Monday, June 25, 2007

വിരുന്നുകാര്‍

ബന്ധുക്കള്‍ വീട്ടില്‍ വരുന്നതിഷ്ടമാണെങ്കിലും ,അകന്ന ബന്ധുക്കളേയും , മാന്യന്‍മാരായ അടുത്തബന്ധുക്കളേയും അപേക്ഷിച്ച്‌ ,അലവലാതികളായ അടുത്തബന്ധുക്കളുടെ സന്ദര്‍ശനമായിരുന്നു എനിക്ക് കൂടുതലിഷ്ടം.


അകന്ന ബന്ധുക്കള്‍ കൊണ്ടു വരുന്ന പലഹാരങ്ങള്‍ക്ക്‌ ഗുണനിലവാരം കൂടുമെങ്കിലും , അവര്‍ കൊണ്ടുവന്നത് അവര്‍ക്ക് തന്നെ ചായക്കൊപ്പം കൊടുക്കാറില്ല.പൊതി അഴിക്കുകപോലും ചെയ്യാതെ നേരെ പത്തായത്തിലേക്കാണ് പോകുക പിന്നീട് അടുത്ത വിരുന്നുകാര്‍ വരുമ്പോള്‍‌ മാത്രമേ പുറത്തെടുക്കൂ.

ഇനി മാന്യന്‍മാരായ അടുത്തബന്ധുക്കളാണ് വരുന്നതെങ്കില്‍‌‍;
അവര്‍ കൊണ്ടുവന്ന പലഹാരം അവര്‍ക്കുള്ള ചായക്കൊപ്പം വെക്കുമെങ്കിലും , പേരിനു മാത്രമേ ഇത്തരക്കാര്‍ കഴിക്കൂ ഫലമോ ഒന്നോ രണ്ടൊ കഷ്ണമോ / എണ്ണമോ മാത്രം എനിക്ക് കിട്ടും.ബാക്കി പത്തായത്തിലേക്ക് പോകും.

എന്നാല്‍;
അലവലാതികളായ അടുത്ത ബന്ധുക്കള്‍ വന്നാല്‍ , മുന്നില്‍ കൊണ്ടുവെക്കുന്ന പലഹാരത്തിന്‍റെ മുക്കാല്‍ ഭാഗവും ഒരു കൂസലുമില്ലാതെ അവര്‍ അകത്താക്കും.ബാക്കിവരുന്ന കാല്‍ ഭാഗം ഒരിക്കലും ഉമ്മ പത്തായത്തിലേക്ക്‌ വെക്കാറില്ല , പകരം അത്‌ ഞങ്ങള്‍ക്ക്‌ തരും , ഇതുകൊണ്ടാണ്‌ ഇവരുടെ സന്ദര്‍ശനം എനിക്കേറ്റവും ഇഷ്ടവും.

ഇത്തയുടെ കല്യാണത്തിന്‌ കുറച്ച്‌ ദിവസങ്ങളെ ബാക്കിയുള്ളൂ.
രണ്ട്‌ ദിവസമായി നൗഷാദും അമ്മായിയുമൊക്കെ വീട്ടില്‍ ഉള്ളതിനാല്‍ ഞാനും നല്ല സന്തോഷത്തിലായിരുന്നു. വരാന്‍ പോകുന്ന അളിയന്‍‌റ്റെ അനിയന്‍ കാണാന്‍ വരുന്നതിനാല്‍ ഉമ്മയും , അമ്മായിയുമൊക്കെ അടുക്കളയില്‍ പലഹാരങ്ങളുണ്ടാക്കുന്ന തിരക്കിലും.പത്തുമണിയോടെ മൂന്നാമന്‍ അവറാനിക്കയോടൊപ്പം അവര്‍ വന്നു.

