Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Wednesday, March 17, 2010

കാണാക്കരങ്ങള്‍

" ന്താ കുട്ടാ ദ്‌ ഒന്നു മാറിനിക്കൂ , പാല്‌ തട്ടി പ്പൂവും"

അപ്പുവിന്‍റ്റെ കഴുത്തിലെ കയറില്‍ വലിച്ചുപിടിക്കുമ്പോള്‍ ഇടയില്‍ ചാടിയ മകനോട് അമ്മിണിയുടെ ശകാരം. മാളു അപ്പുവിനെ പ്രസവിച്ചിട്ടു അധികം നാളായിട്ടില്ല.

" എന്താണമ്മെ , അപ്പു പാവല്ലെ , അവന്‍റ്റെ പാലല്ലെ അമ്മ എടുക്കുന്നത്‌!"

കുട്ടന്‍റ്റെ പരാതി കേട്ട്‌ , വൈകുന്നേരം മാളുവിനെ കറക്കേണ്ടെന്ന്‌ അമ്മിണി തീരുമാനിച്ചു.

" അമ്മേ ദാ ഈ കുട്ടനെയൊന്നു വിളിക്കൂ..ഇല്ലെങ്കില്‍ ഈ പാലൊക്കെ തട്ടിക്കളയും"

“ കുട്ടാ, ങ്ങട്ട് പോന്നോളൂ , ദോശ കഴിച്ചാകാം ഇനി കളി ”

ദേവകിയമ്മ അടുക്കള വാതിലിലൂടെ തല പുറത്തേക്ക് നീട്ടി.

" മാളൂ , ഈയിടെയായി നീ വളരെകുറവ്‌ പാലാ തരുന്നത്‌ , ഇങ്ങനെയാണെങ്കില്‍ അപ്പുവിന്‍റ്റേതുകൂടി ഞാന്‍ ചന്ദ്രന്‍റ്റെ ചായപ്പീടികയില്‍ കൊടുക്കേണ്ടിവരും!!"

" അമ്മേ , സൈദാലിക്കാട്‌ നാളെമുതല്‍ പാലുണ്ടാകില്ലാന്നു പറഞ്ഞോളൂ , ഇതെന്നെ അപ്പൂന്‍റ്റെ വീതമാ..കുട്ടിയല്ലെ അവന്‍ "

പാല്‍ പാത്രവുമായി കുട്ടന്‍റ്റെ കയ്യും പിടിച്ചു നടക്കാന്‍ തുടങ്ങുമ്പോള്‍ ദേവകിയമ്മ ഒന്നിരുത്തിമൂളി.

" ന്താ ചേച്ചീ..വേണുവേട്ടനെണീറ്റില്ലെ? , പൊന്നാനിയില്‍നിന്നുമാണ്‌ ഇന്ന്‌ ലോഡെടുക്കേണ്ടത്‌ "
താഴെ റോഡില്‍നിന്നും മണി പടികള്‍ കയറിവരുമ്പോള്‍ ഇടക്ക് നിന്നു.ലോറിഡ്രൈവറായ വേണുവിന്‍റെ സഹായി യാണ് മണി.

" ദാ പ്പോ വിളിക്കാം , മണി കയറിരിക്കൂ "

കാക്കിയിട്ട് അകത്തുനിന്നും വന്ന വേണു ചുമരില്‍ തൂക്കിയ കണ്ണാടിയില്‍ നോക്കി പൌഡര്‍ ഇടുന്നത്‌ കണ്ട്‌ മണി‍ ഇരുത്തിമൂളി.

"ഓ..ജയനാണെന്നാ വിചാരം ...ന്‍‌റ്റെ വേണുവേട്ടാ ഒന്നു വേഗം വന്നെ , ഇന്നലെതന്നെ വൈകിവന്നതിനാല്‍ ശരിക്കുറങ്ങാന്‍ പറ്റിയില്ല"

അമ്മിണിയുടെ കയ്യില്‍നിന്നും ചോറ്റുപാത്രം വാങ്ങുമ്പോള്‍ ചെറുതായി കുലുക്കി നോക്കി.

" മീനുണ്ടോ ?"

" ന്നലേം ആ മീങ്കാരന്‍ വന്നില്ലന്നൈ"

" മീനൊക്കെ കടയില്‍നിന്നും കിട്ടും അതും നല്ല പൊരിച്ചത്‌ , ഒന്നു വരൂ ന്‍റ്റെ വേണുവേട്ടാ"

റോഡില്‍ നിന്നും നീങ്ങിയ ലോറി കണ്ണില്‍ നിന്നും മറയുന്നതുവനെ അമ്മിണി മുറ്റത്തുതന്നെ നിന്നു.
വയനാട്ടില്‍ നിന്നും തിരിക്കുമ്പോഴേ വേണുവിന്‍റ്റെ മനസ്സ്‌ അസ്വസ്ഥമായിരുന്നു. മണി ഒന്നു രണ്ട് തവണ ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. ലോഡൊന്നുമില്ലാത്തതിനാല്‍ വേഗതയിലാണ് വേണു ഓടിച്ചത്. പിറ്റേന്ന് കാണാമെന്ന് പറഞ്ഞ് മണിയെ പറഞ്ഞയച്ച് വേണു വീട്ടിലേക്ക് കയറി. മുറ്റത്ത് സൈദാലിക്ക ഇരിക്കുന്നു. വേണുവിന്‍‌റ്റെ അച്ഛനും സൈദലിക്കയുടെ ബാപ്പയും കൂട്ടുകാരാണ് , കുറച്ചപ്പുറത്താണ് സൈദാലിക്കയുടെ വീട്. പതിവില്ലാതെ അതും വൈകീട്ട് സൈദാലിക്കയെ വീട്ട് മുറ്റത്ത് കണ്ടപ്പോള്‍ വേണു പരിഭ്രാന്തനായി.

" ആ വേണു ..ജ്ജ്‌ വന്നോ, ബേജാറാവാനൊന്നുമില്ല , കുപ്പായം മാറ്റി വാ.."

മിനിഞ്ഞാന്ന്‌ താന്‍ പോയതിനു ശേഷം‍ അമ്മിണിയുടെ മൂക്കില്‍ നിന്നും രക്തം വന്നതും , ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തതുമെല്ലാം സൈദാലിക്ക പറഞ്ഞു. അമ്മ ആശുപത്രിയിലാണെന്നും കുട്ടന്‍ സൈദാലിക്കയുടെ വീട്ടിലാണെന്നുമൊക്കെ വേണു മനസ്സിലാക്കി.

" എല്ലാം പോയല്ലോ സൈദാലിക്കാ"

ആശുപത്രിയുടെ വരാന്തയില്‍ സൈദാലിക്ക കാലെടുത്തുവെച്ചതും , വേണു ഓടിവന്ന്‌ കെട്ടിപ്പിടിച്ചു
" ജ്ജെ ന്താ ന്‍റ്റെ വേണൂ ഇങ്ങനെ ആയാല്‍ , അസുഖമൊക്കെ എല്ലാര്‍ക്കും വരുന്നതല്ലെ , ഐനല്ലെ ആസ്പത്രികളുള്ളത്‌ , ആ കുട്ടിക്ക്‌ വെഷമാവുല്ലെ"

വേണുവിനെ പുറത്തുകൊട്ടി സമാധാനിപ്പിക്കുന്നതിനിടെ , അടുത്തായി നിന്ന മണിയേ നോക്കി.

" ഡോകറ്റര്‍ ന്താ പറഞ്ഞത്‌?"

" തുടക്കമാണത്രെ ...ചികിത്സ ഉടന്‍ തുടങ്ങണമെന്നും , ഇല്ലെങ്കില്‍ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നേക്കാമെന്നും പറഞ്ഞു”

"ജ്ജ്‌ ഇവിടെത്തന്നെ വേണം , ഞാന്‍ രാത്രി വരാം .., പാടത്താളുണ്ടൈ , ദാ ..ദ്‌ കയ്യില്‍ വെച്ചോ "

കാന്‍സര്‍ ഒരു പകര്‍ച്ചവ്യാധി ആണോ അല്ലയോ എന്നുള്ള വേണുവിന്‍റെ സഹോദരങ്ങളുടെയും അമ്മയുടെയും ചര്‍ച്ച എവിടെയുമെത്തിയില്ലെങ്കിലും , ഒരു കാര്യത്തില്‍ തീരുമാനമായി , അമ്മിണി വീട്ടില്‍ നിക്കാന്‍ പാടില്ല .
“ ഒരു പെണ്‍കുട്ടിയുള്ളതാണിവിടെ , അമ്മിണി വേണോങ്കി ഓള്‍ടെ വീട്ടില്‍ നിക്കട്ടെ , കുട്ടന്‌ ഇവിടെനിന്ന്‌ സ്കൂളില്‍ പോകാല്ലോ"

സൈദാലിക്കയുടെ ബാപ്പയുടെ ബാപ്പ ഉണ്ടക്കിയതാണവരുടെ തറവാട്. ആറു കൊല്ലമായി അടച്ചിട്ടിരിക്കുന്നു. മൂത്തമകന്‍ ഹംസ പുതിയ വീടു വെച്ചതില്‍പിന്നെ സൈദാലിക്കയും , മക്കളും അവിടേക്ക്‌ താമസം മാറ്റുകയായിരുന്നു. അടച്ചിട്ടിരിക്കുന്ന തറവാട്ടില്‍ ‍ പഴയ കുറെ സാധനങ്ങളും പിന്നെ പണിക്കാരുടെ പണിയായുധങ്ങളും ആണുള്ളത്‌.

എന്തൊക്കെയോ മനസ്സില്‍ കരുതി വീട്ടില്‍ കയറിയ സൈദാലിക്ക ഭാര്യയെ വിളിച്ചു.

