Monday, October 30, 2006

റാഗിങ്ങ്

പോറ്റിസാറിന്റെ സര്‍ക്യൂട്‌ തിയറി ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ , തലക്കിത്തിരി കനം കൂടിയിട്ടുണ്ടായിരുന്നു. പുക ഊതിയാല്‍ മാത്രമേ അത് കുറയൂ എന്നതിനാല്‍ ഞാന്‍ നേരെ കാന്‍‌റ്റീനിലിലേക്ക് നടന്നു.

പുതിയ ബാച്ച് വന്ന സമയമായതിനാല്‍ പുറത്ത് ചിലയിടത്തൊക്കെ “ റാഗിങ്ങ് ” നടക്കുന്നത് കാണാം.കോളേജില്‍ വെച്ച് നടക്കുന്നതൊക്കെ കുറച്ച് കളിയാക്കലിലും മറ്റും ഒതുങ്ങിയിരുന്നെങ്കിലും വൈകുന്നേരം ഹോസ്റ്റലുകളില്‍ അല്‍‌പ്പ സ്വല്‍‌പ്പം 'റേഞ്ച്' കൂടാറുണ്ടായിരുന്നു.

പൊതുവെ പുതിയതായി വരുന്ന ബാച്ചിന്റെ തൊട്ടു സീനിയറായവരായിരുന്നു റാഗിങ് വീരന്‍‌മാര്‍.ഞാന്‍ അന്ന് അവരുടേയും സീനിയര്‍ ആയിരുന്നതിനാലും ഇത്തരം വിഷയങ്ങളില്‍ വലിയ താത്പര്യമില്ലാത്തതിനാലും പൊതുവെ മാറിനില്‍‍‌ക്കാറാണ് പതിവ്.

കാന്റീനില്‍ തീരെ തിരക്കുണ്ടായിരുന്നില്ല.പതിറ്റാണ്ടുകളായി കാന്റീന്‍ നടത്തുന്ന ജോസേട്ടന്റെ സ്ഥിര സ്വാഗത ചിരിക്ക്‌ ഒരു മറു ചിരിയും കൊടുത്ത് ചായയും പഴംപൊരിയും ഓര്‍‌ഡര്‍ ചെയ്ത് കാത്തിരുന്ന ഞാന്‍ ഒരു സിഗരറ്റിന്‌ തീകൊടുത്തു.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ രണ്ട്‌ പെണ്‍‌കുട്ടികള്‍ കാന്‍‌റ്റീന്‍ലേക്ക് പ്രവേശിച്ചു. കറുത്ത തട്ടം കൊണ്ട്‌ ദേഹമാകെ ആകെ പുതച്ച്‌ , വട്ടകണ്ണട ധരിച്ച ഒരു താത്തയും , ഒരു താത്തയല്ലാത്തവളും. താത്തക്ക്‌ ഒരു കൂസലും മുഖത്തുണ്ടായിരുന്നില്ലെങ്കിലും , കൂട്ടുകാരിയുടെ കണ്ണുകള്‍ മാന്‍പേട കടുവകളെ തിരയുന്നതുപോലെ പരതുന്നുണ്ടായിരുന്നു പെരുമാറ്റത്തില്‍ നിന്നും പുതിയ ബാച്ചിലുള്ളവരെന്ന് മനസ്സിലായി.

താത്തയുടേ വട്ടക്കണ്ണടയുടെ ഫ്രൈമിന് മുകളിലൂടെയുള്ള നോട്ടം എനിക്കത്ര രസിച്ചില്ല , ഒന്ന് പിടിച്ചുകളയാം എന്നും കരുതി പെട്ടെന്ന് ചായ കുടിച്ച് പുറത്ത് കടന്ന ഞാന്‍ കാന്‍‌റ്റീന് വശത്തുള്ള പടിയില്‍ കാത്ത് നിന്നു.