വിരുന്നുകാര്‍ വന്ന് കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഉമ്മ പലഹാരങ്ങള്‍ മേശമേല്‍ നിരത്തി.പലഹാരങ്ങളുടെ കൂട്ടത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പുഴുങ്ങിയ കോഴിമുട്ട കണ്ട്‌ ഞാന്‍ കോരിത്തരിച്ചു.
മേശപ്പുറത്തിരിക്കുന്ന പലഹാരപ്പാത്രങ്ങളുടെ ഇടയില്‍ വെളുത്തപാത്രത്തിലിരിക്കുന്നപുഴുങ്ങിയ ആറ് മുട്ടകള്‍ കണ്ട് , ഞാനും നൗഷാദും ആദ്യം തന്നെ കരാര്‍ ഉറപ്പിച്ചു ,

രണ്ടെണ്ണം വന്നവരെടുക്കും , ബാക്കി നാല്‌ ; മൂന്നെണ്ണം എനിക്കും , ഒന്ന് നൗഷാദിനും.
ഇത്തിരി കടുത്ത കരാറല്ലെടാ ഇതെന്ന്‌ അവന്‍‌റ്റെ മുഖത്തുനിന്നും മനസ്സിലാക്കിയ ഞാന്‍ , മറ്റ്‌ വിഭവങ്ങളില്‍ കുറവ്‌ ‌ നിരത്താമെന്ന്‌ കൈ ആങ്ങ്യത്തില്‍ ധരിപ്പിച്ച് തൃപ്തനാക്കി.

ഓരോ നിമിഷങ്ങള്‍ കടന്ന്‌ പോകുമ്പോഴും , ഒന്നും കഴിക്കാതെ ചായ മാത്രം കുടിച്ചുകൊണ്ടിരുന്ന അളിയന്‍‌റ്റെ അനിയനോടും , അവറാന്‍ കാക്കയോടും എനിക്കും നൗഷാദിനും വളരെ ബഹുമാനം തോന്നി.
മേശപ്പുറത്തിരിക്കുന്ന മുട്ടപാത്രത്തിന്‌ ഒരനക്കവും തട്ടാതിരുന്നപ്പോള്‍ , വാതിലിന്‌ മറവില്‍ , ഒരറ്റത്ത്‌ നിന്നിരുന്ന നൌഷാദിനോട്‌ മറുവശത്ത്‌നിന്നും കണ്ണുകോണ്ട്‌ ഞാന്‍ കരാര്‍ പുതുക്കി:

“ അനക്കൊന്നും ഒന്നും , എനിക്കഞ്ചും”

സുഖവിവരങ്ങളന്വേഷിക്കാന്‍ , അടുക്കളയില്‍ നിന്നും വന്ന ഉമ്മ, പലഹാരപ്പാത്രങ്ങള്‍ വെച്ചിരുന്ന അതേ അവസ്ഥയിലിരിക്കുന്നത് കണ്ടു.

“ എന്തായിത് , ഇതുശരിയാവില്ല , അതൊക്കെ കഴിക്കാനാ വെച്ചിരിക്കുന്നത്‌ , കഴിക്ക്..കഴിക്ക്..”.

നിര്‍ബന്ധത്തിന്‌ വഴങ്ങി , അവരുടെ കൈകള്‍ മുട്ടപാത്രത്തില്‍ കയറിയിറങ്ങി.ഈ പ്രവൃത്തി തുടര്‍ന്നത് ഞാന്‍ സങ്കടത്തോടെ നോക്കിനില്‍ക്കുമ്പോഴും നൌഷാദിന്‍റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായില്ല.പാത്രത്തിലെ അവസാനത്തെ ഒരു കോഴിമുട്ട കണ്ട് , നൗഷാദുമായുള്ള കരാര്‍ ഞാന്‍ വീണ്ടും പുതുക്കി:

“ ടാ , അതെനിക്കാ ട്ടാ ”

ചായകുടി കഴിഞ്ഞവര്‍ക്ക് വെള്ളം കൊടുക്കാന്‍ വേണ്ടി ഉമ്മ എന്നെ അകത്തേക്ക്‌ വിളിച്ചു.
രണ്ടുകയ്യിലും വെള്ളപ്പാത്രവുമായി അടുക്കളയില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ നൗഷാദെന്നെ ദയനീയമായി നോക്കി

“ അതും പോയെടാ ”.

മേശപ്പുറത്ത്‌ വെള്ളം വെക്കുമ്പോള്‍ , മുട്ടപാത്രത്തിലിരുന്ന അവസാനത്തെ മുട്ട അവറാനിക്കയുടെ വലതുകയ്യില്‍ കിടന്നുരുളുന്നത്‌ ദു:ഖത്തോടെ ‍ ഞാന്‍ നോക്കിനിന്നു.ഓരോ പാത്രം മേശമേല്‍നിന്നുമെടുക്കുമ്പോഴും ഒരു തരിപോലും ബാക്കിവെക്കാതെ മുഴുവന്‍ അകത്താക്കിയ അവറാനിക്കയെ ഞാന്‍ പ്രാകിക്കൊണ്ടിരുന്നു.

