Friday, June 19, 2009

മണ്ടന്‍!

മൂത്ത ഇക്ക ദുബായില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ ദിവസമോ പിറ്റേന്നോ വൈകീട്ട് ഞങ്ങളെല്ലാവരും ഒരു മുറിയില്‍ കൂടും.ടൈലര്‍ മാനുവനെ കാത്തിരിക്കുമ്പോള്‍ അക്ഷമരായ ഞാനും ഇത്തയും കിട്ടാന്‍ പോകുന്ന സാധനങ്ങള്‍ സ്വപ്നം കണ്ട് പല കരാറുകളും ഉറപ്പിക്കും

കട അടച്ച് വീട്ടിലെത്തുന്ന മാനുവിനൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം കത്രികയും എടുത്ത് മുറിക്ക് നടുവിലായി വെച്ചിരിക്കുന്ന ഫോറിന്‍ പെട്ടികള്‍ ഓരോന്നായി തുറന്ന് അതില്‍ നിന്നും പല തരത്തിലുള്ള തുണികള്‍ എടുത്ത് ഓരോരുത്തരുടെ പേരുപറഞ്ഞ് ,മാനു മുറിക്കാന്‍ തുടങ്ങും.

പെട്ടിയില്‍ നിന്നും പുറത്തെടുക്കുന്ന ചില സധനങ്ങള്‍ കാണുമ്പോള്‍ കുറച്ചപ്പുറത്തായി ചാരുകസേരയിലിരിക്കുന്ന ഉപ്പ അതെടുത്ത് ശ്രദ്ധയോടെ വീക്ഷിച്ച് ഇക്കയുടെ മുഖത്തേക്ക് നോക്കും

' ഇതിനെത്രവരും? '

ഒന്നാലോചിച്ച്, യഥാര്‍ത്ഥവിലയുടെ നാലിരട്ടിയെങ്കിലും പറഞ്ഞതിന് ശേഷം ഒളിക്കണ്ണിട്ട് ഇക്ക ഉപ്പയുടെ മുഖത്തേക്ക് നോക്കും

' അവിടത്തേയോ ഇവിടത്തേയോ? '

താന്‍ പറഞ്ഞതിന്റെ വിശ്വാസ്യതക്കനുസരിച്ച് ഇക്ക ദിര്‍ഹമായോ രൂപയായോ ഉറപ്പിക്കും

പങ്ക് വെപ്പെല്ലാം കഴിഞ്ഞതിന് ശേഷം ഉപ്പ ഒറ്റക്കിരിക്കുമ്പോള്‍ ഇക്ക പതിയെ ഉപ്പാന്റടുത്തേക്ക് നീങ്ങി നിന്ന് ചിരിക്കും; ' ഉപ്പാ ശരിക്കും അത്രക്കില്ലാട്ടാ , വില കൂടുതല്‍ പറഞ്ഞില്ലെങ്കില്‍ ആര്‍ക്കും വിലയുണ്ടാവില്ല'

******************************

ആരോ ആവശ്യപ്പെട്ടതനുസരിച്ചാണ് ഉപ്പ ഇക്കയോട് ഒരു ഹീറോ പെന്‍ കൊണ്ടുവരാന്‍ പറഞ്ഞത്. നല്ലതുതന്നെ കൊണ്ടുവരണം എന്ന് പ്രത്യേകം അറിയീച്ചിട്ടുമുണ്ടായിരുന്നു.പതിവ് പോലെയുള്ള പങ്ക് വെപ്പിനിടക്ക് ഉപ്പ പെന്നിന്റെ കാര്യം ഓര്‍മ്മിപ്പിച്ചു. പെട്ടിക്കുള്ളില്‍ നിന്നും ഒരു ചെറിയ ബൊക്സില്‍ സ്വര്‍ണ്ണ ടോപ്പുള്ള ഹീറോ പെന്‍ ഇക്ക ഉപ്പാടെ കയ്യില്‍ വെച്ചു കൊടുത്തു.പെന്ന് തിരിച്ചും മറിച്ചും നോക്കിയീട്ട് ഉപ്പ പതിവുപോലെ ഇക്കയുടെ മുഖത്തേക്ക് നോക്കി.

