ഫസല്‍
ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന കാലം.
മിക്കവാറും ദിവസങ്ങളില്‍ യു.എ.യില്‍ പലയിടത്തായുള്ള സൈറ്റുകളിലേക്ക് നേരിട്ട് പോയിരുന്നതിനാല്‍ , ആഴ്ചയിലൊരിക്കലെ ഓഫീസിലെത്താറുള്ളൂ.
അങ്ങനെയുള്ള ഒരു സന്ദര്‍ശനത്തിനിടയിലാണ് പുതുതായി ജോലിക്കെത്തിയ പാകിസ്ഥാനി പയ്യനെ പരിചയപ്പെടുന്നത്.
വേഷത്തിലും , ഭാവത്തിലും സംസാരത്തിലും , സാധാരണ , പച്ചകളില്‍ നിന്നും വളരെ വ്യത്യസ്ഥനായിരുന്നു ഫസല്‍.
ആരെയും അത്ര പെട്ടെന്ന് ഇഷ്ടമാകാത്ത ജി.എം ആയ സായിപ്പിനു പോലും അവനെ ഇഷ്ടമാകാന്‍ കാരണം , അവന്റെ ചുറുചുറുക്കും , ഇംഗ്ലീഷ് പ്രാവീണ്യവും ആയിരുന്നു.
പിന്നീട് ഞാന്‍ ഓഫീസില്‍ പോകുന്ന സമയങ്ങളിലൊക്കെ ഫസലിനെ അവിടെ കണ്ടു എന്നു മാത്രമല്ല , ആഫീസില്‍ നിന്നും എന്തെങ്കിലും സാധനം വര്‍ക്കിങ്ങ് സൈറ്റിലെത്തിക്കാന്‍ വരുന്ന വണ്ടിയിലും ഫസല്‍ ഉണ്ടാകാറുണ്ടായിരുന്നു.
മിക്ക പണികളും പുറത്ത് സബ് കൊണ്ട്രാക്റ്റ് കൊടുത്തിരുന്ന ഞങ്ങളുടെ കമ്പനിയില്‍ ജോലിക്കാര്‍ വളരെകുറവായിരുന്നു. ഇതാകട്ടെ എന്തിനും ഫസലിനെ ഏല്‍പ്പിക്കാമെന്ന ഒരു രീതിയിലായി കാര്യങ്ങള്‍ , പതുക്കെ ഫസല്‍ ഞങ്ങളിരൊരാളായി മാറുകയായിരുന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം ,
അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള , സിലയിലെ സൈറ്റില്‍ നിന്നും ഒരു മൈന്റനന്‍സ് കാള്‍ വന്നു.
സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാനും ജൂനിയര്‍ എഞ്ചിനീയറായ ശ്രീലങ്കനും ഒരുമിച്ച് പോകാറാണ് പതിവ്.
എനിക്ക് ദുബായിലെ ചില അടിയന്തിര മീറ്റിങ്ങുകളില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ , പിറ്റേന്നു രാവിലെ എട്ടുമണിക്കു മുമ്പ് സൈറ്റില്‍ എത്തണമെന്ന് ജുനിയര്‍ എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം കൊടുത്ത് വീട്ടിലേക്കു വന്നു.
വീട്ടിലെത്തിയതും ശ്രീലങ്കന്‍ ഫോണില്‍ വിളിച്ച് , ഫസലിനെ ഒപ്പം കൂട്ടാന്‍ അനുവാദം ചോദിച്ചു. ഫസലിനവിടെ പ്പോയിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ലെങ്കിലും , അവനൊരു കൂട്ടാകുമല്ലോന്ന് കരുതി മനസ്സില്ലാ മനസ്സോടെ ഞാന്‍ സമ്മദം മൂളി.
പിറ്റേന്നു രാവിലെ അഞ്ചുമണിക്ക് ഫോണ്‍ ബെല്‍ കേട്ടാണ് ഞാന്‍ എണീറ്റത്. ദുബായ് അബുദാബി ഹൈവേയില്‍ അവരുടെ കാര്‍ ആക്സിഡന്റായവിവരമായിരുന്നു അത്. പോലീസിനെ വിവരമറിയീച്ചിട്ടുണ്ടെന്നും പറഞ്ഞ് ശ്രീലങ്കന്‍ ഫോണ്‍ വെച്ചു.
മാസത്തില്‍ അഞ്ചാറ് ആക്സിഡന്റുകളെങ്കിലും വരുത്തുന്ന അവനെ , മനസ്സില്‍ കുറെചീത്തയും വിളിച്ചു , ഞാന്‍ സംഭവസ്ഥലത്തേക്കു തിരിച്ചു.