" കൈജാ , ന്താ അന്‍‌റ്റെ അഭിപ്രായം , ഇപ്പോ ഓല്ക്കാരുല്ല , ആ ചെക്കന്‍ ത്രകാലം നോക്കീട്ട്‌ , ഒരസുകം വന്നപ്പോ , തള്ളേം കൂടി തള്ളി"

" ങ്ങളാരുടെ കാര്യാ പറയണത്‌ "

" മ്മടെ വേണൂന്‍റ്റെ കാര്യം , ഓന്‍ ഇപ്പോ വാടകക്ക്‌ വീട്‌ നോക്വാ , നമ്മടെ നാട്ടിലെവിടാടീ വാടകക്ക്‌ വീട്‌"

" ന്നാ പിന്നെ ങ്ങക്കോനോട്‌ ഞമ്മടെ തറവാട്ടില്‌ നിക്കാന്‍ പറഞ്ഞൂടേ , അവിടേണെങ്കില്‍ ആളനക്കവുമുണ്ടാകും"

സൈദാലിക്കയുടെ മുഖം തിളങ്ങി എങ്ങിനെ അവതരിപ്പിക്കും , എന്തൊക്കെ പ്പറയേണ്ടിവരും , എതിര്‍പ്പെന്തൊക്കെയാവുമെന്നൊക്കെയായിരുന്നു വീട്ടിലേക്ക് കയറുമ്പോള്‍ മനസ്സില്‍.
കുറച്ചുദിവസത്തിനു ശേഷം ആശുപത്രിയില്‍നിന്നും വേണുവും കുടുംബവും സൈദാലിക്കയുടെ തറവാട്ടിലേക്ക്‌ താമസം മാറ്റി. നാട്ടുപ്രമാണി മാധവന്‍റ്റെ മുന്നറിയീപ്പ്‌

" സൈദാലിക്കാ..ങ്ങളൊന്നൂടെ ആലോചിക്കുന്നതായിരിക്കും നല്ലത്‌ , പണ്ടത്തെകാലമല്ല"

തന്‍‌റ്റെ സ്വതവെയുള്ള ചിരിയോടെ സൈദാലിക്കാടെ മാധവനെ നോക്കി.

" മാധവാ , അനക്കും ഇനിക്കുമൊക്കെ എത്ര സ്ഥലം വേണം ഒന്നു നീണ്ടുകിടക്കാന്‍? ആറടി, അതു പോരെ ?"
ഇവരുടെ സംസാരം കേട്ടുനിന്ന സുലൈമാനിക്കയുടെ ചോദ്യം.

" പറയാന്‍ എളുപ്പമാ , നിങ്ങള്‍ മക്കളോടു ചോദിച്ചോ"

" എടോ സുലൈമാനെ ,ഞാന്‍ പറഞ്ഞാല്‍ മക്കള്‍ കേള്‍ക്കണം, പിന്നെ ആ വീട്‌ എന്‍‌റ്റെയാ , ആര്‍ക്കും ഒരവകാശവുമില്ല"

കാലങ്കുടയുടെ കമ്പി നിലത്തുകുത്തി സൈദാലിക്ക നടന്നുനീങ്ങി.

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു പ്രഭാതം.

കോളിങ്ങ് ബെല്ലിന്‍റെ ശബ്ദം കേട്ടുണര്‍ന്ന സൈദാലിക്ക വാതില്‍ തുറന്നു.
മുറ്റത്ത് വേണുവും അമ്മിണിയും.

“അല്ല വേണൂ , ജ്ജ് ന്ന് പണിക്കു പോയില്ലെ , അമ്മിണീ അന്നെപ്പോ വഴിക്കൊന്നും കാണാറേല്ലല്ലോ”

“ഇല്ല സൈദാലിക്ക , ഇന്നു പണിക്ക് പോയില്ല , വീട്ടില്‍തന്നെ കൊറച്ച് പണിണ്ട്”

“അല്ല ചോദിക്കാന്‍ വിട്ടു , എന്തായി അന്‍റെ വീടുപണി , നിക്കു വയ്യടോ അതോണ്ടാ അവിടേക്കൊന്നും വരാത്തതിപ്പോള്‍“

“ ഞങ്ങള്‍ കുടിയിരിക്കലിനു വിളിക്കാന്‍ വന്നതാ , നാളെ എല്ലാരും കൂടി വരണം ”

“എല്ലാ പണിയും‍ കഴിഞ്ഞോ അമ്മിണീ?”

ഉള്ളില്‍ നിന്നും കദീജുമ്മയുടെ അന്വേഷണം.

“ ഇല്ല ഉമ്മാ , തേക്കല്‍ ബാക്കിയുണ്ട് ”

“ ന്‍‌റ്റെ വേണൂ അതുകൂടി കഴിഞ്ഞിട്ടു പോരെ , അന്നെ ആരെങ്കിലും ഇറക്കിവിട്ടൊ ന്‍‌റ്റെ വീട്ടീന്ന്?”

“ അതൊക്കെ അങ്ങോട്ട് നടക്കും ഇക്കാ.”

“ഒക്കെ അന്‍റെ ഇഷ്ടം , ഞങ്ങള്‍ രാവിലെ വരാം”

ചായകുടിച്ചു പിരിയുമ്പോള്‍, വേണു തന്‍റെ കണ്ണുകള്‍ തുടക്കുന്നത് കദീജുമ്മ കണ്ടതായി നടിച്ചില്ല.

Tuesday, March 16, 2010

പാരകള്‍

വിമാനത്തില്‍ നിന്നും ഇറങ്ങിയ ഉടന്‍ എതിരേറ്റ ചൂടുള്ള കാറ്റ്‌ ചെറുതായൊന്നു നടുക്കി.തലേന്ന് ബാവ വിളിച്ചുപറഞ്ഞതുപോലെത്തന്നെ ഇടതുവശത്തായുള്ള കൗണ്ടറില്‍ നിന്നും വിസയും എടുത്ത് ഞാന്‍ എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നീങ്ങി. നാട്ടുകാരനും ബാല്യകാല സുഹൃത്തുമായ ബാവ പുറത്ത് കാത്തുനില്‍‌ക്കുന്നുണ്ടായിരുന്നു.

രാത്രി പതിനൊന്ന് മണിയാണെങ്കിലും പ്രകാശപൂരിതമായ ദുബായ് നഗരത്തിലൂടെ ബാവയുടെമുറിയിലേക്ക് പോകുമ്പോള്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരാറുള്ള അവന്‍ ഓരോരുത്തരെപ്പറ്റിയും വളരെ താത്പര്യത്തോടേ അന്വേഷിച്ചു. ചോദിച്ചവരില്‍ പലരേയും ഞാന്‍ കണ്ടിട്ട് ആഴ്ചകളായിരുന്നെങ്കിലും തലേന്നും കണ്ടതുപോലെ പറയാനേ തോന്നിയുള്ളൂ.

നാല് നിലയുണ്ടെന്ന് തോന്നുന്ന കെട്ടിടത്തിന് മുകളിലേക്ക് കയറിയ ഞങ്ങള്‍ ടെറസ്സിലെത്തിയാണ് നിന്നത്. കയറുമ്പോല്‍ എതിരെ വന്നിരുന്ന പലരും പരിച്ചിതരെപ്പോലെ ചിരിച്ചു. ബാവ ഞാന്‍ വരുന്ന വിവരം സര്‍‌വരേയും അറിയീച്ചിരിക്കുന്നു. ടെറസ്സില്‍ തന്നെയാണ് അടുക്കള രണ്ട് പേര്‍ അടുക്കളക്ക് പുറത്തായി ഭക്ഷണം കഴിക്കുന്നു.പത്തോളം കട്ടിലുകള്‍ നാലു വശങ്ങളിലായി ഇട്ടിട്ടുണ്ട്‌ താഴെ നടുഭാഗം കാലിയായിരിക്കുന്നു.

' തല്‍ക്കാലം ആ കാണുന്നകട്ടിലില്‍ കിടന്നോളൂ , അവിടത്തെ ആള്‍ ഒരാഴ്ച കഴിഞ്ഞേ വരൂ അപ്പോള്‍ എന്തെങ്കിലും ചെയ്യാം '

മറ്റൊരാളുടെ , അതും അറിയാത്ത ഒരാള്‍ ഉപയോഗിച്ച കട്ടിലില്‍ കിടക്കാന്‍ മനസ്സനുവദിച്ചില്ല.
' വേണ്ട ബാവേ ,' ഞാന്‍ ഇവിടെ കിടന്നോളാം '

ഒഴിഞ്ഞ നടുഭാഗമായിരുന്നു എന്‍‌റ്റെ മനസ്സിലെന്ന് ബാവക്ക മനസ്സിലായി.

' അവിടെയൊക്കെ ആളുകളുണ്ടല്ലോ ആ കട്ടില്‍ മാത്രമെ ഒഴിവുള്ളൂ , മാത്രല്ല അവിടെ കെടക്കാന്‍ അവസാനമേ പറ്റൂ ഭക്ഷണം കഴിക്കുന്ന സ്ഥലവുമാണത് '

*******************************

ദുബായില്‍ വന്നിട്ട് രണ്ടുമാസം കഴിഞ്ഞിരിക്കുന്നു.

' നീയ്യ് ബേജാറാവുകയൊന്നും വേണ്ടട്ടാ നമുക്കൊരു വിസിറ്റ്‌ കൂടി എടുക്കാം'

വളരെ അപ്രതീക്ഷിതമായി ലഭിച്ച ഇന്‍‌റ്റര്‍‌വ്യൂകോള്‍ ജോലി കിട്ടിയ സന്തോഷമാണുണ്ടാക്കിയത്. ഇന്‍‌റ്റര്‍‌വ്യൂവിന് വിളിച്ച സമയത്തിന് അര മണിക്കൂര്‍ മുമ്പെത്തന്നെ ഞാന്‍ കെട്ടിടത്തിനരികെ എത്തി.നാല് നിലയുള്ള കെട്ടിടത്തില്‍ ഏറ്റവും മുകളിലുള്ള ഓഫിസ്സിലായിരുന്നു ചെല്ലാന്‍ പറഞ്ഞിരുന്നത്. അടഞ്ഞികിടന്നിരുന്ന ഓഫീസില്‍ വാതില്‍ മെല്ലെ തുറന്ന് കയറി റിസപ്ഷനില്‍ ആരും ഇല്ലായിരുന്നതിനാല്‍ ഉള്ളിലുള്ള മറ്റു മുറികളിലേക്ക് കണ്ണോടിച്ചു.ഫോണില്‍ മലയാളത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ ഉള്ളിലേക്ക് വരാന്‍ കൈകൊണ്ടാഗ്യം കാണിച്ചു.