' മക്കളൊന്നിവിടെ വന്നെ '

കാന്‍‌റ്റീനില്‍ നിന്നും പുറത്തേക്കിറങ്ങിയ ഉടന്‍ പടിയില്‍ ഇരുന്നിരുന്ന ഞാന്‍ അവരെ മാടി വിളിച്ചു. അനുസരണയോടെ അവര്‍ മുന്നില്‍ നിന്നു.

' മക്കളേത്‌ ക്ളാസിലാ '

' ഫസ്റ്റ്‌ സെമെസ്റ്റെര്‍ ഇലക്ട്രിക്കല്‍ '

താത്തയോട് അവിടെത്തന്നെ നിന്ന് മറ്റേകുട്ടിയോട് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും തമ്പിട്ട് നിന്ന അവളെ ഭയപ്പെടുത്തി ഓടിപ്പിച്ചു.

പൊതുവിഞ്ജാനത്തില്‍ തുടങ്ങി , ശാസ്ത്രത്തിലൂടെയും , കണക്കിലൂടെയും കടന്ന്‌ പോയപ്പോള്‍ , ഒരു കൂസലുമില്ലാതെ മിക്ക ചോദ്യങ്ങള്‍‌ക്കും മറുപടി തന്ന താത്തയോട് സ്വല്‍‌പ്പം ബഹുമാനം തോന്നിയതിനാല്‍ കൂടുതല്‍ വടിയാക്കാതെ പറഞ്ഞുവിട്ടു.

അപ്പോഴേക്കും സുഹൃത്തിന്‍‌റ്റെ സ്കൂട്ടര്‍ ഹോണ്‍ മുഴക്കാന്‍ തുടങ്ങി, സ്കൂട്ടറില്‍ കയറി ഞാന്‍ പോകുമ്പോള്‍ വല്യമ്മായി വിണ്ടും വീണ്ടും എന്നെത്തന്നെ നോക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

Thursday, September 14, 2006

തലമുറ

'കൌസല്യാ...നമോസ്തുതേ....'
സുപ്രഭാതം കേട്ടുണര്‍ന്ന സേതു , അഴിഞ്ഞ് കിടന്ന മുണ്ട് ചുറ്റിയുടുത്ത് മേശപ്പുറത്ത് വെച്ചിരുന്ന ചൂടാറിയ ചായ ഒറ്റ വലിക്ക് കുടിച്ചുതീര്‍ത്ത് പുറത്തേക്കിറങ്ങി. കുളി കഴിഞ്ഞ് ഷര്‍ട്ടെടുത്തിടുന്നതിനിടെ ജനലിലൂടെ പടിപ്പുരയിലേക്ക് കണ്ണോടിച്ചു.

' ശ്രീധരേട്ടാ..പ്പോ വരാട്ടോ..'

കുഴപ്പമില്ലെന്നര്‍ത്ഥത്തില്‍ ശ്രീധരന്‍ കൈകൊണ്ട് വീശിക്കാണിച്ചു. ബസ്സ് കൂലി അച്ഛനോട് വാങ്ങി വെക്കാന്‍ തലേദിവസം ഏല്‍പ്പിച്ചിരുന്ന കാര്യം ഉണര്‍ത്തിയത് കേട്ട് പതിവ് പോലെ ലക്ഷ്മിയമ്മ കൈമലര്‍ത്തി.

' അയ്യോ ഞാന്‍ മറന്നല്ലോ , പോകുന്ന വഴി നീയ്യ് അച്ഛന്‍‌റ്റെയടുത്തൂന്ന് വാങ്ങിക്കോളൂ'

' കഷ്ടാണ്ട്ടോ ഇത് ... ഇനി ന്തെല്ലാം കാണണമെന്നറിയുമോ അമ്മക്ക് '

പടിപ്പുരയുടെ ചുമരില്‍ കാല്‍ വെച്ച്, ചാരി നിന്നിരുന്ന ശ്രീധരനോട് മറ്റുള്ളവരൊക്കെ എവിടെ എന്ന അര്‍ത്ഥത്തില്‍ നോക്കിയപ്പോള്‍ , സ്വതവെയുള്ള ചിരി.

