Wednesday, March 17, 2010

കാണാക്കരങ്ങള്‍

" ന്താ കുട്ടാ ദ്‌ ഒന്നു മാറിനിക്കൂ , പാല്‌ തട്ടി പ്പൂവും"

അപ്പുവിന്‍റ്റെ കഴുത്തിലെ കയറില്‍ വലിച്ചുപിടിക്കുമ്പോള്‍ ഇടയില്‍ ചാടിയ മകനോട് അമ്മിണിയുടെ ശകാരം. മാളു അപ്പുവിനെ പ്രസവിച്ചിട്ടു അധികം നാളായിട്ടില്ല.

" എന്താണമ്മെ , അപ്പു പാവല്ലെ , അവന്‍റ്റെ പാലല്ലെ അമ്മ എടുക്കുന്നത്‌!"

കുട്ടന്‍റ്റെ പരാതി കേട്ട്‌ , വൈകുന്നേരം മാളുവിനെ കറക്കേണ്ടെന്ന്‌ അമ്മിണി തീരുമാനിച്ചു.

" അമ്മേ ദാ ഈ കുട്ടനെയൊന്നു വിളിക്കൂ..ഇല്ലെങ്കില്‍ ഈ പാലൊക്കെ തട്ടിക്കളയും"

“ കുട്ടാ, ങ്ങട്ട് പോന്നോളൂ , ദോശ കഴിച്ചാകാം ഇനി കളി ”

ദേവകിയമ്മ അടുക്കള വാതിലിലൂടെ തല പുറത്തേക്ക് നീട്ടി.

" മാളൂ , ഈയിടെയായി നീ വളരെകുറവ്‌ പാലാ തരുന്നത്‌ , ഇങ്ങനെയാണെങ്കില്‍ അപ്പുവിന്‍റ്റേതുകൂടി ഞാന്‍ ചന്ദ്രന്‍റ്റെ ചായപ്പീടികയില്‍ കൊടുക്കേണ്ടിവരും!!"

" അമ്മേ , സൈദാലിക്കാട്‌ നാളെമുതല്‍ പാലുണ്ടാകില്ലാന്നു പറഞ്ഞോളൂ , ഇതെന്നെ അപ്പൂന്‍റ്റെ വീതമാ..കുട്ടിയല്ലെ അവന്‍ "

പാല്‍ പാത്രവുമായി കുട്ടന്‍റ്റെ കയ്യും പിടിച്ചു നടക്കാന്‍ തുടങ്ങുമ്പോള്‍ ദേവകിയമ്മ ഒന്നിരുത്തിമൂളി.

" ന്താ ചേച്ചീ..വേണുവേട്ടനെണീറ്റില്ലെ? , പൊന്നാനിയില്‍നിന്നുമാണ്‌ ഇന്ന്‌ ലോഡെടുക്കേണ്ടത്‌ "
താഴെ റോഡില്‍നിന്നും മണി പടികള്‍ കയറിവരുമ്പോള്‍ ഇടക്ക് നിന്നു.ലോറിഡ്രൈവറായ വേണുവിന്‍റെ സഹായി യാണ് മണി.

" ദാ പ്പോ വിളിക്കാം , മണി കയറിരിക്കൂ "

കാക്കിയിട്ട് അകത്തുനിന്നും വന്ന വേണു ചുമരില്‍ തൂക്കിയ കണ്ണാടിയില്‍ നോക്കി പൌഡര്‍ ഇടുന്നത്‌ കണ്ട്‌ മണി‍ ഇരുത്തിമൂളി.

"ഓ..ജയനാണെന്നാ വിചാരം ...ന്‍‌റ്റെ വേണുവേട്ടാ ഒന്നു വേഗം വന്നെ , ഇന്നലെതന്നെ വൈകിവന്നതിനാല്‍ ശരിക്കുറങ്ങാന്‍ പറ്റിയില്ല"

അമ്മിണിയുടെ കയ്യില്‍നിന്നും ചോറ്റുപാത്രം വാങ്ങുമ്പോള്‍ ചെറുതായി കുലുക്കി നോക്കി.

" മീനുണ്ടോ ?"

