Wednesday, May 26, 2010

ഞാന്‍ കണ്ട ചൈന - അവസാന ഭാഗം

ഈ യാത്രയുടെ മുന്‍ ഭാഗങ്ങള്‍ ഇടത് വശത്തുള്ള ലിങ്കുകളില്‍ വായിക്കാം.

പിറ്റേന്ന് ഞങ്ങള്‍ പോയത് ഒരു പ്രധാന ടൂറിസ്റ്റ് പ്ലേസിലാണ്. സിറ്റിയില്‍ നിന്നും കാറില്‍ ഒരു മണിക്കൂറോളം യാത്ര ചെയ്യണം, വഴിയും വശങ്ങളുമെല്ലാം കൂടി വയനാടന്‍ ചുരങ്ങളിലൂടെയുള്ളതായി തോന്നിപ്പിച്ചു.

ബോട്ടാണിക്കല്‍ ഗാര്‍ഡെനും , ഉള്ളില്‍ കറങ്ങാനായുള്ള ട്രെയിനും, വശങ്ങളിലായി താമസിക്കാന്‍ പറ്റുന്ന കുറെ ഹോട്ടലുകളുമെല്ലാം അടങ്ങിയ ഒരു ഭീമന്‍ പാര്‍ക്കാണീസ്ഥലം ഒരോട്ട പ്രദക്ഷിണം കഴിച്ചു ഞങ്ങളന്ന് അവിടേന്ന് തിരിച്ച് ഷോപ്പിങ്ങിനിറങ്ങി.

പ്രധാനമായും ഇലക്ട്രോണിക്ക് മാര്‍ക്കെറ്റാണ് ലക്ഷ്യമിട്ടത്. അടുത്തടുത്തായി പത്തും പതിനഞ്ചും നിലകളുള്ള ഓരോ കെട്ടിടവും ഇത്തരം സാധനങ്ങളുടെ ഒരു ലോകമാണ്. എല്ലായിടത്തും ഒറിജിനലിനെ വെല്ലുന്ന കോപ്പികള്‍ കാണാം. ഒറിജിനലിന്റെ പകുതിവിലക്ക് കോപ്പി ലഭിക്കും, ഒറിജിനലാണോ കോപ്പിയാണോ എന്നതൊന്നും അവര്‍ പറഞ്ഞുതരുന്നതല്ലാതെ നമുക്ക് മനസ്സിലാക്കാനാവില്ല.

കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ ഒന്ന് മനസ്സിലായി, രണ്ടും ഒരേ സ്ഥലത്തുണ്ടാക്കുന്നു, ആദ്യത്തെ പ്രസ്ഥുത എണ്ണം ഒറിജിനല്‍ കമ്പനികള്‍ക്ക് കൊടുക്കുന്നു, പിന്നെ സൗകര്യം പോലെ ഉള്ളില്‍ ചില അഡീഷണല്‍ എല്ലാം ചേര്‍ത്ത് കോപ്പിയാക്കി ഉണ്ടാക്കുന്നു, ഉദാഹരണത്തിന് ഒറിജിനലായ മോബൈല്‍ ഫോണില്‍ ഒരു സിം കാര്‍ഡെങ്കില്‍ കോപ്പിയില്‍ രണ്ടെണ്ണമിടാം, പുറമേന്ന് നോക്കിയാല്‍ സൂക്ഷ്മായി നോക്കിയാല്‍ പോലും തിരിച്ചറിയാനാവില്ല.

ഓരോ ഫ്ലോറിലും നിരവധി ചെറിയ ഔട് ലെറ്റുകള്‍ അടുത്തടുത്താണ് ഉള്ളത്. കാഴ്ചയില്‍ ചെറിയ പെട്ടിക്കടകള്‍ പോലെ തോന്നുമെങ്കിലും അവിടെ കുറച്ചു നേരം വീക്ഷിച്ചതില്‍ നിന്നും, വലിയ ഹോള്‍ സെയില്‍ കച്ചവമാണവിടങ്ങളില്‍ നടക്കുന്നതെന്ന് മനസ്സിലായി. പുറം ലോകമല്ല, ചൈനയുടെ തന്നെ ഉള്‍ഭാഗങ്ങളാണവര്‍ ലക്ഷ്യമിടുന്നതെന്ന് തോന്നുന്നു, ഒപ്പം പുറത്തേക്കുള്ളതും നടക്കുന്നുണ്ടെന്ന് മാത്രം.ഗുണനിലവാരമുള്ളതും ഇല്ലാത്തതും അവിടങ്ങളില്‍ ലഭിക്കും, നോക്കി വാങ്ങാനറിയുന്നവര്‍ക്ക് നല്ല സാധനങ്ങള്‍ നല്ല വിലക്ക് വങ്ങിക്കാം.

ലോകത്തുള്ള സര്‍‌വ്വ സോഫ്റ്റ് വെയറുകളുടെ കൊപ്പിയും ഇത്തരം കെട്ടിടങ്ങളുടെ അടിയില്‍ ലഭിക്കും, ജനറല്‍ സോഫ്റ്റ് വെയര്‍ തുടങ്ങി, ഒറിജിനല്‍ ലഭിക്കാന്‍ നല്ല ബുദ്ധിമുട്ടുള്ളവ , ഉദാഹരണം മൈക്രോ ചിപ് പ്രൊഗ്രാമിങ്ങ്, പി.സി.ബി/ ഡിസൈന്‍ സോഫ്റ്റ് വെയര്‍ അങ്ങിനെയുള്ളവ.

ഒറ്റനോട്ടത്തില്‍ വില പേശല്‍ ഇല്ലെന്ന് പറയാമെങ്കിലും, സാധനങ്ങളുടെ വില നമുക്ക് നല്ല അറിവുണ്ടെങ്കില്‍ വില പേശിതന്നെ വാങ്ങിക്കാം. വര്‍ഷങ്ങളുടെ പരിചയമുള്ള സുഹൃത്തിന്റെ വിലപേശല്‍ പണ്ട് എന്റെ ഉപ്പ ചെയ്തതിനേക്കാളും കടുപ്പമുള്ളതായി തോന്നി.


ചെറുപ്പ കാലത്ത് ഉപ്പയുമായി ചന്തയിലും മറ്റും പോകുമായിരുന്നു ഞാന്‍. ആദ്യം എല്ലാം കണ്ടതിന് ശേഷം സാധനങ്ങള്‍ വാങ്ങാനായി ഒരോ കടയിലും ഞങ്ങള്‍ കയറും. അമ്പതുരൂപ ഒരു സാധനത്തിന് വില പറഞ്ഞാല്‍ നമ്മളൊക്കെ കൂടിയാല്‍, ഒരു നാല്‍‌പ്പത്തഞ്ചല്ലെ ചോദിക്കുക, ഉപ്പ ചോദിക്കും , " പത്തുര്‍ പ്പ്യക്ക് ങ്ങള് കൊടുക്കുന്നോ? "

നാണക്കേടുകൊണ്ട് ഞാന്‍ തല താഴ്തും, വയസ്സുള്ളതിനാല്‍ ഒന്നും പറയുന്നില്ലെന്നൊക്കെ പീടികക്കാരന്‍ പറയും, ഞങ്ങള്‍ പോരും, പക്ഷെ ഉപ്പ ആ സാധനം പതിനൊന്നുര്‍പ്പ്യക്ക് വാങ്ങിയിരിക്കും!