' പണ്ടാറക്കാലന്‍ വയറിളകി ചാവട്ടെ! '

അവസാനത്തെ പാത്രവും അടുക്കളയില്‍ കൊണ്ടുവെച്ച ഞാന്‍ , പുറം തിരിഞ്ഞുനിന്ന്‌ പപ്പടം ചുട്ടിരുന്ന ഉമ്മാടേയും ചുമരിന്‍‌റ്റേയും ഇടയിലൂടെ കയ്യെത്തിച്ച്‌ ഒരു പപ്പടം എടുത്തു.

" ഠേ!!" ,

തിളച്ച എണ്ണയില്‍ മുക്കിയ , പപ്പടകോല്‍ കുപ്പായമിടാത്ത എന്‍‌റ്റെ പുറത്ത്‌ വീണു:

" തിന്നാനുള്ളത്‌ മേശമേല്‍ തരും ഇനി ഇങ്ങനെ ചെയ്യരുത്‌ ”.

വേദനകൊണ്ട് പുളഞ്ഞ് പുറത്തുള്ള പത്തായപുരയുടെ പടിയിലിരിക്കുന്ന സമയത്താണ് , രണ്ട് ദിവസമായി അടിയായിരുന്ന ഇത്തയുടെ വരവ് :

" നന്നായി , അനക്കത് വേണം "

അടുക്കളയില്‍ അമ്മായിയുമായി സഹതപിക്കുന്ന ഉമ്മയുടെ ശബ്ദം ജനലിലൂടെ കേട്ട ഞാന്‍ കൂടുതല്‍ സഹതാപത്തിനായി അടുത്തേക്ക് ചെന്നു.

" ങ്ങട്ട്‌ വാടാ അനക്ക് വെച്ചിടുണ്ട് , ഇനിയെങ്ങാനും അങ്ങിനെ ചെയ്താല്‍‍ മറ്റെ പുറവും പൊളിക്കും ".

പ്രതിഷേധാര്‍ഥം ഒന്നും കഴിക്കാതെ കിടന്ന് മയക്കത്തിലായ ഞാന്‍ ചെറിയ ആളനക്കം കേട്ടുണര്‍ന്നു. ഉമ്മ എന്‍‌റ്റെ പൊള്ളിയ മുറിയില്‍ വെളിച്ചെണ്ണ പുരട്ടുന്നത് പാതിമയക്കത്തില്‍ ഞാന്‍ അറിഞ്ഞു.
കുനിഞ്ഞിരുന്ന് പുരട്ടുന്ന ഉമ്മയുടെ കണ്ണീര്‍ പുറത്തെ മുറിയുടെ മുകളില്‍ വീണ്‌ നീറിയപ്പോഴും ഞാന്‍ അനങ്ങാതെ തന്നെ കിടന്നു , ഞാനുണര്‍ന്നതറിഞ്ഞാല്‍ ഉമ്മ എണീറ്റ് പോകുമെന്നെനിക്കറിയാമായിരുന്നു.

41 comments:

Kiranz..!! said...

കൊള്ളാം മാഷെ..കലക്കി..നനവൂറിക്കുന്ന ഓര്‍മ്മകളും അനിയന്‍ അല്ലെങ്കിലും അനിയത്തിയോട് ഇതേ കാര്യങ്ങളില്‍ ഒക്കെ തല്ല് പിടിച്ചതും ഒക്കെ 30 സെക്കന്റ്സ് നീളുന്ന ഒരു പരസ്യ ചിത്രം പോലെ ഓടി മറഞ്ഞുവെങ്കിലും..ഹൊ ഇന്നിനി ഇതുമതി ഓര്‍മ്മകളുടെ തറവാട്ടുകുളത്തിലേക്കൊന്ന് ഊളിയിടാന്‍..!

Rasheed Chalil said...

രണ്ടുകയ്യിലും ഗ്ലാസില്‍ വെള്ളവുമായി വന്ന എന്റെ എതിരെ വന്ന്‌ നൗഷാദ്‌ പറഞ്ഞു:“ അതും പോയെടാ... തറവാടിമാഷേ ശരിക്കും ആസ്വദിച്ചു ചിരിച്ചു... വിരുന്നുകാര്‍ ഒഴിയും വരേ തൂണും ചാരിനിന്നിരുന്ന ബല്യം ഓര്‍ത്ത് പോയി...

