളുത്ത ചോക്കുകൊണ്ടെഴുതിയ
എന്‍‌റ്റെ പേര് കാണാമെന്ന്.

പിറ്റേന്ന് തിരിച്ച് പോരേണ്ടതിനാല്‍
9-B യില്‍ രണ്ടാമത്തെ
ബെഞ്ചില്‍ ഇരുന്ന്

മുകളിലോട്ട് നോക്കിയാല്‍
നീല ചോക്കുകൊണ്ടെഴുതിയ
അലിയു+ശോഭ
ഉണ്ടോന്ന് നോക്കാനായില്ല.

മൂന്ന് തവണ പോയപ്പോഴും
അഞ്ച് മണിയായതിനാല്‍

‍ശ്രീ അയ്യപ്പന്‍‌റ്റെ ഫോട്ടോക്ക്
താഴെ ഇരുന്ന്
കുട്ടന്‍‌നായരോടൊപ്പം
വാഴ ഇലയില്‍
ഒരൂണ് തരപ്പെട്ടില്ല.

പകരം

പുതിയതായി വാങ്ങിയ
ചില്ല് പതിച്ചമേശമേലിരുന്ന്
K.R ബേക്കറിയിലെ
ഉപ്പേരി തിന്നേണ്ടി വന്നു.

ഇത്തവണ

തെങ്ങുകാരന്‍ വേലായിയോട്
മുമ്പേ ശട്ടം കെട്ടണം
ഒരു മാസത്തേക്ക്

അമ്മുക്കുട്ടിയമ്മ വിളിച്ചാല്‍
അവിടേക്ക് വന്ന് പോകരുതെന്ന്
വന്നാല്‍,

കഴിഞ്ഞ തവണത്തേത് പോലെ
അമ്മിക്കല്ലില്‍ നിന്നും
തേങ്ങ എടുത്താല്‍
ചെവിക്ക് പടിക്കാതെ
തേങ്ങ മുഴുവന്‍
മുന്നിലേക്ക് നീട്ടിയാലോ!

അടുത്ത ആഴ്ച എന്‍‌റ്റെ സ്വന്തം നാട്ടിലേക്ക്.

വിയര്‍പ്പ്

'കൊച്ചുണ്ണ്യേരേ ങ്ങളാ രാഗവന്‍ അവിടേണ്ടെങ്കിലൊന്നു വരാന്‍ പറയണേ'

കോലായില്‍ ചാരുകസേരയില്‍ വിശ്രമിച്ചിരുന്ന സൈദാലിക്ക മുന്നോട്ടാഞ്ഞു.

തെങ്ങ് കയറ്റവും കവുങ്ങ്‌ കയറ്റവുമാണ് രാഘവന്‍‌റ്റെ പ്രധാനതൊഴില്‍ കാലങ്ങളായി സൈദാലിക്കയുടെ തെങ്ങ്‌ കയറ്റക്കാരന്‍. മറ്റുള്ളവരുടെ തെങ്ങ് കയറ്റമില്ലാത്തസമയങ്ങളില്‍ സൈദാലിക്കയുടെ പറമ്പില്‍ വെള്ളം നനക്കല്‍ , പീടികയില്‍ പോകല്‍ തുടങ്ങിയ ജോലികളൊക്കെ ചെയ്യുന്നതും അയാള്‍ തെന്നെയായിരുന്നു.
രണ്ട്‌ വര്‍ഷം മുമ്പ്‌ ഒരു മഴക്കാലത്ത്‌ രാഘവനെ ഒരു തെങ്ങുചതിച്ച തോടെ കുറെകാലം ആശുപത്രിവാസത്തിലായി , പിന്നീട് പണിക്കു പോകാന്‍ പാടില്ലെന്ന് ഡോക്ടര്‍‌മാര്‍ വിധിച്ചു.