" ന്നലേം ആ മീങ്കാരന്‍ വന്നില്ലന്നൈ"

" മീനൊക്കെ കടയില്‍നിന്നും കിട്ടും അതും നല്ല പൊരിച്ചത്‌ , ഒന്നു വരൂ ന്‍റ്റെ വേണുവേട്ടാ"

റോഡില്‍ നിന്നും നീങ്ങിയ ലോറി കണ്ണില്‍ നിന്നും മറയുന്നതുവനെ അമ്മിണി മുറ്റത്തുതന്നെ നിന്നു.
വയനാട്ടില്‍ നിന്നും തിരിക്കുമ്പോഴേ വേണുവിന്‍റ്റെ മനസ്സ്‌ അസ്വസ്ഥമായിരുന്നു. മണി ഒന്നു രണ്ട് തവണ ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. ലോഡൊന്നുമില്ലാത്തതിനാല്‍ വേഗതയിലാണ് വേണു ഓടിച്ചത്. പിറ്റേന്ന് കാണാമെന്ന് പറഞ്ഞ് മണിയെ പറഞ്ഞയച്ച് വേണു വീട്ടിലേക്ക് കയറി. മുറ്റത്ത് സൈദാലിക്ക ഇരിക്കുന്നു. വേണുവിന്‍‌റ്റെ അച്ഛനും സൈദലിക്കയുടെ ബാപ്പയും കൂട്ടുകാരാണ് , കുറച്ചപ്പുറത്താണ് സൈദാലിക്കയുടെ വീട്. പതിവില്ലാതെ അതും വൈകീട്ട് സൈദാലിക്കയെ വീട്ട് മുറ്റത്ത് കണ്ടപ്പോള്‍ വേണു പരിഭ്രാന്തനായി.

" ആ വേണു ..ജ്ജ്‌ വന്നോ, ബേജാറാവാനൊന്നുമില്ല , കുപ്പായം മാറ്റി വാ.."

മിനിഞ്ഞാന്ന്‌ താന്‍ പോയതിനു ശേഷം‍ അമ്മിണിയുടെ മൂക്കില്‍ നിന്നും രക്തം വന്നതും , ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തതുമെല്ലാം സൈദാലിക്ക പറഞ്ഞു. അമ്മ ആശുപത്രിയിലാണെന്നും കുട്ടന്‍ സൈദാലിക്കയുടെ വീട്ടിലാണെന്നുമൊക്കെ വേണു മനസ്സിലാക്കി.

" എല്ലാം പോയല്ലോ സൈദാലിക്കാ"

ആശുപത്രിയുടെ വരാന്തയില്‍ സൈദാലിക്ക കാലെടുത്തുവെച്ചതും , വേണു ഓടിവന്ന്‌ കെട്ടിപ്പിടിച്ചു
" ജ്ജെ ന്താ ന്‍റ്റെ വേണൂ ഇങ്ങനെ ആയാല്‍ , അസുഖമൊക്കെ എല്ലാര്‍ക്കും വരുന്നതല്ലെ , ഐനല്ലെ ആസ്പത്രികളുള്ളത്‌ , ആ കുട്ടിക്ക്‌ വെഷമാവുല്ലെ"

വേണുവിനെ പുറത്തുകൊട്ടി സമാധാനിപ്പിക്കുന്നതിനിടെ , അടുത്തായി നിന്ന മണിയേ നോക്കി.

" ഡോകറ്റര്‍ ന്താ പറഞ്ഞത്‌?"

" തുടക്കമാണത്രെ ...ചികിത്സ ഉടന്‍ തുടങ്ങണമെന്നും , ഇല്ലെങ്കില്‍ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നേക്കാമെന്നും പറഞ്ഞു”

"ജ്ജ്‌ ഇവിടെത്തന്നെ വേണം , ഞാന്‍ രാത്രി വരാം .., പാടത്താളുണ്ടൈ , ദാ ..ദ്‌ കയ്യില്‍ വെച്ചോ "

കാന്‍സര്‍ ഒരു പകര്‍ച്ചവ്യാധി ആണോ അല്ലയോ എന്നുള്ള വേണുവിന്‍റെ സഹോദരങ്ങളുടെയും അമ്മയുടെയും ചര്‍ച്ച എവിടെയുമെത്തിയില്ലെങ്കിലും , ഒരു കാര്യത്തില്‍ തീരുമാനമായി , അമ്മിണി വീട്ടില്‍ നിക്കാന്‍ പാടില്ല .
“ ഒരു പെണ്‍കുട്ടിയുള്ളതാണിവിടെ , അമ്മിണി വേണോങ്കി ഓള്‍ടെ വീട്ടില്‍ നിക്കട്ടെ , കുട്ടന്‌ ഇവിടെനിന്ന്‌ സ്കൂളില്‍ പോകാല്ലോ"