' ഞാന്‍ ഇന്ന് നേരത്തെ എണീറ്റു , പിന്നെയിങ്ങ് നടന്നു'

' നല്ല പണിയാ ശ്രീധരേട്ടന്‍ ചെയ്തത് , ഞങ്ങള്‍ അവിടെ കാത്ത് നിക്ക്വായിരുന്നു'

പരാതിയില്‍ എന്നും മുന്‍പന്തിയിലായ രാജു ദൂരേന്ന് നടന്ന് വരുന്നു, കൂടെ ഖാദറും , സുലൈഖയും , ശിവനും.സേതുവും , സുലൈഖയും ഒന്നാം കൊല്ലം ഒരേക്ലാസില്‍ ; ശിവനും , ഖാദറും രണ്ടാം കൊല്ലം ; അവസാന വര്‍ഷം എം.എ. ക്ക് പഠിക്കുന്ന ശ്രീധരനാണ് നേതാവ്.ഒരു കൊല്ലത്തോളമായി ഇവരുടെ ഈ പതിവ് തുടങ്ങിയിട്ട്. നാല് കിലോമീറ്റര്‍ ദൂരെയുള്ള ബസ് സ്റ്റോപ്പ് വരെ ഒരുമിച്ചാണ് യാത്ര. ഏകദേശം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയില്‍ ആകാശത്തിന് താഴെയുള്ള എന്തിനെ ക്കുറിച്ചും സംസാരിക്കും , ചര്‍ച്ചചെയ്യും , തര്‍ക്കിക്കും.എന്നെങ്കിലും രാഷ്ട്രീയം വിഷയമായാല്‍ അന്ന് ചര്‍ച്ചക്ക് ചൂട് വളരെ കൂടുതലായിരിക്കും. വിഷയം എന്ത് തന്നെയായാലും ഒന്നും സംസാരിക്കാതെ ചിരികൊണ്ട് മാത്രം , സുലൈഖയും അവരുടെ സംവാദങ്ങളില്‍ സജീവമായിത്തന്നെ പങ്കെടുക്കുമായിരുന്നു.


ചന്ദ്രേട്ടന്‍റെ ചായപ്പീടികയില്‍ പേപ്പര്‍ വായിച്ചിരിക്കുന്ന അച്ഛനെ ദൂരെ നിന്നു തന്നെ സേതു കണ്ടു , കൂടെ മമ്മദുക്കയും , അവറാനും , കുഞ്ഞനും ഒക്കെയുണ്ട്.രാവിലെ വീട്ടില്‍ വരുന്ന മലയാള മനോരമ മുഴുവന്‍ വായിച്ച് , ചായയും കുടിച്ച് ചന്ദ്രന്‍റെ പീടികയില്‍ പോകും. പീടികയിലെ മാതൃഭൂമിയും , പീടികക്ക് മേലെയുള്ള ക്ലബ്ബിലെ ചന്ദ്രികയും , ദേശാഭിമാനിയും വായിച്ച് , കടുപ്പത്തിലുള്ള ചായയും കുടിച്ച് ഒമ്പത് മണിക്ക് നേരെ പറമ്പില്‍ പണിക്ക് പോയാല്‍ തിരിച്ച് വരവ് ഉച്ചക്ക് ഊണ് കഴിക്കാന്‍ , ഒന്ന് മയങ്ങി വീണ്ടും പറമ്പിലേക്ക് തിരിച്ച് വരവ് വൈകുന്നേരം ആറ് മണിയോടെ.

ഇടക്ക് പറമ്പില്‍ പണിക്കാര്‍ കൂടുതലാണെങ്കില്‍ ഉച്ചക്കുള്ള കഞ്ഞി പറമ്പിലെത്തിക്കേണ്ടത് ലക്ഷ്മിയമ്മയുടെ ചുമതല കാലങ്ങളായുടെ നായരുടെ പതിവ്.പിന്നില്‍ ചെന്ന് നിന്ന് താന്‍ വന്നതറിയീക്കാനായി സേതു മെല്ലെ ചുണ്ടനക്കി.

'ഉം...ന്താ...'