' yes '
' ഒരു ഇന്‍‌റ്റര്‍വ്യൂവിനു വിളിച്ചിരുന്നു അതിനു വന്നതാണ് '
' sit '

റിസപ്ഷനിനുള്ള കസേരകളിലേക്ക് അയാള്‍ കൈ ചൂണ്ടി.പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ അറബി വേഷവിധാനത്തിലൊരാള്‍ ഉള്ളിലേക്കു വന്നു. നാല്‍പതു വയസ്സോളം വരുന്ന അയാള്‍ എന്നോട് സലാം പറഞ്ഞ് അകത്തുള്ള മുറിയിലേക്കു പോയി. കുറച്ചുകഴിഞ്ഞപ്പോള്‍ മലയാളിയുടെ നിര്ദ്ദേശമനുസരിച്ച് ഞാന്‍ അരബിയുടെ മുറിയിലേക്ക് പ്രവേശിച്ചു.

നാടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമെല്ലാം അറിഞ്ഞതിനു ശേഷം ചെയ്യേണ്ട പണിയെക്കുറിച്ചും മറ്റും വിവരിച്ചതിന് ശേഷം പ്രതീക്ഷിക്കുന്ന ശമ്പളം ചോദിച്ചു.
' 3500 Dirham '

ഗള്‍ഫ് എക്സ്പീരിയെന്‍സില്ലാത്തതിനാല്‍ അത്ര തരാന്‍ അയാള്‍ തയ്യാറായില്ല. തുടക്കത്തില്‍ 3000 Dirham രണ്ട് മാസം കഴിഞ്ഞ് മുഴുവന്‍ തരാമെന്നും പറഞ്ഞ് പിറ്റേന്ന് ജോലിയില്‍ പ്രവേശിച്ചോളാന്‍ നിര്‍ദ്ദേശിച്ചു.

***************************
പിറ്റേന്ന് ഓഫീസ് സമയത്തിന് സ്വല്‍‌പ്പം മുമ്പെത്തിയപ്പോള്‍ തലേന്ന് കണ്ട മലയാളി അയാളുടെ സീറ്റിനരികിലേക്ക് വിളിച്ച് കുശലം ചോദിക്കാന്‍ തുടങ്ങി.

തോമസ് നാല് വര്‍ഷമായി ഈ കമ്പനിയില്‍ ജോലി തുടങ്ങിയീട്ട് , വളരെ നല്ല കമ്പനിയാണെന്നും അറബി നല്ലവനാണെന്നുമൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി.കോട്ടയം കാരനായ അയാള്‍ തുടക്കത്തില്‍ സെക്രട്ടറിയായിരുന്നു പിന്നെ ജോലികയറ്റം കിട്ടി അകൌണ്ടന്‍റ്റായെങ്കിലും അയാള്‍ വളരെ എഫിഷ്യന്‍‌റ്റ ആയതിനാലും സെക്രട്ടറിയുടെ പണിയും അയാള്‍ ചെയ്യുന്നതിനാലാണ് സെക്രട്ടറിയുടെ കസേര ഇപ്പോഴും ഒഴിഞ്ഞുതന്നെ കിടക്കുന്നതെന്ന് പറഞ്ഞു.പിന്നീടുള്ള തോമസിന്‍‌റ്റെ സംസാരം എനിക്ക് സത്യത്തില്‍ ഉള്‍ക്കൊള്ളാനാവുന്നതായിരുന്നില്ല.

ഞാന്‍ ദുബായില്‍ വന്നത് മണ്ടത്തരമായെന്നും , നാടായിരുന്നു നല്ലതെന്നും മാത്രമല്ല പഠിപ്പിലൊന്നും വലിയകാര്യമില്ല എല്ലാം ഒരു ഭാഗ്യമാണെന്നുമൊക്കെ അയാളുടെ സംസാരത്തോട് എനിക്കുള്ള താത്പര്യക്കുറവ് മനസ്സിലാക്കിയതിനാല്‍ അയാള്‍ കൂടുതല്‍ അത്തരം സംസാരത്തിലേക്ക് പോയില്ല.

താമസിക്കുന്ന സ്ഥലത്ത്‌ വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞുകൊണ്ടുതന്നെ ഒരു ചായ എന്‍‌റ്റെ മേശക്കു മുകളില്‍ വെച്ചു. കുടിക്കുന്നതിനിടെ എന്‍‌റ്റെ ശമ്പള വിവരങ്ങളടക്കം സര്‍‌വതും അയാള്‍ അറിഞ്ഞുകഴിഞ്ഞിരുന്നു.

' ഇന്നിനി ഇവിടെ ഇരിക്കെണ്ട മുറിയില്‍ പൊയ്ക്കോ നാളെ രാവിലെ ജോലിക്ക്‌ വന്നാല്‍ മതി ഞാന്‍ പറഞ്ഞുകൊള്ളം'

അത്രക്കിഷ്ടമായില്ലെങ്കിലും അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ മുറിയില്‍ പോയി. പിറ്റേന്ന് വെള്ളിയവധിയും കഴിഞ്ഞ് ഞാന്‍ ഓഫീസിലെത്തിയപ്പോള്‍ തോമസ് പുറത്ത് തന്നെ നില്‍‌പ്പുണ്ടായിരുന്നു.

' I want talk to you '

തോമസിന്‍‌റ്റെ ശബ്ദത്തിന്‍‌റ്റെ ഗൗരവം എനിക്കത്രക്ക് രസിച്ചില്ലെങ്കിലും അയാളോടൊപ്പം അയാളുടെ സീറ്റിനരികിലേക്ക് പോയി.

' താന്‍ പറഞ്ഞ അത്രയൊന്നുമില്ലാ തന്‍‌റ്റെ ശമ്പളം തനിക്കു തെറ്റിയതാണ് 1500 Dirhams ആണ് തന്‍‌റ്റെ ശമ്പളം'

തോമസിന്‍‌റ്റെ പെട്ടെന്നുള്ള വാക്കുകള്‍ എന്നെ ആശ്ചര്യപ്പെടുത്തി.

' തെറ്റിയതോ തോമസേട്ടന്‍ എന്താണീപ്പറയുന്നത്‌ അറബി എന്നോടെല്ലാം പറഞ്ഞുറപ്പിച്ചതാണല്ലോ'
' നാട്ടില്‍ കിട്ടുന്നതിന്‍റ്റെ ഇരട്ടിയാവാം ഇതിപ്പോ എട്ടിരട്ടി എന്നു പറഞ്ഞാല്‍ അതെങ്ങിനെ ശരിയാവും '

എനിക്ക് നാട്ടില്‍ കിട്ടിയ ശമ്പളവും ഇവിടെ തരാമെന്നേറ്റ സമ്പളവും തമ്മില്‍ ബന്ധപ്പെടുത്തുകയായിരുന്നു തോമസ്.ഒന്നും മനസ്സിലാകാത്തതു പോലെ മുഖത്തേക്കു നോക്കിയിരുന്ന എന്നെ പരിഹാസത്തോടെ തോമസ് നോക്കി.

' ഞാനൊക്കെ ഇവിടെ വന്നിട്ട്‌ നാലുകൊല്ലമായി എന്നിട്ടും എനിക്കത്ര കിട്ടുന്നില്ല എന്നിട്ടല്ലേ ഇന്നലെ വന്ന തനിക്ക് '
' അതിനെന്‍‌റ്റെ ജോലിയല്ലല്ലോ തോമസേട്ടാ താങ്കളുടെ '

എന്‍‌റ്റെ നീരസത്തിലുള്ള സംസാരം അയാളെ ചൊടിപ്പിച്ചു ,
' താനെന്താ സമരം ചെയ്യാന്‍ വന്നതാണോ? താനില്ലെങ്കില്‍ ആളുകള്‍ വേറെയുണ്ട്‌ പറ്റില്ലെങ്കില്‍ പൊയ്ക്കോ , ദാ തന്‍റ്റെ പാസ്പോര്‍ട്ട്‌ '

മറ്റൊരു വിസിറ്റ്‌ വിസ ബാവക്കുള്ള അധിക ചിലവ്‌ , ചൂടത്തുള്ള ജോലി തെരച്ചില്‍ ഇതൊക്കെ ഒരു മിന്നല്‍ പിണര്‍പോലെ മനസ്സിലേക്കു വന്നു.

' അപ്പോ രണ്ടുമാസം കഴിഞ്ഞു കൂട്ടാമെന്നു പറഞ്ഞതോ '
'രണ്ടുമാസമല്ല ഒരു കൊല്ലം കഴിഞ്ഞാല്‍ 2000 Dirham ആക്കിയേക്കും താന്‍ നന്നായി പണി ചെയ്താല്‍ , അയാള്‍ വരാറായി എന്താ തന്‍‌റ്റെ തീരുമാനം ? '

ഒന്നും മിണ്ടാതെനിന്ന ഞാന്‍ തോമസിന്‍‌റ്റെ മുഖത്ത് വന്ന വിജയ ഭാവം നോക്കിയിരുന്നു.
' ഇനി അറബിയോട് പണ്ടതു പറഞ്ഞു ഇതു പറഞ്ഞു എന്നൊക്കെ പറയാനുള്ള ഉദേശമുണ്ടെങ്കില്‍ അതു വേണ്ടെന്നിപ്പോഴെ പറഞ്ഞേക്കാം '
ആഫീസിലേക്ക് കയറിയ അറബിയുടെ പിന്നാലെ തോമസ്‌ അറബിയുടെ മുറിയിലേക്കു പോയി. അവര്‍ തമ്മിലുള്ള അടക്കിപ്പിടിച്ച സംസാരത്തിനിടയില്‍ അറബിയുടെ സംസാരം വ്യക്തമായി കേള്‍ക്കാമായിരുന്നു.