പക്ഷെ ഇതുപോലെ വിലപേശാനും സാധനങ്ങള്‍ വാങ്ങാനും റോടിലൂടെ കറങ്ങാനുമെല്ലാം ഒന്നുകില്‍ ഭാഷ അറിയണം അല്ലെങ്കില്‍ അറിയുന്ന ആരെങ്കിലും ഒപ്പം ഉണ്ടാവണം രണ്ടുമില്ലാത്ത പക്ഷം അനങ്ങാന്‍ പറ്റില്ല, ചെറിയ ഒരനുഭവം:

ഉച്ചക്കാണ് ഷെജ്ചനില്‍ നിന്നും ഗോംഷോയിലേക്ക് തിരിച്ചുള്ള ട്രെയിന്‍ പുറപ്പെടുന്നത് അതിനാല്‍ രാവിലെ ഹോട്ടല്‍ റൂം വെക്കേറ്റ് ചെയ്ത് സാധനങ്ങള്‍ ഹോട്ടലില്‍ തന്നെ സൂക്ഷിച്ചാണ് ഞങ്ങള്‍ പുറത്തേക്ക് പോയത്.

ഷെഞ്ചനിലെ അവസാനത്തെ കറക്കമെല്ലാം കഴിഞ്ഞ് സാധനങ്ങള്‍ എടുക്കാന്‍ തിരികെ ഹോട്ടലില്‍ വന്നപ്പോള്‍ വല്ലാത്ത മൂത്രശങ്ക, റിസപ്ഷനില്‍ ഇരിക്കുന്നവരുടെ നിര്‍ദ്ദേശപ്രകാരം എട്ടാം നിലയിലുള്ള ടോയിലെറ്റിലേക്ക് ഞാന്‍ ലിഫ്റ്റില്‍ കയറി.

ലിഫ്റ്റില്‍ നിന്നും ഇറങ്ങി കൊറിഡോറിലൂടെ ടോയിലെറ്റ് നോക്കി കറങ്ങി നടക്കുമ്പോളാണ് ക്ലീനിങ്ങ് സ്റ്റാഫ് മുന്നില്‍ വന്നത്, അതും പെണ്ണ്.

'ടോയിലെറ്റെവിടെ' എന്ന ചോദ്യം അവര്‍ക്ക് മനസ്സിലായില്ല. ആംഗ്യഭാഷ കാണിക്കാന്‍ പറ്റാത്തതിനാല്‍ ഞാന്‍ കുഴഞ്ഞു. എന്റെ ശബ്ദം ഉയരാന്‍ തുടങ്ങി, ആ പാവം നിന്ന് വിളറാനും, കുറച്ച് കഴിഞ്ഞപ്പോള്‍ മറ്റൊരുവള്‍ വന്നു അവളും തഥൈവ!

സെക്യൂരിറ്റിക്ക് വല്ലാത്ത പ്രധാന്യം കൊടുക്കുന്നതിനാലാണെന്ന് തോന്നുന്നു,

ചൈനയില്‍ ടോയിലെറ്റൊഴികെ എവിടെ നോക്കിയാലും സെക്യൂരിറ്റി കേമറകള്‍ കാണാം, ഹോട്ടലായാലും റോടായാലും കടകളായാലും അവയെല്ലാം തന്നെ പോലീസുമായി/ സെന്‍‌ട്രല്‍ സെക്യൂരിറ്റിയുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

എന്റെ കഥകളിയും ഓട്ടം തുള്ളലും കേമറവഴി നിരീക്ഷിച്ചതിനാലാണെന്ന് തോന്നുന്നു ഒരു സെക്യൂരിറ്റിക്കാരന്‍ മുന്നില്‍ വന്നു. ആണണല്ലോ, കാര്യം വേഗത്തില്‍ മനസ്സിലാക്കാലോ എന്ന് കരുതി , എവടെ! മൂപ്പര്‍ക്ക് പെണ്ണുങ്ങളുടെ അത്രക്ക് പോലും ബോധമില്ല.

എനിക്ക് പ്രഷറാവാന്‍ തുടങ്ങി, ട്രെയിന് സമയം അടുക്കുന്നു, കുറെ ദൂരം പോകുകയും വേണം. ഫോണും കയ്യിലിലാ. അവസാനം താഴെപോയി ഫോണ്‍ എടുത്ത് വീണ്ടും എട്ടാം നിലയില്‍ വന്ന് സെക്രട്ടറിയെ വിളിച്ച് അവരുടെ കയ്യില്‍ കൊടുത്തു,

' ഓ ഹോ അതാണോ !' എന്ന ലെവെലില്‍ അവര്‍ എന്നെ ടയിലെറ്റിലേക്ക് ആനയിച്ചു. തിരി‍ച്ചുപോരുമ്പോള്‍ ലിഫ്റ്റിനടുത്ത് കാത്ത് നിന്ന്, എന്തൊക്കെയോ ശൈലിയില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചു.

ഭാഷ മനസ്സിലാവാത്ത ആളുകളുടെ ഇടയില്‍ പെട്ടാലുള്ള അവസ്ഥ അനുഭവിച്ചാലേ മനസ്സിലാവൂ!



അഞ്ചുദിവസത്തെ ചൈന യാത്രയില്‍ ചൈനയെപറ്റി വളരെ കുറച്ചുമാത്രമെ അറിയാന്‍ സാധിച്ചുള്ളുവെങ്കിലും, മനസ്സിലുള്ള ചൈനയായിരുന്നില്ല കണ്ട ചൈന, സാധിച്ചാല്‍ ഒന്നുകൂടി പോകണം ഷെഞ്ചനിലല്ല, ഷാംങ്ങായില്‍!

Tuesday, May 18, 2010

ഞാന്‍ കണ്ട ചൈന - മൂന്ന്

ഞാന്‍ കണ്ട ചൈന - രണ്ട്



പിറ്റേന്ന് സുഹൃത്തിന് ഓഫീസുമായി ബന്ധപ്പെട്ട ചില മീറ്റിങ്ങുകള്‍ ഉണ്ടായതിനാല്‍ സെക്രട്ടറിയോടൊപ്പം ഞാന്‍ രാവിലെ സിറ്റി കാണാന്‍ പുറപ്പെട്ടു. ആദ്യം പോയത് സ്പ്ലെന്‍ഡിഡ് ചൈന എന്ന സ്ഥലത്തേക്കാണ്.


