Sunday, April 25, 2010

‘ഓര്‍മ‘ ഒരോര്‍മ്മ

അതിനു ശേഷം ഉണ്ടായ സംഭവ വികാസങ്ങള്‍ ഒരു നിക്കാഹിലൂടെ ഔദ്യോഗീകരിക്കപ്പെട്ടിട്ട്‌ ഇന്നേക്ക്‌ പതിനേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിവാഹശേഷം അവള്‍ അവിടെതന്നെ പഠിക്കുകയും ,ഞാന്‍ തൃശ്ശൂരില്‍ ജോലിയും ചെയ്തിരുന്നതിനാല്‍ , കോളേജിനടുത്തുതന്നെയായിരുന്നു താമസിച്ചിരുന്നത്‌.

മിക്കവാറും ദിവസങ്ങളില്‍ അവളുടെ വീട്ടില്‍നിന്നും വരുന്ന ചപ്പാത്തിയും കോഴിക്കറിയും മറ്റു പലഹാരങ്ങളും വീട്ടിലെ അടുപ്പിന്‌ വിശ്രമം കൊടുത്തിരുന്നെങ്കിലും , ഉപ്പ കൊണ്ടുവരാറുള്ള , അരി , പച്ചക്കറി ഇത്യാദിസാധനങ്ങള്‍ ഇടക്കൊക്കെ അടുപ്പിനേയും തിരക്കുള്ളതാക്കിയിരുന്നു.

കോളേജിലെകുട്ടികളും , അടുത്തുള്ള സാറന്‍മാരുടെകുട്ടികളും പലപ്പോഴും വീട്ടില്‍ വരാറുള്ളതിനാല്‍ അവിടെ ഒരു ഹോസ്റ്റല്‍ അന്തരീക്ഷമായിരുന്നു.അക്കാലത്തെക്കുറിച്ച് പല ഓര്‍മ്മകളുണ്ടെങ്കിലും ,‍ ആദ്യം മനസ്സില്‍ വരിക ശനിയാഴ്ചകളിലെ തൃശ്ശൂര്‍‍ - ആനക്കര സ്കൂട്ടര്‍ യാത്രയാണ്‌.

രാവിലെ വീട്ടില്‍നിന്നും പുറപ്പെടുന്ന ഞങ്ങള്‍ ഹൈവേയിലൂടെ അതിവേഗതയില്‍ ഓടുന്ന ബസ്സുകളെ പേടിച്ച്‌ ഉള്‍വഴികളാണ്‌ എപ്പോഴും തിരഞ്ഞെടുത്തിരുന്നത്‌.ഉള്‍വഴിയില്‍ നിന്നും കുന്നംകുളം കഴിഞ്ഞാണ്‌ ഹൈവേയില്‍ കയറുക , അവിടെത്തന്നെയായിരുന്നു ഹോട്ടല്‍ 'ഓര്‍മ' യുള്ളത്‌.

‘ഓര്‍മ’ യിലെ അപ്പം - മുട്ടക്കറി കോമ്പിനേഷന്‍റ്റെ രുചിയോടൊപ്പം അവിടെയുള്ളവരുടെ നല്ല പെരുമാറ്റവും എപ്പോഴും അവിടെ കയറാന്‍ പ്രേരിപ്പിച്ചിരുന്നു.സ്കൂട്ടര്‍ നിര്‍ത്തുമ്പോഴേക്കും , വെളുത്ത്‌ , മെലിഞ്ഞ , അമ്പതു വയസ്സു തോന്നിക്കുന്ന , ജോലിക്കാരന്‍ ചിരിച്ചുകൊണ്ട്‌ വരവേല്‍ക്കും.

