Friday, June 19, 2009

മണ്ടന്‍!

മൂത്ത ഇക്ക ദുബായില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ ദിവസമോ പിറ്റേന്നോ വൈകീട്ട് ഞങ്ങളെല്ലാവരും ഒരു മുറിയില്‍ കൂടും.ടൈലര്‍ മാനുവനെ കാത്തിരിക്കുമ്പോള്‍ അക്ഷമരായ ഞാനും ഇത്തയും കിട്ടാന്‍ പോകുന്ന സാധനങ്ങള്‍ സ്വപ്നം കണ്ട് പല കരാറുകളും ഉറപ്പിക്കും

കട അടച്ച് വീട്ടിലെത്തുന്ന മാനുവിനൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം കത്രികയും എടുത്ത് മുറിക്ക് നടുവിലായി വെച്ചിരിക്കുന്ന ഫോറിന്‍ പെട്ടികള്‍ ഓരോന്നായി തുറന്ന് അതില്‍ നിന്നും പല തരത്തിലുള്ള തുണികള്‍ എടുത്ത് ഓരോരുത്തരുടെ പേരുപറഞ്ഞ് ,മാനു മുറിക്കാന്‍ തുടങ്ങും.

പെട്ടിയില്‍ നിന്നും പുറത്തെടുക്കുന്ന ചില സധനങ്ങള്‍ കാണുമ്പോള്‍ കുറച്ചപ്പുറത്തായി ചാരുകസേരയിലിരിക്കുന്ന ഉപ്പ അതെടുത്ത് ശ്രദ്ധയോടെ വീക്ഷിച്ച് ഇക്കയുടെ മുഖത്തേക്ക് നോക്കും

' ഇതിനെത്രവരും? '

ഒന്നാലോചിച്ച്, യഥാര്‍ത്ഥവിലയുടെ നാലിരട്ടിയെങ്കിലും പറഞ്ഞതിന് ശേഷം ഒളിക്കണ്ണിട്ട് ഇക്ക ഉപ്പയുടെ മുഖത്തേക്ക് നോക്കും

' അവിടത്തേയോ ഇവിടത്തേയോ? '

താന്‍ പറഞ്ഞതിന്റെ വിശ്വാസ്യതക്കനുസരിച്ച് ഇക്ക ദിര്‍ഹമായോ രൂപയായോ ഉറപ്പിക്കും

പങ്ക് വെപ്പെല്ലാം കഴിഞ്ഞതിന് ശേഷം ഉപ്പ ഒറ്റക്കിരിക്കുമ്പോള്‍ ഇക്ക പതിയെ ഉപ്പാന്റടുത്തേക്ക് നീങ്ങി നിന്ന് ചിരിക്കും; ' ഉപ്പാ ശരിക്കും അത്രക്കില്ലാട്ടാ , വില കൂടുതല്‍ പറഞ്ഞില്ലെങ്കില്‍ ആര്‍ക്കും വിലയുണ്ടാവില്ല'

******************************

ആരോ ആവശ്യപ്പെട്ടതനുസരിച്ചാണ് ഉപ്പ ഇക്കയോട് ഒരു ഹീറോ പെന്‍ കൊണ്ടുവരാന്‍ പറഞ്ഞത്. നല്ലതുതന്നെ കൊണ്ടുവരണം എന്ന് പ്രത്യേകം അറിയീച്ചിട്ടുമുണ്ടായിരുന്നു.പതിവ് പോലെയുള്ള പങ്ക് വെപ്പിനിടക്ക് ഉപ്പ പെന്നിന്റെ കാര്യം ഓര്‍മ്മിപ്പിച്ചു. പെട്ടിക്കുള്ളില്‍ നിന്നും ഒരു ചെറിയ ബൊക്സില്‍ സ്വര്‍ണ്ണ ടോപ്പുള്ള ഹീറോ പെന്‍ ഇക്ക ഉപ്പാടെ കയ്യില്‍ വെച്ചു കൊടുത്തു.പെന്ന് തിരിച്ചും മറിച്ചും നോക്കിയീട്ട് ഉപ്പ പതിവുപോലെ ഇക്കയുടെ മുഖത്തേക്ക് നോക്കി.