ചൈനയുടെ ഒരു കള്‍ച്ചറല്‍ സിറ്റിയെന്ന് വേണമെങ്കില്‍ വിളിക്കാവുന്ന, ഏക്കര്‍ കണക്കിന് വിസ്ഥാരമുള്ള ഒരു വലിയ പാര്‍ക്കാണിത്.

പണ്ടുള്ള ഒരോ ഗ്രാമവും / സംസ്കാരശൈലിയുമെല്ലാം അതുപോലെ മൈക്രോ ലെവലില്‍ നിര്‍മ്മിച്ചുവെച്ചിട്ടുണ്ട്. ആദ്യമായി കിടക്കട്ടെ എന്റെ വക ഒരു വിക്കി ലിങ്ക്:

ചില ചിത്രങ്ങള്‍ താഴെ:



പണ്ടത്തെ ഒരു വീടാണ് കാണുന്നത്.വീടിന് മുന്നില്‍ തൂക്കിയിട്ടിരിക്കുന്നത് ഉണക്കിയ മുളകും കോണും, പണ്ട് വീടിന്റെ കോലായില്‍ നാലുഭാഗത്തും കുമ്പളങ്ങയും വെള്ളരിക്കയും ഓലയില്‍ കെട്ടിതൂക്കിയിട്ടിയിരുന്നതോര്‍മ്മവന്നു. ഉച്ചക്ക് കറിവെക്കാന്‍ നേരം ഉമ്മ അതില്‍ നിന്നും ഓരോന്നായി മുറിച്ചെടുക്കുമായിരുന്നു.



പുരാതനകാലത്തെ ഓരോ ഗ്രാമവും/ വീടുകളുമൊക്കെ അതുപോലെ ഉണ്ടാക്കിവെച്ചതില്‍ നിന്നും മരമാണ് ചൈനക്കാരുടെ പ്രധാന ഉപകരണ മെന്ന് മനസ്സിലാവും , മിക്ക സാധനങ്ങളും അവര്‍ ഉണ്ടാക്കുന്നത് മരങ്ങള്‍ കൊണ്ടാണ്.

ചൈനക്കാരെ കൂടുതല്‍ അടുത്തറിയാന്‍ തുടങ്ങിയപ്പോള്‍ റിവേഴ്സ് എഞ്ചിനീയറിങ്ങില്‍ അവര്‍ക്കുള്ള കഴിവ് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്നെനിക്ക് മനസ്സിലായി. ഒരു സാധനം കാണിച്ച്

'ഇതുപോലൊന്നുണ്ടാക്കണം' എന്ന് പറഞ്ഞാല്‍ മതി, വളരെ ഭംഗിയായവര്‍ അതുണ്ടാക്കിത്തരും.

ഒരു പക്ഷെ സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മയായിരിക്കാം മിക്കവരും റിവേഴ്സ് എന്‍‍ജിനീയറിങ്ങിലും 'കോപ്പി'യടിയിലും അഗ്രഗണ്യന്‍ മാരാവാന്‍ കാരണമെന്നെനിക്ക് തോന്നുന്നു.

മുമ്പ് സൂചിപ്പിച്ചതുപോലെ, സ്ത്രീകളാണ് എല്ലാത്തിലും മുമ്പില്‍; വിദ്യാഭ്യാസമാകട്ടെ, കച്ചവടമാകട്ടെ, ജോലിയാവട്ടെ എന്തിലും അവര്‍ ആണുങ്ങളെ അപേക്ഷിച്ച് വളരെ മുമ്പിലാണ്. ആണുങ്ങള്‍ പൊതുവെ വീട്ടുകാര്യങ്ങളിലും കുട്ടികളുടെ കാര്യങ്ങളിലുമാണ് ശ്രദ്ധിക്കുന്നതെന്ന് തോന്നുന്നു. ചല കടകളില്‍ കച്ചവടത്തിനിരിക്കുന്ന ആണുങ്ങളുടെ കയ്യില്‍ പാല്‍കുപ്പിയുമായി ചെറിയ കുട്ടിയേയും കാണാം.


വിദേശികളോട് നല്ല പെരുമാറ്റമാണെന്ന് പറയേണ്ടതില്ലല്ലോ എന്നാല്‍

ഇന്‍ഡ്യക്കാരോട് ഒരു പ്രത്യേക താത്പര്യമുള്ളതായി തോന്നി. പാര്‍ക്കില്‍ വന്ന സ്കൂള്‍ കുട്ടികളില്‍ പലരും എനിക്ക് ചുറ്റുമായി വന്ന് പേരൊക്കെ ചോദിച്ച് ഒപ്പം കൂടി. മറ്റൊന്ന് പുതിയ തലമുറ സ്കൂളുകളില്‍ ഇംഗ്ലീഷ് പഠിക്കുന്നതാണ് , ചെറിയ സ്കൂള്‍ കുട്ടികള്‍ മിക്കവാറും മുറിയന്‍ ഇംഗ്ലീഷെങ്കിലും പറയുമെന്ന് സാരം.


ഒരു ദിവസം പോര ഈ പാര്‍ക്കില്‍ കറങ്ങാന്‍. ഇടക്ക് ചെറിയൊരു മഴ, ഒരു സ്റ്റേജ് പ്രോഗ്രാം എല്ലാം പറ്റാവുന്ന രീതിയില്‍ കണ്ട് ഞങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങി.

ഇന്‍ഡ്യന്‍ റെസ്റ്റോറന്റ് തപ്പി നടന്ന് അവസാനം ഒരു അഫ്ഘാനിസ്ഥാനിയുടെ റെസ്റ്റോറന്റ് കണ്ടതില്‍ കയറി. ഉടമ ഭയങ്കര സ്വാഗതമൊക്കെ പറഞ്ഞുള്ളിലേക്കാനയിച്ചു. ബിരിയാണിയടക്കം പലതും ഉണ്ട്. റൊട്ടിയും മട്ടണ്‍ കറിയും ബിരിയാണിയും ഓര്‍ഡര്‍ ചെയ്തു, സത്യം പറയാലോ, വായില്‍ വെക്കാന്‍ പറ്റാത്ത ഭക്ഷണമായിരുന്നു!.

ഒരു വിധം അവിടെന്നും ഇവിടെന്നും കൊത്തിപ്പെറുക്കി ഞങ്ങള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ തൊട്ടുമുമ്പില്‍ നല്ല പച്ച ചന്ദ്രക്കല ചിഹ്നമൊക്കെയുള്ള റെസ്റ്റോറന്റ്, 'മുസ്ലീം ഹലാല്‍ ഫുഡ് - ഹോട്ടല്‍'.