' ഇതിനെത്ര വരും? '

ഒട്ടും ആലോചിക്കാതെ ഇക്ക പറഞ്ഞു ,' നൂറ് '

' നൂറോ , അവിടത്തേയോ ഇവിടത്തേയോ? '

ഉപ്പയുടെ ചോദ്യത്തില്‍ ഒരു പ്രദീക്ഷയുടെ കുറവ് ശ്രദ്ധിച്ച ഇക്ക ഒട്ടും ചിന്തിച്ചില്ല ,

' ന്താ സംശയം അവിടെത്തേന്നെ! '

എന്തൊക്കെയോ കണക്കുകൂട്ടി ചിന്തിച്ചിരിന്ന ഉപ്പ; ഇക്ക മുറിവിട്ട് പോയപ്പോള്‍ ഉമ്മയുടെ നേരെ തിരിഞ്ഞു,

' ഓന്റെ വിചാരം എല്ലാരും മണ്ടന്‍ മാരാന്നാ , മണ്ടന്‍!

ഹീറോ പെന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉപ്പയുടെ ഈ വാക്കുകളാണോര്‍മ്മ വരിക മുല്ലപ്പൂവിന്റെ ഈ പോസ്റ്റ്
വായിച്ചപ്പോള്‍ എല്ലാം ഓര്‍മ്മ വന്നു , ഇന്ന് രണ്ടാളും ഇല്ല.

Saturday, June 13, 2009

ഫസല്‍

ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന കാലം.
മിക്കവാറും ദിവസങ്ങളില്‍ യു.എ.യില്‍ പലയിടത്തായുള്ള സൈറ്റുകളിലേക്ക് നേരിട്ട് പോയിരുന്നതിനാല്‍ , ആഴ്ചയിലൊരിക്കലെ ഓഫീസിലെത്താറുള്ളൂ.

അങ്ങനെയുള്ള ഒരു സന്ദര്‍ശനത്തിനിടയിലാണ് പുതുതായി ജോലിക്കെത്തിയ പാകിസ്ഥാനി പയ്യനെ പരിചയപ്പെടുന്നത്.

വേഷത്തിലും , ഭാവത്തിലും സംസാരത്തിലും , സാധാരണ , പച്ചകളില്‍‍ നിന്നും വളരെ വ്യത്യസ്ഥനായിരുന്നു ഫസല്‍.

ആരെയും അത്ര പെട്ടെന്ന് ഇഷ്ടമാകാത്ത ജി.എം ആയ സായിപ്പിനു പോലും അവനെ ഇഷ്ടമാകാന്‍ കാരണം , അവന്‍റെ ചുറുചുറുക്കും , ഇം‍ഗ്ലീഷ് പ്രാവീണ്യവും ആയിരുന്നു.


പിന്നീട്‌ ഞാന്‍ ഓഫീസില്‍ പോകുന്ന സമയങ്ങളിലൊക്കെ ഫസലിനെ അവിടെ കണ്ടു എന്നു മാത്രമല്ല , ആഫീസില്‍ നിന്നും എന്തെങ്കിലും സാധനം വര്‍ക്കിങ്ങ്‌ സൈറ്റിലെത്തിക്കാന്‍ വരുന്ന വണ്ടിയിലും ഫസല്‍ ഉണ്ടാകാറുണ്ടായിരുന്നു.


