Tuesday, December 27, 2011

അങ്ങിനെ ഒരു ഡിസംബർ കൂടിയാത്രയാവുന്നു!


ഒരു പക്ഷെ പന്ത്രണ്ട് മാസങ്ങളിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് / ഓർമ്മിക്കുന്നത് ജൂൺ ഡിസംബർ മാസങ്ങളാണ്. മഴമൂലം ഭാരതപ്പുഴ കവിഞ്ഞൊഴുകി പാടത്തേക്കും താഴെപറമ്പിലേക്കും വെള്ളം കയറിയാൽ പിന്നെ അന്നൊക്കെ ഉത്സവപ്രതീതിയാണ്. ഉണ്ണിപ്പിണ്ടികൊണ്ടുണ്ടാക്കിയ ചങ്ങാടയാത്രയും മറ്റും ജൂണീനെ ഓർമ്മപ്പെടുത്തുമ്പോൾ ബാംഗളോരിലെ ഒരു മാസക്കാലത്തെ ജീവിതവും അനുബന്ധവുമാണ് ഡിസംബറിനെ ഓർമ്മിപ്പിക്കുന്നത്.

ടൂറിസ്റ്റല്ലാതെ , കേരളത്തിനു പുറത്ത് മദ്രാസ്സ് മാത്രം കണ്ടിട്ടുള്ള ഞാൻ ഒരു ട്രെയിനിങ്ങിനാണ് ഡിസംബറിലെ കൊടും തണുപ്പിൽ ബാംഗളോർ ഐ.ടി.ഐ. ( ഇൻഡ്യൻ ടെലിഫോൺ ഇൻഡസ്റ്റ്രീസ്) യിലെത്തിയത്. തണുത്ത് വിറച്ച്, സിറ്റിയിൽ നിന്നും ബസ്സിൽ ഐ.ടി.ഐ ഗേറ്റിനുമുമ്പിലിറങ്ങി, സെക്യൂരിറ്റിയുടെ കയ്യിൽ പാലക്കാട് ഐ.ടി.ഐയിലെ ഉദ്യോഗസ്ഥന്റെ കത്തു കാണിച്ചു.

സെക്യൂരിറ്റിക്കാരൻ ജോലിക്കാരെ കടത്തിവിടുന്ന സമയമായതിനാൽ കാത്തുനിൽക്കാൻ പറഞ്ഞു. എല്ലാവരും യൂണിഫോമിനുമുകളിൽ അസ്സൽ കമ്പിളിയൊക്കെ പുതച്ച് നടന്നുപോകുമ്പോൾ ഞാൻ ഒരു ഷർ‌ട്ടും പാന്റ്സും കയ്യിലൊരു ബാഗും പിടിച്ച്, തണുത്ത് വിറച്ച് കൈകാൽ മുട്ടിടിച്ചു നിന്നു.

തണുത്തുവിറച്ചുള്ള എന്റെ നിൽ‌പ്പ് കണ്ട് സെക്യൂരിറ്റിക്കാരൻ ഇടക്കിടക്ക് ദയനീയമായി നോക്കുന്നുണ്ടായിരുന്നു, ജോലിക്കാരെ ഓരോരുത്തരായി ഉള്ളിലേക്ക് കടത്തിവിടൂന്നതിനാൽ അയാൾ കൈകൊണ്ട് ആങ്ങ്യത്തിൽ കാത്തുനിൽക്കാൻ വീണ്ടും ആവശ്യപ്പെട്ടു . അപ്പോഴാണെന്നെ സൂക്ഷിച്ചു നോക്കി സ്കൂട്ടറിൽ ഉള്ളിലേക്ക് പോയ ഒരാൾ യു-ടേണടിച്ചെന്റെ അടുത്തുവന്നത്, ’ മലയാളിയാണോ? എന്താ ഇവിടെ നിൽക്കുന്നത്?‘.

ഞാൻ വിവരമൊക്കെ പറഞ്ഞു. അയാൾ സെക്യൂരിറ്റിക്കാരനോടെന്തൊക്കെയോ പറഞ്ഞ് വീണ്ടും എന്റ്റെ അടുത്ത് വന്ന് സ്കൂട്ടറിൽ കയറ്റി ഉള്ളിലോട്ട് പോയി. അയാളുടെ ഓഫീസിൽ വെച്ച് ഒരു ചൂടുകാപ്പിയൊക്കെ കഴിച്ച് മറ്റൊരു കാബിനിലേക്ക് കൊണ്ടുപോയി. കത്തെല്ലാം വായിച്ചതിനുശേഷം അവിടെ കണ്ട മാനേജർ പ്രിന്സിപ്പലിന്റെ റിക്വസ്റ്റില്ലാതെ ട്രെയിനിങ്ങ് സാധ്യമല്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. എണ്ണിപ്പേറുക്കിയുള്ള ദിവസങ്ങളേയുള്ളൂ, അന്നൊരു വ്യാഴാശ്ച, വെള്ളികഴിഞ്ഞാൽ പിന്നെ ശെനിയും ഞായറും പ്രിൻസിപ്പലെ കാണാൻ സാധിക്കില്ല, മൂന്നാലുദിവസം പോകും, ഇതൊക്കെ ആലോചിച്ചപ്പോ എന്റെ വിറയൊക്കെ പോയി ശരീരം നല്ല ചൂടായി.