പിന്നെ ഒന്നും ആലോചിച്ചില്ല ഞങ്ങള്‍ നേരെ ഉള്ളിലേക്ക് നടന്നു:

ചിക്കന്‍ എന്നെഴുതിയ രണ്ട് മൂന്നെണ്ണം ഓര്‍ഡര്‍ ചെയ്തു. ഒരു മണിക്കൂര്‍ കഴിഞ്ഞെന്ന് തോന്നുന്നു , വേവുന്ന ചിക്കനും സ്റ്റവ്വും എല്ലാം കൂടി മേശപ്പുറത്ത് നിരന്നു. തീ കത്തിക്കൊണ്ടിരിക്കുന്നു, സെക്രട്ടറി ചിക്കന്‍ ഇടക്ക് ഇളക്കി മറിച്ചിടുകയൊക്കെ ചെയ്തു, പത്തുമിനിട്ട് കഴിഞ്ഞ് ഞങ്ങള്‍ കഴിക്കാന്‍ തുടങ്ങി, എന്തായാലും ഫുഡ് ഉഗ്രനായിരുന്നു!

ഞാന്‍ ആദ്യമായി ചോപ്സ്റ്റിക്ക് പണിപെട്ട് ഉപയോഗിക്കാന്‍ നോക്കി, അവസാനമായപ്പോളേക്കും ഏകദേശം വഴങ്ങാന്‍ തുടങ്ങി. ഞാന്‍ കഷ്ടപ്പെട്ട് ഉപയോഗിക്കുന്നത് കണ്ട് താത്പര്യത്തോടെ അടുത്തുള്ള ടേബിളിലിരുന്നവരടക്കം നിര്‍ദ്ദേശങ്ങള്‍ തന്നുകൊണ്ടിരുന്നു.

ചൈനക്കാര്‍ ഭൂരിഭാഗവും തടികുറഞ്ഞിരിക്കാനുള്ള പ്രധാനകാരണം ചോപ്സ്റ്റിക്കുകൊണ്ട് ഭക്ഷണം കഴിക്കുന്നതുകൊണ്ടാണെന്നാണ് ഞാന്‍ കരുതുന്നത്. ഓരോ ചെറിയ കഷ്ണങ്ങളായി കഴിക്കുമ്പോള്‍, ആവശ്യത്തിന് അകത്ത് ചെല്ലുമ്പോളേക്കും വയറുനിറഞ്ഞെന്ന സിഗ്നല്‍ കിട്ടുകയും നിര്‍ത്തുകയും ചെയ്യുന്നു.

നമ്മളാവട്ടെ, കഴിക്കാന്‍ തുടങ്ങുമ്പോള്‍ കൈകൊണ്ട് പറ്റാവുന്നത്ര അകത്താക്കുകയും ചെയ്യുന്നു!, സിഗ്നല്‍ ലഭിക്കുമ്പോഴേക്കും ആവശ്യത്തേക്കാള്‍ രണ്ടിരട്ടി അകത്തായിട്ടുണ്ടാവുകയും ചെയ്യും!


തുടരും:

Saturday, May 15, 2010

ഞാന്‍ കണ്ട ചൈന - രണ്ട്

ഒന്നാം ഭാഗം ഇവിടെ വായിക്കാം

പുറത്ത് ചുകന്ന നിറത്തിലുള്ള റിബ്ബണ്‍ കൊണ്ട് വേര്‍തിരിച്ച നാലോ അഞ്ചോ ക്യൂ ഉണ്ട്. എല്ലത്തിന് മുമ്പിലും ചൈനീസ് ഭാഷയില്‍ ചില സ്ഥലങ്ങളുടെ പേര് എഴുതിവെച്ചിട്ടുണ്ട്, ക്യൂവിന് മറ്റേ അറ്റത്ത് പ്രത്യേക തരത്തിലുള്ള വേഷവിധാനത്തോടെ ചൈനീസ് പെണ്‍കൊടികള്‍ നില്‍ക്കുന്നു. ക്യൂവിന് മുമ്പില്‍ വന്ന് നില്‍ക്കുന്ന ബസ്സില്‍ കയറുന്ന ആളുകളെ സഹായിക്കുകയാണവരുടെ ജോലി.
ഷെന്‍ഞ്ചനിലേക്കുള്ള ട്രെയിന്‍ വരുന്ന റെയില്‍‌വേസ്റ്റേഷനാണ് ഞങ്ങളുടെ ലക്ഷ്യം. അവിടേക്ക് പോകുന്ന ബസ്സിന്റെ നമ്പര്‍ എഴുതിയ പേപ്പര്‍ കയ്യിലുണ്ടെങ്കിലും ഒന്നുകൂടി ഉറപ്പിക്കാനായി സുഹൃത്ത് ഞങ്ങള്‍ നിന്ന ക്യൂവില്‍ സഹായിക്കുന്ന പെണ്‍കുട്ടിയോട് 'റെയില്‍ വേസ്റ്റേഷനിലേക്കുള്ള ബസ്സ് ഇവിടെ വരുമല്ലോ' എന്ന് ചോദിച്ചതും, അവര്‍ ചൈനീസ് ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു.


രണ്ട് പേര്‍ക്കും പരസ്പരം മനസ്സിലാവാത്തതിനാല്‍ രണ്ട് പേരും സംസാരം തുടര്‍ന്നു, ഞാനൊരു കാഴ്ചകാരനുമായി. രക്ഷയില്ലെന്ന് കണ്ടപ്പോള്‍ അവന്‍ ചൈനക്കാരിയായ സെക്രട്ടറിക്ക് ഫോണ്‍ വിളിച്ച് പെണ്‍കുട്ടിയെകൊണ്ട് സംസാരിപ്പിച്ചു. അവര്‍ തമ്മില്‍ കുറെ നേരം സംസാരിച്ചു പിന്നീട് ഞങ്ങള്‍ നില്‍ക്കുന്ന ക്യൂ തന്നെയാണ് റെയില്‍‌വേസ്റ്റെഷനിലേക്കുള്ളതെന്ന് മനസ്സിലായി. എന്റെ അദിശയം അതല്ല ഇതിനാണോ അവര്‍ രണ്ട് പേര്‍ ഇത്രയധികം സംസാരിച്ചതെന്നായിരുന്നു! പക്ഷെ പിനീടെനിക്ക് മനസ്സിലായി, ഇത് ചൈനക്കാരുടെ ഒരു പ്രത്യേകതയായെനിക്ക് പിന്നീടും തോന്നി, യാതൊരു പരിചയമില്ലെങ്കിലും തമ്മില്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ നിര്‍ത്തില്ല!
സത്യത്തില്‍ ആ കുട്ടിയുടെ മുഖഭാവം കണ്ടപ്പോള്‍ ഞങ്ങളെക്കാള്‍ അവര്‍ക്കാണ് സമാധാനമായതെന്ന് തോന്നി, അവര്‍ക്ക് ഞങ്ങളെ സഹായിക്കാനായല്ലോ!