റോഡിനു നടുവിലുള്ള സ്റ്റീല്‍ മതില് ഇടിച്ചു മുറിച്ച് നെര് പകുതി തകര്‍ന്ന നിലയില്‍ കിടക്കുന്ന കമ്പനി കാര്‍ ഞാന്‍ ദൂരെനിന്നുതന്നെ കണ്ടു.
വണ്ടി നിര്‍ത്തി , അവിടെയുണ്ടായിരുന്ന പോലീസുകാരൊട് വിവരംതിരക്കിയപ്പോള്‍ , അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്നു പറഞ്ഞു.
ആശുപത്രിയിയപ്പോളാണ് അറിഞ്ഞത് , ഫസല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യെ മരണപ്പെട്ടെന്നും , വണ്ടിഓടിച്ച ജൂനിയര്‍ പോലീസ് കസ്റ്റഡിയിലാണെന്നും.
ഇപ്പോള്‍ ദിവസവും , ജബല്‍ അലിയില്‍ നിന്നും അബു ദാബിയിലേക്ക് വരുന്ന ഞാന്‍ ആ സ്ഥലമെത്തുമ്പോള്‍ അവനെ ഒര്‍ക്കും , വേദനയോടെ , ആറടി ഉയരമുള്ള , തൊപ്പിവെച്ച , പാന്റിട്ട , ഇംഗ്ളീഷ് സംസാരിക്കുന്ന , പാകിസ്ഥാനിയായ , ഫസലിനെ.
25 comments:
ഫസല്‍ , വേദനിപ്പിക്കുന്ന ഒരോര്‍മ്മ
പുതിയ പോസ്റ്റ്
തറവാടീ.
അയാളേ കാത്തിരുന്നു ഒരു കുടുംബം.
“അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്ത്ത്യന് കഥയെന്തു കണ്ടു.“
വേദനിപ്പിക്കുന്ന ഓര്‍മ്മ തന്നെ.
ഓരോ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും നമുക്കുള്ള ആശ്വാസം നമ്മളൊ.. നമ്മുടെ ഉറ്റവരൊ അതില്‍ ഉള്പ്പേട്ടിട്ടില്ലല്ലോ.. എന്നുള്ളതാണ്.. എന്നാല്‍ ഇങ്ങനെ ..അതു നമ്മുടെ ജീവിതത്തിനെ തൊട്ടുരുമ്മി കടന്നു പോകുമ്പോള്‍ ..എത്ര വേദന ഉണ്ടാകും.. അവനെ സ്നേഹിക്കുന്ന ചിലരെങ്കിലും അവനെ കാത്തിരുന്നിട്ടുണ്ടാകും എന്നോര്‍ക്കുമ്പോള്‍ ഒരു വിങ്ങല്‍...:(
അടുത്തിരിക്കുന്നവന്റെ സ്നേഹ സാന്നിത്യം നമ്മളറിയുക അവരകന്നാലായിരിക്കും വേര്‍പ്പാട് അതൊരു വല്ലാത്ത നൊമ്പരമുണ്ടാക്കുന്നൊരു സത്യമാണ് മരിച്ചിട്ട് 15 വര്‍ഷമായിട്ടും എന്റെ പ്രിയ ചങ്ങാതി ബക്കര്‍ എന്റെയരികില്‍ ഇപ്പോഴുമുണ്ട് സ്നേഹ സാന്നിത്യമായി ഫസല്‍ അവനെ കാണാത്ത ബൂലോകരുടെ മനസ്സില്‍ ഒരു നൊമ്പരം
ഫസലിന് നിത്യശാന്തി നേരുന്നു
തറവാടി, നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മക്കുറിപ്പ്...
ദൈവം നിശ്ചയിക്കപ്പെട്ട സമയമടുത്താല്‍ പിന്നെയൊന്നിനും അതിനെ തടുത്ത് നിറുത്താനാവില്ല.
ഫസല്‍,നേരില്‍ കണ്ടിട്ടില്ലെങ്കിലും തറവാടിയുടെ വാക്കുകളിലൂടെ ഒരുപാട് കേട്ടറിഞ്ഞ നാമം.രണ്ടാഴ്ച കഴിഞ്ഞ് വിസ മാറാനും വിവാഹത്തിനുമായി നാട്ടില്‍ പോകാനിരുന്ന അവന് ഒരു നിമിത്തം പോലെ പോയതും തിരക്കു കാരണം തറവാടിക്ക് അന്ന് പോകാന്‍ കഴിയാതിരുന്നതും ഒക്കെ ദൈവ നിശ്ചയം.ഇന്നും ജൂണ്‍ പതിനാറ് ഒരു വിങ്ങലായി മനസ്സില്‍.