ഫര്‍സാന ജനിച്ചതിനു ശേഷവും 'ഓര്‍മ' യിലെ ഈ പതിവ്‌ ഞങ്ങള്‍ തെറ്റിച്ചിരുന്നില്ല.കുട്ടികളെ ഇരുത്തുന്ന ബാഗില്‍ മോളെ ഇരുത്തി ,മഴയുള്ള സമയത്ത്‌ റയിന്‍കോട്ടുമിട്ട്‌ സ്കൂട്ടറില്‍ പോയിരുന്നത്‌ റോഡിനിരുവശവുമുള്ള പലര്‍ക്കും ആദ്യമൊക്കെ ഒരു പുതുമയായിരുന്നു.പ്രാതല്‍ കഴിഞ്ഞ്‌ വീണ്ടും പെരുമ്പിലാവ്‌ , ചാലിശ്ശേരി , പടിഞ്ഞാറങ്ങാടിവഴി തുടരുന്ന യാത്ര വീട്ടില്‍ അവസാനിക്കുമ്പോഴേക്കും ഒമ്പതുമണി കഴിഞ്ഞിരിക്കും.എല്ലാദിവസവും രാവിലെ തോട്ടത്തില്‍ പോകാറുള്ള , ഉപ്പ ശനിയാഴ്ചകളില്‍ ഞങ്ങളെക്കാത്ത്‌ മുറ്റത്തുതന്നെ നില്‍ക്കുന്നുണ്ടകും.

പഠനം കഴിഞ്ഞ്‌ അവള്‍ വളാഞ്ചേരി എം.ഇ.എസ്‌ എഞ്ചിനീയറിങ്ങ്‌ കോളേജിലും ഞാന്‍ കോഴിക്കോട്‌ സ്റ്റീല്‍ പ്ളാന്‍റ്റിലും ജോലിയില്‍ പ്രവേശിച്ചതോടെ ഈ സ്കൂട്ടര്‍ യാത്ര വളരെ ചുരുങ്ങി.പതിമൂന്ന് വര്‍ഷം മുമ്പ്‌ ദുബായിലേക്കു ചേക്കേറിയതോടെ 'ഓര്‍മ' ഒരോര്‍മ്മ മാത്രമായി.

ഹൈവേയില്‍ പിന്നീട്‌ കുറെ പുതിയ ഹോട്ടലുകള്‍ വന്നെങ്കിലും , ഇന്നും ആ വഴിയിലൂടെ പോകുമ്പോള്‍ 'ഓര്‍മ'യില്‍ കയറുന്നതു മുടക്കാറില്ലെങ്കിലും , ആ ചേട്ടനില്ലാത്തതിനാലാണോ , കാല വ്യത്യാസമാണോ എന്നറിയില്ല ,പണ്ടത്തെ ആ സ്കൂട്ടര്‍ യാത്രക്കിടയിലെ 'ഓര്‍മ' യിലെ പ്രാതലിന്റ്റെ രുചി തോന്നാറില്ല.

ഇന്ന്‌ ഞങ്ങളുടെ പതിനേഴാം വിവാഹ വാര്‍ഷികം.

വിവാഹജീവിതത്തില്‍ ഏറ്റവും ദുഃഖം തരുന്ന ഒന്നാണ്‌ വിരഹം, ദൈവാനുഗ്രഹത്താല്‍ ഈ പതിനേഴ് കൊല്ലത്തില്‍ നാലുമാസ മാത്രമെ പിരിഞ്ഞിരിക്കെണ്ടി വന്നിട്ടുള്ളൂ. ആ ഭാഗ്യം ഇനിയുള്ള ജീവിതത്തിലും തരണേ എന്നാണു പ്രാര്‍ത്ഥന.

മരിച്ചുകഴിഞ്ഞ്‌ , ഒരാഗ്രഹം പറയാന്‍ ദൈവം അനുവാദം തന്നാല്‍
ചോദിക്കേണ്ടത് ഇപ്പോഴേ എന്‍റ്റെ മനസ്സിലുണ്ട്‌.