ബസ്സ് ഡ്രൈവറും കണ്ടക്ടറുമെല്ലാം സ്ത്രീകളാണ്. പൈസയും കൊടുത്ത് ടിക്കറ്റും വാങ്ങി ഞാന്‍ വശങ്ങള്‍ വീക്ഷിച്ചുകൊണ്ടിരുന്നു.
പഴയ സിറ്റിയാണ് ഗോന്‍ഷോ എങ്കിലും റോഡുകള്‍ നല്ല വീതിയുള്ളതും , വൃത്തിയുള്ളതുമാണ്. വളരെ തിരക്കുള്ള റോഡുകളൊന്നുമല്ല, ഇടക്കിടക്ക് കുറെ കെട്ടിട സമുച്ചയങ്ങള്‍ പിന്നീട് ഒന്നുമില്ല ഏകദേശം മദ്രാസ്സിന്റെ സിറ്റിക്കുപുറത്തുള്ള ഒരു ശൈലിപോലെ തോന്നിച്ചു.

റെയില്‍ വേസ്റ്റേഷനിലേക്ക് ഏകദേശം ഒരു മണിക്കൂര്‍ യാത്രയുണ്ട്, അവിടെ എത്തിയപ്പോള്‍ ടൗണിന്റെ ശൈലിയില്‍ വ്യത്യാസം കണ്ട് തുടങ്ങി. ചിലയിടങ്ങളില്‍ പോഷ് ബില്‍ഡിങ്ങികള്‍ ഉണ്ട്, പുതുയതല്ല താനും ഒരു റോയല്‍‌ ലുക്ക് സിറ്റിക്കുണ്ടായിരുന്നു.

ഷെഞ്ചനിലേക്ക് ഹൈ സ്പീഡ് ട്രെയിനാണ്, 200 km/hr , ഒരു മണിക്കൂര്‍ യാത്ര. ടിക്കറ്റ് വാങ്ങി നേരെ പ്ലേറ്റ് ഫോമിലേക്ക് നടന്നു എല്ലാ ടികറ്റിലും, ട്രെയിന്‍ നമ്പര്‍, ബോഗി നമ്പര്‍ , സീറ്റ് നമ്പര്‍ എന്നിവയുണ്ട്.

പ്ലേറ്റ് ഫോമിലേക്കുള്ള ഗേറ്റിനരികില്‍ പത്തില്‍ കൂടുതല്‍ ക്യൂ, ഒരു ട്രെയിനിലേക്കുള്ള മൊത്തം ആളുകള്‍!, ഗേറ്റ് തുറക്കുമ്പോള്‍ എത്ര പേര്‍ വീഴും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. എന്റെ ചിന്തയെല്ലാം അസ്ഥാനത്തായിരുന്നു.

വണ്ടി പുറപ്പെടുന്നുന്നതിന് അഞ്ചുമിനിട്ട് മുമ്പ് ഗേറ്റ് തുറന്നു, ഓരോ വരികളും യാതൊരു ധൃതിയും കാണിക്കാതെ പരസ്പരം തൊടുകപോലും ചെയ്യാതെ പ്ലേറ്റ് ഫോമിലേക്ക് നീങ്ങി, ട്രെയിനില്‍ കയറി അവരവരുടെ സീറ്റില്‍ സ്ഥാനം പിടിച്ചു.

വളരെ അഡ്‌വാന്‍‌സിഡായ ഭംഗിയുള്ള ട്രെയിന്‍ താമസിയാതെ നീങ്ങിതുടങ്ങി. വശങ്ങള്‍ നോക്കിയപ്പോള്‍ ചില‍ സ്ഥലങ്ങളില്‍ കേരളത്തിലൂടെ/ ഇന്‍ഡ്യയിലൂടെയൊക്കെ യാത്രചെയ്യുന്നത് പോലെ തോന്നിപ്പിച്ചു.

യാത്രയുടെ തുടക്കം പോലെത്തന്നെ രസകരമാണ് ട്രെയിന്‍ നിര്‍ത്തുമ്പോളും ഉള്ളത്, ഞങ്ങള്‍ ഏറ്റവും അവസാനമായിരുന്നു, ഞങ്ങള്‍ക്ക് പിന്നാലെ പ്ലാറ്റ് ഫോം ക്ലീനാക്കി, ഓരോ ഗേറ്റും അടച്ച് ഒരു കൂട്ടം റെയില്‍‌വേ ജോലിക്കാരുണ്ടായിരുന്നു. അതായത് ഒരു ട്രെയിനിലെ യാത്രക്കാരോടൊപ്പം എല്ലാം ക്ലീനാക്കി, പ്ലേറ്റ് ഫോം അടച്ചിടുന്നു, അവിടേയും സ്ത്രീകളായിരുന്നു മുമ്പില്‍!

ഷെന്‍ഞനില്‍ നിന്നും ടാക്സിയില്‍ ഹോട്ടലിലേക്ക്. കുളിച്ച് ഭക്ഷണം കഴിക്കാനായി പുറത്തേക്കിറങ്ങിയപ്പോഴേക്കും സുഹൃത്തിന്റെ സെക്രട്ടറിയും വന്നു. സുഹൃത്ത് ഇടക്കിടക്കവിടെ പോകുന്നതിനാല്‍ അവിടത്തെ ഭക്ഷണമൊക്കെ കഴിച്ചുതുടങ്ങിയിരുന്നു, എനിക്ക് പറ്റില്ലെന്ന് പറഞ്ഞതിനാല്‍ കെ.എഫ്.സിയിലേക്ക് നടന്നു. നോട്ടത്തിലും ഭാവത്തിലും എല്ലാം ഒന്നുതന്നെയാണെങ്കിലും തീരെ രുചിയില്ലാത്തതാണ് അവിടത്തെ കെ.എഫ്.സി.



ഭക്ഷണം കഴിഞ്ഞ് വെറുതെ സിറ്റിയിലൂടെ കറങ്ങിനടന്നു. ഞാന്‍ മനസ്സില്‍ കണ്ട ഒരു സിറ്റിയേയല്ല ചൈന. ഉഗ്രന്‍ റോഡുകള്‍, വൃത്തിയുള്ള ആളുകള്‍, മോഡേണ്‍ ആണെങ്കില്‍ തന്നെയും ക്ലാസ്സിക് ടച്ചുള്ള കെട്ടിടങ്ങള്‍, റോടുകളില്‍ എല്ലാ സിറ്റികളേപോലെയും തിരക്കുണ്ട്.

വൈകീട്ട് പതിനൊന്ന് മണിയോടെ തിരിച്ചെത്തിയപ്പോള്‍ ഒന്നെനിക്ക് മനസ്സിലായി, പെണ്ണുങ്ങളാണ് എന്തിനും മുന്നില്‍ അതേസമയം ഇംഗ്ലീഷ് ഭാഷ അറിയുന്നവര്‍ വളരെ കുറവ്, കൂടിയാല്‍ ഒരു ശതമാനം അതും പെര്‍ഫെക്ട് ആയിട്ട് തോന്നിയുമില്ല, അതിലും മുന്നില്‍ അവര്‍തന്നെ!