വരാനുള്ളത് വഴിയില്‍ തങ്ങില്ല, എന്നു പറഞ്ഞാശ്വസിക്കാം. വിധിഹിതം മാറ്റാന്‍ കഴിയില്ലല്ലോ.
നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മക്കുറിപ്പ്..ദു:ഖത്തില്‍ പങ്കു ചേരുന്നു..
പരേതന് പടച്ചവന് സ്വര്‍ഗ്ഗരാജ്യത്തെ സജ്ജനങ്ങളുടെയിടയില് ഒരിടം കൊടുക്കുമാറാകട്ടെ. ആമീന്‍.
ഞാനും കണ്ടിട്ടുണ്ട്. നിമിഷങ്ങള്‍ക്കുമുന്നെ മുന്നിലുണ്ടായിരുന്നയാള് അടുത്തനിമിഷം അപകടത്തില്‍പെട്ട് മരിച്ചത്. അതിന്റെ നടുക്കം ഓര്‍ക്കുമ്പോഴെല്ലാം അറിയാതെയുണ്ടാവുന്നു.
തറവാടി: മരിക്കാം- പക്ഷെ ഇവിടെ നിന്നാവരുത് എന്ന ഒരു പ്രാത്ഥനയുണ്ട്, ഒന്നിച്ചു ജോലിചെയ്തിരുന്ന കുട്ടിയും കുടുംബവുമായി ജീവിച്ചിരുന്ന സുഹൃത്ത് ഒരു ദിവസം പണി കഴിഞ്ഞു പോയി, ഭക്ഷണം കഴിച്ചു നെഞ്ചുവേദനയ്ക്കു മരുന്നുകഴിച്ചു വായയില്‍നിന്നും നിന്നും നുരയും പതയും വന്നു മരിച്ചു, അവന്റെ -death certificate- നു വേണ്ടി ദിവസങ്ങളോളം ഓടിനടന്നു, മോര്‍ച്ചറിയില്‍ ചുണ്ടും കണ്ണും ഇല്ലാതെയാവുന്ന ശരീരം കാണുക, അതൊരു നടുക്കുന്ന ഒര്‍മ്മയാണു; ഓര്മ്മപ്പെടുത്തലുമാണു - ജീവിച്ചിരിക്കുന്നവനെ ഞാന്‍ ഭയപ്പെടാറില്ല; പക്ഷെ മരിച്ചവനെ എനിക്കു പേടിയാണു. ഫസലിനെ പരിചയപ്പെടുത്തിയതിനു നന്ദി - നമുക്കവിടെ വെച്ചു കാണാം. അവനു പറഞ്ഞുവിട്ടതിന്റെ നൊമ്പരം ബാക്കിയുണ്ടു അല്ലെ..?
എന്താ പറയുക, തറവാടീ...
എനിക്കുമുണ്ട് ഇതുപോലൊരു അനുഭവം. അത് ഒരു പോസ്റ്റില്‍ എഴുതാം.
തറവാടി,
നൊമ്പരപ്പെടുത്തുന്ന പോസ്റ്റ്
താങ്കളുടെ വേദനയില്‍ ഞാനും പങ്കുചേരുന്നു
ചാരം മൂടി കിടക്കുന്ന കനലുകളാണ് ചില ഓര്‍മ്മകള്‍!
:(
ശരിയാണ്. ശരിക്കും വേദനിപ്പിക്കുന്ന ഓര്‍മ്മ.
തറവാടീ
ശരിക്കും വേദനിപ്പിക്കുന്ന ഓര്‍മ്മ.
ആ ഓര്‍മ്മ എന്നു പുതുക്കപ്പെടുന്നതാകുമ്പോഴൊ...
-സുല്‍
നമുക്ക് വിധിയെ പഴിക്കാം :(
മാഷേ,
ഇവിടെ വരുമ്പോഴാണ്, നമ്മുടെ ശത്രുക്കള്‍ എന്ന് കുട്ടിക്കാലം മുതല്ക്കേ മനസില്‍ കരുതിയിരുന്ന പാകിസ്താനികള്‍ പലരും നമ്മുടെ നല്ല സുഹൃത്തുക്കളാകുന്നത്.
