Wednesday, April 21, 2010

കുറ്റവാളികള്‍

ഗേറ്റിന് മുന്നില്‍ നിന്ന് വാര്യര്‍ വീട്ടിലേക്ക് സൂക്ഷിച്ചുനോക്കുന്നത് കണ്ടപ്പോള്‍ ഉമ്മയുമായി നാട്ട് വിശേഷങ്ങള്‍ പറഞ്ഞിരുന്ന ഞാനയാളെ വീട്ടിലേക്ക് ക്ഷണിച്ചു.ചെളിപുരണ്ട കീറിയ മുണ്ടും അതിനേക്കാള്‍ അഴുക്കു പുരണ്ട കീറിയ ഷര്‍‌ട്ടുമാണ്‌ വേഷം‌.താടി അധികമില്ലെങ്കിലും നീണ്ട മുടിയില്‍ ജഢ കുത്തിയിരിക്കുന്നു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കണ്ടതിനേക്കാളും ക്ഷീണവും പ്രായവും തോന്നിക്കുന്നുണ്ട്‌. പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന കാര്‍ ശ്രദ്ധയോടെ വീക്ഷിച്ചതിന് ശേഷം ഉമ്മയെ നോക്കി.

' പുതിയകാറാണല്ലോ വാങ്ങിയതാണോ ? ' മറുപടിക്ക് കാതോര്‍ക്കാതെത്തന്നെ വാര്യരുടെ പതിവ് ചോദ്യം‌ ,
' ഒരു പത്തു രൂപ വേണം '

അകത്തുപോയ ഞാന്‍ തിരിച്ചുവരുന്നത് വരെ കാറില്‍ തന്നെ ശ്രദ്ധിച്ചുകൊണ്ട് നിന്ന വാര്യരെ ഉമ്മ ഉണര്‍ത്തി. ' എന്തെ അവിടെന്നു പോന്നെ? '

പോര്‍ച്ചിന്‍റ്റെ കാലില്‍ പിടിച്ച് ചെറുതായൊന്നു കുലുക്കിനോക്കിയതിനു ശേഷം വാര്യരുടെ മറുപടി ‌
' ഏയ്‌ അതു ശരിയായില്ല ' രൂപ പോക്കറ്റിലിട്ട് പതിവ് പോലെ യാതൊരു ഭാവഭേദവുമില്ലാതെ വാര്യര്‍ നടന്നു.

*********
മദ്രസ്സയില്‍‌ പോകുമ്പോള്‍ ചന്ദ്രന്‍‌റ്റെ ചായപ്പീടികക്കരികിലാണ് മിക്കവാറും ഞാന്‍ വാര്യരെ കാണാറുള്ളത്. രണ്ടു ചെവികളിലും തെച്ചി പൂ ചൂടി , ഒരു കയ്യില്‍ പായസപാത്രം തൂക്കി മറുകൈ കൊണ്ട് എണ്ണമയമുള്ളമുടിയിലൂടെ കയ്യോടിച്ച് ഒരു വശത്തേക്ക് അല്‍‌പ്പം ചെരിഞ്ഞായിരുന്നു അയാള്‍ നടന്നിരുന്നത്.

അച്ഛന്‍ മരിച്ചതിനു ശേഷം കുറെ നാള്‍ പുറത്തേക്കൊന്നും വരാറില്ലായിരുന്ന പിന്നീട് കേട്ടത് അയാള്‍ക്ക് മാനസിക വിഭ്രാന്തി ഉണ്ടായതും ആശുപത്രിയിലായതുമൊക്കെയാണ്‌. പിന്നീടെപ്പോഴോ റോഡില്‍ കണ്ടുതുടങ്ങി തല താഴ്ത്തി വേഗത്തില്‍ നടന്നുപോകുമ്പോള്‍ നാട്ടുകാരെ ആരെങ്കിലും കണ്ടല്‍ വാര്യര്‍ നില്‍‌ക്കും.