സാധാരണ ആളുകളില്‍ നിന്നും വ്യത്യസ്ഥമാണ് ചൈനക്കാര്‍ എന്നെനിക്ക് ബോധ്യമായി, പ്രത്യേകിച്ചും അവര്‍ കാര്യങ്ങളെ മനസ്സിലാക്കുന്നതും , പ്രോസസ്സ് ചെയ്യുന്നതുമെല്ലാം പ്രത്യേകരീതിയിലാണ്.

അവര്‍ sequential instruction based ആണ്. അതായത്, തൃശ്ശൂരില്‍ നിന്നും കോഴിക്കോട് പോകുക, വളാഞ്ചേരിയില്‍ നിന്നും സാരി വാങ്ങുക , കുറ്റിപ്പുറത്തുനിന്നും ബിരിയാണി കഴിക്കുക എന്നീ മൂന്ന് instructions കൊടുത്താല്‍ , അവര്‍ ആദ്യം കോഴിക്കോട് പോകും , പിന്നീട് കോഴിക്കോട് നിന്നും വളാഞ്ചേരിയില്‍ തിരിച്ചു വന്ന് സാരി വാങ്ങും പിന്നീട് വീണ്ടും കുറ്റിപ്പുറത്തേക്ക് പോയി അവിടെനിന്നും ബിരിയാണിയും കഴിക്കും!
'എന്ത് കൊണ്ട് ' എന്ന ചോദ്യം/ വാക്ക് അവര്‍ക്കൊട്ടറിയുകയില്ലെന്ന് തോന്നും. അവര്‍ ആരോടും എന്തുകൊണ്ട് എന്ന് ചോദിക്കില്ല അവരോട് ചോദിച്ചാല്‍ ഉത്തരം കിട്ടുകയുമില്ല , കൂടിയാല്‍ ' നിങ്ങള്‍ പറഞ്ഞതുപോലെയല്ലെ ചെയ്തു ' എന്നുത്തരം തരും!

വളരെ അടുത്ത് പരിചയപ്പെട്ട, ഇടപഴകിയ എട്ടൊമ്പത് പേരില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് ലോജിക്കെന്ന സംഭവം അവര്‍ക്ക് തീരെ കുറവാണന്നതാണ് എന്നാല്‍ കൃത്യനിഷ്ട, സമയ നിഷ്ട എന്നിവയുടെ കാര്യത്തില്‍ അവര്‍ നമ്പര്‍ വണ്‍ തന്നെ!.

ഒരു കാര്യം ചെയ്യാനേല്പ്പിച്ചാല്‍ അത് പൂര്‍ത്തിയാക്കിയിട്ടേ അവര്‍ വീട്ടില്‍ പോകൂ/ വിശ്രമിക്കൂ. ഇടക്ക് പക്ഷെ പന്ത്രണ്ട് മണിയായാല്‍, ഉടയതമ്പുരാന്‍ വന്നാലും അവര്‍ ഭക്ഷണം കഴിക്കാന്‍ പോകും എന്നാല്‍ വീട്ടില്‍ പോകുന്നതിന് മുമ്പ് പണി തീര്‍ത്തിരിക്കും കട്ടായം!

ഇതൊക്കെയാണെങ്കിലും ഇവിടെ ദുബായില്‍ ഞാനറിയുന്ന ചൈനീസ് അല്പ്പ സ്വല്പ്പം വെളവന്‍ മാരാണെന്നതാണ് രസകരം!, അതായത് പുറത്തുകാണുന്നവരും ചൈനക്കകത്തുള്ളവരും തമ്മില്‍ നല്ല വ്യത്യാസമുണ്ട്!

Saturday, May 08, 2010

കോലങ്ങള്‍

പ്രീഡിഗ്രി കാലഘട്ടം, കുറ്റിപ്പുറത്തുനിന്നും പൊന്നാനിയിലേക്ക് പോകുന്ന സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സില്‍ ഏകദേശം നടുവിലായി ഞാനിരിക്കുന്നു. സീറ്റുകളിലെല്ലാം ആളുകളെക്കൊണ്ട് നിറഞ്ഞ ബസ്സിനകത്തും പുറത്തും ലോട്ടറി ടിക്കറ്റ് , ഇഞ്ചിമിഠായി , ഓറഞ്ച് തുടങ്ങിയവയുടെ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. പതിവായി കാണുന്ന ഒറ്റക്കാലന്‍ ചാടിനടന്നും സം‌സാരിക്കാനാവാത്ത സുബൈദ കാര്‍ഡ് വിതരണം ചെയ്തും യാചനയും നടത്തുന്നുന്നുണ്ട്. എന്നും കാണുന്നതാണെങ്കിലും ചെളി പിടിച്ച മഞ്ഞ കാര്‍ഡ് വീണ്ടും വായിച്ചു.

' ബഹുമാന്യ സഹോദരീ സഹോദരന്‍ മാരെ , എന്റെ പേര് സുബൈദ , എനിക്കു സംസാരിക്കാന്‍ കഴിയില്ല , വാപ്പ പത്തു കൊല്ലമായി കിടപ്പിലാണ് ഞാനൊഴികെ മറ്റു മൂന്ന് അനിയത്തിമാര്‍ .....ആകയാല്‍ നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്ത് ഈ സഹോദരിയെ രക്ഷിക്കണം ..... ഒപ്പ്‌ '.

എല്ലാതവണയും പോലെ ഞാന്‍ കാര്‍ഡ് കയ്യില്‍ പിടിച്ചിരുന്നു, കാര്‍ഡ് വിതരണം ചെയ്ത് വീടും കാര്‍ഡും പണവും വാങ്ങിക്കാനായി സുബൈദ ബസ്സിനുള്ളീല്‍ നടക്കുന്നുണ്ട്.

' ലേഡീസ് ആന്‍‌ഡ് ജന്‍റ്റില്‍മാന്‍ '

ബസ്സിലുള്ള എല്ലാവരും കേള്‍ക്കാനുള്ള ശബ്ദത്തിലായിരുന്നു ബസ്സിന്‍‌റ്റെ മുന്‍‌ഭാഗത്തുനിന്നും ആ സംബോധന, എല്ലാവരും മുന്നിലേക്ക് നോക്കി; വൃത്തിയായി ഷര്‍ട്ടും പാന്‍സും ഇട്ട , ഇരുപത്തഞ്ച്‌ വയസ്സ്‌ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം തുടര്‍ന്നു:

' മൈ നൈം ഈസ് -- '

ഇത്രയും ഇം‌ഗ്ലീഷില്‍ പറഞ്ഞതിനുശേഷം മലയാളത്തിലായി പിന്നയാളുടെ സംസാരം.

