Wednesday, May 26, 2010

ഞാന്‍ കണ്ട ചൈന - അവസാന ഭാഗം

ഈ യാത്രയുടെ മുന്‍ ഭാഗങ്ങള്‍ ഇടത് വശത്തുള്ള ലിങ്കുകളില്‍ വായിക്കാം.

പിറ്റേന്ന് ഞങ്ങള്‍ പോയത് ഒരു പ്രധാന ടൂറിസ്റ്റ് പ്ലേസിലാണ്. സിറ്റിയില്‍ നിന്നും കാറില്‍ ഒരു മണിക്കൂറോളം യാത്ര ചെയ്യണം, വഴിയും വശങ്ങളുമെല്ലാം കൂടി വയനാടന്‍ ചുരങ്ങളിലൂടെയുള്ളതായി തോന്നിപ്പിച്ചു.

ബോട്ടാണിക്കല്‍ ഗാര്‍ഡെനും , ഉള്ളില്‍ കറങ്ങാനായുള്ള ട്രെയിനും, വശങ്ങളിലായി താമസിക്കാന്‍ പറ്റുന്ന കുറെ ഹോട്ടലുകളുമെല്ലാം അടങ്ങിയ ഒരു ഭീമന്‍ പാര്‍ക്കാണീസ്ഥലം ഒരോട്ട പ്രദക്ഷിണം കഴിച്ചു ഞങ്ങളന്ന് അവിടേന്ന് തിരിച്ച് ഷോപ്പിങ്ങിനിറങ്ങി.

പ്രധാനമായും ഇലക്ട്രോണിക്ക് മാര്‍ക്കെറ്റാണ് ലക്ഷ്യമിട്ടത്. അടുത്തടുത്തായി പത്തും പതിനഞ്ചും നിലകളുള്ള ഓരോ കെട്ടിടവും ഇത്തരം സാധനങ്ങളുടെ ഒരു ലോകമാണ്. എല്ലായിടത്തും ഒറിജിനലിനെ വെല്ലുന്ന കോപ്പികള്‍ കാണാം. ഒറിജിനലിന്റെ പകുതിവിലക്ക് കോപ്പി ലഭിക്കും, ഒറിജിനലാണോ കോപ്പിയാണോ എന്നതൊന്നും അവര്‍ പറഞ്ഞുതരുന്നതല്ലാതെ നമുക്ക് മനസ്സിലാക്കാനാവില്ല.

കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ ഒന്ന് മനസ്സിലായി, രണ്ടും ഒരേ സ്ഥലത്തുണ്ടാക്കുന്നു, ആദ്യത്തെ പ്രസ്ഥുത എണ്ണം ഒറിജിനല്‍ കമ്പനികള്‍ക്ക് കൊടുക്കുന്നു, പിന്നെ സൗകര്യം പോലെ ഉള്ളില്‍ ചില അഡീഷണല്‍ എല്ലാം ചേര്‍ത്ത് കോപ്പിയാക്കി ഉണ്ടാക്കുന്നു, ഉദാഹരണത്തിന് ഒറിജിനലായ മോബൈല്‍ ഫോണില്‍ ഒരു സിം കാര്‍ഡെങ്കില്‍ കോപ്പിയില്‍ രണ്ടെണ്ണമിടാം, പുറമേന്ന് നോക്കിയാല്‍ സൂക്ഷ്മായി നോക്കിയാല്‍ പോലും തിരിച്ചറിയാനാവില്ല.

ഓരോ ഫ്ലോറിലും നിരവധി ചെറിയ ഔട് ലെറ്റുകള്‍ അടുത്തടുത്താണ് ഉള്ളത്. കാഴ്ചയില്‍ ചെറിയ പെട്ടിക്കടകള്‍ പോലെ തോന്നുമെങ്കിലും അവിടെ കുറച്ചു നേരം വീക്ഷിച്ചതില്‍ നിന്നും, വലിയ ഹോള്‍ സെയില്‍ കച്ചവമാണവിടങ്ങളില്‍ നടക്കുന്നതെന്ന് മനസ്സിലായി. പുറം ലോകമല്ല, ചൈനയുടെ തന്നെ ഉള്‍ഭാഗങ്ങളാണവര്‍ ലക്ഷ്യമിടുന്നതെന്ന് തോന്നുന്നു, ഒപ്പം പുറത്തേക്കുള്ളതും നടക്കുന്നുണ്ടെന്ന് മാത്രം.ഗുണനിലവാരമുള്ളതും ഇല്ലാത്തതും അവിടങ്ങളില്‍ ലഭിക്കും, നോക്കി വാങ്ങാനറിയുന്നവര്‍ക്ക് നല്ല സാധനങ്ങള്‍ നല്ല വിലക്ക് വങ്ങിക്കാം.