' അച്ഛാ.. ബസ്സ് കൂലി'

'അപ്പോ ന്നാള് തന്നത് കഴിഞ്ഞോ' ,

കോളേജില്‍ പോകാന്‍ മുപ്പത്തഞ്ച് പൈസ , തിരിച്ചിങ്ങോട്ട് മുപ്പത്തഞ്ച് പൈസ.എല്ലാതിങ്കളാഴ്ചയും 2 രൂപ , പിന്നെ ബുധന്‍ ഒന്നര രൂപ , ഇതാണ് നായരുടെ കണക്ക്. ചില സമയങ്ങളില്‍ രണ്ട് ബസ്സുകളിലായി ഇടക്കിറങ്ങിയാണ് യാത്രയെങ്കില്‍ നാല്‍‌പ്പത് പൈസ യാകും. ഇതിനെ ചൊല്ലി പല തവണ കണക്കുപറച്ചില്‍ വന്നതോടെ , തരുന്നത് വാങ്ങുക എന്ന രീതിയാക്കി.സഹചാരിയായ മമ്മദ്ക്ക മുന്നോട്ടാഞ്ഞു.

' ങ്ങളാ കുട്ടിയെ മക്കാറാക്കാണ്ടെ പൈസ കൊട്ക്കീന്ന് '

' ഉം നി ..ഒരാഴച്ത്തേക്ക് ചോദിക്കരുത്'

മലമ്പുഴയിലേക്കുള്ള വിനോദയാത്രക്ക് അമ്പതുരൂപയാണ് ഫീസായി കൊടുക്കേണ്ടത്.വൈകുന്നേരം കുളികഴിഞ്ഞ് വിശ്രമിക്കുന്ന നായരുടെ ചാരുകസേരക്ക് പിന്നിലായി പിന്നിലായി ലക്ഷ്മിയമ്മ പതുങ്ങിനിന്നു.

' അതെയ്....സേതൂനെന്തോ പറയണംന്ന്.'

' അച്ഛാ...നിക്കൊരു അമ്പതുറുപ്പിക വേണം , കോളെജില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്നുണ്ട് '

' അമ്പതുറുപ്പ്യേ...ന്താ..പണം കായ്ക്കണ മരണ്ടോ വ്ടെ...മിണ്ടാണ്ടിരുന്നോ...' ,

കുളിക്കാന്‍ പോയ തക്കത്തിന് , നായരുടെ മുറിയിലുള്ള പൂട്ടിയ അലമാര രണ്ടുതവണ ശ്രമിച്ചെങ്കിലും തുറക്കാന്‍ സേതു ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റെ ദിവസത്തെ ശ്രമവും പരാജയപ്പെട്ടപ്പോള്‍ വിനോദയാത്ര നടക്കില്ലാന്ന് തന്നെ ഉറപ്പിച്ചു.താക്കോല്‍ മേശമേലിരിക്കുന്നത് കണ്ട് കൂടുതലൊന്നും ആലോചിക്കാതെ സേത് മേശ തുറന്നു. ഒരമ്പതിന്‍റെയും , മൂന്ന് പത്തിന്‍റെയും നോട്ടുകളില്‍ അമ്പതിന്‍റെ നോട്ട് പോക്കറ്റിലിട്ട് പുറത്തേക്കോടി.

ചന്ദ്രന്‍‌റ്റെ ചായപ്പീടികയിലേക്കും പരിസരത്തേക്കും കണ്ണോടിച്ചെങ്കിലും നായര്‍ അവിടെയൊന്നും ഉണ്ടായിരുന്നില്ല.പാലക്കാടും , മലമ്പുഴയിലും ക്ലാസ്സിലെ കുട്ടികളൊപ്പം നടക്കുമ്പോളും സേതുവിന്‍‌റ്റെ മനസ്സ് വീട്ടിലായിരുന്നു. പുറത്തേക്കിറങ്ങുമ്പോള്‍ പടിപ്പുരയില്‍ പതിവില്ലാതെ കിടക്കുന്ന പേപ്പര്‍ പുറത്തോ പീടികയിലോ കാണാനാവാത്ത അച്ഛന്‍ ഓര്‍ക്കും തോറും മനസ്സിനെ പിടിച്ചുനിര്‍ത്താവാനാതായി.ഹൃദയമിടിപ്പോടെ പടിപ്പുരകയറുമ്പോള്‍ നായര്‍ ചാരുകസേരയിലിരിക്കുന്നത് കാണാമായിരുന്നു.ഉള്ളിലേക്ക് കയറുമ്പോള്‍ അടുക്കളയില്‍ നിന്നും ലക്ഷ്മിയമ്മ പുറത്തേക്ക് വന്നു.