' ഒരു പത്തു രൂപ വേണം '

കിട്ടിയാലും ഇല്ലെങ്കിലും അയാള്‍ക്കൊരുപോലെയാണെന്ന് തോന്നിയിട്ടുണ്ട്. കിട്ടിയാല്‍ നല്ലതോ നന്ദിയോ പറയില്ല കിട്ടിയില്ലെങ്കില്‍ ചീത്തതും.വീട് ഞങ്ങളുടെ തറവാട് പറമ്പിന്‍‌റ്റെ തൊട്ടടുത്തായിരുന്നതിനാല്‍ തോട്ടം നനക്കാന്‍ പോകുമ്പോള്‍ മിക്കവാറും അയാളെ കാണും. ഭ്രാന്തന്‍ എന്ന പേരുള്ളതിനാല്‍ കുട്ടികളടക്കം മിക്കവരും അയാളോടടുപ്പം കാണിക്കാറില്ലെങ്കിലും ഉപ്പ കുറെ സമയം അയാളോടൊത്ത് സംസാരിച്ചുനില്‍‌ക്കുമായിരുന്നു.ഭ്രാന്തനായ അയാളോട് സംസാരിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോളൊക്കെ ഉപ്പ നെടുവീര്‍പ്പിടും.

' എങ്ങിനെ ജീവിക്കേണ്ട കുട്ട്യാണത്‌ , ഓരോ വിധി! '

ഉമ്മയുടെ നെടുവീര്‍പ്പാണെന്നെ ചിന്തകളില്‍‌നിന്നുമുണര്‍‌ത്തിയത്.

******
അയാളുടെ ചികില്‍സയെക്കുറിച്ചു ഞാനുമ്മയോട് തിരക്കിയപ്പോഴാണ് 'ആരു നോക്കും / ചികില്‍സിപ്പിക്കും' എന്നൊക്കെയുള്ള മറു ചോദ്യം വന്നത്.കുറച്ചു കാലം മുമ്പ് ആശുപത്രിയിലും പിന്നീട്‌ ശരണാലയത്തിലും ആക്കിയതും , കുറച്ചു നാള്‍ വൃത്തിയായി നടന്നതും ഒക്കെ ഉമ്മ പറഞ്ഞു. അസുഖം പൂര്‍ണ്ണമാകാതെ അവിടെനിന്നും പോന്നതിനാലാണത്രെ വീണ്ടും പഴയതു പോലെ വന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്കു ശേഷം ഒരിക്കല്‍ ഞാന്‍ ബസ്സില്‍ കയറുമ്പോള്‍ എനിക്കു മുമ്പില്‍ വാര്യരുണ്ടായിരുന്നു.എവിടെക്കെന്ന ചോദ്യത്തിന്‌ , 'കുമ്പിടി വരെ ' എന്ന അടഞ്ഞ ശബ്ദത്തിലുള്ള ഉത്തരം മാത്രം.ബസ്സില്‍ കയറിയ ഉടന്‍ അയള്‍ മുന്നിലേക്കു പോയൊരു ഭാഗത്ത് ഒതുങ്ങി നിന്നു.പരിചയക്കാരനായ കണ്ടക്റ്റര്‍ കുശലം‌ ചോദിച്ചുകൊണ്ടു പൈസ വാങ്ങി.

' ആരാ രണ്ടുപേര്‍? '

കുറച്ചു മുന്നിലായി നില്‍ക്കുന്ന വാര്യരെ ചൂണ്ടിയ എനിക്ക് ഒരാളുടെ പൈസ തിരിച്ചുതന്നിട്ട് ചിരിച്ചു.

' ഇക്ക , ആരു പൈസ തന്നില്ലെങ്കിലും അയാള്‍ തരും '

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വാര്യര്‍ കുമ്പിടിയിലേക്ക് യാത്ര ചെയ്യുന്നതും, സീറ്റ്‌ ഒഴിവുണ്ടെങ്കിലും ഇരിക്കാത്തതും , ഒരിക്കല്‍ പോലും പൈസ തരാതെ യാത്രചെയ്യാറില്ലാത്തതുമൊക്കെ കണ്ടക്ടര്‍ ‍ പറഞ്ഞു.കുമ്പിടിയില്‍ പോകുന്നത്‌ ചായയും ദോശയും കഴികാനാണെന്നും ചായപ്പീടികയിലും പൈസ കൊടുത്തേ കഴിക്കാറുള്ളു എന്നും ഞാന്‍‍ മനസ്സിലാക്കി.