' OK good ..good '

പുറത്തേക്കു വന്ന തോമസിന്‍റ്റെ മുഖം ചിരിയില്‍ നിന്നും ഗൌരവത്തിലേക്കു മാറുന്നത് ഞാന്‍ നിരാശയോടെയും നീരസത്തോടെയും നോക്കിയിരുന്നു.ആറുമാസത്തിനു ശേഷം മറ്റൊരു കമ്പനിയിലേക്കും പിന്നീട് പലകമ്പനികളിലേക്കും ഞാന്‍ പ്രവേശിച്ചപ്പോഴെല്ലാം അവിടെയെല്ലാമുണ്ടായിരുന്നു.

തോമസുമാര്‍ , ഗണേഷനായിട്ടും , അഷറഫ് ആയിട്ടുമൊക്കെയായിരുന്നെന്ന് മാത്രം.

Sunday, March 14, 2010

വിയര്‍പ്പ്

'കൊച്ചുണ്ണ്യേരേ ങ്ങളാ രാഗവന്‍ അവിടേണ്ടെങ്കിലൊന്നു വരാന്‍ പറയണേ'

കോലായില്‍ ചാരുകസേരയില്‍ വിശ്രമിച്ചിരുന്ന സൈദാലിക്ക മുന്നോട്ടാഞ്ഞു.

തെങ്ങ് കയറ്റവും കവുങ്ങ്‌ കയറ്റവുമാണ് രാഘവന്‍‌റ്റെ പ്രധാനതൊഴില്‍ കാലങ്ങളായി സൈദാലിക്കയുടെ തെങ്ങ്‌ കയറ്റക്കാരന്‍. മറ്റുള്ളവരുടെ തെങ്ങ് കയറ്റമില്ലാത്തസമയങ്ങളില്‍ സൈദാലിക്കയുടെ പറമ്പില്‍ വെള്ളം നനക്കല്‍ , പീടികയില്‍ പോകല്‍ തുടങ്ങിയ ജോലികളൊക്കെ ചെയ്യുന്നതും അയാള്‍ തെന്നെയായിരുന്നു.
രണ്ട്‌ വര്‍ഷം മുമ്പ്‌ ഒരു മഴക്കാലത്ത്‌ രാഘവനെ ഒരു തെങ്ങുചതിച്ച തോടെ കുറെകാലം ആശുപത്രിവാസത്തിലായി , പിന്നീട് പണിക്കു പോകാന്‍ പാടില്ലെന്ന് ഡോക്ടര്‍‌മാര്‍ വിധിച്ചു.

' മാപ്ല വിളിച്ചോ? ’

‘ രാഘവാ ആ പീട്യേ പോയി രണ്ട്‌ കിലോ പഞ്ചാര വാങ്ങീട്ട് വാ ’

‘ പഞ്ചാരേ!, അപ്പോ ന്നലെ ടൌണീന്ന് വാങ്ങ്യ അഞ്ചുകിലോയോ? '

പുറത്തുനിന്നും കയറിവന്ന കദീജുമ്മ അതിശയപ്പെട്ടു

' ഇനീപ്പോ ന്താ വാങ്ങാനുള്ളത്? '

സൈദാലിക്കയുടെ ദയനീയമായ നോട്ടം കണ്‍ട് കദീജുമ്മ കണ്ട് രാഘവനെ നോക്കി ചിരിച്ചു.

' രാഘവാ ജ്ജ്‌ പോയിട്ടാ പോസ്റ്റാപീസിന്ന് പത്തുര്‍പ്പ്യെക്ക്‌ സ്റ്റാമ്പ്‌ വാങ്ങീട്ട്‌ വാ '

നടന്നുപോകുന്ന രാഘവനെനോക്കി കദീജുമ്മ വീടിനുള്ളിലേക്ക് നടന്നു.

' ങ്ങക്കോനെന്തെങ്കിലും കൊടുക്കണേങ്കി അതങ്ങു ചെയ്താപ്പോരെ, എന്തിനാ ഓരോന്ന് ചെയ്യിപ്പിച്ച് കൊടുക്കുന്നത്?

‘ അനക്കത്‌ മനസ്സിലാവുല്ലാ '

നെടുവീര്‍പ്പോടെ സൈദാലിക്ക കസേരയിലേക്കാഞ്ഞു.

Tuesday, February 16, 2010

ഗതാഗതം ഒരു യാഥാര്‍ത്ഥ്യം

"Time is 6 'O clock"


ശബ്ദം കേട്ടപ്പോള്‍ ജോണ്‍ ഓഫീസിലേക്ക് പോകാനായി തയ്യാറെടുത്തു.വീടിന് പുറത്തുള്ള കാര്‍ പോര്‍ച്ചിലെത്തിയപ്പോള്‍ ,കാര്‍ അല്‍‌പ്പം മുന്നോടീറങ്ങി ഡോര്‍ തനിയെ തുറന്നു. സീറ്റിന് മുന്നിലുള്ള സ്ക്രീനില്‍ തെളിഞ്ഞ വിവിധ മെനുകളിലെ 'Office' എന്നിടത്ത് വിരല്‍ തൊട്ടപ്പോള്‍ കാര്‍‌ നീങ്ങിത്തുടങ്ങി. പതിവ് പോലെ ചാഞ്ഞ് കിടന്ന് മയങ്ങി.

ശബ്ദം കേട്ടുണര്‍ന്ന ജോന് സ്ക്രീനിലേക്ക് നോക്കി.

" Road clear , do you want to increase speed? "

നിര്‍ദ്ദേശം കൊടുക്കുന്നതിനുമുമ്പെ ജോണ്‍, റോഡിലുള്ള സ്ഥാപിച്ചിട്ടുള്ള ഇന്‍‌റ്റലിജന്‍‌റ്റ് ട്രാഫിക്‌ സിഗ്നല്‍ ബോര്‍ഡില്‍ നോക്കി ഉറപ്പുവരുത്തി.

"Yes" വിരലമര്‍ത്തിയ ഉടന്‍ കാര്‍ വേഗത്തില്‍ ഓഫീസ്‌ ലക്ഷ്യമാക്കി ഓടി, കാര്‍ വല്ലാതെ ഉലഞ്ഞപ്പോളണയാള്‍ മുന്നിലെ സ്ക്രീനില്‍ ശ്രദ്ധിച്ചത്.

" collision detector of other car not working "

ജോണ്‍ വലതുവശത്തുകൂടി അമിതവേഗതയില്‍ പോയ കാറിനെ നോക്കി.

'കേടായാല്‍ ഇവനൊന്നും ശരിയാക്കികൂടെ?'

ചെറുതായി പെയ്യുന്ന മഴയും ആസ്വദിച്ചിരുന്നപ്പോള്‍ , സെക്രട്ടറി ഷേര്‍ളിയുടെ മുഖം സ്ക്രീനില്‍ തെളിഞ്ഞു.

' യെസ് ഷേര്‍ളി ''

' sir , you are requested to go branch office'

'O.K ഷേര്‍ളി'

250 കി.മി ദൂരെയുള്ള ബ്രാഞ്ച് ഓഫീസിലേക്ക് പോകുമ്പോള്‍ കീ പാഡുള്ള തന്‍റെ ഈ കാറിനു പകരം കമാന്‍‌ഡുകള്‍ ശബ്ദം കൊണ്ട് കൊടുക്കാനാവുന്ന , മോഡേണ്‍ ആയ ഓഫീഷ്യല്‍ കാറാണുപയോഗിക്കാറുള്ളത്. ജോണ്‍ ബ്രാഞ്ച് ഓഫീസ് നില്‍‍ക്കുന്ന സിറ്റിയുടെ പേര് സ്ക്രീനില്‍ ടൈപ് ചെയ്തു.

' enter road map number '

തന്‍‌റ്റെ കാറില്‍ ഇവിടെയുള്ള എല്ലാ സ്ഥലങ്ങളിലേക്കുമുള്ള റോഡ് മാപ്പ് സേവ് ചെയ്യാത്തതിലുള്ള പ്രശ്നം അപ്പോഴാണ് ജോണിന് മനസ്സിലായത്.മുമ്പൊരിക്കല്‍ ദൂരയാത്രക്ക് പോയ സുഹൃത്ത് തിരിച്ചുവരുമ്പോള്‍ മറ്റൊരു വഴിതിരഞ്ഞെടുത്തതും റോഡ് മാപ്പില്ലാതെ വഴിയില്‍ കുടുങ്ങിയതുമാണോര്‍മ്മവന്നത്. അതിനു ശേഷം രാജ്യത്തുള്ള എല്ലാ റോഡ് മാപ്പുകളും സിസ്റ്റത്തില്‍ സ്റ്റോര്‍ ചെയ്യാന്‍ ഉപദേശിച്ചു.

' ഏടാ , അതിനീ കാര്‍ കൊണ്ട് പുറത്തുള്ള സിറ്റികളില്‍ പോകാറില്ലല്ലോ '

'നീ ഒരിക്കല്‍ പഠിക്കും അപ്പോള്‍ സ്വയം എല്ലാം ചെയ്തോളും'

ട്രാഫിക് പോലീസില്‍ നിന്നും റോഡ് മാപ് നമ്പര്‍ മനസ്സിലാക്കി ജോണ്‍ സ്ക്രീനില്‍ അത് ടൈപ്പ് ചെയ്തു.

' please wait map down loading ' .

റോഡ് മാപ് സ്ക്രീനില്‍ തെളിഞ്ഞുകൊണ്ട് ഓടിത്തുടങ്ങിയ കാര്‍ കുറച്ചുദൂരം ചെന്ന് സ്വയം പാര്‍ക്ക് ചെയ്തപ്പോള്‍ , കാര്യമറിയാന്‍ ജോണ്‍ സ്ക്രീനില്‍നോക്കി.