ലോകത്തുള്ള സര്‍‌വ്വ സോഫ്റ്റ് വെയറുകളുടെ കൊപ്പിയും ഇത്തരം കെട്ടിടങ്ങളുടെ അടിയില്‍ ലഭിക്കും, ജനറല്‍ സോഫ്റ്റ് വെയര്‍ തുടങ്ങി, ഒറിജിനല്‍ ലഭിക്കാന്‍ നല്ല ബുദ്ധിമുട്ടുള്ളവ , ഉദാഹരണം മൈക്രോ ചിപ് പ്രൊഗ്രാമിങ്ങ്, പി.സി.ബി/ ഡിസൈന്‍ സോഫ്റ്റ് വെയര്‍ അങ്ങിനെയുള്ളവ.

ഒറ്റനോട്ടത്തില്‍ വില പേശല്‍ ഇല്ലെന്ന് പറയാമെങ്കിലും, സാധനങ്ങളുടെ വില നമുക്ക് നല്ല അറിവുണ്ടെങ്കില്‍ വില പേശിതന്നെ വാങ്ങിക്കാം. വര്‍ഷങ്ങളുടെ പരിചയമുള്ള സുഹൃത്തിന്റെ വിലപേശല്‍ പണ്ട് എന്റെ ഉപ്പ ചെയ്തതിനേക്കാളും കടുപ്പമുള്ളതായി തോന്നി.


ചെറുപ്പ കാലത്ത് ഉപ്പയുമായി ചന്തയിലും മറ്റും പോകുമായിരുന്നു ഞാന്‍. ആദ്യം എല്ലാം കണ്ടതിന് ശേഷം സാധനങ്ങള്‍ വാങ്ങാനായി ഒരോ കടയിലും ഞങ്ങള്‍ കയറും. അമ്പതുരൂപ ഒരു സാധനത്തിന് വില പറഞ്ഞാല്‍ നമ്മളൊക്കെ കൂടിയാല്‍, ഒരു നാല്‍‌പ്പത്തഞ്ചല്ലെ ചോദിക്കുക, ഉപ്പ ചോദിക്കും , " പത്തുര്‍ പ്പ്യക്ക് ങ്ങള് കൊടുക്കുന്നോ? "

നാണക്കേടുകൊണ്ട് ഞാന്‍ തല താഴ്തും, വയസ്സുള്ളതിനാല്‍ ഒന്നും പറയുന്നില്ലെന്നൊക്കെ പീടികക്കാരന്‍ പറയും, ഞങ്ങള്‍ പോരും, പക്ഷെ ഉപ്പ ആ സാധനം പതിനൊന്നുര്‍പ്പ്യക്ക് വാങ്ങിയിരിക്കും!

പക്ഷെ ഇതുപോലെ വിലപേശാനും സാധനങ്ങള്‍ വാങ്ങാനും റോടിലൂടെ കറങ്ങാനുമെല്ലാം ഒന്നുകില്‍ ഭാഷ അറിയണം അല്ലെങ്കില്‍ അറിയുന്ന ആരെങ്കിലും ഒപ്പം ഉണ്ടാവണം രണ്ടുമില്ലാത്ത പക്ഷം അനങ്ങാന്‍ പറ്റില്ല, ചെറിയ ഒരനുഭവം:

ഉച്ചക്കാണ് ഷെജ്ചനില്‍ നിന്നും ഗോംഷോയിലേക്ക് തിരിച്ചുള്ള ട്രെയിന്‍ പുറപ്പെടുന്നത് അതിനാല്‍ രാവിലെ ഹോട്ടല്‍ റൂം വെക്കേറ്റ് ചെയ്ത് സാധനങ്ങള്‍ ഹോട്ടലില്‍ തന്നെ സൂക്ഷിച്ചാണ് ഞങ്ങള്‍ പുറത്തേക്ക് പോയത്.

ഷെഞ്ചനിലെ അവസാനത്തെ കറക്കമെല്ലാം കഴിഞ്ഞ് സാധനങ്ങള്‍ എടുക്കാന്‍ തിരികെ ഹോട്ടലില്‍ വന്നപ്പോള്‍ വല്ലാത്ത മൂത്രശങ്ക, റിസപ്ഷനില്‍ ഇരിക്കുന്നവരുടെ നിര്‍ദ്ദേശപ്രകാരം എട്ടാം നിലയിലുള്ള ടോയിലെറ്റിലേക്ക് ഞാന്‍ ലിഫ്റ്റില്‍ കയറി.

ലിഫ്റ്റില്‍ നിന്നും ഇറങ്ങി കൊറിഡോറിലൂടെ ടോയിലെറ്റ് നോക്കി കറങ്ങി നടക്കുമ്പോളാണ് ക്ലീനിങ്ങ് സ്റ്റാഫ് മുന്നില്‍ വന്നത്, അതും പെണ്ണ്.

'ടോയിലെറ്റെവിടെ' എന്ന ചോദ്യം അവര്‍ക്ക് മനസ്സിലായില്ല. ആംഗ്യഭാഷ കാണിക്കാന്‍ പറ്റാത്തതിനാല്‍ ഞാന്‍ കുഴഞ്ഞു. എന്റെ ശബ്ദം ഉയരാന്‍ തുടങ്ങി, ആ പാവം നിന്ന് വിളറാനും, കുറച്ച് കഴിഞ്ഞപ്പോള്‍ മറ്റൊരുവള്‍ വന്നു അവളും തഥൈവ!