കോഴിക്കോട്ടുകാരനായ അയാള്‍ക്ക് ഒരു ഓപറേഷന്‍ കഴിഞ്ഞതാണെന്നും ജീവിക്കാന്‍ മറ്റു പോം വഴികളൊന്നുമില്ലെന്നും വളരെ തന്‍മയത്വത്തോടെ നല്ല മലയാള ഭാഷയില്‍ അവതരിപ്പിച്ചതിനുശേഷം അയാള്‍ സംസാരം അവസാനിപ്പിച്ചു.

' പ്ലീസ് എന്നെ നിങ്ങള്‍ ഒരു യാചകനായി കാണരുത്‌ ' അയാളുടെ അവസാനത്തെ അഭ്യാര്‍ത്ഥന.

തുടര്‍ന്നയാള്‍ സീറ്റിലിരിക്കുന്നവരുടെ മുന്നില്‍ ചെന്ന് നിന്ന് സീറ്റിലിരിക്കുന്നവരെ നോക്കി, സാവധാനം മറ്റുള്ളവരുടെ അടുത്തേക്ക് നീങ്ങി. അയാളുടെ പ്രായവും സംസാരവുമൊക്കെ കണ്ട് പത്തു പൈസ കൊടുക്കാന്‍ മനസ്സനുവദിക്കാത്തതിനാല്‍ അമ്പതുപൈസയുടെ നാണയം ഞാനയള്‍ക്ക് നേരെ നീട്ടി. എന്നാല്‍ പൈസ വാങ്ങാതെ എന്‍‌റ്റെ കൈ അയാള്‍ പിന്നിലോട്ട് തള്ളിമാറ്റി.

'താങ്സ് , പറഞ്ഞല്ലോ ഞാനൊരു യാചകനല്ല , നിങ്ങള്‍ സ്റ്റുഡന്‍‌സ് ആയതിനാല്‍ എത്ര ചെറിയ തുക തന്നാലും വാങ്ങാന്‍ ബാധ്യസ്ഥനാണ് പക്ഷെ അമ്പതു പൈസ എനിക്കു വേണ്ട '

ജാള്യതയോടെ ഞാന്‍ മറ്റുള്ളവരെ നോക്കിയപ്പോള്‍ രണ്ടുസീറ്റ് പിന്നിലായിരുന്ന അശോകന്‍ വിളിച്ചു പറഞ്ഞു , ' അത്‌ പോകറ്റില്‍ വെക്കെടാ , രണ്‍ടീസം എസ്.ടി കൊടുക്കാല്ലോ '

Wednesday, May 05, 2010

ഞാന്‍ കണ്ട ചൈന

ചെറുപ്പ കാലത്ത് ചൈനയുമായുള്ള ബന്ധം ഷാവുലിന്‍ ടെമ്പിള്‍ / നിഞ്ജ സീരീസ് സിനിമകളായിരുന്നു.അക്കാലത്ത് മിക്കവാറും എല്ലാ ചൈനീസ് സിനിമകളും കാണുമായിരുന്നു. സൗമ്യന്‍ മാരായ , തല മൊട്ടയടിച്ച ഷാവുലിന്‍ മങ്കുകളുടെ ക്ലാസ്സിക് ആക്ഷന്‍ കാണാന്‍ നല്ല രസമാണ്.
ആദ്യമായി ചൈനക്കാരെ കണ്ടത് ദുബായില്‍ വെച്ചാണ്, ഇംഗ്ലീഷ് സിനിമകളുടെ സി.ഡികളും ഡി.വി.ഡികളും കോപ്പിയെടുത്ത് വില്‍ക്കുന്ന പെണ്ണുങ്ങളെയായിരുന്നു അവര്‍.

മാര്‍ക്കെറ്റില്‍ ലഭിക്കുന്ന മനോഹരമായ ചൈനീസ് കളിക്കോപ്പുകള്‍ക്ക് വില കുറവാണല്ലോ, എന്തും കോപ്പിടുത്ത് വിറ്റ് കാശാക്കുന്ന ചൈനക്കാര്‍, പണ്ട് പഠിച്ച ചരിത്രങ്ങള്‍, കേട്ടറിവുകള്‍, ചൈനീസ് പ്രോഡക്ട് എന്ന് കേട്ടാല്‍ ആരും ആദ്യം കാണിക്കുന്ന നെറ്റി ചുളിക്കല്‍ വികാരം എല്ലാം കൂടി ഒരവിയല്‍ പരുവമായിരുന്നു ചൈനയെപറ്റിയും അവിടത്തെ ആളുകളെപറ്റിയും ഉണ്ടായിരുന്നത്.

ഞങ്ങളുടെ കോട്രാക്ടര്‍ ഒരു ചൈനീസ് കമ്പനിയാണ്, അതുകൊണ്ട് തന്നെ മുകളില്‍ സൂചിപ്പിച്ചവരല്ലാതെ, മൂന്നാമതൊരു തലത്തിലുള്ള പല ചൈനക്കാരുമായി ഇടപെടാനായത് എന്റെ അതുവരെയുണ്ടായിരുന്ന അവിയല്‍ പരുവത്തിന് ചെറിയൊരു മാറ്റം വരുത്തിയിരുന്നു.

' Shenzhen ' എന്ന സിറ്റിയില്‍ നടക്കുന്ന ഇന്‍ഡസ്ട്രിയല്‍ എക്സിബിഷനില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നും അവിടെയെത്തിയ സുഹൃത്തിനൊപ്പം ഒന്ന് ചുറ്റിക്കാണുക എന്ന ഉദ്ദേശത്തോടെയാണ് അഞ്ചുദിവസത്തേക്ക് ചൈനയില്‍ പോകാന്‍ തീരുമാനിച്ചത്, അവന്‍ നാട്ടില്‍ നിന്നും ചൈനയില്‍ വന്നിട്ട് പത്തുദിവസം കഴിഞ്ഞിരിക്കുന്നു.

ടിക്കറ്റിന്റെ അവൈലബിലിറ്റി കണക്കിലെടുത്ത്, ദുബായ് - ഹോങ്കോങ്ങ് - Guangzhou ടിക്കറ്റാണ് എടുത്തിരുന്നത്. സത്യത്തില്‍ ഷെജ്ഞ്ജന്‍ ഹോങ്കോങ്ങിന് വളരെ അടുത്താണ്, ഹോങ്കോങ്ങില്‍ നിന്നും ഫ്ലൈറ്റില്‍ പോകണമെന്നില്ല. സ്പീഡ് ട്രൈനുണ്ട് , ഒരു മണിക്കൂര്‍ മാത്രം മതി. എന്നാല്‍ ഈ കാര്യം അവസാനം മനസ്സിലാകിയതിനാല്‍ ടികറ്റ് മാറാന്‍ പറ്റിയില്ല.