അതു കൊണ്ടാണ് ഫസലിന്റെ വേര്‍പാട് ഒരു നൊമ്പരമാകുന്നത്. ഫസലിന്റെ കുടുംബത്തെ ദൈവം കാക്കട്ടേ.
ഓഫ്: ആറു വര്‍ഷമായി ഒരേ റൂമില്‍ ഇരുന്നു ജോലി ചെയ്തിരുന്ന, അന്യോന്യം എല്ലാ സങ്കടങ്ങളും, സന്തോഷങ്ങളും പറഞ്ഞിരുന്ന എന്റെ വളരെ അടുത്ത സുഹൃത്തായ പാകിസ്താനിയുടെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ നാട്ടിലായിരുന്നു. അവന്റെ വീട്ടിലെ നമ്പര്‍ എന്റെ കൈയിലുണ്ടായിരുന്നിട്ടും ഞാന്‍ അവനെ വിളീച്ചില്ല. എനിക്ക് നമ്മുടെ നാട്ടില്‍ നിന്നും വിളിക്കാന്‍ പേടിയായിരുന്നു.
:(
ഹോ! വേദനിപ്പിക്കുന്ന ഓര്‍മ്മ തന്നെ ..
പച്ചയാണെങ്കിലും മനുഷ്യനല്ലേ ;(
ആത്മാറ്ത്ഥമായ നൊമ്പരങ്ങള്‍ അക്ഷരങ്ങളാകുമ്പോള്‍, വായനക്കാരനില്‍ അതുണ്ടാക്കുന്ന അനുരണനങ്ങള്‍ക്ക് മികവുണ്ടാകും.അത്തരത്തിലുള്ള അനുഭവത്തിന്റെ പങ്കു വെക്കലായി ഫസലിനെക്കുറിച്ചുള്ള വാക്കുകള്‍
ഇടിവാള്‍ , പ്രമോദ് : നന്ദി , വന്നതിനും അഭിപ്രയം എഴുതിയതിനും
നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മക്കുറിപ്പ്..ദു:ഖത്തില്‍ പങ്കു ചേരുന്നു..
കൂടെ തമനു പറഞ്ഞതിനോടും യോജിക്കുന്നു, ഇന്ത്യക്കാരൊട് മറ്റെത് വിദെശികളെക്കാള് അടുപ്പം കാണിക്കുന്നതും,സ്നേഹം കാണിക്കുന്നതും പാകിസ്താനികളാണെന്നതാണ് എന്റെയും അനുഭവം.
ജീവിതത്തിന്റെ പാതിവഴിയില്‍ സ്വപ്നങ്ങളും പ്രത്യാശകളുമെല്ലാം ബാക്കിയാക്കി ദിനം പ്രതി എത്ര പേര് നമ്മില്‍ നിന്ന് വേര്‍പിരിയുന്നു ? ശരിക്കും ഹൃദയത്തെ സ്പര്‍ശിച്ചു ഈ ഓര്‍മ്മക്കുറിപ്പ്.
പ്രായമോ പ്രാരാബ്ധങ്ങളോ
പരിഗണിക്കാതെ,അനുവാദം ചോദിക്കാതെ,
ആർക്കും ഏത് സമയത്തും.
ഓരോ മരണവും
ഓർമ്മപ്പെടുത്തലുകളാണു
നമ്മുടെ മരണത്തെ പ്പറ്റി.
അതിനു മുമ്പായി അനിവര്യമായുള്ളതെങ്കിലും
ചെയ്ത് തീർക്കാനാവുമോ
ഔചിത്യമില്ലാത്ത കോമാളി
വിളിക്കാതെ കടന്നു വരുന്നവന്
ദാക്ഷിണ്യം ഇല്ലാതെ അനുവാദം ചോദിക്കതെ ജീവന് തട്ടിയെടുത്ത് കടന്നു കളയുന്നവന്.!
മരണം.....
നിഴല്‍ പോലെ ജനനം മുതല്‍ കൂടെയുണ്ട്
അതറിയാം എന്നാലും ചെയ്യുനത് കടും കൈയ്യാണ്..
ഫൈസല്‍ നീറുന്ന ഒരു നൊമ്പരമായി മനസ്സില്‍ കടന്നു കൂടുന്നത് തറവാടിയുടെ എഴുത്തിന്റെ മഹത്വം
ഫൈസലിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു .. ഫൈസലിന്റെ കടങ്ങളും പാപങ്ങളൂം പൊറുക്കണെ
എന്നു ഈശ്വരനോട് പ്രാര്‍ത്ഥിക്കുനു.
Post a Comment