കൂടെ വായിക്കാം

Wednesday, April 21, 2010

കുറ്റവാളികള്‍

ഗേറ്റിന് മുന്നില്‍ നിന്ന് വാര്യര്‍ വീട്ടിലേക്ക് സൂക്ഷിച്ചുനോക്കുന്നത് കണ്ടപ്പോള്‍ ഉമ്മയുമായി നാട്ട് വിശേഷങ്ങള്‍ പറഞ്ഞിരുന്ന ഞാനയാളെ വീട്ടിലേക്ക് ക്ഷണിച്ചു.ചെളിപുരണ്ട കീറിയ മുണ്ടും അതിനേക്കാള്‍ അഴുക്കു പുരണ്ട കീറിയ ഷര്‍‌ട്ടുമാണ്‌ വേഷം‌.താടി അധികമില്ലെങ്കിലും നീണ്ട മുടിയില്‍ ജഢ കുത്തിയിരിക്കുന്നു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കണ്ടതിനേക്കാളും ക്ഷീണവും പ്രായവും തോന്നിക്കുന്നുണ്ട്‌. പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന കാര്‍ ശ്രദ്ധയോടെ വീക്ഷിച്ചതിന് ശേഷം ഉമ്മയെ നോക്കി.

' പുതിയകാറാണല്ലോ വാങ്ങിയതാണോ ? ' മറുപടിക്ക് കാതോര്‍ക്കാതെത്തന്നെ വാര്യരുടെ പതിവ് ചോദ്യം‌ ,
' ഒരു പത്തു രൂപ വേണം '

അകത്തുപോയ ഞാന്‍ തിരിച്ചുവരുന്നത് വരെ കാറില്‍ തന്നെ ശ്രദ്ധിച്ചുകൊണ്ട് നിന്ന വാര്യരെ ഉമ്മ ഉണര്‍ത്തി. ' എന്തെ അവിടെന്നു പോന്നെ? '

പോര്‍ച്ചിന്‍റ്റെ കാലില്‍ പിടിച്ച് ചെറുതായൊന്നു കുലുക്കിനോക്കിയതിനു ശേഷം വാര്യരുടെ മറുപടി ‌
' ഏയ്‌ അതു ശരിയായില്ല ' രൂപ പോക്കറ്റിലിട്ട് പതിവ് പോലെ യാതൊരു ഭാവഭേദവുമില്ലാതെ വാര്യര്‍ നടന്നു.

*********
മദ്രസ്സയില്‍‌ പോകുമ്പോള്‍ ചന്ദ്രന്‍‌റ്റെ ചായപ്പീടികക്കരികിലാണ് മിക്കവാറും ഞാന്‍ വാര്യരെ കാണാറുള്ളത്. രണ്ടു ചെവികളിലും തെച്ചി പൂ ചൂടി , ഒരു കയ്യില്‍ പായസപാത്രം തൂക്കി മറുകൈ കൊണ്ട് എണ്ണമയമുള്ളമുടിയിലൂടെ കയ്യോടിച്ച് ഒരു വശത്തേക്ക് അല്‍‌പ്പം ചെരിഞ്ഞായിരുന്നു അയാള്‍ നടന്നിരുന്നത്.

അച്ഛന്‍ മരിച്ചതിനു ശേഷം കുറെ നാള്‍ പുറത്തേക്കൊന്നും വരാറില്ലായിരുന്ന പിന്നീട് കേട്ടത് അയാള്‍ക്ക് മാനസിക വിഭ്രാന്തി ഉണ്ടായതും ആശുപത്രിയിലായതുമൊക്കെയാണ്‌. പിന്നീടെപ്പോഴോ റോഡില്‍ കണ്ടുതുടങ്ങി തല താഴ്ത്തി വേഗത്തില്‍ നടന്നുപോകുമ്പോള്‍ നാട്ടുകാരെ ആരെങ്കിലും കണ്ടല്‍ വാര്യര്‍ നില്‍‌ക്കും.

' ഒരു പത്തു രൂപ വേണം '

കിട്ടിയാലും ഇല്ലെങ്കിലും അയാള്‍ക്കൊരുപോലെയാണെന്ന് തോന്നിയിട്ടുണ്ട്. കിട്ടിയാല്‍ നല്ലതോ നന്ദിയോ പറയില്ല കിട്ടിയില്ലെങ്കില്‍ ചീത്തതും.വീട് ഞങ്ങളുടെ തറവാട് പറമ്പിന്‍‌റ്റെ തൊട്ടടുത്തായിരുന്നതിനാല്‍ തോട്ടം നനക്കാന്‍ പോകുമ്പോള്‍ മിക്കവാറും അയാളെ കാണും. ഭ്രാന്തന്‍ എന്ന പേരുള്ളതിനാല്‍ കുട്ടികളടക്കം മിക്കവരും അയാളോടടുപ്പം കാണിക്കാറില്ലെങ്കിലും ഉപ്പ കുറെ സമയം അയാളോടൊത്ത് സംസാരിച്ചുനില്‍‌ക്കുമായിരുന്നു.ഭ്രാന്തനായ അയാളോട് സംസാരിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോളൊക്കെ ഉപ്പ നെടുവീര്‍പ്പിടും.