' മാപ്ല വിളിച്ചോ? ’

‘ രാഘവാ ആ പീട്യേ പോയി രണ്ട്‌ കിലോ പഞ്ചാര വാങ്ങീട്ട് വാ ’

‘ പഞ്ചാരേ!, അപ്പോ ന്നലെ ടൌണീന്ന് വാങ്ങ്യ അഞ്ചുകിലോയോ? '

പുറത്തുനിന്നും കയറിവന്ന കദീജുമ്മ അതിശയപ്പെട്ടു

' ഇനീപ്പോ ന്താ വാങ്ങാനുള്ളത്? '

സൈദാലിക്കയുടെ ദയനീയമായ നോട്ടം കണ്‍ട് കദീജുമ്മ കണ്ട് രാഘവനെ നോക്കി ചിരിച്ചു.

' രാഘവാ ജ്ജ്‌ പോയിട്ടാ പോസ്റ്റാപീസിന്ന് പത്തുര്‍പ്പ്യെക്ക്‌ സ്റ്റാമ്പ്‌ വാങ്ങീട്ട്‌ വാ '

നടന്നുപോകുന്ന രാഘവനെനോക്കി കദീജുമ്മ വീടിനുള്ളിലേക്ക് നടന്നു.

' ങ്ങക്കോനെന്തെങ്കിലും കൊടുക്കണേങ്കി അതങ്ങു ചെയ്താപ്പോരെ, എന്തിനാ ഓരോന്ന് ചെയ്യിപ്പിച്ച് കൊടുക്കുന്നത്?

‘ അനക്കത്‌ മനസ്സിലാവുല്ലാ '

നെടുവീര്‍പ്പോടെ സൈദാലിക്ക കസേരയിലേക്കാഞ്ഞു.

എന്‍‌റ്റെ ഉപ്പ
' അപ്പോ ന്നാള് തന്നതു കഴിഞ്ഞോ?'


പ്രീഡിഗ്രീ കാലഘട്ടത്തില്‍ രാവിലെ കോളേജില്‍ പോകുമ്പോള്‍ ,താമിയുടെ പീടികയില്‍ ചായകുടിച്ച്‌ പത്രം വായിച്ചിരിക്കുന്ന ഉപ്പ എന്നെക്കാണുമ്പോള്‍ ചോദിക്കുന്ന സ്ഥിരം ചോദ്യം. കുറച്ച് നേരം നിന്നതിനു ശേഷം തലചൊറിഞ്ഞ്‌ പിറുപിറുത്ത്‌കൊണ്ട്‌ നീങ്ങുമ്പോള്‍ പിന്നില്‍നിന്നുള്ള വിളി , ചുവന്ന നിറത്തിലുള്ള രണ്ട്‌ രൂപയോ പച്ച നിറത്തിലുള്ള അഞ്ച്‌ രൂപയോ നീട്ടും,

'ഇനി ഒരാഴ്ചത്തേക്ക്‌ ചോദിക്കരുത്‌'

************

തൃശ്ശൂരില്‍ ജോലിചെയ്തിരുന്ന കാലം അതിരാവിലെ ഓട്ടോ ഗേറ്റില്‍ നിര്‍ത്തിയാല്‍ സംശയിക്കേണ്ട ഉപ്പയായിരിക്കും , കയ്യിലൊരു ചാക്കും താങ്ങി പടികയറുമ്പോള്‍ പറയും;

' വണ്ടീല് സാധനണ്ട് ങ്ങട്ടെടുത്തോ '

പൊതിച്ച തേങ്ങ നിറച്ച ചാക്കും അരിയുടെ ചാക്കും അപൂര്‍‌വ്വമായി വാഴക്കുലയും.
വൈകീട്ട്‌ തിരിച്ചുപോകുമ്പോള്‍ സ്ഥിരം ഓര്‍മ്മിപ്പിക്കല്‍

'ന്തെങ്കിലും വേണേങ്കി പറയണം , ബുദ്ധിമുട്ടരുത്‌ '

************
മക്കള്‍ ആരും പൈസ കൊടുത്താല്‍ വാങ്ങിക്കില്ലായിരുന്നു

'ന്‍റ്റെടുത്തുണ്ട്‌ യ്യ്‌ വെച്ചൊ'

മിക്കപ്പോഴുമുള്ള ഉപ്പയുടെ മറുപടി.