' left side collision sensor not working , please check'

പുറത്തിറങ്ങിയ ജോണ്‍ ഇടത്തുവശത്തുള്ള ഡിറ്റക്ടറിലെ അഴുക്ക് തുടച്ച് വൃത്തിയാക്കി.പുറം കാഴ്ചകള്‍ നോക്കിയിരുന്ന ജോണ്‍ , ടോള്‍ ഗേറ്റിലൂടെ പോയപ്പോള്‍, “ 10 ഡോളര്‍ ടോള്‍ ഫീ ഡിഡക്റ്റഡ് ഫ്രം യുവര്‍ അകൌണ്ട്” എന്ന മെസ്സേജ് തെളിഞ്ഞു.തനിക്കൊപ്പം , തൊട്ടടുത്ത ട്രാക്കുകളില്‍ സമാന്തരമായി സഞ്ചരിച്ചിരുന്ന കാറുകളെ , വിന്‍‌ഡോയിലൂടേയും ,അതേ കാറുകളെ തന്‍‌റ്റെ മുന്നിലുള്ള സ്ക്രീനിലൂടെയും മാറി മാറി നോക്കി ജോണ്‍ യാത്ര തുടര്‍ന്നു.പെട്ടെന്നാണ് ചെറിയ സബ്ദത്തോടെ മുന്നിലെ സ്ക്രീനില്‍ തെളിഞ്ഞത് ,

' there is an accedent after 25km '

കാറിന് പുറത്തേക്ക്‌ നോക്കിയപ്പോള്‍ , റോഡില്‍ സ്ഥാപിച്ചിട്ടുള്ള ഇന്‍‌റ്റലിജന്‍‌റ്റ് ട്രാഫിക് സിഗ്നല്‍ ബോര്‍ഡിലും അതേ അറിയീപ്പ്‌ തെളിഞ്ഞിരുന്നു.ആക്സിഡന്‍‌റ്റിന്‍‌റ്റെ കാഴ്ചകള്‍ കാണാന്‍ സ്ക്രീനിലെ ചാനല്‍ മാറ്റിയ ജോണിന് ചെറിയ ആക്സിഡന്‍റാണെന്ന് മനസ്സിലായി , ചെറുതായി തിരക്ക് റോഡില്‍ അനുഭവപ്പെട്ടപ്പോള്‍ പണ്ട് കാലത്തുള്ള ഹൈവേ റോഡുകളിലെ ആക്സിഡന്‍റുകളെപ്പറ്റിയാണ് ഓര്‍ത്തത്.ചുരുങ്ങിയത് രണ്ട് മരണം , പിന്നെ മണിക്കൂറുകളോളം റോഡ് ബ്ലോക്കും.

' Do you want to change road? '

സ്ക്രീനില്‍ തെളിഞ്ഞ മെസ്സേജില്‍ കൂടുതലൊന്നും ആലോചിക്കാതെ ജോണ്‍ ' yes ' എന്ന ഭാഗത്ത് വിരലമര്‍ത്തി.സ്ക്രീനില്‍ പുതിയ മാപ് തെളിഞ്ഞതിനോടൊപ്പം കാര്‍ നീങ്ങിത്തുടങ്ങി.ഫോണ്‍ റിങ്ങ് കേട്ട ജോണ്‍‍ സ്ക്രീനില്‍ നോക്കി, റാണിയുടെ മുഖം തെളിഞ്ഞുവന്നു.

' ജോണ്‍ എവിടേക്കാ ഈ വഴിയില്‍ അതും നമ്മടെ കാറില്‍ , ബ്രാന്‍ച് ഓഫീസിലേക്കാണോ? '

' അതെ , എന്തെ വിളിച്ചത്‌ '

' ഈ കാറെടുത്തത് എന്തായാലും നന്നയി ,ന്യൂസ്‌ കണ്ടില്ലേ? , സിഗ്നല്‍ സിസ്റ്റത്തിനെന്തോ പ്രോബ്ലം വരാന്‍ സാധ്യതയുണ്ടെന്ന്?'

' ഇല്ല , ഞാനുറങ്ങുകയായിരുന്നു അതുകൊണ്ട് ന്യൂസ് ഓഫായിരുന്നു ,എന്തെ പെട്ടെന്നിങ്ങനെ? '

' ഇന്നലത്തെ ശക്തമായ മഴതന്നെ കാരണം, കഴിഞ്ഞ പത്ത് വര്‍ഷത്തില്‍‌ ഇത്ര അതിശക്തമായ മഴ ഉണ്ടായിട്ടില്ലത്രെ , വെള്ളം ടണലുകളിലും മറ്റും കയറിയെന്നും ഒക്കെ പറയുന്നു , ജോണ്‍ ന്യൂസ് ചാനല്‍ നോക്കൂ'

'നോക്കട്ടെ '

' ഫുള്‍ ആട്ടോമാറ്റിക് കാറുകള്‍ കഴിയുന്നതും റോഡിലിറക്കരുതെന്നാ നിര്‍ദ്ദേശം , ഈ കണക്കിന് നമുക്കിവനെ വില്‍‌ക്കേണ്ടട്ടോ ഇതിപ്പോ മാനുവല്‍ ആയും ഓടിക്കാലോ അല്ലെ ?'

'ഉം ഏത് റൂട്ടിലാണ്‌ പ്രശ്‌നമുണ്ടാകാന്‍ ചാന്‍സ്?'

' ഇതുവരെ എല്ലാറൂട്ടുകളും ഒ.കെ യാണ്‌ , മുന്നിലുള്ള സ്ക്രീനില്‍ നോക്കിക്കൂടേ ജോണ്‍?... ...പിന്നെ ഞാനിപ്പോള്‍ മോളെ സ്കൂളില്‍ നിന്നും എടുക്കും'

' അപ്പോള്‍ , അവളുടെ കാറോ?'

' സെല്‍ഫ് ഡ്രൈവിങ്ങിലിട്ടോളാം , തന്നെ വരട്ടെ'

' ശരി , ഫിക്സ് റോഡ് മോഡിലിഡേണ്ട , ഓടുന്ന റൂട്ടില്‍ വല്ല തടസ്സവുമുണ്ടായാല്‍ പിന്നെ വഴിയില്‍ കിടക്കും , നീ , ഓട്ടോ മോഡില്‍ ഇട്ടോളൂ , ഏതെങ്കിലും ക്ലിയറായ വഴിയില്‍ കൂടി വരട്ടെ , ഞാന്‍ , ഇവിടെനിന്നും സെറ്റ് ചെയ്യണോ'

' വേണ്ട ഞാന്‍ ചെയ്തോളാം, ന്നാ .....ശരി ബൈ '

കുറച്ച് ദൂരം പോയ കാര്‍ പാര്‍ക്ക് ചെയ്തപ്പോളാണ് ജോണ്‍ സ്ക്രീനില്‍ ശ്രദ്ധിച്ചത്.മെയിന്‍ റോഡ് അടച്ചിരിക്കുന്നെന്നും , മാനുവല്‍ ഡ്രൈവിങ്ങ് സം‌വിധാനമുള്ള കാറുകള്‍ക്ക് മാത്രം മുന്നിലേക്ക് പോകാമന്നും അറിയീപ്പ് കിട്ടി.

മാനുവല്‍ ഓപ്ഷന്‍ ഇല്ലാത്ത വശങ്ങളില്‍ പാര്‍ക്ക് ചെയ്ത് കാറുകളില്‍ നിന്നും ഇറങ്ങി ആളുകള്‍ ടാക്സിയില്‍ കയറുന്നത് കാണാമായിരുന്നു.ഇത്തരത്തിലൊരു സംഭവം പത്തു വര്‍ഷം മുമ്പ്‌ വരെ കാണാത്ത ജോണ്‍‍ , റോഡില്‍ നടക്കുന്ന കാര്യങ്ങള്‍ കൌതുകത്തോടെ നോക്കിനിന്നു. കാര്‍ മാനുവല്‍ മോഡിലാക്കിയപ്പോള്‍ തന്‍‌റ്റെ മുന്നില്‍ ഉയര്‍ന്നുവന്ന വളയം പിടിച്ച്‌ ഒരു തുടക്കകാരന്‍ ഡ്രൈവറെപ്പോലെ , അയാള്‍ കാറോടിക്കാന്‍ തുടങ്ങി. ഓഫീസില്‍ ചെന്ന് പെട്ടെന്ന് കാര്യങ്ങളെല്ലാം തീര്‍ത്ത് ജോണ്‍ വീട്ടിലേക്ക് തിരിച്ചു.തിരിച്ചു വരുന്ന വഴിക്ക്‌ സ്ക്രീനിലൂടെ , തന്‍‌റ്റെ ഹോം സിറ്റിയില്‍ സിഗ്നല്‍ കുറച്ചു നേരം തകരായതും അനുബന്ധ ന്യൂസുകളും, കാഴ്ചകളും കണ്ട്കൊണ്ടിരുന്നു.പതിവില്ലാതെ മകള്‍ പുറത്തുതന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു , അവളുടെ ജീവിതത്തില്‍ ആദ്യമായി കണ്ട കാര്യങ്ങള്‍ പറയാന്‍,

' ഡാഡീ , നമ്മുടെ ചാര്‍ളി അങ്കിള്‍ ഓഫീസീന്ന് വന്ന വരവ്‌ കാണണമായിരുന്നു'

'ഉം..എന്തുണ്ടായി'

'അങ്കിളിന്‍‌റ്റെ ആ പഴയ പാട്ട വണ്ടിയില്ലെ അതായിട്ടായിരുന്നു വരവ് , കൈ കൊണ്ട് തിരിച്ച്‌ , ആകെ തളര്‍ന്നിവിടെയും വന്നിരുന്നു'

റാണി മുന്നിലേക്ക് വന്ന് മകളെ നോക്കി ' നീ അധികം പറയണ്ട പണ്ട് നിന്റെ ഈ പപ്പയും അങ്ങിനെ തന്നെയാ കാറോഡിച്ചിരുന്നത്‌ '

' എന്ന്‌ , എന്നിട്ട് ഞന്‍ കണ്ടിട്ടില്ലല്ലോ'

' നീയെങ്ങിനേയാ മോളെ കാണുക , അതൊരു ഇരുപത് കൊല്ലം മുമ്പത്തെ കാര്യമാ, അന്നൊന്നും നീയില്ലാ'

എന്തോ ഒരത്ഭുതം‌ കേട്ടപോലെ ഇരുന്ന മകള്‍ തന്നോടത്‌ പറയാന്‍ ജോണിനെ നിര്‍ബന്ധിച്ചു.