സൈദാലിക്കയുടെ ബാപ്പയുടെ ബാപ്പ ഉണ്ടക്കിയതാണവരുടെ തറവാട്. ആറു കൊല്ലമായി അടച്ചിട്ടിരിക്കുന്നു. മൂത്തമകന്‍ ഹംസ പുതിയ വീടു വെച്ചതില്‍പിന്നെ സൈദാലിക്കയും , മക്കളും അവിടേക്ക്‌ താമസം മാറ്റുകയായിരുന്നു. അടച്ചിട്ടിരിക്കുന്ന തറവാട്ടില്‍ ‍ പഴയ കുറെ സാധനങ്ങളും പിന്നെ പണിക്കാരുടെ പണിയായുധങ്ങളും ആണുള്ളത്‌.

എന്തൊക്കെയോ മനസ്സില്‍ കരുതി വീട്ടില്‍ കയറിയ സൈദാലിക്ക ഭാര്യയെ വിളിച്ചു.

" കൈജാ , ന്താ അന്‍‌റ്റെ അഭിപ്രായം , ഇപ്പോ ഓല്ക്കാരുല്ല , ആ ചെക്കന്‍ ത്രകാലം നോക്കീട്ട്‌ , ഒരസുകം വന്നപ്പോ , തള്ളേം കൂടി തള്ളി"

" ങ്ങളാരുടെ കാര്യാ പറയണത്‌ "

" മ്മടെ വേണൂന്‍റ്റെ കാര്യം , ഓന്‍ ഇപ്പോ വാടകക്ക്‌ വീട്‌ നോക്വാ , നമ്മടെ നാട്ടിലെവിടാടീ വാടകക്ക്‌ വീട്‌"

" ന്നാ പിന്നെ ങ്ങക്കോനോട്‌ ഞമ്മടെ തറവാട്ടില്‌ നിക്കാന്‍ പറഞ്ഞൂടേ , അവിടേണെങ്കില്‍ ആളനക്കവുമുണ്ടാകും"

സൈദാലിക്കയുടെ മുഖം തിളങ്ങി എങ്ങിനെ അവതരിപ്പിക്കും , എന്തൊക്കെ പ്പറയേണ്ടിവരും , എതിര്‍പ്പെന്തൊക്കെയാവുമെന്നൊക്കെയായിരുന്നു വീട്ടിലേക്ക് കയറുമ്പോള്‍ മനസ്സില്‍.
കുറച്ചുദിവസത്തിനു ശേഷം ആശുപത്രിയില്‍നിന്നും വേണുവും കുടുംബവും സൈദാലിക്കയുടെ തറവാട്ടിലേക്ക്‌ താമസം മാറ്റി. നാട്ടുപ്രമാണി മാധവന്‍റ്റെ മുന്നറിയീപ്പ്‌

" സൈദാലിക്കാ..ങ്ങളൊന്നൂടെ ആലോചിക്കുന്നതായിരിക്കും നല്ലത്‌ , പണ്ടത്തെകാലമല്ല"

തന്‍‌റ്റെ സ്വതവെയുള്ള ചിരിയോടെ സൈദാലിക്കാടെ മാധവനെ നോക്കി.

" മാധവാ , അനക്കും ഇനിക്കുമൊക്കെ എത്ര സ്ഥലം വേണം ഒന്നു നീണ്ടുകിടക്കാന്‍? ആറടി, അതു പോരെ ?"
ഇവരുടെ സംസാരം കേട്ടുനിന്ന സുലൈമാനിക്കയുടെ ചോദ്യം.

" പറയാന്‍ എളുപ്പമാ , നിങ്ങള്‍ മക്കളോടു ചോദിച്ചോ"

" എടോ സുലൈമാനെ ,ഞാന്‍ പറഞ്ഞാല്‍ മക്കള്‍ കേള്‍ക്കണം, പിന്നെ ആ വീട്‌ എന്‍‌റ്റെയാ , ആര്‍ക്കും ഒരവകാശവുമില്ല"

കാലങ്കുടയുടെ കമ്പി നിലത്തുകുത്തി സൈദാലിക്ക നടന്നുനീങ്ങി.

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു പ്രഭാതം.

കോളിങ്ങ് ബെല്ലിന്‍റെ ശബ്ദം കേട്ടുണര്‍ന്ന സൈദാലിക്ക വാതില്‍ തുറന്നു.
മുറ്റത്ത് വേണുവും അമ്മിണിയും.