********
അത്താഴം മക്കളും മരുമക്കളും ഒരുമിച്ചിരുന്നു കഴിക്കണമെന്ന മുസ്ലീം കുടുംബങ്ങളില്‍ അപൂര്‍‌വ്വമായി കാണുന്ന ശൈലി ഉപ്പക്ക് നിര്‍ബന്ധമായിരുന്നു. വളരെ രസകരമായിരുന്നു ഉപ്പയുടെ ശിക്ഷാരീതി , കൈമുട്ടിനുമുകളിലാണടിക്കുക. അടി എന്നുപറഞ്ഞാല്‍ കയ്യ്‌ ശരീരത്തില്‍ തൊട്ടാല്‍ ഭാഗ്യം.

**********
എഴുപതുകളില്‍ ബാംഗ്ലൂര് ഐ.ടി.ഐ യില്‍ ജൊലിചെയ്തിരുന്ന മാമ ഒരു ദിവസം രാവിലെ ഓഫീസില്‍ പോകാന്‍ വാതില്‍ തുറന്നപ്പോള്‍ കയ്യിലൊരു ചെറിയ കടലാസുമായി ചിരിച്ചു നിന്നിരുന്ന ഉപ്പയെപ്പറ്റി എപ്പോഴും പറയും. ആ കടലാസില്‍ മാമയുടെ അഡ്രസ്സായിരുന്നു. നാട്ടിന്‍ പുറത്തുകാരനായ ഉപ്പ ആ അഡ്രസ്സെഴുതിയ കടലാസുമായി തനിച്ച് ബാംഗ്ലൂര് പറ്റി.പുതിയ സ്ഥലങ്ങള്‍ തേടിയുള്ള ഇത്തരം യാത്രകള്‍ ഉപ്പാക്കൊരു ഹരം തന്നെയായിരുന്നു.

***********
ഓര്‍മ്മ വെച്ചതുമുതല്‍ ആരുമായും ഉപ്പ കയര്‍ത്തു സംസാരിക്കുന്നതു കണ്ടിട്ടില്ലെങ്കിലും , ഒരിക്കല്‍ വാണം വിട്ടപോലെ മടാളുമായി പറമ്പിലേക്കോടി വാഴത്തോട്ടം മൊത്തം വെട്ടി നിരത്തിയതിന്‍റ്റെ കാരണം ഉമ്മക്കിന്നും അറിയില്ലത്രെ.

************

ഒരു പക്ഷെ ഭാര്യയെ ' നിങ്ങള്‍ ' എന്നുവിളിക്കുന്ന ഒറ്റ ആളെയെ ഞാന്‍ കണ്ടിട്ടുള്ളൂ , എന്റുപ്പയെ.

*************

രാഷ്‌ട്രീയമായി ഒരു കോണ്‍ഗ്രസ്സുകാരനായിരുന്ന ഉപ്പയുടെ നാട്ടുകാരായ സഖാക്കന്‍മാരുമായുള്ള ചങ്ങാത്തം എനിക്കുപോലും അതിശയം ജനിപ്പിച്ചിരുന്നു. വോട്ട്‌ ചെയ്യാന്‍ പലപ്പോഴും സഖാവ്‌ കുഞ്ഞനോടൊപ്പം പോയിരുന്ന ഉപ്പ തിരിച്ചുവരുന്നതും അവര്‍ ഏര്‍പ്പെടുത്തിയ വണ്ടികളിലായിരുന്നു.

********************
' ആരെന്തു ചോദിച്ചാലും കഴിയുന്നതും ഇല്ലെന്നു പറയരുത് ' ഇതായിരുന്നു ഉപ്പ പഠിപ്പിച്ച പ്രധാന പാഠം.

*****************

ഇവിടെ(ദുബായ്) കൊണ്ടുവരാനുള്ള ഒരാഗ്രഹം ബാക്കിയാക്കി ഉപ്പ ഞങ്ങളെ വിട്ടുപോയി ഇന്ന് ഞാന്‍ എന്‍‌റ്റെ ഉപ്പയാവാന്‍ ശ്രമിക്കുന്നു, ഞാന്‍ പകുതിപോലും മനസ്സിലാക്കാത്ത എന്‍‌റ്റെ ഉപ്പയാവാന്‍.