റാഗിങ്ങ്
പോറ്റിസാറിന്റെ സര്‍ക്യൂട് തിയറി ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ , തലക്കിത്തിരി കനം കൂടിയിട്ടുണ്ടായിരുന്നു. പുക ഊതിയാല്‍ മാത്രമേ അത് കുറയൂ എന്നതിനാല്‍ ഞാന്‍ നേരെ കാന്‍റ്റീനിലിലേക്ക് നടന്നു.
പുതിയ ബാച്ച് വന്ന സമയമായതിനാല്‍ പുറത്ത് ചിലയിടത്തൊക്കെ “ റാഗിങ്ങ് ” നടക്കുന്നത് കാണാം.കോളേജില്‍ വെച്ച് നടക്കുന്നതൊക്കെ കുറച്ച് കളിയാക്കലിലും മറ്റും ഒതുങ്ങിയിരുന്നെങ്കിലും വൈകുന്നേരം ഹോസ്റ്റലുകളില്‍ അല്‍പ്പ സ്വല്‍പ്പം 'റേഞ്ച്' കൂടാറുണ്ടായിരുന്നു.
പൊതുവെ പുതിയതായി വരുന്ന ബാച്ചിന്റെ തൊട്ടു സീനിയറായവരായിരുന്നു റാഗിങ് വീരന്‍മാര്‍.ഞാന്‍ അന്ന് അവരുടേയും സീനിയര്‍ ആയിരുന്നതിനാലും ഇത്തരം വിഷയങ്ങളില്‍ വലിയ താത്പര്യമില്ലാത്തതിനാലും പൊതുവെ മാറിനില്‍ക്കാറാണ് പതിവ്.
കാന്റീനില്‍ തീരെ തിരക്കുണ്ടായിരുന്നില്ല.പതിറ്റാണ്ടുകളായി കാന്റീന്‍ നടത്തുന്ന ജോസേട്ടന്റെ സ്ഥിര സ്വാഗത ചിരിക്ക് ഒരു മറു ചിരിയും കൊടുത്ത് ചായയും പഴംപൊരിയും ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ഞാന്‍ ഒരു സിഗരറ്റിന് തീകൊടുത്തു.
കുറച്ച് കഴിഞ്ഞപ്പോള്‍ രണ്ട് പെണ്‍കുട്ടികള്‍ കാന്‍റ്റീന്‍ലേക്ക് പ്രവേശിച്ചു. കറുത്ത തട്ടം കൊണ്ട് ദേഹമാകെ ആകെ പുതച്ച് , വട്ടകണ്ണട ധരിച്ച ഒരു താത്തയും , ഒരു താത്തയല്ലാത്തവളും. താത്തക്ക് ഒരു കൂസലും മുഖത്തുണ്ടായിരുന്നില്ലെങ്കിലും , കൂട്ടുകാരിയുടെ കണ്ണുകള്‍ മാന്‍പേട കടുവകളെ തിരയുന്നതുപോലെ പരതുന്നുണ്ടായിരുന്നു പെരുമാറ്റത്തില്‍ നിന്നും പുതിയ ബാച്ചിലുള്ളവരെന്ന് മനസ്സിലായി.
താത്തയുടേ വട്ടക്കണ്ണടയുടെ ഫ്രൈമിന് മുകളിലൂടെയുള്ള നോട്ടം എനിക്കത്ര രസിച്ചില്ല , ഒന്ന് പിടിച്ചുകളയാം എന്നും കരുതി പെട്ടെന്ന് ചായ കുടിച്ച് പുറത്ത് കടന്ന ഞാന്‍ കാന്‍റ്റീന് വശത്തുള്ള പടിയില്‍ കാത്ത് നിന്നു.
' മക്കളൊന്നിവിടെ വന്നെ '
കാന്‍റ്റീനില്‍ നിന്നും പുറത്തേക്കിറങ്ങിയ ഉടന്‍ പടിയില്‍ ഇരുന്നിരുന്ന ഞാന്‍ അവരെ മാടി വിളിച്ചു. അനുസരണയോടെ അവര്‍ മുന്നില്‍ നിന്നു.
' മക്കളേത് ക്ളാസിലാ '
' ഫസ്റ്റ് സെമെസ്റ്റെര്‍ ഇലക്ട്രിക്കല്‍ '
താത്തയോട് അവിടെത്തന്നെ നിന്ന് മറ്റേകുട്ടിയോട് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും തമ്പിട്ട് നിന്ന അവളെ ഭയപ്പെടുത്തി ഓടിപ്പിച്ചു.
പൊതുവിഞ്ജാനത്തില്‍ തുടങ്ങി , ശാസ്ത്രത്തിലൂടെയും , കണക്കിലൂടെയും കടന്ന് പോയപ്പോള്‍ , ഒരു കൂസലുമില്ലാതെ മിക്ക ചോദ്യങ്ങള്‍ക്കും മറുപടി തന്ന താത്തയോട് സ്വല്‍പ്പം ബഹുമാനം തോന്നിയതിനാല്‍ കൂടുതല്‍ വടിയാക്കാതെ പറഞ്ഞുവിട്ടു.
അപ്പോഴേക്കും സുഹൃത്തിന്‍റ്റെ സ്കൂട്ടര്‍ ഹോണ്‍ മുഴക്കാന്‍ തുടങ്ങി, സ്കൂട്ടറില്‍ കയറി ഞാന്‍ പോകുമ്പോള്‍ വല്യമ്മായി വിണ്ടും വീണ്ടും എന്നെത്തന്നെ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.