' എങ്ങിനെ ജീവിക്കേണ്ട കുട്ട്യാണത്‌ , ഓരോ വിധി! '

ഉമ്മയുടെ നെടുവീര്‍പ്പാണെന്നെ ചിന്തകളില്‍‌നിന്നുമുണര്‍‌ത്തിയത്.

******
അയാളുടെ ചികില്‍സയെക്കുറിച്ചു ഞാനുമ്മയോട് തിരക്കിയപ്പോഴാണ് 'ആരു നോക്കും / ചികില്‍സിപ്പിക്കും' എന്നൊക്കെയുള്ള മറു ചോദ്യം വന്നത്.കുറച്ചു കാലം മുമ്പ് ആശുപത്രിയിലും പിന്നീട്‌ ശരണാലയത്തിലും ആക്കിയതും , കുറച്ചു നാള്‍ വൃത്തിയായി നടന്നതും ഒക്കെ ഉമ്മ പറഞ്ഞു. അസുഖം പൂര്‍ണ്ണമാകാതെ അവിടെനിന്നും പോന്നതിനാലാണത്രെ വീണ്ടും പഴയതു പോലെ വന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്കു ശേഷം ഒരിക്കല്‍ ഞാന്‍ ബസ്സില്‍ കയറുമ്പോള്‍ എനിക്കു മുമ്പില്‍ വാര്യരുണ്ടായിരുന്നു.എവിടെക്കെന്ന ചോദ്യത്തിന്‌ , 'കുമ്പിടി വരെ ' എന്ന അടഞ്ഞ ശബ്ദത്തിലുള്ള ഉത്തരം മാത്രം.ബസ്സില്‍ കയറിയ ഉടന്‍ അയള്‍ മുന്നിലേക്കു പോയൊരു ഭാഗത്ത് ഒതുങ്ങി നിന്നു.പരിചയക്കാരനായ കണ്ടക്റ്റര്‍ കുശലം‌ ചോദിച്ചുകൊണ്ടു പൈസ വാങ്ങി.

' ആരാ രണ്ടുപേര്‍? '

കുറച്ചു മുന്നിലായി നില്‍ക്കുന്ന വാര്യരെ ചൂണ്ടിയ എനിക്ക് ഒരാളുടെ പൈസ തിരിച്ചുതന്നിട്ട് ചിരിച്ചു.

' ഇക്ക , ആരു പൈസ തന്നില്ലെങ്കിലും അയാള്‍ തരും '

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വാര്യര്‍ കുമ്പിടിയിലേക്ക് യാത്ര ചെയ്യുന്നതും, സീറ്റ്‌ ഒഴിവുണ്ടെങ്കിലും ഇരിക്കാത്തതും , ഒരിക്കല്‍ പോലും പൈസ തരാതെ യാത്രചെയ്യാറില്ലാത്തതുമൊക്കെ കണ്ടക്ടര്‍ ‍ പറഞ്ഞു.കുമ്പിടിയില്‍ പോകുന്നത്‌ ചായയും ദോശയും കഴികാനാണെന്നും ചായപ്പീടികയിലും പൈസ കൊടുത്തേ കഴിക്കാറുള്ളു എന്നും ഞാന്‍‍ മനസ്സിലാക്കി.