“അല്ല വേണൂ , ജ്ജ് ന്ന് പണിക്കു പോയില്ലെ , അമ്മിണീ അന്നെപ്പോ വഴിക്കൊന്നും കാണാറേല്ലല്ലോ”

“ഇല്ല സൈദാലിക്ക , ഇന്നു പണിക്ക് പോയില്ല , വീട്ടില്‍തന്നെ കൊറച്ച് പണിണ്ട്”

“അല്ല ചോദിക്കാന്‍ വിട്ടു , എന്തായി അന്‍റെ വീടുപണി , നിക്കു വയ്യടോ അതോണ്ടാ അവിടേക്കൊന്നും വരാത്തതിപ്പോള്‍“

“ ഞങ്ങള്‍ കുടിയിരിക്കലിനു വിളിക്കാന്‍ വന്നതാ , നാളെ എല്ലാരും കൂടി വരണം ”

“എല്ലാ പണിയും‍ കഴിഞ്ഞോ അമ്മിണീ?”

ഉള്ളില്‍ നിന്നും കദീജുമ്മയുടെ അന്വേഷണം.

“ ഇല്ല ഉമ്മാ , തേക്കല്‍ ബാക്കിയുണ്ട് ”

“ ന്‍‌റ്റെ വേണൂ അതുകൂടി കഴിഞ്ഞിട്ടു പോരെ , അന്നെ ആരെങ്കിലും ഇറക്കിവിട്ടൊ ന്‍‌റ്റെ വീട്ടീന്ന്?”

“ അതൊക്കെ അങ്ങോട്ട് നടക്കും ഇക്കാ.”

“ഒക്കെ അന്‍റെ ഇഷ്ടം , ഞങ്ങള്‍ രാവിലെ വരാം”

ചായകുടിച്ചു പിരിയുമ്പോള്‍, വേണു തന്‍റെ കണ്ണുകള്‍ തുടക്കുന്നത് കദീജുമ്മ കണ്ടതായി നടിച്ചില്ല.

27 comments:

ikkaas|ഇക്കാസ് said...

തറവാടിയുടെ തൂലികയില്‍ നിന്ന് പ്രവാസികളില്‍ ഗൃഹാതുരത്വമുണര്‍ത്താന്‍ പോന്ന മറ്റൊരു കഥ കൂടി...
പതിവു പോലെ ഹൃദ്യമായ വിവരണം തന്നെ. ആശംസകള്‍.

പടിപ്പുര said...

തറവാടി, ഇതാണ്‌ നന്മയുടെ കഥ

കുറുമാന്‍ said...

തറവാടി, വളരെ ഒഴുക്കോടെ, മനോഹരമായി താങ്കള്‍ ഈ കഥ പറഞ്ഞിരിക്കുന്നു. ഉള്ളില്‍ നന്മകള്‍ നിറഞ്ഞ സെയ്ദാലിക്ക - താങ്കളെപോലുള്ളവര്‍ ഭൂമിയിലില്ലായിരുന്നെങ്കില്‍!

വല്യമ്മായി said...

ഇക്കാസേ,
ഈ കഥ എങ്ങനെയാ പ്രവാസികളില്‍ ഗൃഹാതുരത്വം ഉണര്‍‌ത്തുന്നത്.നന്മയും സ്നേഹവുമെല്ലാം സ്ഥായിയായ ഭാവങ്ങളല്ലെ;പ്രവാസം അത് വര്‍ദ്ധിപ്പിക്കുന്നതല്ലാതെ നഷ്ടപ്പെടുത്തുന്നില്ല.

കുട്ടന്മേനൊന്‍::KM said...

തറവാടി, താങ്കളുടെ പോസ്റ്റുകളില്‍ എനിക്കിഷ്ടപ്പെട്ട മറ്റൊരു കഥ. മനോഹരമായ സംഭാഷണശകലങ്ങള്‍.

സാരംഗി said...

ഹൃദ്യമായ കഥ..ഇഷ്ടമായി.

Siju | സിജു said...

ഇഷ്ടമായി
qw_er_ty

അഗ്രജന്‍ said...

തറവാടി... നന്നായിരിക്കുന്നു... യഥാര്‍ത്ഥ മനുഷ്യബന്ധങ്ങളെ തുറന്നു കാട്ടുന്ന കഥ.

നന്മ നിറഞ്ഞവന്‍ സെയ്താലിക്ക.

kaithamullu - കൈതമുള്ള് said...

തറവാടീ, നല്ല തറവാടിക്കഥ!

തമനു said...