'നിങ്ങള്‍ അപ്പനും മകളും പഴയ കാര്യമൊക്കെ പറഞ്ഞിരുന്നോ , ഞാനുറങ്ങാന്‍ പോകുകയാ'

'എല്ലാം ഞാന്‍ പറയാം ഇടക്ക് നീ തോക്കിനുള്ളില്‍ കയറി വെടിക്കില്ലാന്നുറപ്പ് തന്നാല്‍ മാത്രം.'

' ശരി അവസാനം വരെ ഞാന്‍ മിണ്ടില്ല'

വാഹനം കണ്ടുപിടിച്ച അന്ന്‌ തൊട്ടേ ഉള്ള ഒരു , പ്രശ്നമായിരുന്നു സുഗമമായ അതിന്‍റെ ഉപയോഗവും. വാഹനങ്ങള്‍ കൂടുന്നതിനനുസരിച്ച്‌ പോകാനുള്ള വഴികളുടെ എണ്ണം കൂടുന്നില്ല എന്നത് അപടകങ്ങള്‍ക്കും , സമയ നഷ്ടങ്ങള്‍ക്കും കാരണമായി തുടര്‍ന്നാണ് വാഹനങ്ങള്‍ ഓടിക്കാന്‍ ഒരു നിയമ സംഹിതവേണമെന്ന് ചിന്തിപ്പിക്കുകയും , ക്രമേണ ട്രാഫിക് നിയങ്ങളുണ്ടാക്കപ്പെടുകയും ചെയ്തത്.

ആദ്യ കാലങ്ങളില്‍ , ഗതാഗതം നിയന്ത്രിച്ചിരുന്നത്‌ ആളുകളായിരുന്നു. തിരക്കുള്ള , ഒന്നില്‍ കൂടുതല്‍ വഴികള്‍ കൂട്ടിമുട്ടുന്ന സ്ഥലത്ത് ഒരു പോലീസുകാരന്‍ കൈകൊണ്ടും വിസിലുകൊണ്ടും വാഹന ഗതാഗതത്തെ നിയന്ത്രിച്ചു. ലോകത്ത് ആദ്യമായി ട്രാഫിക് ലൈറ്റ് സ്ഥാപിച്ചത് , ലണ്ടനിലെ ഒരു ചെറിയ തെരുവില്‍ 1868 ല്‍ ആയിരുന്നു.

ആളുകള്‍ക്ക് റോഡ് മുറിച്ച് കടക്കാനും , ചെറിയ വാഗണുകള്‍ക്കുമായും വേണ്ടിയായിരുന്നു അത് സ്ഥാപിച്ചത്. ചുവപ്പും പച്ചയും ഉള്ള ആ ട്രാഫിക് ലൈറ്റ് , എണ്ണകൊണ്ട് പ്രവര്‍ത്തികുന്നതായിരുന്നു. , ചുവപ്പിന് “ സ്റ്റോപ്” എന്നും , പച്ചക്ക് “ കോഷന്‍“ എന്നുമായിരുന്നു അര്‍ത്ഥം. അടിലുള്ള ലിവര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ , 1869 ജനുവരി 2 ന് , പ്രസ്തുത ലൈറ്റ് പൊട്ടിത്തെറിച്ച് ഒരു പോലീസുകരന് പരിക്കേറ്റതോടെ ആ ലൈറ്റ് മാറ്റപ്പെട്ടു.

1920 ല്‍ വില്യം എല്‍ പോട്സ് എന്ന പോലീസുകാരനാണ് ആദ്യമായി ഇലക്ട്രിക് ബള്‍ബ് കൊണ്ടുള്ള ട്രാഫിക്‍ ലൈറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയത്.ജങ്ഷനുകളില്‍ മൂന്ന് നിറത്തിലുള്ള ഈ ലൈറ്റുകള്‍ ഓരോ റോഡിനും അഭിമുഖമായി നില്‍ക്കുന്നു.തൊട്ടടുത്തുള്ള ഒരു മുറിയിലിരിക്കുന്ന പോലീസുകാരായിരുന്നു ആ ലൈറ്റുകളെ നിയന്ത്രിച്ചിരുന്നത്.ജനലുവഴി ഇവര്‍ റോഡിലേക്ക് നോക്കി വാഹങ്ങള്‍ വരുന്നതനുസരിച്ച് ലൈറ്റുകള്‍ കത്തിക്കുകയും കെടുത്തുകയും ചെയ്താണ് ട്രാഫിക് നിയന്ത്രിച്ചിരുന്നത്.

കൈകള്‍ കൊണ്ട് സ്വിച്ചുകളെ ഓണും ഓഫും ആക്കി നിയന്ത്രിച്ച ഈ രീതി പക്ഷെ അധികം നാളുകള്‍ നിന്നില്ല. ഇരുപത്തിനാല് മണിക്കൂറുകളെ ക്രമമായി ഓരോ ലൈറ്റുകളെയും സ്വയം കത്തിച്ചും കെടുത്തിയും നിയന്ത്രിക്കുന്ന സര്‍ക്യൂട്ടുകള്‍ക്ക് ഈ സ്വിച്ചുകള്‍ വഴിമാറി.ഒരു നിശ്ചിത സമയം ലൈറ്റുകള്‍ കത്തി-കെടുത്തി വാഹനങ്ങളെ ഇത്തരം ട്രാഫിക് ലൈറ്റുകള്‍ നിയന്ത്രിച്ചു.ഇത്തരം സിസ്റ്റത്തിന്‍‌റ്റെ ഒരു പ്രധാന പ്രശ്നം , വണ്ടികളുണ്ടോ , ഇല്ലയോ എന്ന വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ , റോഡില്‍ വണ്ടിയില്ലെങ്കില്‍ പോലും ആ വഴി വണ്ടികള്‍ ഉണ്ടെന്ന തരത്തില്‍ തുറന്നിടുന്നു ( പച്ച നിറത്തില്‍ നിര്‍‌ത്തുന്നു) ഇത് അനാവശ്യമായി മറ്റു വണ്ടികളുടെ സമയം നഷ്ടപ്പെടുത്തി.

ഇത്തരം ജങ്ഷന്‍ ഒരു ഹൈവേയും ഒരു ചെറിയ റോടുമുള്ളതാണെങ്കില്‍ അനാവശ്യം ട്രാഫിക്ക് ജാമുകളുമൂണ്‍ടാക്കി.അതായത് ഒരു മുഴുവന്‍ ഗതാഗത നിയന്ത്രണത്തിന്റെ ഉയരത്തിലെത്താത്ത ഈ സിസ്റ്റത്തിനെ " ഫിക്സഡ് മോഡ് ട്രാഫിക് സിസ്റ്റം , fixed mod traffic system " എന്നു പറയും. കേരളത്തിലെ മിക്ക സിറ്റികളിലും , 2000ആ മാണ്ടിന്‍റെ തുടക്കങ്ങളിലും ഇത്തരം സം‌വിധാനമാണുണ്ടായിരുന്നത്.

ഇത്‌ , ഇത്തരം അപ്രധാന പാതകളില്‍ വാഹനങ്ങള്‍ വന്നതറിയാനായി " സെന്സറുകള്‍" സ്ഥാപിക്കാനും , അങ്ങിനെ എപ്പോഴെങ്കിലും ഒരു ഒരു വാഹനം വന്നു നിന്നാല്‍ അതിനെ കടത്തിവിടാന്‍ മാത്രം പ്രധാന പാത ചുവന്ന ലൈറ്റ് കത്തിച്ച്‌ തടയുന്നു ഈ പുതിയ രീതിയാകട്ടെ ഇത്തരത്തിലുള്ള " ട്രാഫിക് ജാമുകള്‍" ഒഴിവാക്കാനും സാധിച്ചു. മാത്രമല്ല ആളുകള്‍ക്ക് കടക്കാന്‍ വേണ്ടി , ഇത്തരം ജങ്ക്ഷനുകളില്‍ ഇലക്റ്റ്റിക് സ്വിചുകളും സ്ഥപിച്ചു.ഏതെങ്കിലും ഒരാള്‍ക്ക് റോഡ് മുറിച്ചുകടക്കണമെങ്കില്‍ ഈ സ്വിച്ച് ഞെക്കിയാല്‍ , എല്ലാ പാതകളും കുറച്ച്‌ നേരത്തേക്ക് അടക്കപ്പെടുകയും ആള്‍ക്ക് നടന്നുപോകുകയുമാകാം.

ഈ സിസ്റ്റത്തെ , : 'semi activated traffic system' എന്ന് പറയുന്നു. എന്നാല്‍ ക്രമേണ എല്ലാപാതകളും ഇത്തരത്തില്‍ സെന്‍സറുകള്‍ സ്ഥാപിച്ചത്‌ ഇലക്ട്രിക് ട്രാഫിക് സിസ്റ്റത്തിന്റെ പ്രാവര്‍ത്തന ക്ഷമത വീണ്ടും കൂട്ടാന്‍ കഴിഞ്ഞ ഇതിനെ "ആക്റ്റിവേറ്റഡ് ട്രാഫിക് സിസ്റ്റം" എന്നാണറിയപ്പെട്ടത്.അതായത്‌ ഏത്‌ റോഡിലാണോ ആദ്യം വാഹനം വന്നത്‌ , ആ വാഹനത്തിന്‌ ആദ്യം കടന്നു പോകാന്‍ ഈ സിസ്റ്റത്തിനാകുന്നു.

