Saturday, July 29, 2006

അമ്പലംചാടി

ഞാനും അപ്പുണ്ണിയും ആറ്‌ എ യിലും രവി ആറു സി യിലുമായിരുന്നു.സമരമുള്ള ദിവസങ്ങളില്‍ ഹൈസ്കൂളിലെ കുട്ടികള്‍ അവരുടെ സ്കൂള്‍ വിടുവിച്ചതിന് ശേഷം ജാഥയായി വന്ന് ഞങ്ങളുടെ സ്കൂളും വിടുവിക്കാറാണ് പതിവ്. സമര ദിവസം സ്കൂള്‍ വിട്ടാല്‍ കുറച്ചുപേര്‍ മാത്രമാണ് വീട്ടില്‍ പോകുക, മറ്റുള്ളവര്‍ അവിടങ്ങളില്‍ കളിയും മറ്റും കഴിഞ്ഞ് വൈകീട്ടാണ് വീട്ടില്‍ പോകുക.

കോട്ടികളിയാണ് പ്രധാനമായുള്ള അന്നത്തെ വിനോദം, രണ്ടോ മൂന്നോ കോട്ടികൊണ്ട് വന്ന് വൈകീട്ട് വീട്ടില്‍ പോകുമ്പോള്‍ കളിയിലൂടെ നേടിയ കോട്ടികളാല്‍ രണ്ട് കീശയും നിറക്കുന്ന മിടുക്കന്‍ മാരുണ്ടായിരുന്നു പലരും. അന്നത്തെ സമരം ദിവസം എന്റെ കയ്യില്‍ കോട്ടികളുണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ കളിക്കാന്‍ കൂട്ടാതിരുന്നവരുടെ കളിക്കളത്തില്‍ മൂത്രമൊഴിച്ച് ഞാന്‍ രവിയേയും കൂട്ടി അപ്പുണ്ണിയുടെ വീട്ടിലേക്ക് നടന്നു.

ശിവന്‍‌റ്റമ്പലത്തിന് പിന്നിലാണു അപ്പുണ്ണിയുടെ വീട്‌. ഞങ്ങളോട് അമ്പലത്തിനടുത്ത് കാത്തുനില്‍‌ക്കാന്‍ പറഞ്ഞ് അപ്പുണ്ണീ അവന്‍‌റ്റെ വീട്ടിലേക്ക് പോയി. കുറെ സമയം കഴിഞ്ഞിട്ടും അവന്‍ വരാത്തതിനാല്‍ ഞാനും രവിയും‍ അമ്പലക്കുളക്കടവിലേക്ക്‌ നടന്നു. കുളത്തിനടിയില്‍ ചെറിയ മീനുകള്‍ നീന്തിത്തുടിക്കുന്നത് കണ്ടപ്പോള്‍ അവയെ പിടിക്കാന്‍ തുറന്ന ചോറ്റുപാത്രവുമായി ഞാന്‍ കുളത്തിലേക്കിറങ്ങി , ഓരോ പടികളിറങ്ങി അവസാനം അതിരു നീന്തലില്‍ കലാശിച്ചു. ഞങ്ങളുടെ അടുത്തേക്ക് വന്ന അപ്പുണ്ണിയുടെ കൂടെ അവന്‍‌റ്റെ അമ്മയുമുണ്ടായിരുന്നു. കുളത്തില്‍ കുളിച്ചുകൊണ്ടിരുന്ന എന്നെ കണ്ടപ്പോള്‍ അമ്മയുടെ മുഖം കറുത്തു:

" ഇ കുട്ടി എന്തായീകാണിക്കുന്നത്‌"

കുറച്ചപ്പുറത്ത് പശുവിനെ നോക്കിയിരുന്ന വാരസ്യാരിതുകേട്ട് അവരൊടെന്തോ സംസാരിച്ചു കുളത്തില്‍ നിന്നും ഞന്‍ കയറിയെങ്കിലും അമ്മയുടെ ദേഷ്യം മാറിയില്ല.