തിരിച്ചു പോരുന്നതിന്‍റ്റെ ഒരാഴ്ച മുമ്പ്‌ , തറവാട്ട്‌ പറമ്പിലേക്കു പോകുന്നവഴി ഞാന്‍ വീണ്ടും വാര്യരെ കണ്ടു.എന്‍‌റ്റെ കുറച്ചു മുന്നിലായിട്ടായിരുന്നു അയാള്‍ നടന്നിരുന്നത്. മനപൂര്‍വ്വം ഒന്നും മിണ്ടാതെ ഞാനും ഒപ്പം നടന്നു , എന്നോടെന്തൊക്കെയോ അയാള്‍ക്ക്‌ പറയാനുണ്ടായിരുന്നെന്നയാളുടെ പെരുമാറ്റത്തില്‍ നിന്നും മനസ്സിലായി.തൊട്ടടുത്തായി നടക്കാന്‍ തുടങ്ങിയ എന്നോടെപ്പോഴോ അയാള്‍ ചോദിച്ചു ,

' സുഖമല്ലെ? '

അസുഖം പൂര്‍ണ്ണമായി മാറാതെ ശരണാലയത്തില്‍ നിന്നും പോന്നതിന്റെ കാരണമന്വേഷിച്ചപ്പോള്‍ അതുവരെ തല താഴ്ത്തിമാത്രം സംസാരിച്ചിരുന്ന ആളെന്റെ മുഖത്തേക്ക് നോക്കി.

' പൂര്‍ണ്ണമായും മാറാതെ അവര്‍ വിടില്ല '
' പിന്നെ എങ്ങിനെ വീണ്ടും അസുഖം വന്നു? '
' എനിക്കു അസുഖം മാറിയിരുന്നു ,ജോലിയൊക്കെ ചെയ്ത് തുടങ്ങിയിരുന്നു '
കുറച്ചു നേരം ഒന്നും മിണ്ടാതെ നടന്ന വാര്യര്‍ ശബ്ദം വീണ്ടും കുറച്ചുകൊണ്ടു പറഞ്ഞു,
' എല്ലാവര്‍ക്കും ആ പഴയ ഭ്രാന്തനെയാണ്‌ വേണ്ടത്‌ '

പിന്നീടൊന്നും വാര്യര്‍ മിണ്ടിയില്ല , ഞാനും; റോടില്‍ നിന്നും ഇടത്തു വശത്തേക്കു തിരിയുന്ന ഇടവഴിയിലേക്കയാള്‍ നടന്നു നീങ്ങി , ഞാന്‍ വീണ്ടും റോടിലൂടെ നേരെ പോകുമ്പോള്‍ ഒന്നുകൂടി ചെരിഞ്ഞയാളെ നോക്കി, അതുവരെ മുണ്ടിന്‍റ്റെ വശം കക്ഷത്തു വലിച്ചുവെച്ചിരുന്നത്‌ താഴിയിട്ടിരിക്കുന്നു , തലയിലൂടെ കയ്യോടിച്ചയാള്‍ എന്‍റ്റെ കണ്ണില്‍ നിന്നകന്നകന്നു പോയി.

30 comments:

ശ്രീ said...

"എല്ലാവര്‍ക്കും ആ പഴയ ഭ്രാന്തനെയാണ്‌ വേണ്ടത്‌"

ശരിയാണ്‍... സമൂഹത്തിനാവശ്യം നൊക്കിച്ചിരിക്കാനും പഴി പറയാനും സഹതപിക്കാനുമായി ഒരു കോലത്തെയാണ്‍...എല്ലാ നാട്ടിലും.

നന്നായിരിക്കുന്നു.

സഹയാത്രികന്‍ said...

വളരെ നന്നായിരിക്കുന്നു...

വാര്യരു പറഞ്ഞത് ശരിയല്ലേ മാഷേ... മാനസിക വിഭ്രാന്തി ഒരു രോഗമായല്ല മാറാരോഗമായാണു സമൂഹം കണുന്നത്... ഭേദായിച്ചാലും ആരും അംഗീകരിച്ചുകൊടുക്കില്ല.. ഭ്രാന്തന്‍ എന്നും ഭ്രാന്തന്‍ തന്നെ... അയാള്‍ ചിരിച്ചാലും ഭ്രാന്ത്, കരഞ്ഞാലും ഭ്രാന്ത്, ഒന്നും ചെയ്തില്ലേലും ഭ്രാന്ത്...