ലിഡിയ said...

വളരെ നന്നായിരിക്കുന്നു തറവാടി..ചെറുപ്പത്തിന്റെ കുറുമ്പും അമ്മയുടെ സ്നേഹവും ഒക്കെ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

-പാര്‍വതി

കുറുമാന്‍ said...

പഴയ ഓര്‍മ്മകള്‍ ഇഷ്ടമായി......അപ്പോ തീറ്റയില്‍ കമ്പം ജന്മനാലായി കിട്ടിയതാണല്ലെ?

എനിക്കും കിട്ടിയിട്ടുണ്ട് അച്ഛന്റെ കയ്യില്‍ നിന്നു ചെകിടത്ത്. സ്വന്തം വീട്ടിലുണ്ടായ പഴകുലയില്‍ നിന്നും പഴം കട്ടുതിന്നതിന്ന്.

ഇപ്പോ പക്ഷെ പണ്ടത്തെപോലെ വിശപ്പില്ല. ആറേഴിഡ്ഡലി തിന്നു കഴിയുമ്പോഴേക്കും വയറ് നിറഞ്ഞത് പോലെ തോന്നും...ഇനി എന്നാണോ പഴയ കപ്പാക്കിറ്റി കിട്ടുക?

ദിവാസ്വപ്നം said...

അത്‌ ഇഷ്ടപ്പെട്ടു

ഞാനും അനിയനും കൂടി ഇതുപോലൊത്തിരി പലഹാരമോഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌.

:)

വേണു venu said...

ഓര്‍മ്മകളുടെ തറവാട്ടുകുളത്തിലേക്കാണോ ഞാന്‍ ഊളി ഇട്ടതു് എന്നറിയാന്‍ എനിക്കു വിഷമമുണ്ടായില്ല.
ഇത്ര തന്‍‍മയത്വമായി ഓര്‍മ്മകളെ ഓര്‍ത്തു വയ്ക്കുക.
ആ ഓര്‍മ്മകളെ വായനക്കാരനിലേയ്ക്കു് പകരുക.
തറവാടീ ആസ്വദിച്ചിരിക്കുന്നു.

മുസ്തഫ|musthapha said...

തറവാടി... ഓര്‍മ്മകള്‍ വളരെ നന്നായി പങ്ക് വെച്ചിരിക്കുന്നു...

അവസാനത്തെ ആ രണ്ട് വരികള്‍... മനോഹരം!

പോക്കിരിത്തരം കാട്ടുമ്പോള്‍ ചെറുതായിട്ടൊന്ന് നോവിച്ചാല്‍ പോലും വലുതായിട്ട് നോവുന്ന മാതൃഹൃദയം... നന്നായി തറവാടി.

‘ചിന്നത്തമ്പി’യിലെ ഒരു പാട്ടിലെ വരികള്‍ ഓര്‍മ്മ വരുന്നു...
‘തായടിച്ച് വലിച്ചതില്ലൈ, ഇരുന്തും നാനളുവേന്‍...
നാനളുകാ താങ്കിടുമാ ഉടനേ തായളുവേന്‍...’ [വരികള്‍ ശരിയാവാന്‍ ഒട്ടും സാധ്യതയില്ല]

Siju | സിജു said...

കണ്ണില്‍ നനവൂറിക്കുന്ന പഴയ പല ഓര്‍മകളിലേക്കും മനസ്സിനെ കൊണ്ടുപോകാന്‍ ഇതിനായി.
അഭിനന്ദനങള്‍

സുല്‍ |Sul said...

തറവാടി കുറച്ചു കാലമായി ദുബൈയില്‍ അല്ലെന്നു തോന്നുന്നു. സ്വന്തം തറവാട്ടിലാണൊ. കുട്ടിക്കാലവും സ്വപ്നം കണ്ട് കഴിച്ചു ജീവിക്കുക. ഇതിനും വേണം ഒരു ഭാഗ്യം.
തറവാടീ ഇതു നനായി കേട്ടോ!

സൂര്യോദയം said...

രസിച്ചുവായിച്ചു.