' നീ ..ന്താ.. രാവിലെ ദോശ കഴിക്കാതെ പോയത് '

‘ നേരത്തെ പോകേണ്ടീര്‍ന്നു , അച്ഛന്‍ വല്ലതും പറഞ്ഞോ അമ്മെ?’.

' ല്ലാ..ന്തേ? '

പതിവില്ലാതെ രാവിലെ താക്കോല്‍ മേശപ്പുറത്ത് കണ്ടതും , അച്ഛനെ എവിടേയും കാണാതിരുന്നതും എല്ലാം ഓര്‍ത്ത സേതുവിന് കാര്യങ്ങള്‍ ഏകദേശം പിടികിട്ടി. ഉറങ്ങാന്‍ കഴിയാതിരുന്ന അയളെ പിറ്റേന്ന് വൈകുന്നേരമായപ്പോളേക്കും കുറ്റബോധം കീഴ്പ്പെടുത്തി.ചാരുകസേരയില്‍ മയങ്ങിയിരുന്ന നായരുടെ അടുത്തേക്ക് സേതു മെല്ലെ നടന്നടുത്തു.

'ഉം.. ന്താ..'

' അച്ഛാ..അച്ഛെനെന്നോട് ക്ഷമിക്കണം...ഞാന്‍ അച്ഛെന്‍‌റ്റെ മേശവലിപ്പില്‍ നിന്നും അമ്പതുര്‍പ്പ്യ എടുത്തു..'

മുമ്പൊരിക്കലും കാണാത്ത ഒരച്ഛനെ കണ്ടു സേതു അപ്പോള്‍. സേതുവിന്‍‌റ്റെ തലയില്‍ നായര്‍ തലോടി.

' അത് സാരല്യ ഉണ്ണ്യെ.. അത് നിനക്ക് വേണ്ടി വെച്ചത് തന്നെയായിരുന്നു...'

പിന്നീട് പൈസ ചോദിക്കുമ്പോള്‍ നായര്‍ ചിരിക്കും.

' മേശയിലുണ്ട്...ആവശ്യത്തിനെടുത്തോളൂ'.

***********************************

ഓഫീസില്‍ നിന്നും വന്ന് ചായകുടിക്കാനിരുന്നപ്പോള്‍ കഴിക്കാനായി സാന്‍‌ഡ് വിച്ച് കണ്ട് സേതു അമ്പരന്നു.

'ഓ ഞാനില്ലാതെ നീ സൂപ്പര്‍ മാര്‍ക്കെറ്റില്‍ പോകാനും തുടങ്ങിയോ ? '

' കുഴിയെണ്ണണൊ സേതുവേട്ടാ....അപ്പം തിന്നാപ്പോരെ? '

പിറ്റെ ദിവസം ഹെഡോഫീസില്‍ പോകേണ്ടതിനാല്‍ വൈകിയാണ് വീട്ടിലെത്തിയേങ്കിലും ചായക്കൊപ്പം പലഹാരമായി സമൂസ്സ വെച്ചത് കണ്ടപ്പോള്‍ ഒന്നും മിണ്ടിയില്ലെങ്കിലും ചില സംശയം തോന്നിയതിനാല്‍ പതിവിലും നേരത്തെ ഓഫീസില്‍ നിന്നുമെത്തി. പലഹാരമൊന്നുമില്ലാതെ ചായ മാത്രം മേശമേല്‍ കണ്ടപ്പോള്‍ ചിരിച്ചു.