തിരിച്ചു പോരുന്നതിന്‍റ്റെ ഒരാഴ്ച മുമ്പ്‌ , തറവാട്ട്‌ പറമ്പിലേക്കു പോകുന്നവഴി ഞാന്‍ വീണ്ടും വാര്യരെ കണ്ടു.എന്‍‌റ്റെ കുറച്ചു മുന്നിലായിട്ടായിരുന്നു അയാള്‍ നടന്നിരുന്നത്. മനപൂര്‍വ്വം ഒന്നും മിണ്ടാതെ ഞാനും ഒപ്പം നടന്നു , എന്നോടെന്തൊക്കെയോ അയാള്‍ക്ക്‌ പറയാനുണ്ടായിരുന്നെന്നയാളുടെ പെരുമാറ്റത്തില്‍ നിന്നും മനസ്സിലായി.തൊട്ടടുത്തായി നടക്കാന്‍ തുടങ്ങിയ എന്നോടെപ്പോഴോ അയാള്‍ ചോദിച്ചു ,

' സുഖമല്ലെ? '

അസുഖം പൂര്‍ണ്ണമായി മാറാതെ ശരണാലയത്തില്‍ നിന്നും പോന്നതിന്റെ കാരണമന്വേഷിച്ചപ്പോള്‍ അതുവരെ തല താഴ്ത്തിമാത്രം സംസാരിച്ചിരുന്ന ആളെന്റെ മുഖത്തേക്ക് നോക്കി.

' പൂര്‍ണ്ണമായും മാറാതെ അവര്‍ വിടില്ല '
' പിന്നെ എങ്ങിനെ വീണ്ടും അസുഖം വന്നു? '
' എനിക്കു അസുഖം മാറിയിരുന്നു ,ജോലിയൊക്കെ ചെയ്ത് തുടങ്ങിയിരുന്നു '
കുറച്ചു നേരം ഒന്നും മിണ്ടാതെ നടന്ന വാര്യര്‍ ശബ്ദം വീണ്ടും കുറച്ചുകൊണ്ടു പറഞ്ഞു,
' എല്ലാവര്‍ക്കും ആ പഴയ ഭ്രാന്തനെയാണ്‌ വേണ്ടത്‌ '

പിന്നീടൊന്നും വാര്യര്‍ മിണ്ടിയില്ല , ഞാനും; റോടില്‍ നിന്നും ഇടത്തു വശത്തേക്കു തിരിയുന്ന ഇടവഴിയിലേക്കയാള്‍ നടന്നു നീങ്ങി , ഞാന്‍ വീണ്ടും റോടിലൂടെ നേരെ പോകുമ്പോള്‍ ഒന്നുകൂടി ചെരിഞ്ഞയാളെ നോക്കി, അതുവരെ മുണ്ടിന്‍റ്റെ വശം കക്ഷത്തു വലിച്ചുവെച്ചിരുന്നത്‌ താഴിയിട്ടിരിക്കുന്നു , തലയിലൂടെ കയ്യോടിച്ചയാള്‍ എന്‍റ്റെ കണ്ണില്‍ നിന്നകന്നകന്നു പോയി.

Tuesday, April 06, 2010

കഷ്ടപ്പാടുകള്‍

കഴിഞ്ഞ വെക്കേഷന്‍ സമയത്താണ് ഒപ്പം പഠിച്ച, സര്‍ക്കാരുദ്യോഗസ്ഥനായ ജോണിയെ കണ്ടത്.പഠിക്കുന്നകാലത്ത്‌ പറയത്തക്ക ബന്ധമൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടതിനാല്‍ കുറച്ചുനേരം സംസാരിച്ചുനിന്നു.

ഗള്‍ഫുകാരെപറ്റി സാധാരണക്കാര്‍ക്കുള്ള അതേ കാഴ്ചപ്പാടുതന്നെയാണവനുമുള്ളത്.ജോലിക്കിടയിലെ ടെന്‍ഷനെപ്പറ്റിയും ഉത്തരവാദിത്വങ്ങളെപ്പറ്റിയും വിവരിച്ച അവന്‍‌റ്റെ വാക്കുകളില്‍ നിന്നും കാലങ്ങളായി സര്‍ക്കാര്‍ ജോലിക്കാരെപറ്റിയുള്ള എന്റെ ധാരണ തിരുത്തുന്ന രൂപത്തിലുള്ളതായിരുന്നു. അവന്റെ വാക്കുകളില്‍ നിന്നും പണ്ടത്തെപോലെ/ കരുതുന്നപോലെ സര്‍ക്കാര്‍ ജോലിക്കാര്‍ വെറുതെ ശമ്പളം വാങ്ങുന്നവരൊന്നുമല്ല വളരെ ടെന്‍ഷന്‍ പിടിച്ച പണി ആത്മാര്‍ത്ഥതയൊടെയും പൂര്‍ണ്ണതയോടേയുമാണ് മഹാഭൂരിഭഅഗവും ചെയ്യുന്നതെന്നൊക്കെ കേട്ടപ്പോള്‍ സന്തോഷവും തോന്നി.