തറവാടി മാഷേ,

നമ്മൂടെ എല്ലാവരുടെയും ജീവിതത്തില്‍ ഇതു പോലെയുള്ള കാണാക്കരങ്ങളുടെ സഹാ‍യങ്ങള്‍ ഒത്തിരി ഇല്ലേ...

താങ്കളുടെ നല്ല ഭംഗിയുള്ള മറ്റൊരു കഥ.

Pramod.KM said...

പാലില്‍ തുടങ്ങിയ കഥ പാലുകാച്ചലില്‍ അവസാനിക്കുന്നതിനിടയില് നൊമ്പരങ്ങളുടെയും സ്നേഹത്തിന്റെയും നേരിലൂടെ ഉള്ള യാത്ര നന്നായിരിക്കുന്നു..

Appu said...

തറവാടിക്കാ..... നല്ല കഥ. എനിക്കിഷ്ടപ്പെട്ടു.

മഴത്തുള്ളി said...

തറവാടി,

കാണാക്കരങ്ങള്‍ വളരെ നന്നായിരിക്കുന്നു. കൂടാതെ സെയ്താലിക്കയെയും :)

venu said...

" മാധവാ , അനക്കും ഇനിക്കുമൊക്കെ എത്ര സ്ഥലം വേണം ഒന്നു നീണ്ടുകിടക്കാന്‍? ആറടി, അതു പോരെ ?" തറവാടീ ഞാനിവിടൊക്കെ വരാന്‍ വൈകുന്നു. സൈതാലിക്കാമാരുടെ ലോകം കഴിഞെനിക്കു് സമയമില്ല. നല്ല കുറ്റാലം പാലരുവിയില്‍ പോലും കണ്ണുനീര്‍‍ അന്വേഷിക്കുന്ന നിശബ്ദതയുടെ കാവല്‍ക്കാരന്‍റെ മനസ്സു തേടുന്ന ഞാന്‍‍ പറയുന്നു. നല്ല കഥ.:)

കെവിന്‍ & സിജി said...

ഇത്ര ചെറുതാണെങ്കിലും ഒരു നോവലു വായിച്ച മാതിരി. മാഷേ, ഇതൊന്നു പെരുപ്പിച്ചുകൂടേ?

ikkaas|ഇക്കാസ് said...

ഇക്കാസേ,
ഈ കഥ എങ്ങനെയാ പ്രവാസികളില്‍ ഗൃഹാതുരത്വം ഉണര്‍‌ത്തുന്നത്.നന്മയും സ്നേഹവുമെല്ലാം സ്ഥായിയായ ഭാവങ്ങളല്ലെ;പ്രവാസം അത് വര്‍ദ്ധിപ്പിക്കുന്നതല്ലാതെ നഷ്ടപ്പെടുത്തുന്നില്ല.

4/03/2007 9:22 AM

ഹഹഹ
വാസ്തവം വെല്യമ്മായീ വാസ്തവം!
അതു തന്നാ എനിക്കും മനസ്സിലാവാത്തെ,ഞാനെങ്ങന്നെ അങ്ങനെയൊരു കമന്റിട്ടു?
അപ്പൊ ഒള്ള സ്നേഹം സ്നേഹമായിത്തന്നെ ഇരിക്കട്ടെ. നിങ്ങടെ ബ്ലോഗില്‍ ഞാന്‍ കമന്റാത്തത് കൊണ്ട് നിങ്ങക്കോ അല്ലെങ്കില്‍ മറിച്ചോ ഒരു ചുക്കും സംഭവിക്കാന്‍ പോണില്ല. സംഭവാമി യുഗേ യുഗേ.

അത്തിക്കുര്‍ശി said...

തറവാടീ,

വീഴ്ചകളില്‍ താങ്ങാവുന്ന കാണാകരങ്ങള്‍ അന്യമാവുന്ന ഇന്ന്, സൈദാലിക്കയെപ്പോലുള്ളവര്‍ വിരളം!

പതിവ്‌ പോലെ, ലളിതമായ മനസ്സില്‍ തട്ടുന്ന എഴുത്തും പശ്ചാത്തലവും!

വിഷ്ണു പ്രസാദ് said...

മനുഷ്യനന്മയില്‍ വിശ്വസിക്കാമെന്ന് വിളിച്ചുപറയുന്ന മനോഹരമായ രചന.വള്ളുവനാടിന്റെ ഹൃദയ സൌകുമാര്യം ഈ കഥയ്ക്കുണ്ട്.ഇതെഴുതാന്‍ ഉപയോഗിച്ചിരിക്കുന്ന ലളിത സുന്ദരമായ ആ ഭാഷയും നന്നായി ഇണങ്ങുന്നു.