' ഉം..ഞാന്‍ പ്രതീക്ഷിച്ചത് തന്നെ ഇന്നൊന്നും കഴിക്കാനില്ലല്ലേ രേണു? '

ബാല്‍ക്കണിയിലെ സോഫയില്‍ മലര്‍ന്ന് കിടന്നിരുന്ന സേതുവിന്‍റെ കയ്യില്‍ എന്തോ തട്ടിയതറിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഉണ്ണി അടുത്ത് നില്‍ക്കുന്നു.

' ഡാഡി എന്നെ തല്ലുമോ '

ഏന്തൊക്കെയോ കേള്‍ക്കാന്‍ പ്രതീക്ഷകളോടെ സേതു മകന്‍‌റ്റെ കണ്ണുകളിലേക്ക് നോക്കി.

‘ ഇല്ല തല്ലില്ല ’

' ഞാന്‍ ഫൈവ് ദിര്‍ഹംസ് ഡേ ബിഫോര്‍ യസ്റ്റര്‍ഡെയും , ഇന്നലെയും ഡാഡിയുടെ പേഴ്സില്‍ നിന്നെടുത്തു... സ്കൂളില്‍ നിന്നും സനാക്സ് വാങ്ങി..സോറി'

' ഇറ്റ്സ് ഒ.കെ സാരമില്ല ട്ടോ'

ഉണ്ണിക്കേറ്റവും ഇഷ്ടമുള്ള കെ.എഫ്.സി. ഓര്‍ഡര്‍ ചെയ്ത് രേണുവിനൊപ്പം റ്റി.വി കണ്ടിരിക്കുമ്പൊള്‍ കോളിങ്ങബെല്ലടിച്ചു.

' ഉണ്ണീ.. കെ.എഫ്.സി. വന്നിരിക്കുന്നു..ഡാഡീടെ പേഴ്സില്‍ നിന്നും മണി എടുത്ത് കൊട്ക്ക്'.

Monday, August 28, 2006

നടനം

നാം നാമല്ലെന്ന് നിനച്ചാല്‍,
മരിക്കും നമ്മിലെ നാം.
നാമെന്ന് നിനച്ചാലോ,
നിനക്കും നടിക്കയെന്ന്.
നടിക്ക നമിക്കെന്ന് നാം,
നയിക്ക ജീവിതം സുഖം.

സ്വര്‍ഗ്ഗം

സ്വാര്‍ത്ഥമെന്നവനേകന്‍
ചത്താല്‍
പിന്നീടവിടമല്ലോ
സ്വര്‍ഗ്ഗമെന്നുണര്‍ത്തീടുക
മന്യാ

Saturday, July 29, 2006

അമ്പലംചാടി

ഞാനും അപ്പുണ്ണിയും ആറ്‌ എ യിലും രവി ആറു സി യിലുമായിരുന്നു.സമരമുള്ള ദിവസങ്ങളില്‍ ഹൈസ്കൂളിലെ കുട്ടികള്‍ അവരുടെ സ്കൂള്‍ വിടുവിച്ചതിന് ശേഷം ജാഥയായി വന്ന് ഞങ്ങളുടെ സ്കൂളും വിടുവിക്കാറാണ് പതിവ്. സമര ദിവസം സ്കൂള്‍ വിട്ടാല്‍ കുറച്ചുപേര്‍ മാത്രമാണ് വീട്ടില്‍ പോകുക, മറ്റുള്ളവര്‍ അവിടങ്ങളില്‍ കളിയും മറ്റും കഴിഞ്ഞ് വൈകീട്ടാണ് വീട്ടില്‍ പോകുക.