മാനേജറുടെ കേബിനിൽ നിന്നും പുറത്തിറങ്ങിയ ഞാൻ അവസാന ശ്രമം എന്ന നിലയിൽ അവിടെത്തന്നെ പണ്ട് എഞ്ചിനീയറായിരുന്ന മാമാടെപേരിലൊരു ശ്രമം നടത്തിനോക്കി, എന്നെ സ്കൂട്ടറിൽ കൊണ്ടുവന്ന കക്ഷിക്ക് മാമാനെ നല്ലവണ്ണം അറിയാമായിരുന്നതിനാൽ ശ്രമം വിജയിച്ചു. അയാൾ യൂണിയൻ സെക്രട്ടറിയുടെ പക്കൽ കൊണ്ടുപോയി, അയാളും പക്കാ മലയാളി ( നല്ലൊരു മലയളി നെറ്റ്വർക്കുണ്ടായിരുന്നു അന്നവിടെ).

പിന്നെ എല്ലാം പെട്ടെന്നായിരുന്നു, പല ഓഫറുകൾ, ജോലിക്കാർ‌ക്കും മറ്റും മാത്രം ലഭ്യമായ അമ്പതു പൈസക്ക് ഒരു മാസത്തേക്ക് ഹോസ്റ്റൽ, ഭക്ഷണത്തിനുള്ള കൂപ്പൺ ( വിലകേട്ടാൽ ഞെട്ടും!) തൃശ്ശൂർ പത്തൻസിൽ പന്ത്രണ്ട് രൂപയോ മറ്റോ ഉണ്ടായിരുന്നതിനേക്കാൾ ഉഗ്രൻ ഊണിന് പത്തുപൈസ! ഇതൊക്കെയാണെങ്കിലും പ്രിന്സിപ്പലിന്റെ കത്തുവേണമെന്ന് മാനേജർ കട്ടായം പറഞ്ഞു, യൂണിയൻ സെക്രട്ടറിയുടെ റെക്കെമെൻഡേഷനിൽ ട്രെയിനിങ്ങ് നടത്താമെങ്കിലും സർ‌ട്ടിഫിക്കറ്റ് തരാൻ സാധിക്കില്ലെന്നും അറിയിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല അന്നുതന്നെ തൃശ്ശൂരിലേക്ക് പോയി ലെറ്ററും കൊണ്ടൂവന്നു. അതുകണ്ടപ്പോൾ മൂപ്പർക്ക് സംശയം ‘ ഇതെങ്ങിനെ ഒപ്പിച്ചു?’ കേരളത്തിൽ പോയി ഒറ്റദിവസം കൊണ്ട് കത്ത് കൊണ്ടുവന്നതയാൾക്ക് വിശ്വാസമായില്ല. എന്തൊക്കെയായാലും സംഭവമെല്ലാം ശെരിയായി ട്രെയിനിങ്ങും തുടങ്ങി.

പിന്നെയുള്ള ദിവസങ്ങളായിരുന്നു ഏറ്റവും രസകരം‌ യൂണിയൻ നേതാവിന്റെ പേരിൽ ഒരു മാസം അവിടെ വിലസി. ഒരു മാസത്തെ ട്രെയിനിങ്ങ് ഷെഡൂളിൽ ഓരോ ഡിപാർട്ട്മെന്റിൽ പോകുമ്പോളും നല്ല സ്വീകരണം, ഇന്ന ആളുടെ ആളാണെന്ന പരിഗണനയോടെയുള്ള താത്പര്യം എല്ലാം ശെരിക്കുമാസ്വദിച്ചു. ഇതിനെക്കാളൊക്കെയുള്ളത് രാവിലെയുള്ള കാപ്പികുടിയായിരുന്നു, ഏഴുമണിക്ക് തണൂത്തുവിറച്ചാണോസ്റ്ററ്റിൽ നിന്നും വരിക. ആയിര(?) കണക്കിനെക്കർ സ്ഥലമുള്ള കമ്പനിക്കുള്ളീൽ ഓരോ കോർണറിലും ചെറിയ ക്യൂ കാണാം, അവിടെ ചെറിയ വണ്ടികളിൽ ചുടുചായയും ബ്രഡ്ഡും കിട്ടും. അഞ്ചുപൈസക്ക് രണ്ട് കാപ്പിയും ആറോ മറ്റോ സ്ലൈസ് ബ്രെഡ്ഡും ഓ! തണുത്ത് വിറച്ച് നിന്നുകൊണ്ട് ചൂടുള്ള ആ കാപ്പികുടിയുടെ സുഖം ഇന്നും ഡിസംബർ മാസത്തേ ഓർമ്മിപ്പിക്കുന്നു!

2 comments:

തറവാടി said...

അങ്ങിനെ ഒരു ഡിസംബർ കൂടിയാത്രയാവുന്നു!

പട്ടേപ്പാടം റാംജി said...

ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മയായിരിക്കും ഇതെന്നു തോന്നുന്നു.

പുതുവത്സരാശംസകള്‍.