ഗള്‍ഫില്‍ ജോലി വളരെ ഈസിയായതിനാല്‍ അവിടേക്ക് വരാന്‍ വരാന്‍ സാധ്യതയുണ്ടെന്ന് അറിയീച്ചപ്പോള്‍ എത്തിയാല്‍ നിര്‍ബന്ധമായും വിളിക്കണമെന്ന് പറഞ്ഞ് ടെലിഫോണ്‍ നമ്പറും കൊടുത്താണ് ഞങ്ങള്‍ പിരിഞ്ഞത്.

നാല് മാസം മുമ്പാണ് അപ്രതീക്ഷിതമായി ജോണ്‍ ഫോണില്‍ വിളിച്ചത് , അവന്‍ ഗള്‍ഫിലെത്തിയിരിക്കുന്നു , അതും ദുബായില്‍ , രണ്ട്‌ മാസത്തോളമായി എല്ലാം ഒന്ന് സെറ്റായിട്ട്‌ വിളിക്കാമെന്ന് കരുതിയാണത്രെ ഇത്രയും കാലം വിളിക്കാതിരുന്നത്‌.ഇവിടത്തെ ശമ്പളനിലവാരത്തെപ്പറ്റിയും മറ്റും അറിയാതിരുന്നാല്‍ കമ്പനിക്കാര്‍ വളരെ കുറവ് ശമ്പളത്തിന് നമ്മളെക്കൊണ്ട് സമ്മതിപ്പിക്കും എന്ന് പറഞ്ഞ എന്നെ അദിശയിപ്പിക്കുന്നതായിരുന്നു അവന്‍റ്റെ വാക്കുകള്‍.

നാട്ടില്‍ വെച്ച് തന്നെ എല്ലാം ഉറപ്പിച്ചിരുന്നു ,എല്ലാ വിവരങ്ങളും അവന്‍ മനസ്സിലാക്കിയിരിക്കുന്നു.വളരെ നല്ല ശമ്പളമാണെന്നുമൊക്കെ അവന്‍ അഭിമാനത്തോടെ പറഞ്ഞു.എയര്‍ പോര്‍ട്ടില്‍ നിന്നും പിക്ക്‌ ചെയ്ത്‌ കമ്പനി ഫ്ളാറ്റിലേക്കാണവന്‍ ആദ്യയാത്ര ചെയ്തത്‌ പിന്നീട്‌ വ്യാഴവും വെള്ളിയും സിറ്റിയില്‍ കറങ്ങാന്‍ പോകും പിറ്റേ ആഴ്ച കുടുമ്പം വരികയും ചെയ്യും വളരെ സന്തോഷത്തോടെ അവന്‍‌റ്റെ എല്ലാ പതിവുകളും വിവരിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ജോലികിട്ടാന്‍ വിസിറ്റ്‌ വിസയില്‍ വന്ന് കഷ്ടപ്പെടുന്നവരേയും , നാട്ടില്‍ സര്‍ക്കാരില്‍ ജോലി ചെയ്തവരെ എടുക്കില്ലെന്നും എടുക്കുകയാണെങ്കില്‍ തന്നെ അവരുടെ പ്രവൃത്തി പരിചയം കണക്കിലെടുക്കില്ലെന്നുമൊക്കെ ശഠ്യം പിടിച്ചിരുന്ന ചില കമ്പനികളുടെ കാര്യങ്ങളുമൊക്കെയാണവനുമായുള്ള സംഭാഷണത്തിനു ശേഷം എനിക്കോര്‍മ്മ വന്നത്.