:(

ഉപാസന || Upasana said...

തറവാടീ,
വളരെ വളരെ നല്ല ഒരു കഥ. വാര്യര്‍ മാര്‍ ഒരുപാടുണ്ട് നമുക്കിടയില്‍. ഉചിതമായ ഒരു പോസ്റ്റ്.
:)
ഉപാസന

myexperimentsandme said...

മനസ്സില്‍ തട്ടി. ശ്രീ പറഞ്ഞതുപോലെ എല്ലാ നാട്ടിലും എല്ലാവര്‍ക്കും വേണം ഇത്തരം ചില വാര്യര്‍മാരെ. ഇല്ലെങ്കില്‍ ആള്‍ക്കാര്‍ ഉണ്ടാക്കിക്കൊള്ളും.

Sethunath UN said...

സ‌ത്യം! ഒരിക്ക‌ല്‍ ഭ്രാന്തു വ‌ന്നുപോയാല്‍ പിന്നെ..
ന‌ന്നായി എഴുത്ത്

അഞ്ചല്‍ക്കാരന്‍ said...

സമൂഹത്തിനാണ് ഭ്രാന്ത്. ഭ്രാന്ത് പിടിച്ച സമൂഹത്തില്‍ ഭ്രാന്തില്ലാതെ ജീവിക്കുകയെന്നതാണ് ഏറ്റവും ഭ്രാന്തമായ അവസ്ത.

നല്ല പോസ്റ്റ്.

വേണു venu said...

ഒരു ചെറു നൊമ്പരവുമായി എന്‍റെ മനസ്സിലൂടെയും വാര്യര്‍‍ തലയില്‍‍ കൈ വച്ചു് നടന്നു നീങ്ങി..

മയൂര said...

വളരെ നല്ല ഉള്ളില്‍ തട്ടുന്ന ഒരു കഥ...

മെലോഡിയസ് said...

വാര്യരുടെ വാക്കുക്കള്‍ ശരിക്കും മനസില്‍ തട്ടി. ഇക്കാ.. വളരെ നല്ലൊരു പോസ്റ്റ്.

കരീം മാഷ്‌ said...

ഞങ്ങളുടെ നാട്ടിലും എന്റെ കുട്ടിക്കാലത്തു ഇതു പോലെ ഒരു ഭ്രാന്തനെ കണ്ടിരുന്നു. മാസാവസാനമാകുമ്പോള്‍ അയാളുടെ വീട്ടുകാര്‍ അയാളെ അന്വേഷിച്ചു വണ്ടിയുമായി ടൌണിലൊക്കെ കറങ്ങി നടക്കും. പിടിച്ചു കൊണ്ടുപോയി കുളിപ്പിച്ചു കുപ്പായമിടീച്ചു പെന്‍ഷന്‍ ഒപ്പിടീച്ചു വാങ്ങി അവര്‍ വീണ്ടും തെരുവിലേക്കിറക്കി വിടും.
വീണ്ടും മാസവസാനം അന്വേഷിച്ചാല്‍ മതിയല്ലോ!

അയാളിപ്പോ ജീവിച്ചിരിപ്പുണ്ടോ ആവോ?
ആ ഓര്‍മ്മ തന്നു ഈ വാര്യരുടെ സംഭവം.
എല്ലാ നാട്ടിലും കഥകള്‍ ഒക്കെ ഒരേ പോലെ തന്നെ!

കുഞ്ഞന്‍ said...

ഇതു വായിച്ചപ്പോള്‍ അറിയാതെ മനസ്സു തേങ്ങി, കാരണം എന്റെ കുടുമ്പത്തിലുണ്ട് ഒരു ‘വാര്യര്‍’.. എന്നും സമൂഹം വേറൊരു കണ്ണില്‍ക്കൂടിയാണു കാണുന്നത്. എന്തിനവരെ കുറ്റം പറയണം ഞാന്‍ തന്നെ എത്ര പ്രാവിശ്യം എന്റെ....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വായിച്ചു ..നൊമ്പരപ്പെടുത്തുന്ന പോസ്റ്റ്

മുസാഫിര്‍ said...