ദുബായില്‍ നിന്നും ഹോങ്കോങ്ങ് വഴി ഗൗന്‍ഷോയിലേക്ക് ഏകദേശം പതിനൊന്ന് മണിക്കൂര്‍ പറക്കണം. രാവിലെ ഒമ്പതുമണിയോടെ ഗോന്‍ഷൗവില്‍ എത്തി. ഗോങ്ഷോയിലേത് ഒരു ചെറിയ എയര്‍ പോര്‍ട്ടാണ്, ഫ്ലൈറ്റ് ലാന്‍ഡ് ചെയ്തപ്പോള്‍ കൊച്ചിയിലെത്തിയ ഒരു പ്രതീതി. ഹോങ്കോങ്ങില്‍ നിന്നും ഗോന്‍ഷോയിലേക്ക് പത്തോ ഇരുപതോ ആളുകള്‍ മാത്രമേ ഫ്ലൈറ്റില്‍ ഉണ്ടായിരുന്നുള്ളൂ.


ഫ്ലൈറ്റില്‍ നിന്നുമിറങ്ങി ടെര്‍മിനല്‍ ബില്‍ഡിങ്ങിലേക്കുള്ള ബസ്സില്‍ കയറി ഇരുന്നു. ബസ്സ് ഏകദേശം ഫുള്ളായിട്ടും മറ്റാരെയോ കാത്ത് നിന്നു, നോക്കിയപ്പോള്‍ നാല് വയസ്സന്‍ ദമ്പതിമാര്‍ ഉണ്ടായിരുന്നു ഫ്ലൈറ്റില്‍ അവര്‍ക്കായിട്ടാണ് ബസ്സ് കാത്ത് നിന്നത്. അവര്‍ ഫ്ലൈറ്റില്‍ നിന്നുമിറങ്ങുന്നത് കണ്ടതും ബസ്സിനടുത്ത് സംസാരിച്ചുനിന്നിരുന്ന രണ്ട് പോലീസുകാര്‍ ഫ്ലൈറ്റിലേക്ക് ഓടിക്കയറി, ഓരോരുത്തരുടെ കയ്യില്‍ പിടിച്ച് സാവധാനത്തില്‍ അവരെ ഇറക്കിക്കൊണ്ടുവന്നു.

സഫാരി സ്യൂട്ടിട്ട അപ്പൂപ്പന്‍ മാര്‍, അഞ്ച് വയസ്സുള്ള പെണ്‍കുട്ടികള്‍ മുടി ചീകുന്നതുപോലെ രണ്ട് വശത്തേക്കും മുടഞ്ഞുവെച്ച് , ചുകന്ന റിബ്ബണ്‍ കൊണ്ട് കെട്ടി, ബട്ടര്‍ ഫ്ലൈ ഹെയര്‍ ക്ലിപ്സൊക്കെ വെച്ച്, ചിരിച്ചുകൊണ്ട് വരുന്നത് കാണാന്‍ നല്ല രസമായിരുന്നു. പോലീസു കാര്‍ അവരോടൊക്കെ സംസാരിച്ച് ചിരിച്ചു ശ്രദ്ധയോടെ കൊണ്ടുവന്ന് ബസ്സില്‍ കയറ്റിയപ്പോള്‍ അവര്‍ക്കിരിക്കാനായി ഞാന്‍ എണീറ്റു.

അപ്പൂപ്പനും അമ്മൂമ്മയും എന്റെ കയ്യില്‍ പിടിച്ചിരുന്ന് എന്തൊക്കെയോ ചൈനീസ് ഭാഷയില്‍ പറഞ്ഞു ചിരിച്ചു, പിന്നീട് പോലീസുകാരോട് കൈ വീശി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. പോലീസുകാരന്‍ കൃത്യമായി കേള്‍ക്കാനായി ചെവി അപ്പൂപ്പന്‍ മാരുടെ മുഖത്തിനടുത്ത് പിടിച്ച് ശ്രദ്ധാ പൂര്‍‌വം കേട്ട് കയ്യൊക്കെ പിടിച്ചുകുലുക്കി പുറത്തേക്കിറങ്ങി, വണ്ടി മെല്ലെ നീങ്ങിയപ്പോള്‍ കുറച്ചപ്പുറത്തായി നിന്നിരുന്ന രണ്ട് മൂന്ന് ചൈനീസ് പെണ്‍കുട്ടികള്‍ അമ്മുമ്മമാരുടെ പുറം തടവി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു, വയസ്സന്‍ മാരോടുള്ള അവരുടെ പെരുമാറ്റം കണ്ടിട്ട് സത്യത്തില്‍ നല്ല സന്തോഷം തോന്നി.ഒരു പക്ഷെ വല്ല ' മര്‍ഹബ ' സര്‍‌വീസായിരിക്കുമെന്ന് കരുതിയെങ്കിലും , പുറത്തുവെച്ചും അവരെ എനിക്ക് കാണാനായി , പുറത്ത് വെച്ച് അവരോട് അവിടെ നിന്നിരുന്ന മറ്റ് ചില ചെറുപ്പക്കാരുടെ പെരുമാറ്റവും മുമ്പത്തെപോലായിരുന്നു.

ഇമിഗ്രേഷന്‍ കഴിഞ്ഞ് , കുറച്ച് ചൈനീസ് കറന്‍സിയും വാങ്ങി പുറത്തുകടന്ന ഞാന്‍ സുഹൃത്തിനെ നാല് പാടും നോക്കി കണ്ടില്ല. ഫോണ്‍ എടുത്തപ്പോള്‍ ഒന്ന് മനസ്സിലായി അതില്‍ നിന്നും പുറത്തേക്ക് വിളിക്കാന്‍ പറ്റില്ല. ഞാന്‍ ഫോണ്‍ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ട് നാലഞ്ചുപേര്‍ സിം കാര്‍ഡുമായി വന്നു , അമ്പതു ചൈനീസ് രൂപ കൊടുത്ത് സിം കാര്‍ഡ് വാങ്ങി ഫോണിലിട്ടു.

കാര്‍ഡ് അക്ടിവേറ്റാവാന്‍ നാട്ടിലെ പോലെ നാല്പ്പത്തെട്ട് മണിക്കൂര്‍ വേണമല്ലോ എന്ന കാര്യം പെട്ടെന്നാണ് ഓര്‍മ്മ വന്നത് എന്നാല്‍ സിം കാര്‍ഡ് ഫോണിലിട്ടതും അത് ആക്ടിവേറ്റായി, വിളിക്കാനുമായി. കുറച്ചപ്പുറത്ത് എന്നെ കാത്ത് നിന്നിരുന്ന സുഹൃത്തുമൊത്ത് പുറത്തേക്കിറങ്ങി. ഇവിടെയെല്ലാം ശ്രദ്ധിച്ച ഒരു കാര്യം ഇംഗ്ലീഷ് അറിയുന്നവര്‍ വളരെകുറവാണെന്നാണ്, കുറവെന്നല്ല ഇല്ലെന്ന് തന്നെ പറയാം.

തുടരും..