മിനിഞ്ഞാന്ന് ഉച്ചയൊടെ ജോണ്‍ വിളിച്ചു , നാട്ടില്‍ പോകുന്ന വിവരം പറയാന്‍. യാത്രാ ആശംസകള്‍ നേര്‍ന്നതിനു ശേഷം തിരുച്ചുവരവിനെപ്പറ്റി ചോദിച്ചപ്പോളാണ് ഞാന്‍ അമ്പരന്നത് , അവനിനി തിരിച്ചുവരുന്നില്ല. ശമ്പളമോ നാട്ടിലെ ഓര്‍മ്മകളൊ ഒന്നുമല്ല പ്രശ്നം ജോലിയുടെ പ്രഷര്‍ ആണ്.

ശരിയായിരിക്കാം എന്നൂഹിച്ച് കൂടുതല്‍ കാര്യം അന്വേഷിച്ചപ്പോളാണ് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിയത്,ജോലി എട്ട്‌ മണിമുതല്‍ ആറ്‍ മണിവരെ ,ഒരു മണിക്കൂര്‍ ഉച്ചക്കൊഴിവ് , ആഴ്ചയില്‍ അഞ്ചുദിവസം മാത്രം ജോലി. മോശമല്ലാത്ത ശമ്പളം മാത്രമല്ല പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ശമ്പളം കൂട്ടാന്‍ തയ്യാറായ കമ്പനി പക്ഷെ അവന്‍‌റ്റെ തീരുമാനത്തിന് മാറ്റമില്ല.

ഇതൊക്കെ അറിയുമായിരുന്നില്ലേ എന്ന ചോദ്യത്തിനുള്ള അവന്‍‌റ്റെ ഉത്തരം വളരെ രസകരമായി തോന്നി , അവിടത്തെ ജോലിയുടെ ഭാരിച്ച ഉത്തരവാദിത്വം മാത്രം ഏറ്റെടുത്താല്‍ മതി , ഇവിടെ അതില്ല ഇവിടെ പ്രഷര്‍ ഭയങ്കരമാണ് ഉത്തരവാദിത്വം പോര.എന്താണവന്‍ പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലായതിനാല്‍ കൂടുതലൊന്നും പറയാതെ നാട്ടില്‍ വെച്ച് കാണാമെന്നും പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.

മുന്നിലെ മേശയുടെ വശത്ത്‌ അടക്കിവെച്ച ഫയലുകളും അതിനു പിന്നില്‍ എന്തോ വായിച്ചിരിക്കുന്ന ജോണിയെ തുരുമ്പിച്ച ജനലഴികളിലൂടെ കാണുന്ന കഴ്ചയുമായിരുന്നു എന്‍‌റ്റെ മനസ്സില്‍.

Saturday, April 03, 2010

പങ്ക് വെക്കല്‍

അരി വറുത്തതും ശര്‍ക്കരയും തേങ്ങയും , അവില്‍ കൊഴച്ചത്, അട തുടങ്ങിയവയായിരുന്നു അക്കാലത്തെ പ്രധാന വൈകുന്നേര പലഹാരങ്ങള്‍. എനിക്കും ഇത്തക്കും ഒരേ സമയത്താണ് ഉമ്മ ഇത് തരുന്നതെങ്കിലും, അവള്‍ അത് പെട്ടെന്ന് കഴിക്കും പിന്നീട് ഉപ്പും മധുരവും നുണഞ്ഞിരിക്കുന്ന എന്നെ നോക്കിയിരിക്കും. തുടര്‍ന്ന് സാവധാനം എന്റെ അടുത്തേക്ക് നീങ്ങാന്‍ തുടങ്ങും.

ഇതുകണ്ട് ചിണുങ്ങുന്നത് കേട്ട് ഉമ്മ അടുക്കളയില്‍ നിന്നും ഉറക്കെ ഇത്തയെ ശകാരിക്കുമെങ്കിലും 'എനിക്ക് നിന്റെയൊന്നും വേണ്ടെന്ന്' പറഞ്ഞ് വീണ്ടും ചന്തിയനക്കി എന്റെ തൊട്ടടുത്ത് വന്നിരിക്കും, പിന്നീട് പലഹാര പാത്രത്തിലേക്കും എന്റെ മുഖത്തും മാറിമാറി നോക്കും.