മിക്ക പണികളും പുറത്ത്‌ സബ്‌ കൊണ്ട്രാക്റ്റ്‌ കൊടുത്തിരുന്ന ഞങ്ങളുടെ കമ്പനിയില്‍ ജോലിക്കാര്‍ വളരെകുറവായിരുന്നു. ഇതാകട്ടെ എന്തിനും ഫസലിനെ ഏല്‍പ്പിക്കാമെന്ന ഒരു രീതിയിലായി കാര്യങ്ങള്‍ , പതുക്കെ ഫസല്‍ ഞങ്ങളിരൊരാളായി മാറുകയായിരുന്നു.

അങ്ങിനെയിരിക്കെ ഒരു ദിവസം ,
അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള , സിലയിലെ സൈറ്റില്‍ നിന്നും ഒരു മൈന്‍റനന്‍സ് കാള്‍ വന്നു.

സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാനും ജൂനിയര്‍ എഞ്ചിനീയറായ ശ്രീലങ്കനും ഒരുമിച്ച്‌ പോകാറാണ് പതിവ്‌.

എനിക്ക് ദുബായിലെ ചില അടിയന്തിര മീറ്റിങ്ങുകളില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ , പിറ്റേന്നു രാവിലെ എട്ടുമണിക്കു മുമ്പ് സൈറ്റില്‍ എത്തണമെന്ന് ജുനിയര്‍ എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം കൊടുത്ത് വീട്ടിലേക്കു വന്നു.

വീട്ടിലെത്തിയതും ശ്രീലങ്കന്‍ ഫോണില്‍ വിളിച്ച് , ഫസലിനെ ഒപ്പം കൂട്ടാന്‍ അനുവാദം ചോദിച്ചു. ഫസലിനവിടെ പ്പോയിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ലെങ്കിലും , അവനൊരു കൂട്ടാകുമല്ലോന്ന് കരുതി മനസ്സില്ലാ മനസ്സോടെ ഞാന്‍ സമ്മദം മൂളി.


പിറ്റേന്നു രാവിലെ അഞ്ചുമണിക്ക് ഫോണ്‍ ബെല്‍ കേട്ടാണ് ഞാന്‍ എണീറ്റത്. ദുബായ് അബുദാബി ഹൈവേയില്‍ അവരുടെ കാര്‍ ആക്സിഡന്‍റായവിവരമായിരുന്നു അത്. പോലീസിനെ വിവരമറിയീച്ചിട്ടുണ്ടെന്നും പറഞ്ഞ് ശ്രീലങ്കന്‍ ഫോണ്‍ വെച്ചു.

മാസത്തില്‍ അഞ്ചാറ് ആക്സിഡന്‍റുകളെങ്കിലും വരുത്തുന്ന അവനെ , മനസ്സില്‍ കുറെചീത്തയും വിളിച്ചു , ഞാന്‍ സംഭവസ്ഥലത്തേക്കു തിരിച്ചു.



റോഡിനു നടുവിലുള്ള സ്റ്റീല്‍ മതില്‍ ഇടിച്ചു മുറിച്ച് നെര്‍ പകുതി തകര്‍ന്ന നിലയില്‍ കിടക്കുന്ന കമ്പനി കാര്‍ ഞാന്‍ ദൂരെനിന്നുതന്നെ കണ്ടു.

വണ്ടി നിര്‍ത്തി , അവിടെയുണ്ടായിരുന്ന പോലീസുകാരൊട് വിവരംതിരക്കിയപ്പോള്‍ , അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്നു പറഞ്ഞു.

ആശുപത്രിയിയപ്പോളാണ് അറിഞ്ഞത് , ഫസല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യെ മരണപ്പെട്ടെന്നും , വണ്ടിഓടിച്ച ജൂനിയര്‍  പോലീസ് കസ്റ്റഡിയിലാണെന്നും.

ഇപ്പോള്‍ ദിവസവും , ജബല്‍ അലിയില്‍ നിന്നും അബു ദാബിയിലേക്ക്‌ വരുന്ന ഞാന്‍ ആ സ്ഥലമെത്തുമ്പോള്‍ അവനെ ഒര്‍ക്കും , വേദനയോടെ , ആറടി ഉയരമുള്ള , തൊപ്പിവെച്ച , പാന്‍റിട്ട , ഇംഗ്ളീഷ്‌ സംസാരിക്കുന്ന , പാകിസ്ഥാനിയായ , ഫസലിനെ.