ചില അക്ഷരപ്പിശാചുക്കളുണ്ട്‌...തിരക്ക്‌ പിടിച്ച്‌ എഴുതിയതിനാലാവാം... ചൂണ്ടിക്കാട്ടുന്നതില്‍ നീരസപ്പെടില്ലെന്ന വിശ്വാസത്തോടെ...(സഹദാപ തരങ്കം, ....)

വാളൂരാന്‍ said...

"എനിക്കു മൂന്നും, ഒന്നു നൗഷാദിനും" എന്നുള്ളത്‌ വളരെ പെട്ടെന്ന്‌ അപ്ഡേറ്റ്‌ ചെയ്ത്‌ അഞ്ചെണ്ണം എനിക്കും ഒരെണ്ണം നൗഷാദിനും എന്നാക്കിയത്‌ ഗംഭീരം. പക്ഷെ എന്നാലും ഒരു പപ്പടമെടുത്തതിന്‌ ഇത്ര വല്യ ശിക്ഷ വേണോ എന്നു തോന്നിപ്പോയി. ബാല്യങ്ങളുടെ ജീവനുള്ള ചിത്രങ്ങള്‍. മനോഹരം തറവാടീ.....
ഓടോ. കുറൂ, കപ്പാകിറ്റി തിരിച്ചുപിടിക്കാന്‍ ഏതെങ്കിലും പീഡിയാറ്റ്രീഷ്യനെ കാണൂ, എന്നാലും ആറേഴിഡ്ഡലി തിന്നുമ്പോഴേക്കും വയറു നിറയുകാന്നൊക്കെ പറയുമ്പോ എന്തോ കാര്യമായ പ്രശ്നമുണ്ട്‌...!

ഉത്സവം : Ulsavam said...

നന്നായിരിക്കുന്നു.
ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പ്‌.

thoufi | തൗഫി said...

എന്തു പറയണമെന്നറിയില്ല,തറവാടീ
എങ്ങനെ കഴിയുന്നു,ഇതെല്ലാം ഓര്‍ത്തെടുക്കാനും അതിന്റെ തനിമ ഒട്ടും ചോര്‍ന്നുപോകാതെ തന്മയത്വത്തോടെ ഇങ്ങനെ കുറിച്ചിടാനും..?
നന്നായിരിക്കുന്നു.ബാല്യത്തിന്റെ നനവൂറുന്ന ഓര്‍മ്മകള്‍ മനസ്സിലെന്നും മായാതെ കിടക്കട്ടെ

പുഞ്ചിരി said...

പ്രിയ തറവാടീ, തലക്കെട്ടും കഥയുടെ സിംഹഭാഗവും വിരുന്നുകാരെ പ്രതിപാദിച്ചെങ്കിലും പ്രമേയം ഉദാത്തമായ മാതൃസ്നേഹം തന്നെ. ഇപ്രകാരം കഥയില്‍ ഒരു ട്വിസ്റ്റ് വളരെ സ്വാഭാവികമായി തന്നെ നിര്‍വ്വഹിച്ച തറവാടീ, താങ്കളുടെ കഴിവിനെ, താങ്കളിലെ കലാകാരനെ, എത്ര പ്രശംസിച്ചാലും മതിയാവില്ല. എന്റെയും ചെറുപ്പത്തില്‍ ഇതുപോലെയുള്ള ഒരുപാടനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാതൃസ്നേഹം എത്ര അനുഭവിച്ചാലും മതിയാവില്ല. ഈ അറബ് നാട്ടില്‍ നിന്നും കടലിനക്കരെ നാട്ടില്‍ ഒരു പാടു പ്രതീക്ഷകളുമായി കാത്തിരിക്കുന്ന എന്റെ പ്രിയ മാതാവിന്റെ അടുക്കലെത്താന്‍ എനിക്ക് കൊതിയാവുന്നു... ആ കരവലയത്തില്‍ ഒരു പിഞ്ചുകുഞ്ഞായി മാറാന്‍ മനം തുടിക്കുന്നു. തറവാടീ... വീണ്ടും എഴുതുക... ആശംസകള്‍.

ദേവന്‍ said...