പാവാം വാ‍ര്യാര്‍,കൂടുതല്‍ പാവങ്ങളായലും ജീ‍വിക്കാന്‍ സമ്മതിക്കില്ല ജനം.

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ തറവാടി...

പണ്ടു ഇത്തരം വാര്യര്‌മാര്‍ ധാരാളമായി നമ്മുക്ക്‌ ചുറ്റും ഉണ്ടായിരുന്നു....
പൊതുവേ മിതഭാഷികളായിരുന്നു ഇവര്‍...ആരോടും ഒരു പ്രശ്‌നത്തിനും പോക്കാത്തവര്‍..
പാവം അസുഖം മാറിയിട്ടും അസുഖമുള്ളവനെ പോലെ തന്നെ കണ്ണില്‍ കാണുന്ന നമ്മുടെ സമൂഹം ഒരു പുതുമയല്ല.
മനസ്സിനെ തൊട്ടുണര്‍ത്തിയ കഥ..അഭിനന്ദനങ്ങള്‍

പിന്നെ തറവാടി...ഇങ്ങിനെ കണ്ടക്ടര്‍ എന്ന്‌ എഴുതാവുന്നതല്ലേ...
അതു പോലെ റോഡ്‌ ഇങ്ങിനെയാണോ അതോ റോട്‌ ഇതാണോ ശരി...
തെറ്റായി എന്നല്ല ഒരു സംശയം മാത്രം.

നന്‍മകള്‍ നേരുന്നു.

തറവാടി said...

മന്‍‌സൂര്‍,

"കണ്ടക്റ്റര്‍" ഉം "റോഡും" പൂര്‍ണ്ണമായും ഇംഗ്ലീഷ് വാക്കുകളാണല്ലോ ( അതായത് മലയാളം ഇംഗ്ലീഷില്‍ നിന്നും കടമെടുത്ത വാക്കുകളില്‍ പോലും ഇവയില്ലെന്നു തോന്നുന്നു )
അതിനാല്‍ അത്രക്ക് ശ്രദ്ധിച്ചില്ല , പിന്നെ തെറ്റാണോ അതൊട്ടറിയുകയുമില്ല :)

പ്രയാസി said...

എനിക്കുമുണ്ടു ഒരു ഭ്രാന്തന്‍ സുഹൃത്തു..
ഞങ്ങളുടെ ഇടയില്‍ ഏറ്റവും ആരോഗ്യം അവനായിരുന്നു. ഇപ്പോഴവന്റെ കോലം കാണണം
സങ്കടം വരും ദൂരെ നിന്നു നോക്കും..
എന്തൊക്കെയൊ പറഞ്ഞു കൊണ്ടു നടന്നു പോകും
ആര്‍ക്കും വേണ്ടാത്ത ഒരു ജന്മമായി..
ആര്‍ക്കും ഈ രോഗം വരല്ലെ എന്നു പ്രാര്‍ത്ഥിക്കാറുണ്ട്
അവനെക്കുറിച്ചു ഞാനൊരു പോസ്റ്റിടുന്നുണ്ട്...
നന്നായി സുഹൃത്തെ..അവനെക്കുറിച്ചു ഓര്‍ത്തുപോയി..

കുറുമാന്‍ said...

തറവാടീ, വാരിയരുടെ കഥയല്ല, അനുഭവം വായിച്ച് കഷ്ടം തോന്നുന്നു. വിചാരം ഒരു കഥ എഴുതിയിരുന്നതിലെ കഥാ പാത്രത്തിനു പറ്റിയപോലെ വാരിയര്‍ക്കു പറ്റാഞ്ഞത് ഒരു തരത്തില്‍ നന്നായി.

നന്മ നിറഞ്ഞ മനുഷ്യ മനുഷ്യ മനസ്സുകള്‍ക്കായി പ്രാര്‍ത്ഥിക്കാം.

vishnude said...

കേമായിട്ട്ണ്ട്ട്ടോ...

യാരിദ്‌|~|Yarid said...

:)

സഞ്ചാരി @ സഞ്ചാരി said...

വാര്യരെപ്പോലെ നന്മ നിറഞ്ഞ ഒരു ഭ്രാന്തനാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നമ്മോട്‌ ഭ്രാന്തു തോന്നുന്നവര്‍ക്കൊരാശ്വാസമായേനെ...