2000 ആ മാണ്ടിന്‍റെ തുടക്കകാലങ്ങളില്‍ ദുബായിലും അതു പോലുള്ള വലിയ സിറ്റികളിലും ഈ രണ്ട് സിസ്റ്റങ്ങളണ്‌ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.ഈ ട്രാഫിക്‍ സിസ്റ്റംസിനെ യൊക്കെ പുറം തള്ളിക്കൊണ്ട്, റോഡുകളിലും , ജങ്ക്ഷനുകലിലും ഒക്കെയും , സെന്‍സറുകളും , ക്ലോസ്ഡ് സര്‍ക്യൂട് കാമറകളും , ടി.വി.യും , ഡിസ്പ്ലേ ബോര്‍ഡുകളും , ഇമേജ് പ്രോസസ്സിഡ് / വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ സം‌വിധാനവും , ഫസിലോജികും എല്ലാം സം‌യുക്തമായുപയ്യോഗിച്ച് ഒരു വളരെ ശക്തമായ ഒരു ട്രാഫിക് സിസ്റ്റം നിര്‍മ്മിക്കപ്പെട്ടു ഇത്

' ഇന്‍റലിജന്‍സ് ട്രാഫിക് സിസ്റ്റംസ് ' എന്നറിയപ്പെട്ടു.

ഈ സം‌വിധാനത്തിന്‍റെ ഒരു ആദ്യ ഭാഗം , 2006 ഓടെ ദുബായിലെ ചില മെയിന്‍ പാതകളില്‍ സ്‍ഥാപിക്കപ്പെട്ടു. 2006 ല്‍ ഉണ്ടായിരുന്ന ഈ സം‌വിധാനത്തിന്‍റെ പരിധി വളരെ കുറവായിരുന്നു. റോഡില്‍ നടക്കുന്ന കാര്യങ്ങള്‍ തത്സമയത്ത് ഡ്രൈവര്‍മാരെ അറിയീക്കാന്‍ തക്കമൊന്നും അന്നത്തെ കമ്മ്യുണികേഷന്‍‍ വികസിച്ചിരുന്നില്ല. റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന കേമറകളില്‍ നിന്നും വിവരങ്ങളറിഞ്ഞ് , അത് റോഡിലുള്ള ഡിസ്പ്ലെ യൂണിറ്റികളില്‍ കാണിക്കുക , മറ്റ് റോഡുകളിലുള്ള തിരക്ക് അറിയീക്കുക , ജങ്ക്ഷനുകളില്‍ കാത്ത് നില്‍ക്കുന്ന വാഹനങ്ങളുടെ എണ്ണമനുസരിച്ച് , നിശ്ചിത റോഡ് കൂടുതല്‍ സമയം ക്ലിയര്‍ ( പച്ച ലൈറ്റ് കത്തിക്കുക) ആക്കുക , ആട്ടോമാറ്റിക് ആയി റ്റോള്‍ പണം പിരിക്കുക ഇത്തരത്തിലുള്ള വളരെ ചുരുങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമാണ് ആദ്യകാലത്ത് ഈ സം‌വിധാനം ഉപയോഗിക്കപ്പെട്ടത്.

എന്നാല്‍ , കൊളിഷന്‍ ഡിറ്റക്ഷന്‍ വളരെ വിലയുള്ള കാറുകളില്‍ മാത്രമുണ്ടായിരുന്ന 2000 ആ മാണ്ടിന്‍റെ തുടക്കത്തില്‍ , ക്രമേണ , ഇത് എല്ലാ വണ്ടികളിലും സ്ഥാപിക്കാന്‍ തുടങ്ങിയത് വണ്ടികള്‍ ഡ്രൈവറില്ലാതെ ഒരു 'full automatic' കാറുകളുടെ നിര്‍മ്മാണം ദ്രുതഗതിയിലാക്കി.

ഫസ്സി ലോജിക്കിന്‍റെ ഡവലപ്മെന്‍റും , കമ്മ്യൂണിക്കേഷന്‍റേയും കമ്പൂടറുകളുടെ സം‌യോജനവും , ഓപ്റ്റികല്‍ കമ്യൂണികേഷന്‍റെ കടന്ന് കയറ്റവും / പിന്നീടുണ്ടായ ട്രാഫിക് സം‌വിധാനത്തിന്‍റെ പുരോഗതി ദ്രുതഗതിയിലാക്കി. ജോണ്‍ മോളെ വിളിച്ചെങ്കിലും അവള്‍ ഉറങ്ങാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായത് ജോണ്‍ അറിഞ്ഞിരുന്നില്ല.

Thursday, September 14, 2006

തലമുറ

'കൌസല്യാ...നമോസ്തുതേ....'
സുപ്രഭാതം കേട്ടുണര്‍ന്ന സേതു , അഴിഞ്ഞ് കിടന്ന മുണ്ട് ചുറ്റിയുടുത്ത് മേശപ്പുറത്ത് വെച്ചിരുന്ന ചൂടാറിയ ചായ ഒറ്റ വലിക്ക് കുടിച്ചുതീര്‍ത്ത് പുറത്തേക്കിറങ്ങി. കുളി കഴിഞ്ഞ് ഷര്‍ട്ടെടുത്തിടുന്നതിനിടെ ജനലിലൂടെ പടിപ്പുരയിലേക്ക് കണ്ണോടിച്ചു.

' ശ്രീധരേട്ടാ..പ്പോ വരാട്ടോ..'

കുഴപ്പമില്ലെന്നര്‍ത്ഥത്തില്‍ ശ്രീധരന്‍ കൈകൊണ്ട് വീശിക്കാണിച്ചു. ബസ്സ് കൂലി അച്ഛനോട് വാങ്ങി വെക്കാന്‍ തലേദിവസം ഏല്‍പ്പിച്ചിരുന്ന കാര്യം ഉണര്‍ത്തിയത് കേട്ട് പതിവ് പോലെ ലക്ഷ്മിയമ്മ കൈമലര്‍ത്തി.

' അയ്യോ ഞാന്‍ മറന്നല്ലോ , പോകുന്ന വഴി നീയ്യ് അച്ഛന്‍‌റ്റെയടുത്തൂന്ന് വാങ്ങിക്കോളൂ'

' കഷ്ടാണ്ട്ടോ ഇത് ... ഇനി ന്തെല്ലാം കാണണമെന്നറിയുമോ അമ്മക്ക് '

പടിപ്പുരയുടെ ചുമരില്‍ കാല്‍ വെച്ച്, ചാരി നിന്നിരുന്ന ശ്രീധരനോട് മറ്റുള്ളവരൊക്കെ എവിടെ എന്ന അര്‍ത്ഥത്തില്‍ നോക്കിയപ്പോള്‍ , സ്വതവെയുള്ള ചിരി.

' ഞാന്‍ ഇന്ന് നേരത്തെ എണീറ്റു , പിന്നെയിങ്ങ് നടന്നു'

' നല്ല പണിയാ ശ്രീധരേട്ടന്‍ ചെയ്തത് , ഞങ്ങള്‍ അവിടെ കാത്ത് നിക്ക്വായിരുന്നു'

പരാതിയില്‍ എന്നും മുന്‍പന്തിയിലായ രാജു ദൂരേന്ന് നടന്ന് വരുന്നു, കൂടെ ഖാദറും , സുലൈഖയും , ശിവനും.സേതുവും , സുലൈഖയും ഒന്നാം കൊല്ലം ഒരേക്ലാസില്‍ ; ശിവനും , ഖാദറും രണ്ടാം കൊല്ലം ; അവസാന വര്‍ഷം എം.എ. ക്ക് പഠിക്കുന്ന ശ്രീധരനാണ് നേതാവ്.ഒരു കൊല്ലത്തോളമായി ഇവരുടെ ഈ പതിവ് തുടങ്ങിയിട്ട്. നാല് കിലോമീറ്റര്‍ ദൂരെയുള്ള ബസ് സ്റ്റോപ്പ് വരെ ഒരുമിച്ചാണ് യാത്ര. ഏകദേശം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയില്‍ ആകാശത്തിന് താഴെയുള്ള എന്തിനെ ക്കുറിച്ചും സംസാരിക്കും , ചര്‍ച്ചചെയ്യും , തര്‍ക്കിക്കും.എന്നെങ്കിലും രാഷ്ട്രീയം വിഷയമായാല്‍ അന്ന് ചര്‍ച്ചക്ക് ചൂട് വളരെ കൂടുതലായിരിക്കും. വിഷയം എന്ത് തന്നെയായാലും ഒന്നും സംസാരിക്കാതെ ചിരികൊണ്ട് മാത്രം , സുലൈഖയും അവരുടെ സംവാദങ്ങളില്‍ സജീവമായിത്തന്നെ പങ്കെടുക്കുമായിരുന്നു.


ചന്ദ്രേട്ടന്‍റെ ചായപ്പീടികയില്‍ പേപ്പര്‍ വായിച്ചിരിക്കുന്ന അച്ഛനെ ദൂരെ നിന്നു തന്നെ സേതു കണ്ടു , കൂടെ മമ്മദുക്കയും , അവറാനും , കുഞ്ഞനും ഒക്കെയുണ്ട്.രാവിലെ വീട്ടില്‍ വരുന്ന മലയാള മനോരമ മുഴുവന്‍ വായിച്ച് , ചായയും കുടിച്ച് ചന്ദ്രന്‍റെ പീടികയില്‍ പോകും. പീടികയിലെ മാതൃഭൂമിയും , പീടികക്ക് മേലെയുള്ള ക്ലബ്ബിലെ ചന്ദ്രികയും , ദേശാഭിമാനിയും വായിച്ച് , കടുപ്പത്തിലുള്ള ചായയും കുടിച്ച് ഒമ്പത് മണിക്ക് നേരെ പറമ്പില്‍ പണിക്ക് പോയാല്‍ തിരിച്ച് വരവ് ഉച്ചക്ക് ഊണ് കഴിക്കാന്‍ , ഒന്ന് മയങ്ങി വീണ്ടും പറമ്പിലേക്ക് തിരിച്ച് വരവ് വൈകുന്നേരം ആറ് മണിയോടെ.

ഇടക്ക് പറമ്പില്‍ പണിക്കാര്‍ കൂടുതലാണെങ്കില്‍ ഉച്ചക്കുള്ള കഞ്ഞി പറമ്പിലെത്തിക്കേണ്ടത് ലക്ഷ്മിയമ്മയുടെ ചുമതല കാലങ്ങളായുടെ നായരുടെ പതിവ്.പിന്നില്‍ ചെന്ന് നിന്ന് താന്‍ വന്നതറിയീക്കാനായി സേതു മെല്ലെ ചുണ്ടനക്കി.