" അത്‌ സാരല്യ , കുട്ട്യല്ലെ"

വാരസ്യാരുടെ മയപ്പെടുത്തലിലൊന്നും അമ്മയെ സമാധാനിപ്പിക്കാനായില്ല അവര്‍ എന്തൊക്കേയോ ഉച്ചത്തില്‍ സംസാരിച്ച് അപ്പുണ്ണിയൊട്‌ വീണ്‍ടും ദേഷ്യപ്പെടുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ വീട്ടിലേക്കു പോകുമ്പോള്‍ ഞാനും‍ വല്ലാതെ അസ്വസ്ഥനായിരുന്നു. പിറ്റെ ദിവസം , ബാലന്‍ മാഷ് ക്ലാസെടുക്കാന്‍ എത്തുന്നതിനുമുമ്പെ പ്യുണ്‍ മണി ക്ലാസ്സില്‍ വന്നു, പരിഹാസത്തോടെ എന്നെ നോക്കി, ഓഫീസില്‍ വിളിക്കുന്നെന്ന് പറഞ്ഞു, കാര്യം ഏകദേശം പിടികിട്ടിയിരുന്നു. സ്റ്റാഫ്‌ റൂമില്‍ ഇന്ദിര ടീച്ചര്‍ , ബാലന്‍ മാഷ്‌ , രാധാകൃഷ്ണന്‍ മാഷ്‌ എല്ലാവരും കൂട്ടം കൂടിയിരുന്ന് എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്നു , മുറിക്കുള്ളിലേക്ക് കയറിയ എന്നെ എല്ലാവരും സ്വല്‍‌പ്പം അദിശയത്തോടേയും പരിഹാസത്തോടേയും നോക്കി:

" എവിടാര്‍ന്നെടാ ഇന്നലെ ഉച്ചക്ക്‌?" ബാലന്‍ മാസ്റ്റര്‍

"അപ്പുണ്ണീടെ വീട്ടില്‍... "

രാധാകൃഷണന്‍ മസ്റ്റര്‍ ,:

" നീ ഇന്നലെ അമ്പലക്കുളത്തില്‍ കുളിച്ചൊ?"

ഒന്നും മിണ്ടാതെ നിന്ന എന്നോട്‌ വാപ്പാനെ കോണ്ട് വന്നിട്ട് മതി ക്ലാസ്സെന്ന് പറഞ്ഞ് പുറത്ത്‌ ബെല്ലിനടുത്ത്‌ കൊണ്ട്പോയി നിര്‍ത്തി.സകൂളിന്റെ ഒരു കാവല്‍ക്കാരനെപ്പോലെ ഞാന്‍ ബെല്ലിനടിയില്‍ നിന്നു. വീട്ടില്‍ പറഞ്ഞാല്‍ ഭവിഷ്യത്തറിയുന്നതിനാല്‍ അറിയീക്കാതെ അടുത്ത ദിവസവും ഞാന്‍ ഇത് തുടര്‍ന്നു. ഓരോതവണയും ബെല്ലടിക്കാന്‍ മണി വരുമ്പോള്‍ പരിഹസിച്ച് ചിരിക്കും:" ന്താടാ , വാപ്പ വരില്ലേ?":

ഉപ്പ കോഴിക്കോടിനു പോയെന്ന്‌ പറഞ്ഞപ്പോള്‍ ഉമ്മാനെ കൊണ്ട് വന്നില്ലെങ്കില്‍ കാര്യം ഗൗരവമാകുമെന്നെന്നെ അറിയീച്ചു. പോകുന്ന അത്ര പോകട്ടെന്ന് കരുതി ഞാന്‍ വീണ്ടും പുറത്തുതന്നെ നിന്നത് ബാലന്‍ മാസ്റ്ററെ ചൊടിപ്പിച്ചു. വീട്ടിലേക്ക് വരാമെന്ന് സൂചിപ്പിച്ച് നില്‍ക്കുമ്പോള്‍ മാമയുടെ മകന്‍ സ്കൂളിലേക്കെന്നെ വിളിക്കാനായി വന്നു. സ്കൂളില്‍ എല്ലായിടത്തും അന്‍‌വേഷിച്ചവസാനം എന്നെകണ്ടെത്തിയ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍, ബാലന്‍ മാസ്റ്റര്‍ കാര്യമെല്ലാം മാമയുടെ മകനോട് പറഞ്ഞു. വേണ്ടത് ചെയ്യാമെന്നും പറഞ്ഞ് ഞങ്ങള്‍ ഗേറ്റിനടുത്തേക്ക് നീങ്ങുമ്പോള്‍ ഡിയിലെ സുരേഷ് വന്ന് ഞങ്ങളെ നോക്കി,

" ഇവനെയണൊ ങ്ങളു നോക്കീന്നത്‌...." അദിശയത്തോടെ തുടര്‍ന്നു,

" മന്തനലി , കാട്ടുപോത്ത്‌ , എന്നൊക്കെ മുമ്പെ ചോദിച്ചിരുന്നെങ്കില്‍ നേരത്തെ ത്തന്നെ കാണിക്കാമയിരുന്നു "

ഗേറ്റുകടന്ന് ഞങ്ങള്‍ പോകുമ്പോള്‍ ആദ്യമായി പിന്നില്‍ നിന്നും ഞാനാവിളികേട്ടു , " അമ്പലംചാടി"