പലഹാരം.. എന്റെയും വീക്ക്നസ്സ്‌ ആയിരുന്നു. കട്ടു തിന്നല്‍ എന്റെയും ഹോബി ആയിരുന്നു. ഷാപ്പീന്നിറങ്ങുന്ന വരദനാശാനെപ്പോലെ എരുത്തിലില്‍ നിന്നും കോഴി ആലസ്യത്തോടെ ആടിയാടി ഇറങ്ങിപ്പോകുന്നതു കണ്ടാലുടന്‍ ഓടിപ്പോയി ചൂടന്‍ മുട്ടയെടുത്ത്‌ നെല്ലു പുഴുങ്ങി ഇറക്കി വച്ച ചെമ്പില്‍ പൂഴ്ത്തി പുഴുങ്ങി പറങ്കിമാവില്‍ ഒളിച്ചിരുന്നു തിന്നിരുന്നു. കുട്ടിക്കാലം ഒന്നുകൂടി കിട്ടിയിട്ടും ഒരു കാര്യവുമില്ല തറവാടീ. ഇപ്പോഴത്തെ കുട്ടികള്‍ക്ക്‌ ഇതിനൊന്നും സാഹചര്യവുമില്ല, നേരവുമില്ല.

പോസ്റ്റ്‌ നന്നായി.

അത്തിക്കുര്‍ശി said...

തറവാടി,

ബാല്യകാലത്തെ കൊച്ചു സംഭവങ്ങള്‍.. ആ പലഹാരങ്ങളുടെ, പുഴുങ്ങിയ മുട്ടകളുടെ, പപ്പ്പ്പടത്തിന്റെയെല്ലാം സ്വാദിന്നെവിടെ ?

വായിക്കുമ്പോള്‍ തമാശ അനുഭവപ്പെട്ടൂവെങ്കിലും, എല്ലാ പ്രതീക്ഷകളും തകര്‍ത്ത്‌ മൂന്നാമന്‍ അവസാനമുട്ടയും തീര്‍ത്തപ്പ്പ്പോള്‍ അവന്റെ ദൈന്യതയില്‍ ഒരു നിമിഷം ഞാനും അവനായോ?

അവസാനം മാതൃസ്നേഹതിന്റെ നനുത്ത സ്പര്‍ശനത്തില്‍ കഥ കുളിരാവുന്നു..പരുഷമായി പെരുമാറി, സ്നേഹത്തിന്റെ ഒരുതുള്ളി കണ്ണൂനീര്‍ സന്ത്വനത്തിന്റെ പെരുമഴയാവുന്നു

നന്നായി ഇഷ്ടപ്പെട്ടു..

Areekkodan | അരീക്കോടന്‍ said...

തറവട്ടത്ത്‌ നിന്ന് തറവാടിക്ക്‌.....
ഞാനും അനിയനും വിരുന്നുകാര്‍ ബാക്കിവച്ച, ഗ്ലാസിന്നടിയിലെ ഇത്തിരി ബൂസ്റ്റ്‌ വലിച്ച്‌ കുടിച്ച സന്ദര്‍ഭം ഓര്‍ത്തുപോയി...ഇഷ്ടായിട്ടോ

Mubarak Merchant said...

ഇതുപോലുള്ള ബാല്യകാല സ്മരണകളൊരുപക്ഷേ എല്ലാവര്‍ക്കുമുണ്ടാവും. അതോര്‍ക്കുമ്പോള്‍ എഴുതുന്നയാള്‍ക്കു തോന്നുന്ന വികാരം വായിക്കുന്നവനിലുമുളവാക്കുക എന്നതിലാണ് എഴുത്തുകാരന്റെ വിജയം. അതില്‍ യൂ ആര്‍ 100% സക്സസ്! അഭിനന്ദനങ്ങള്‍.

Unknown said...

തറവാടി മാഷേ,
വായിച്ചെങ്കിലും ഇപ്പോഴാണ് കമന്റിടാന്‍ ഒത്തത്. പണ്ട് അഛന്റെ കൈയ്യില്‍ നിന്ന് അടി വാങ്ങിയിരുന്നതും രാത്രി ഉറങ്ങുമ്പോള്‍ അഛന്‍ അടുത്ത് വന്ന് ഇരുന്ന് തടവാറുള്ളതും ഓര്‍മ്മ വന്നു.

മനോഹരമായ പോസ്റ്റ്!

സു | Su said...