'ഉം...ന്താ...'

' അച്ഛാ.. ബസ്സ് കൂലി'

'അപ്പോ ന്നാള് തന്നത് കഴിഞ്ഞോ' ,

കോളേജില്‍ പോകാന്‍ മുപ്പത്തഞ്ച് പൈസ , തിരിച്ചിങ്ങോട്ട് മുപ്പത്തഞ്ച് പൈസ.എല്ലാതിങ്കളാഴ്ചയും 2 രൂപ , പിന്നെ ബുധന്‍ ഒന്നര രൂപ , ഇതാണ് നായരുടെ കണക്ക്. ചില സമയങ്ങളില്‍ രണ്ട് ബസ്സുകളിലായി ഇടക്കിറങ്ങിയാണ് യാത്രയെങ്കില്‍ നാല്‍‌പ്പത് പൈസ യാകും. ഇതിനെ ചൊല്ലി പല തവണ കണക്കുപറച്ചില്‍ വന്നതോടെ , തരുന്നത് വാങ്ങുക എന്ന രീതിയാക്കി.സഹചാരിയായ മമ്മദ്ക്ക മുന്നോട്ടാഞ്ഞു.

' ങ്ങളാ കുട്ടിയെ മക്കാറാക്കാണ്ടെ പൈസ കൊട്ക്കീന്ന് '

' ഉം നി ..ഒരാഴച്ത്തേക്ക് ചോദിക്കരുത്'

മലമ്പുഴയിലേക്കുള്ള വിനോദയാത്രക്ക് അമ്പതുരൂപയാണ് ഫീസായി കൊടുക്കേണ്ടത്.വൈകുന്നേരം കുളികഴിഞ്ഞ് വിശ്രമിക്കുന്ന നായരുടെ ചാരുകസേരക്ക് പിന്നിലായി പിന്നിലായി ലക്ഷ്മിയമ്മ പതുങ്ങിനിന്നു.

' അതെയ്....സേതൂനെന്തോ പറയണംന്ന്.'

' അച്ഛാ...നിക്കൊരു അമ്പതുറുപ്പിക വേണം , കോളെജില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്നുണ്ട് '

' അമ്പതുറുപ്പ്യേ...ന്താ..പണം കായ്ക്കണ മരണ്ടോ വ്ടെ...മിണ്ടാണ്ടിരുന്നോ...' ,

കുളിക്കാന്‍ പോയ തക്കത്തിന് , നായരുടെ മുറിയിലുള്ള പൂട്ടിയ അലമാര രണ്ടുതവണ ശ്രമിച്ചെങ്കിലും തുറക്കാന്‍ സേതു ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റെ ദിവസത്തെ ശ്രമവും പരാജയപ്പെട്ടപ്പോള്‍ വിനോദയാത്ര നടക്കില്ലാന്ന് തന്നെ ഉറപ്പിച്ചു.താക്കോല്‍ മേശമേലിരിക്കുന്നത് കണ്ട് കൂടുതലൊന്നും ആലോചിക്കാതെ സേത് മേശ തുറന്നു. ഒരമ്പതിന്‍റെയും , മൂന്ന് പത്തിന്‍റെയും നോട്ടുകളില്‍ അമ്പതിന്‍റെ നോട്ട് പോക്കറ്റിലിട്ട് പുറത്തേക്കോടി.

ചന്ദ്രന്‍‌റ്റെ ചായപ്പീടികയിലേക്കും പരിസരത്തേക്കും കണ്ണോടിച്ചെങ്കിലും നായര്‍ അവിടെയൊന്നും ഉണ്ടായിരുന്നില്ല.പാലക്കാടും , മലമ്പുഴയിലും ക്ലാസ്സിലെ കുട്ടികളൊപ്പം നടക്കുമ്പോളും സേതുവിന്‍‌റ്റെ മനസ്സ് വീട്ടിലായിരുന്നു. പുറത്തേക്കിറങ്ങുമ്പോള്‍ പടിപ്പുരയില്‍ പതിവില്ലാതെ കിടക്കുന്ന പേപ്പര്‍ പുറത്തോ പീടികയിലോ കാണാനാവാത്ത അച്ഛന്‍ ഓര്‍ക്കും തോറും മനസ്സിനെ പിടിച്ചുനിര്‍ത്താവാനാതായി.ഹൃദയമിടിപ്പോടെ പടിപ്പുരകയറുമ്പോള്‍ നായര്‍ ചാരുകസേരയിലിരിക്കുന്നത് കാണാമായിരുന്നു.ഉള്ളിലേക്ക് കയറുമ്പോള്‍ അടുക്കളയില്‍ നിന്നും ലക്ഷ്മിയമ്മ പുറത്തേക്ക് വന്നു.

' നീ ..ന്താ.. രാവിലെ ദോശ കഴിക്കാതെ പോയത് '

‘ നേരത്തെ പോകേണ്ടീര്‍ന്നു , അച്ഛന്‍ വല്ലതും പറഞ്ഞോ അമ്മെ?’.

' ല്ലാ..ന്തേ? '

പതിവില്ലാതെ രാവിലെ താക്കോല്‍ മേശപ്പുറത്ത് കണ്ടതും , അച്ഛനെ എവിടേയും കാണാതിരുന്നതും എല്ലാം ഓര്‍ത്ത സേതുവിന് കാര്യങ്ങള്‍ ഏകദേശം പിടികിട്ടി. ഉറങ്ങാന്‍ കഴിയാതിരുന്ന അയളെ പിറ്റേന്ന് വൈകുന്നേരമായപ്പോളേക്കും കുറ്റബോധം കീഴ്പ്പെടുത്തി.ചാരുകസേരയില്‍ മയങ്ങിയിരുന്ന നായരുടെ അടുത്തേക്ക് സേതു മെല്ലെ നടന്നടുത്തു.

'ഉം.. ന്താ..'

' അച്ഛാ..അച്ഛെനെന്നോട് ക്ഷമിക്കണം...ഞാന്‍ അച്ഛെന്‍‌റ്റെ മേശവലിപ്പില്‍ നിന്നും അമ്പതുര്‍പ്പ്യ എടുത്തു..'

മുമ്പൊരിക്കലും കാണാത്ത ഒരച്ഛനെ കണ്ടു സേതു അപ്പോള്‍. സേതുവിന്‍‌റ്റെ തലയില്‍ നായര്‍ തലോടി.

' അത് സാരല്യ ഉണ്ണ്യെ.. അത് നിനക്ക് വേണ്ടി വെച്ചത് തന്നെയായിരുന്നു...'

പിന്നീട് പൈസ ചോദിക്കുമ്പോള്‍ നായര്‍ ചിരിക്കും.

' മേശയിലുണ്ട്...ആവശ്യത്തിനെടുത്തോളൂ'.

***********************************

ഓഫീസില്‍ നിന്നും വന്ന് ചായകുടിക്കാനിരുന്നപ്പോള്‍ കഴിക്കാനായി സാന്‍‌ഡ് വിച്ച് കണ്ട് സേതു അമ്പരന്നു.

'ഓ ഞാനില്ലാതെ നീ സൂപ്പര്‍ മാര്‍ക്കെറ്റില്‍ പോകാനും തുടങ്ങിയോ ? '

' കുഴിയെണ്ണണൊ സേതുവേട്ടാ....അപ്പം തിന്നാപ്പോരെ? '

പിറ്റെ ദിവസം ഹെഡോഫീസില്‍ പോകേണ്ടതിനാല്‍ വൈകിയാണ് വീട്ടിലെത്തിയേങ്കിലും ചായക്കൊപ്പം പലഹാരമായി സമൂസ്സ വെച്ചത് കണ്ടപ്പോള്‍ ഒന്നും മിണ്ടിയില്ലെങ്കിലും ചില സംശയം തോന്നിയതിനാല്‍ പതിവിലും നേരത്തെ ഓഫീസില്‍ നിന്നുമെത്തി. പലഹാരമൊന്നുമില്ലാതെ ചായ മാത്രം മേശമേല്‍ കണ്ടപ്പോള്‍ ചിരിച്ചു.

' ഉം..ഞാന്‍ പ്രതീക്ഷിച്ചത് തന്നെ ഇന്നൊന്നും കഴിക്കാനില്ലല്ലേ രേണു? '

ബാല്‍ക്കണിയിലെ സോഫയില്‍ മലര്‍ന്ന് കിടന്നിരുന്ന സേതുവിന്‍റെ കയ്യില്‍ എന്തോ തട്ടിയതറിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഉണ്ണി അടുത്ത് നില്‍ക്കുന്നു.

' ഡാഡി എന്നെ തല്ലുമോ '

ഏന്തൊക്കെയോ കേള്‍ക്കാന്‍ പ്രതീക്ഷകളോടെ സേതു മകന്‍‌റ്റെ കണ്ണുകളിലേക്ക് നോക്കി.

‘ ഇല്ല തല്ലില്ല ’

' ഞാന്‍ ഫൈവ് ദിര്‍ഹംസ് ഡേ ബിഫോര്‍ യസ്റ്റര്‍ഡെയും , ഇന്നലെയും ഡാഡിയുടെ പേഴ്സില്‍ നിന്നെടുത്തു... സ്കൂളില്‍ നിന്നും സനാക്സ് വാങ്ങി..സോറി'

' ഇറ്റ്സ് ഒ.കെ സാരമില്ല ട്ടോ'

ഉണ്ണിക്കേറ്റവും ഇഷ്ടമുള്ള കെ.എഫ്.സി. ഓര്‍ഡര്‍ ചെയ്ത് രേണുവിനൊപ്പം റ്റി.വി കണ്ടിരിക്കുമ്പൊള്‍ കോളിങ്ങബെല്ലടിച്ചു.

' ഉണ്ണീ.. കെ.എഫ്.സി. വന്നിരിക്കുന്നു..ഡാഡീടെ പേഴ്സില്‍ നിന്നും മണി എടുത്ത് കൊട്ക്ക്'.