പിന്നെ ഒരു ചോക്കോ , പെന്‍സില്‍ കഷ്ണമോ കാണിച്ച് പറയും " ഇത് ജ്ജെടുത്തോ"
" വെറുതേണോ"
"ആടാ വെറുതെ , ഇക്കൊന്നും വേണ്ട "

ഞാനൊന്ന് ഒതുങ്ങിയെന്ന് മനസ്സിലായാല്‍ അടുത്ത പടി :" അല്ലെടാ , അന്റെ പാത്രത്തിലുള്ളത് വീതം വെച്ച്‌ കഴിച്ചാല്‍ എന്ത്‌ രസാണെന്നോ , നിക്കൊന്നും വേണ്ട ട്ടോ"

പിന്നെ എന്റെ പാത്രത്തില്‍ കയ്യിട്ട് പലഹാരം വീതം വെക്കാന്‍ തുടങ്ങും, " ഇത്‌ ഉപ്പാക്ക്‌ , ഇത്‌ ഉമ്മാക്ക്‌ , ഇത്‌ വല്യ ഇക്കാക്ക് , ഇത്‌ കദീജുത്താക്ക്” ഓരോരുത്തര്‍ക്കുള്ളത്‌ പാത്രത്തില്‍ തരം തിരിച്ച്‌ വെക്കും. അവള്‍ക്കെന്തോ പക്ഷെ ഒരിക്കലും വീതം വെക്കാറില്ല.

"അല്ലെടാ , ഉപ്പയിപ്പോ ഇവിടില്ലല്ലോ, അപ്പൊ ഉപ്പാക്കുള്ള വീതം ഞാനെടുക്കാം" .

ഇങ്ങനെ ഓരോരുത്തരുടെ വീതവും ഇത്ത കഴിച്ചതിന് ശേഷമേ എന്താണ് നടന്നതെന്നെനിക്ക് മനസ്സിലാവുകയുള്ളു പക്ഷെ അപ്പോഴത്തേക്കും ആള് സ്ഥലം വിട്ടിരിക്കും.

Thursday, April 01, 2010

തല്ലാന്‍ തോന്നി - നടന്നില്ല

അബൂദാബിയിലെ ഒരു ട്രാഫിക് സിഗ്നല്‍.
ചുവപ്പ് സിഗ്നല്‍ലൈറ്റ് കത്തിക്കൊണ്ട് നില്‍ക്കുന്നു. എന്റെ ഇടത്തെ ട്രാക്കില്‍ ഒരു ടൊയോട്ട കാര്‍ , ഡ്രൈവര്‍ ഒരു ബുര്‍ഖയിട്ട സ്ത്രീ, ഇന്‍ഡ്യന്‍ , ഒന്നുക്കൂടെ തെളിയിച്ചുപറഞ്ഞാല്‍ മലയാളി.

കാറിന്‍റ്റെ എയര്‍കണ്ടിഷന്‍ ഓണായിരിക്കുന്നതിനാലാണെന്നു തോന്നുന്നു ,
എല്ലാ വിന്‍ഡോസും പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്.

പിന്‍സീറ്റില്‍ മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ഇരിക്കുന്നു.

അവളുടെ അച്ഛനെന്ന് തോന്നുന്ന കാട്ടാളന്‍,
മുന്നിലെ സീറ്റിലുരുന്ന് സിഗരറ്റ് ആഞ്ഞു വലിക്കുന്നു.

പതിനഞ്ച് വര്‍ഷത്തിനിടയില്‍ ഒരാളേയും തല്ലാന്‍ തോന്നിയിട്ടില്ല ,
ഒരു പക്ഷെ കുറച്ചു സമയം കൂടി ആ ചുവന്ന ലൈറ്റ് കത്തിക്കിടന്നിരുന്നെങ്കില്‍;
ഞാന്‍ അബൂദാബി ജയിലില്‍ ആയേനെ!