സമനില തെറ്റുന്നവരുടേയും തെറ്റിക്കുന്നവരുടേയും ലോകത്തില്‍ നിന്നുള്ള ഈ കുറിപ്പിന്‌ നന്ദി തറവാടി.

ഹാരിസ് said...

മനസില്‍ തട്ടി

siva // ശിവ said...

വായിച്ചപ്പോള്‍ വിഷമം തോന്നി കാരണം ഈ അവസ്ഥ ഞാന്‍ നന്നായി അറിയും...

Unknown said...

ഇത് ഒരു കഥയല്ല പച്ചയായ അനുഭവം തന്നെയാണ്.കുട്ടികാലത്ത് മദ്രസ്സയിൽ പോകുമ്പോൾ കാണാറുള്ള ആ വാര്യരിന്റെ രൂപമാറ്റം.അത് ശരിക്കും വേദനിപ്പിച്ചു.കാലത്തിനു മായ്ക്കാൻ കഴിയാത്ത എത്ര മുറിവുകളാണ് ഇങ്ങനെ

Jayasree Lakshmy Kumar said...

റ്റച്ചിങ് പോസ്റ്റ്. ചെറിയ മാനസീക വൈകല്യങ്ങൾ പോലും സമൂഹത്തിൽ വെളിപ്പെട്ടാൽ കുടുംബത്തിന് അതൊരു വലിയ പ്രശ്നമായി തീരും എന്ന ചിന്ത നമ്മുടെ സമൂഹത്തിൽ സാധാരണയാണ്. അപ്പോൾ പിന്നെ ഭ്രാന്തായി പോയവരുടെ കാര്യം പറയണോ?! ഭേദമായാൽ വീട്ടുകാർക്കു പോലും വേണ്ടാത്ത അവസ്ഥ.

മനോജ് കുമാർ വട്ടക്കാട്ട് said...

ആരാന്റെ അമ്മയുടെ ഭ്രാന്ത് കണ്ട് രസിച്ചു പോയി, നമ്മൾ :(

കാട്ടിപ്പരുത്തി said...

നല്ല പോസ്റ്റ്-

ഒരു യാത്രികന്‍ said...

തറവാടീ...വളരെ നന്നായി. ഇങ്ങനെ ഒരു രൂപം മിക്കവാറും എല്ലാഗ്രാമാങ്ങളിലും ഉണ്ടാവും എന്ന് തോന്നുന്നു. അച്ഛന്റെയും അമ്മയുടെയും നാടുകളിലായി ഇങ്ങനെ ഒരു മൂന്നുപേര്‍ എന്‍റെ കുട്ടിക്കാലത്തെ ഓര്‍മ്മയില്‍ ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നു...ഒത്തിരി ഓര്‍മ്മകള്‍ വീണ്ടും വിരുന്നെത്തി.....സസ്നേഹം

Unknown said...

"എല്ലാവര്‍ക്കും ആ പഴയ ഭ്രാന്തനെയാണ്‌ വേണ്ടത്‌"
എന്താ പറയുക ....

കൂതറHashimܓ said...

നല്ല പോസ്റ്റ്, <<< എല്ലാവര്‍ക്കും ആ പഴയ ഭ്രാന്തനെയാണ്‌ വേണ്ടത്‌ >>>
കൂതറ നാട്ടുകാര്‍

പട്ടേപ്പാടം റാംജി said...

ആര്‍ക്കും ഉപദ്രവമില്ലാതെ ആരെയും ദ്രോഹിക്കാതെ ആര്‍ക്കും കടം പറയാതെ ജീവിക്കുന്ന ഒരു നന്മ നിറഞ്ഞ മനുഷ്യനെ ഭൂതകാലത്തിന്റെ ഏതോ ഓര്‍മ്മതെറ്റില്‍ സംഭവിച്ച ഒരു പോറലില്‍ ഇപ്പോഴും ക്രൂശിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥിതിയാണ്‌ നമുക്ക് ചുറ്റും ഇപ്പോഴും. ചെറിയൊരു വാരിയര്‍ കഥ ആണെങ്കിലും എനിക്കതിനെ ഇങ്ങിനെ കാണാനാണ്‌ കഴിയുന്നത്.
ഭംഗിയായി അവതരിപ്പിച്ചു.