വിശാലനെ പറ്റിച്ചതും ഈ മുട്ടകള്‍ ആണല്ലേ. എന്നാലും വിരുന്നുകാരുടെ ഒരു കാര്യം. ഇതൊക്കെ വായിച്ച് അവിടെ വന്നാല്‍ ഒന്നും തിന്നാതെ ഞാന്‍ ഇരിക്കും എന്നൊന്നും കരുതരുത്. പ്ലേറ്റും കൂടെ തിന്നാന്‍ പറ്റിയാല്‍ തിന്നും ;). കുട്ടിക്കാലത്തെപ്പോലെ ഇപ്പോഴും വിചാരിച്ചാലും എനിക്കൊന്നുമില്ല.

ഓര്‍മ്മകള്‍ നന്നായി. ഇതൊക്കെയാണല്ലോ മുന്നോട്ട് പോകുമ്പോള്‍ ഉള്ള വിളക്കുകള്‍.

asdfasdf asfdasdf said...

മേശപ്പുറത്തിരിക്കുന്ന മുട്ടപാത്രത്തിന്‌ ഒരനക്കവും തട്ടാതിരുന്നപ്പോള്‍ , വാതിലിന്‌ മറവില്‍ , ഒരറ്റത്ത്‌ നിന്നിരുന്ന നൌഷാദിനോട്‌ മറുവശത്ത്‌നിന്നും കണ്ണുകോണ്ട്‌ ഞാന്‍ പറഞ്ഞു
:“ നിനക്ക്‌ ഒന്നും , എനിക്ക്‌ അഞ്ചും”
നന്നായിരിക്കുന്നു. ഇതൊക്കെ എങ്ങനെ ഓര്‍ത്തെടുക്കുന്നു തറവാടി ?

വല്യമ്മായി said...

ഇപ്പോഴും ഈ സ്വഭാവത്തിന് മാറ്റമൊന്നുമില്ലല്ലോ

mydailypassiveincome said...

ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ വല്യമ്മായീ ;)

തറവാടി, വളരെ നന്നായി എഴുതിയീരിക്കുന്നു. ഇതുപോലെയുള്ള പല കാര്യങ്ങളും ഓര്‍മ്മിപ്പിക്കാന്‍ ഈ പോസ്റ്റിനായി...

മുസാഫിര്‍ said...

കണ്ണീ‍രിലൂടെ പുഞ്ചിരിപ്പിക്കുന്ന ഓര്‍മകള്‍,നന്നായി എഴുതിയിട്ടുണ്ടു മാഷെ .

മനോജ് കുമാർ വട്ടക്കാട്ട് said...

എവിടെയൊ വായിച്ചതോര്‍ക്കുന്നു-
"മുത്തഛാ, എനിക്കെന്റെ ഇന്നലെകളെ തിരിച്ച്‌ തരിക"

ashraf thaikandy said...

ithellam manushyanmar vayikkan thuninchirunnenkil naadenne nannayippokumayirunnu, vayikkunnavaroo avarude vivaram mattarkum illa thanum, alpan alpan thanne
ashraf thaikandy

Johnny said...

കൊള്ളം. 100റില്‍ 100. ഞാ‍ന്‍ പണ്‍ കൂട്ടുകാരിയുടെ പാത്രത്തില്‍ നിന്ന് പൂരി മൊഷ്ട്ടിചത് ഓര്‍മ്ം വനു

പോക്കിരി said...

:-)
കൊള്ളാം, ആസ്വദിച്ചു വായിച്ചു..

സാരംഗി said...

പലഹാരക്കൊതി വളരെ നന്നായി എഴുതി.. :)
അവസാനത്തെ വരികളില്‍ ഉമ്മയുടെ സ്നേഹം ശരിയ്ക്കും അറിയുന്നു.

അലിഫ് /alif said...

കുറേ അധികം ഓര്‍മ്മകള്‍ ഉണര്‍ത്തിയ ഒരു പോസ്റ്റ്..
ആശംസകള്‍
-അലിഫ്

അബ്ദുല്‍ അലി said...

അലിക്കാ,
നന്നായി, തുടക്കം ചിരിച്ച്‌കൊണ്ടാണെങ്കിലും ഒടുക്കം കണ്ണില്‍ നനവ്‌ പടരുന്നു.

ഓ.ടോ.
വല്യാമ്മായിക്ക്‌ ഇടക്കുപയോഗിക്കാനുള്ള പപ്പടകോല്‍, ചൈനയില്‍ നിന്നും അരെങ്കിലും വരുന്നുണ്ടെങ്കില്‍ ഞാന്‍ കൊടുത്തയക്കാം.