കോട്ടികളിയാണ് പ്രധാനമായുള്ള അന്നത്തെ വിനോദം, രണ്ടോ മൂന്നോ കോട്ടികൊണ്ട് വന്ന് വൈകീട്ട് വീട്ടില്‍ പോകുമ്പോള്‍ കളിയിലൂടെ നേടിയ കോട്ടികളാല്‍ രണ്ട് കീശയും നിറക്കുന്ന മിടുക്കന്‍ മാരുണ്ടായിരുന്നു പലരും. അന്നത്തെ സമരം ദിവസം എന്റെ കയ്യില്‍ കോട്ടികളുണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ കളിക്കാന്‍ കൂട്ടാതിരുന്നവരുടെ കളിക്കളത്തില്‍ മൂത്രമൊഴിച്ച് ഞാന്‍ രവിയേയും കൂട്ടി അപ്പുണ്ണിയുടെ വീട്ടിലേക്ക് നടന്നു.

ശിവന്‍‌റ്റമ്പലത്തിന് പിന്നിലാണു അപ്പുണ്ണിയുടെ വീട്‌. ഞങ്ങളോട് അമ്പലത്തിനടുത്ത് കാത്തുനില്‍‌ക്കാന്‍ പറഞ്ഞ് അപ്പുണ്ണീ അവന്‍‌റ്റെ വീട്ടിലേക്ക് പോയി. കുറെ സമയം കഴിഞ്ഞിട്ടും അവന്‍ വരാത്തതിനാല്‍ ഞാനും രവിയും‍ അമ്പലക്കുളക്കടവിലേക്ക്‌ നടന്നു. കുളത്തിനടിയില്‍ ചെറിയ മീനുകള്‍ നീന്തിത്തുടിക്കുന്നത് കണ്ടപ്പോള്‍ അവയെ പിടിക്കാന്‍ തുറന്ന ചോറ്റുപാത്രവുമായി ഞാന്‍ കുളത്തിലേക്കിറങ്ങി , ഓരോ പടികളിറങ്ങി അവസാനം അതിരു നീന്തലില്‍ കലാശിച്ചു. ഞങ്ങളുടെ അടുത്തേക്ക് വന്ന അപ്പുണ്ണിയുടെ കൂടെ അവന്‍‌റ്റെ അമ്മയുമുണ്ടായിരുന്നു. കുളത്തില്‍ കുളിച്ചുകൊണ്ടിരുന്ന എന്നെ കണ്ടപ്പോള്‍ അമ്മയുടെ മുഖം കറുത്തു:

" ഇ കുട്ടി എന്തായീകാണിക്കുന്നത്‌"

കുറച്ചപ്പുറത്ത് പശുവിനെ നോക്കിയിരുന്ന വാരസ്യാരിതുകേട്ട് അവരൊടെന്തോ സംസാരിച്ചു കുളത്തില്‍ നിന്നും ഞന്‍ കയറിയെങ്കിലും അമ്മയുടെ ദേഷ്യം മാറിയില്ല.

" അത്‌ സാരല്യ , കുട്ട്യല്ലെ"

വാരസ്യാരുടെ മയപ്പെടുത്തലിലൊന്നും അമ്മയെ സമാധാനിപ്പിക്കാനായില്ല അവര്‍ എന്തൊക്കേയോ ഉച്ചത്തില്‍ സംസാരിച്ച് അപ്പുണ്ണിയൊട്‌ വീണ്‍ടും ദേഷ്യപ്പെടുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ വീട്ടിലേക്കു പോകുമ്പോള്‍ ഞാനും‍ വല്ലാതെ അസ്വസ്ഥനായിരുന്നു. പിറ്റെ ദിവസം , ബാലന്‍ മാഷ് ക്ലാസെടുക്കാന്‍ എത്തുന്നതിനുമുമ്പെ പ്യുണ്‍ മണി ക്ലാസ്സില്‍ വന്നു, പരിഹാസത്തോടെ എന്നെ നോക്കി, ഓഫീസില്‍ വിളിക്കുന്നെന്ന് പറഞ്ഞു, കാര്യം ഏകദേശം പിടികിട്ടിയിരുന്നു. സ്റ്റാഫ്‌ റൂമില്‍ ഇന്ദിര ടീച്ചര്‍ , ബാലന്‍ മാഷ്‌ , രാധാകൃഷ്ണന്‍ മാഷ്‌ എല്ലാവരും കൂട്ടം കൂടിയിരുന്ന് എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്നു , മുറിക്കുള്ളിലേക്ക് കയറിയ എന്നെ എല്ലാവരും സ്വല്‍‌പ്പം അദിശയത്തോടേയും പരിഹാസത്തോടേയും നോക്കി:

" എവിടാര്‍ന്നെടാ ഇന്നലെ ഉച്ചക്ക്‌?" ബാലന്‍ മാസ്റ്റര്‍

"അപ്പുണ്ണീടെ വീട്ടില്‍... "

രാധാകൃഷണന്‍ മസ്റ്റര്‍ ,:

" നീ ഇന്നലെ അമ്പലക്കുളത്തില്‍ കുളിച്ചൊ?"

ഒന്നും മിണ്ടാതെ നിന്ന എന്നോട്‌ വാപ്പാനെ കോണ്ട് വന്നിട്ട് മതി ക്ലാസ്സെന്ന് പറഞ്ഞ് പുറത്ത്‌ ബെല്ലിനടുത്ത്‌ കൊണ്ട്പോയി നിര്‍ത്തി.സകൂളിന്റെ ഒരു കാവല്‍ക്കാരനെപ്പോലെ ഞാന്‍ ബെല്ലിനടിയില്‍ നിന്നു. വീട്ടില്‍ പറഞ്ഞാല്‍ ഭവിഷ്യത്തറിയുന്നതിനാല്‍ അറിയീക്കാതെ അടുത്ത ദിവസവും ഞാന്‍ ഇത് തുടര്‍ന്നു. ഓരോതവണയും ബെല്ലടിക്കാന്‍ മണി വരുമ്പോള്‍ പരിഹസിച്ച് ചിരിക്കും:" ന്താടാ , വാപ്പ വരില്ലേ?":

ഉപ്പ കോഴിക്കോടിനു പോയെന്ന്‌ പറഞ്ഞപ്പോള്‍ ഉമ്മാനെ കൊണ്ട് വന്നില്ലെങ്കില്‍ കാര്യം ഗൗരവമാകുമെന്നെന്നെ അറിയീച്ചു. പോകുന്ന അത്ര പോകട്ടെന്ന് കരുതി ഞാന്‍ വീണ്ടും പുറത്തുതന്നെ നിന്നത് ബാലന്‍ മാസ്റ്ററെ ചൊടിപ്പിച്ചു. വീട്ടിലേക്ക് വരാമെന്ന് സൂചിപ്പിച്ച് നില്‍ക്കുമ്പോള്‍ മാമയുടെ മകന്‍ സ്കൂളിലേക്കെന്നെ വിളിക്കാനായി വന്നു. സ്കൂളില്‍ എല്ലായിടത്തും അന്‍‌വേഷിച്ചവസാനം എന്നെകണ്ടെത്തിയ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍, ബാലന്‍ മാസ്റ്റര്‍ കാര്യമെല്ലാം മാമയുടെ മകനോട് പറഞ്ഞു. വേണ്ടത് ചെയ്യാമെന്നും പറഞ്ഞ് ഞങ്ങള്‍ ഗേറ്റിനടുത്തേക്ക് നീങ്ങുമ്പോള്‍ ഡിയിലെ സുരേഷ് വന്ന് ഞങ്ങളെ നോക്കി,

" ഇവനെയണൊ ങ്ങളു നോക്കീന്നത്‌...." അദിശയത്തോടെ തുടര്‍ന്നു,

" മന്തനലി , കാട്ടുപോത്ത്‌ , എന്നൊക്കെ മുമ്പെ ചോദിച്ചിരുന്നെങ്കില്‍ നേരത്തെ ത്തന്നെ കാണിക്കാമയിരുന്നു "

ഗേറ്റുകടന്ന് ഞങ്ങള്‍ പോകുമ്പോള്‍ ആദ്യമായി പിന്നില്‍ നിന്നും ഞാനാവിളികേട്ടു , " അമ്പലംചാടി"