അഭിനന്ദനങ്ങള്‍...

ശ്രീ said...

ജാതി മത ഭേദമില്ലാത്ത, വലിപ്പ ചെറുപ്പമില്ലാത്ത സൈദാലിക്കയെ പോലുള്ള ആളുകളെയാണ്‍ നമ്മുടെ നാടിനാവശ്യം....
മനോഹരമായ അവതരണവും സംഭാഷണത്തിലെ നാടന്‍‌ ശകലങ്ങളും കഥയെ വ്യത്യസ്തമായ അനുഭവമാക്കുന്നു...

അഭിനന്ദനങ്ങള്‍‌... :)

ആവനാഴി said...

ഇന്നാണു കണ്ടതു. ജോലിത്തിരക്കുകാരണം നെറ്റു നോക്കാന്‍ കഴിയാറില്ല.

നല്ല മനോഹരമായ കഥയാണല്ലോ തറവാടീ ഇത്. ഞാനാ നാട്ടുമ്പുറത്തേക്കു സ്വയം ഒഴുകിയൊഴുകിപ്പോയി.

തറവാടിത്തമുള്ള കഥ.

ഇനിയുമെഴുതൂ, വായിച്ച് ആസ്വദിക്കാമല്ലോ.

സസ്നേഹം

ആവനാഴി

മിന്നാമിനുങ്ങ്‌ said...

സൈതാലിക്കയെപ്പോലെ നന്മ നിറഞ്ഞ
ആളുകളുടെ അഭാവമാണ് ഇന്നിന്റെ ശാപം.
തറവാടിയില്‍ നിന്ന്
നാട്ടുനന്മയുടെ മണമൂറുന്ന മറ്റൊരു പോസ്റ്റ്.

Biby Cletus said...

Nice post, its a really cool blog that you have here, keep up the good work, will be back.

Warm Regards

Biby Cletus - Blog

ഞാന്‍ ഇരിങ്ങല്‍ said...

ഇതൊക്കെ കയ്യിലുണ്ട് അല്ലേ...
കെവിന്‍ പറഞ്ഞതു പോലെ ഒരു നോവലു വായിച്ചതു പോലെ തോന്നി എന്നാല്‍ ഒരു ചെറുകഥയുടെ ഒതുക്കവുമുണ്ട്. കൂടുതല്‍ പിന്നീട് എഴുതാന്‍. നാട്ടിലായതിനാല്‍ വായിക്കാന്‍ ഒരുപാട് വൈകി.
താങ്കളില്‍ നിന്ന് തീരെ പ്രതീക്ഷിക്കാത്ത ഒരു സൃഷ്ടി.
അഭിനന്ദനങ്ങള്‍.
വിമര്‍ശനവുമുണ്ട്. അടുത്ത കമന്‍ റില്‍. ഇപ്പോള്‍ ഓഫീസില്‍ നിന്ന് പോകാനുള്ള സമയമായി.
സ്നേഹത്തോടെ
രാജു

കരീം മാഷ്‌ said...

നീ ഇരിങ്ങലിനു നന്ദി.
കാണാക്കരങ്ങള്‍ കാണിച്ചു തന്നതിനു്‌.
ഡയലോഗുകള്‍ക്കു പ്രധാന്യം കൊടുത്തു കൊണ്ടു ഒരു സ്കിറ്റു രീതില്‍ എഴുതിയ ഈ കഥ പുതുമ തന്നു. ഇതിവൃത്തവൂം നന്നായി.

ജ്യോനവന്‍ said...

ഇതിപ്പോള്‍ വായിക്കുമ്പോള്‍ കാലം കുറേ വൈകി.
എന്നാലുമൊരു കമന്റിടാതെ പോകാന്‍ തോന്നുന്നില്ല.
സംഭാഷണങ്ങളാണ് കഥയുടെ നട്ടെല്ലെന്ന് കെ പി അപ്പന്‍.
അതിപ്പോള്‍ ബോധ്യായി....

Sharu.... said...

നന്മയുടെ കഥ... നന്നായിരിക്കുന്നു

ഗോപന്‍ - Gopan said...

ഇവിടെ ആദ്യമാണ് ഞാന്‍..
ഹൃദ്യമായ കഥ..
വളരെ ഇഷ്ടപ്പെട്ടു..