Kaithamullu said...

വിശാലന്റെ മുട്ടകള്‍ക്ക് ശേഷം ഇത്ര ആസ്വദിച്ച് കഴിച്ച് മുട്ടകള്‍ വേറെയില്ല, തറവാടീ!
- അല്ലാ, ഈ ചൂട് കാലെത്തെന്താ ഒരു മുട്ടക്കളി?

Typist | എഴുത്തുകാരി said...

“ഉമ്മാടെ കണ്ണീര്‍ പുറത്തുവീണപ്പോഴും അനങ്ങാതെ കിടന്നു. .... ഉമ്മ എണീറ്റു പോകുമെന്നറിയാമായിരുന്നു.”

അതു് ശരിക്കും touching ആയിരുന്നു.

അതാണ് തറവാടീ, അമ്മ (അല്ലെങ്കില്‍, ഉമ്മ).

എഴുത്തുകാരി.

ചീര I Cheera said...

ഓര്‍മ്മകള്‍ വായിച്ചാസ്വദിച്ചു.

അഞ്ചല്‍ക്കാരന്‍ said...

ഈ അഴ്ചയിലെ വായിക്കാന്‍ ഏറ്റവും സുഖമുള്ള പോസ്റ്റ്. മതൃത്വത്തിന്റെ മഹനീയതയും സാഹോദര്യത്തിന്റെ മധുരിമയും നന്നായി വരച്ചുകാട്ടിയിരിക്കുന്നു.

അഭിനന്ദനങ്ങള്‍!

ആ‍പ്പിള്‍ said...

സുഖവും ദു:ഖവും നിറഞ്ഞ ഒത്തിരി ഓര്‍മ്മകള്‍ മനസിലെത്തിച്ചു ഈ പോസ്റ്റ് . വളരെ നന്നായി.

പ്രിയംവദ-priyamvada said...

ആ ദൂരെ വഴിയില്‍ കൂടി വരുന്നവര്‍ എന്റെ വീട്ടിലെക്കുള്ള വിരുന്നുകാര്‍ ആയിരിക്കണമെ എന്നു പടിക്കല്‍ നിന്നു പ്രാര്‍ഥിച്ചിരുന്നതോര്‍ത്തു .:-)
ഇപ്പൊ "സ്നാക്സ്‌" വീട്ടുഷോപ്പിങ്ങിലെ ഒഴിച്ചുകൂട്ടാനാവാത്ത item അല്ലെ

അഭിലാഷങ്ങള്‍ said...

തറവാടി, നല്ല രസമുണ്ട് വായിക്കാന്‍...

കുട്ടിക്കാലത്തെ കുറുമ്പും, തമാശയും, മാതാവിന്റെ സ്നേഹവും, ഓര്‍മ്മകളാവുന്ന പളുങ്ക്പാത്രത്തില്‍‌ താങ്കള്‍ വായനക്കാര്‍ക്കായി വിളമ്പിയ പലഹാരമായാണ് എനിക്ക് അനുഭവപ്പെടുന്നത്..

വരികള്‍ ലളിതം, ഹാസ്യാത്മകം, ഹൃദ്യം....! ശരിക്കും ആസ്വദിച്ചു.. !!

-- അഭിലാഷ്

അഭിലാഷങ്ങള്‍ said...

ഹും.. എന്നാല്‍ ഇയാളുടെ എല്ലാ പോസ്റ്റും ഇപ്പോ തന്നെ വായിച്ചിട്ട് തന്നെ കാര്യം...

- അഭിലാഷ്

പിരിക്കുട്ടി said...

എന്‍റെ കണ്ണുകള്‍ നിറഞ്ഞു ....തറവാടി ........

കുറ്റ്യാടിക്കാരന്‍|Suhair said...

ഇന്ന് അവധിയാണ്.
വെറുതെ ഇരിക്കുമ്പോള്‍ വീണ്ടും വീണ്ടും ബാല്യകാലം മനസിലേക്ക് ഓടിയെത്തും.
തറവാടിയുടെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ബാല്യകാലം മനസിലേക്ക് ജെറ്റ്‌വിമാനത്തിലാണ് വന്നത്.

ഇപ്പൊ തന്നെ വീട്ടിലേക്ക് വിളിച്ചേക്കാം, അല്ലാതെ രക്ഷയില്ലാ....