Wednesday, June 03, 2009

എന്‍‌റ്റെ വണ്ടി

മൂക്കില്‍ വിരലിട്ട്‌ അസ്വസ്ഥത നീക്കുമ്പോഴാണു പിന്നില്‍ നിന്നും അലര്‍ച്ച:

' മാറെടാ വയ്യീന്ന്‌ '

ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോള്‍ സൈനുക്കയും , മുജീബും , ബാലനും സൈക്കിള്‍ ടയര്‍ ഉരുട്ടിക്കൊണ്ട്‌ വരിയായി വരുന്നു. ഞാന്‍ വഴിയില്‍ നിന്നും മാറുമ്പോഴെക്കും സൈനുക്കാടെ വണ്ടി എന്നെ ഇടിച്ചു മറിഞ്ഞു. ചെവിയില്‍ പിടിച്ചപ്പോഴുള്ള എന്‍‌റ്റെ പ്രതികരണം ഉമ്മ അടുക്കളയില്‍ കേള്‍ക്കത്തക്ക ഉച്ചത്തിലായി.

' ജ്ജ്‌ ഓത്തിനു പോവാത്തപ്ളേ ഞാന്‍ കരുതീതാ ആ ചെക്കനെ കരീപ്പിക്കൂന്ന്‌ '

അതുവരെ കാഴ്ചക്കാരനായിരുന്ന ബാലന്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവാതിരിക്കാന്‍ എന്‍‌റ്റെ കഴുത്തില്‍ കയ്യിട്ട് താഴെയുള്ള പറമ്പിലേക്ക് നയിച്ചു. പോകുന്നിടയില്‍ സൈനുക്കയോട് മടാളെടുക്കാന്‍ ഓര്‍മ്മിപ്പിച്ച് ഞങ്ങള്‍ നടന്നു.പറമ്പില്‍ വെച്ച് സൈനുക്കയും , ബാലനും , മുജീബും , എന്തൊക്കെയൊ വെട്ടിയും കെട്ടിയും ഒരു വണ്ടിയാക്കി എനിക്കുനേരെ നീട്ടി.

ചായകുടിക്കാനായുള്ള ഉമ്മയുടെ പലവട്ടമുള്ള അറിയീപ്പ് വണ്ടി പിടിച്ചുള്ള ഓട്ടത്തില്‍ ഞാന്‍ കേട്ടില്ല. അരിശത്തോടെ മുറ്റത്തേക്ക് വന്ന ഉമ്മ എന്നേയും വണ്ടിയേയും മാറി മാറി നോക്കിയതിനു ശേഷം വാണം വിട്ടപോലെ അകത്തേക്കോടി.പന്തികേട് തോന്നി അകത്തേക്ക് പോകുമ്പോള്‍ എതിരെ ചട്ടകവുമായോടിവരുന്ന ഉമ്മയെയാണ് കണ്ടത്.

' ന്‍‌റ്റെ റബ്ബേ അതും കേടാക്ക്യല്ലോ '

ഉമ്മ പറമ്പില്‍ പോകുമ്പോള്‍ ഇടാറുള്ള ഹവായ്‌ ചെരുപ്പ് വെട്ടി ടയറാക്കിയ എന്റെ ആദ്യത്തെ വണ്ടി ,പിന്നീടെപ്പൊഴൊ റംലുത്താനെ കവുങ്ങിന്‍റെ ഓലയില്‍ ഇരുത്തി സൈനുക്ക വലിച്ചപ്പോള്‍ അതിനടിയില്‍പ്പെട്ട്‌ ചപ്ളിയാവുകയായിരുന്നു.

Saturday, May 09, 2009

Thursday, January 08, 2009