' ഇതിനെത്ര വരും? '

ഒട്ടും ആലോചിക്കാതെ ഇക്ക പറഞ്ഞു ,' നൂറ് '

' നൂറോ , അവിടത്തേയോ ഇവിടത്തേയോ? '

ഉപ്പയുടെ ചോദ്യത്തില്‍ ഒരു പ്രദീക്ഷയുടെ കുറവ് ശ്രദ്ധിച്ച ഇക്ക ഒട്ടും ചിന്തിച്ചില്ല ,

' ന്താ സംശയം അവിടെത്തേന്നെ! '

എന്തൊക്കെയോ കണക്കുകൂട്ടി ചിന്തിച്ചിരിന്ന ഉപ്പ; ഇക്ക മുറിവിട്ട് പോയപ്പോള്‍ ഉമ്മയുടെ നേരെ തിരിഞ്ഞു,

' ഓന്റെ വിചാരം എല്ലാരും മണ്ടന്‍ മാരാന്നാ , മണ്ടന്‍!

ഹീറോ പെന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉപ്പയുടെ ഈ വാക്കുകളാണോര്‍മ്മ വരിക മുല്ലപ്പൂവിന്റെ ഈ പോസ്റ്റ്
വായിച്ചപ്പോള്‍ എല്ലാം ഓര്‍മ്മ വന്നു , ഇന്ന് രണ്ടാളും ഇല്ല.

1 comment:

തറവാടി said...

June 19, 2009 6:56 AM
അരുണ്‍ കായംകുളം said...
ആരാ മണ്ടന്‍?

June 19, 2009 8:58 AM
ഉറുമ്പ്‌ /ANT said...
ആരാ മണ്ടന്‍

June 19, 2009 9:50 AM
vahab said...
പണ്ടത്തെ ഗള്‍ഫുകാരന്റെ പെട്ടിതുറക്കല്‍ കര്‍മ്മം ഓര്‍മ്മിപ്പിച്ചു...! കാലം മാറി, കഥ മാറി...

June 19, 2009 6:19 PM
ധനേഷ് said...
:)
:(

June 20, 2009 7:56 AM
തറവാടി said...
ഒരു തെറ്റ് ഉണ്ടായിരുന്നു, മയൂര യുടെ പോസ്റ്റല്ലായിരുന്നു മുല്ലപ്പൂവിന്റെ ആയിരുന്നു തിരുത്തിയിട്ടുണ്ട് :)

June 20, 2009 3:56 PM
ബഷീര്‍ വെള്ളറക്കാട്‌ / pb said...
തറവാടി മാഷേ,

ഒരു പാടു ഓർമ്മകൾ ഓടിയെത്തി..

പെട്ടിതുറക്കുന്നതും വില പറയുന്നതും ഇവിടെ എന്റെ ഉപ്പയാണെന്ന് മാത്രം.. യഥാർത്ഥ വിലതന്നെയാണു പറഞ്ഞിരുന്നെങ്കിലും അന്ന് അതിന്റെ വില മനസ്സിലാക്കാൻ കഴിഞ്ഞില്ല..

ടൈലർ മുഹമ്മദ് കുട്ടിക്കയോ സിദ്ധിഖയോ ആയിരിക്കുമെന്ന് മാ‍ത്രം.. !


മണ്ടനാര് എന്ന ചോദ്യം ബാക്കിയാവുന്നു

June 22, 2009 12:29 PM
അനൂപ്‌ കോതനല്ലൂര്‍ said...
അരാ‍ാ

June 23, 2009 9:37 PM
മുല്ലപ്പൂ said...
ഇന്നേ കണ്ടുള്ളൂ.

June 24, 2009 9:17 PM
...പകല്‍കിനാവന്‍...daYdreaMer... said...
ഓര്‍മയില്‍ തെളിയുന്നുണ്ട്, ഒരു സ്വര്‍ണ തലപ്പാവും മഷി പടര്‍ന്ന വിരലുകളും.

June 25, 2009 2:45 PM
സന്തോഷ്‌ പല്ലശ്ശന said...
:):):)

June 25, 2009 6:17 PM
തെച്ചിക്കോടന്‍ said...
:)