സെക്യൂരിറ്റിക്ക് വല്ലാത്ത പ്രധാന്യം കൊടുക്കുന്നതിനാലാണെന്ന് തോന്നുന്നു,

ചൈനയില്‍ ടോയിലെറ്റൊഴികെ എവിടെ നോക്കിയാലും സെക്യൂരിറ്റി കേമറകള്‍ കാണാം, ഹോട്ടലായാലും റോടായാലും കടകളായാലും അവയെല്ലാം തന്നെ പോലീസുമായി/ സെന്‍‌ട്രല്‍ സെക്യൂരിറ്റിയുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

എന്റെ കഥകളിയും ഓട്ടം തുള്ളലും കേമറവഴി നിരീക്ഷിച്ചതിനാലാണെന്ന് തോന്നുന്നു ഒരു സെക്യൂരിറ്റിക്കാരന്‍ മുന്നില്‍ വന്നു. ആണണല്ലോ, കാര്യം വേഗത്തില്‍ മനസ്സിലാക്കാലോ എന്ന് കരുതി , എവടെ! മൂപ്പര്‍ക്ക് പെണ്ണുങ്ങളുടെ അത്രക്ക് പോലും ബോധമില്ല.

എനിക്ക് പ്രഷറാവാന്‍ തുടങ്ങി, ട്രെയിന് സമയം അടുക്കുന്നു, കുറെ ദൂരം പോകുകയും വേണം. ഫോണും കയ്യിലിലാ. അവസാനം താഴെപോയി ഫോണ്‍ എടുത്ത് വീണ്ടും എട്ടാം നിലയില്‍ വന്ന് സെക്രട്ടറിയെ വിളിച്ച് അവരുടെ കയ്യില്‍ കൊടുത്തു,

' ഓ ഹോ അതാണോ !' എന്ന ലെവെലില്‍ അവര്‍ എന്നെ ടയിലെറ്റിലേക്ക് ആനയിച്ചു. തിരി‍ച്ചുപോരുമ്പോള്‍ ലിഫ്റ്റിനടുത്ത് കാത്ത് നിന്ന്, എന്തൊക്കെയോ ശൈലിയില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചു.

ഭാഷ മനസ്സിലാവാത്ത ആളുകളുടെ ഇടയില്‍ പെട്ടാലുള്ള അവസ്ഥ അനുഭവിച്ചാലേ മനസ്സിലാവൂ!



അഞ്ചുദിവസത്തെ ചൈന യാത്രയില്‍ ചൈനയെപറ്റി വളരെ കുറച്ചുമാത്രമെ അറിയാന്‍ സാധിച്ചുള്ളുവെങ്കിലും, മനസ്സിലുള്ള ചൈനയായിരുന്നില്ല കണ്ട ചൈന, സാധിച്ചാല്‍ ഒന്നുകൂടി പോകണം ഷെഞ്ചനിലല്ല, ഷാംങ്ങായില്‍!

9 comments:

തറവാടി said...

അവസാന ഭാഗം :)

പട്ടേപ്പാടം റാംജി said...

കുറച്ചാണെങ്കിലും കുറെ കാര്യങ്ങള്‍ കാണാനായി.
നന്ദി സുഹൃത്തെ.

jyo.mds said...

അവസാനഭാഗമേ വായിച്ചുള്ളൂ-ഭാഷ അറിയാതെ സഞ്ചരിക്കുക വലിയ പ്രയാസം തന്നെ-ഞങ്ങള്‍ ഹോങ്ങ്കോങ്ങ് കാണാന്‍ ഇറങ്ങിയപ്പോള്‍ കുറെ ചൈനീസ് വാക്കുകളൊക്കെ കടലാസ്സില്‍ എഴുതി കൈവശം വെച്ചിരുന്നു.

krishnakumar513 said...

ചൈന എല്ലാ ഭാഗങ്ങളും നന്നായിരുന്നു.ചിത്രങ്ങള്‍ കുറവും,പോസ്റ്റുകള്‍ ചെറുതും എന്ന പരാതി ഉണ്ട് കേട്ടോ!!

തറവാടി said...

അയ്യോ ചിത്രങ്ങളില്ലെന്ന് ഇനിയും പരതിയോ!

http://picasaweb.google.com/aliyup പോകുക ധാരാളം കാണാം :)

sm sadique said...

ബ്ലോഗ് വായിച്ചപ്പഴെ തോന്നി തറവാടിയാണെന്ന്. അങ്ങനെ ഞാനും ഇവിടെ ചേർന്നു.

poor-me/പാവം-ഞാന്‍ said...

തറവാടിജി
നിങളോടോപ്പം ഞാനും അങ് കൂടി- ചൈന യാത്രയില്‍...

Anonymous said...

കൊള്ളാം. നന്നായിട്ടുണ്ട്.
ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ആശംസകളോടെ.
അനിത.
JunctionKerala.com

അക്കേട്ടന്‍ said...

ഒന്ന് മുള്ളാന്‍ പെട്ട പാട് ....
നല്ല അവതരണം