Tuesday, March 16, 2010

പുള്ളുവത്തി .

വീടിന് മുന്നിലൂടെ മദ്രസ്സയില്‍‌ പോകുമ്പോള്‍ യശോദാമ്മ അടുത്ത് വന്നെന്‍‌റ്റെ തലയില്‍ തടവും.

' ന്‍റ്റെ പുട്ടല്ലേത്‌ '

ഞങ്ങളുടെ വീട്ടില്‍ നിന്നും പഞ്ചായത്ത് റോടിലേക്കു പോകുമ്പോള്‍ ആറാമത്തെ വീടാണ്‌ പാണന്‍ ശങ്കരന്‍‌റ്റേത്. പ്രായം അമ്പതോടടുത്ത ഭാര്യ യശോദാമ്മ , വിളവെടുപ്പ് കാലത്ത് രാവിലെ അടുത്തുള്ള സ്ഥലങ്ങളിലൊക്കെ നടന്ന് പാട്ട് പാടിയതിനു ശേഷം തിരിച്ചു വരുന്നത് ഞങ്ങളുടെ പറമ്പിലൂടെയാണ്‌.

ഒരിക്കലെപ്പോഴോ ഞങ്ങളുടെ വീട്ടില്‍ കയറിയപ്പോള്‍ , പുട്ടുകഴിക്കുന്നതു കണ്ട എന്നെ അന്നുമുതലാണ് അയമ്മ ഈ പേര് വിളിക്കാന്‍ തുടങ്ങിയത്.മൂത്ത മകളുമൊത്ത് വൈകുന്നേരങ്ങളില്‍ പാടിത്തളര്‍ന്ന് വരുമ്പോള്‍ ഉമ്മയോട് നാട്ടുവര്‍ത്തമാനങ്ങളൊക്കെ പറഞ്ഞിരിക്കുന്നത് പതിവാണ്. അയമ്മ ഈ പേര് വിളിക്കുന്നതെനിക്ക് തീരെ ഇഷ്ടമായിരുന്നില്ല.

' ന്‍‌റ്റെ പേരതല്ലാ '

'ആയിക്കോട്ടെ , ന്നാലും ഞാന്‍ പുട്ടെന്നേ വിളിക്കൂ'

അകലങ്ങളില്‍ പാട്ട് പാടി നാലോ അഞ്ചോ ദിവസം കഴിഞ്ഞ് തിരിച്ചുവന്നാല്‍ പടിപ്പുരയില്‍ അവര്‍ എന്നെ കാത്തുനില്‍ക്കുമായിരുന്നു. എനിക്കിഷ്ടമില്ലാത്ത അവരുടെ ഈ പേര്‍ വിളിയില്‍ നിന്നും രക്ഷപ്പെടാന്‍ ഉമ്മ എനിക്കൊരു മാര്‍ഗ്ഗം പറഞ്ഞുതന്നു.

' അതിനെന്താ ..പകരം ജ്ജ് ഓലെ പാട്ടുകാരിയമ്മേന്ന് വിളിച്ചോ '

അവരെ ഒഴിവാക്കാനായി ചന്ദ്രന്‍‌റ്റെ പറമ്പിലൂടെ വഴിമാറിനടന്ന എന്നെ ഒരിക്കല്‍ നായ ഓടിച്ചതിനുശേഷം വീണ്ടും പഴയ വഴിതന്നെ ഞാന്‍ തുടര്‍ന്നു, അവരുടെ ' പുട്ട് ' വിളിയും'.

************************************

സ്കൂളില്‍ നിന്നും വന്നപ്പോള്‍ , പൂമുഖത്ത് ഉപ്പയുമായി സംസാരിച്ചിരിക്കുന്ന ഒസ്സാന്‍ പോക്കര്‍ എന്നെ അടുത്തേക്ക് വിളിച്ചു. അടുത്ത് ചെന്ന ഉടന്‍ പോക്കര്‍ ഉടുത്തിരുന്ന എന്‍‌റ്റെ മുണ്ടഴിച്ചു, പിന്നീട് ഉപ്പാനെ നോക്കി.

' അല്ല അതൈ ഈ ചെക്കന്‍....ഇത് മൂത്തല്ലോ , ഇനി വൈകിച്ചൂടാ ട്ടാ. '

' അപ്പോ.. ഈ ..വ്യായായ്ച '

അന്നുമുതല്‍ വീട്ടിലുള്ള എല്ലാവരും എന്നോട് വല്ലാത്ത സ്നേഹം കാണിച്ചുതുടങ്ങി , ഇഷ്ടപ്പെട്ട പലഹാരങ്ങള്‍ , എന്തു ചോദിച്ചാലും കിട്ടുന്ന അവസ്ഥ , സ്കൂളില്‍ പോകാതിരിക്കാനുള്ള സന്തോഷത്തോടെയുള്ള അനുവാദം , സര്‍‌വ്വ ഐശ്വര്യങ്ങളോടും കൂടി ദിവസങ്ങള്‍ കഴിഞ്ഞു.ചൊവ്വയോടു കൂടി വീട്ടില്‍ ബന്ധുക്കള്‍ വന്നു തുടങ്ങി , കാണുന്നവരോക്കെ വല്ലാത്ത വാത്സല്യത്തോടെ എന്‍റ്റെ തല തടവി വന്നവരില്‍ പലരും പൈസ തരാന്‍ തുടങ്ങിയതോടെ ഞാന്‍ ആര്‍ത്തുല്ലസിക്കാന്‍ തുടങ്ങി.വ്യാഴാഴ്ചയായപ്പോള്‍ ചെറിയൊരു കല്യാണത്തിന്‍‌റ്റെ ആളുകളായി . പത്തുമണിയോടെ മദ്രസ്സയിലെ ഉസ്താദും പോക്കരും വീട്ടിലെത്തിയപ്പോള്‍ പുതിയ കുപ്പായവും മുണ്ടുമൊക്കെ അണിഞ്ഞ്‌ പറമ്പില്‍ കളിച്ചു കൊണ്ടിരുന്ന എന്നെ മാമ വീട്ടിലേക്ക്‌ വിളിച്ചു.

ഒരു തോര്‍ത്തുമുണ്ട ഉടുപ്പിച്ച്‌ എന്നെ ഉസ്താദിന്‍റ്റെ മടിയില്‍ ഇരുത്തി. രണ്ടു കൈകളും , കാലുകളും ഓരോരുത്തര്‍ പിടിച്ചു. ശക്തമായി ഞാന്‍ കുതറും തോറും അവര്‍ പിടി മുറുക്കിക്കൊണ്ടിരുന്നു. ഏതോ ഒരു നിമിഷത്തില്‍ അതി കഠിനമായ വേദനയുണ്ടായപ്പോള്‍ ഞാന്‍ ഉറക്കെ കരഞ്ഞു.

' കഴിഞ്ഞു....കഴിഞ്ഞു.. '

കണ്ണില്‍ ഇരുട്ടികയറയതു മാത്രം ഓര്‍മ്മയുണ്ട്.മെല്ലെ കണ്ണു തുറന്നപ്പോള്‍ കുന്നിന്റെ ആകൃതിയില്‍ ഒരു വെളുത്ത തുണി മുകളില്‍നിന്നും തൂക്കിയിട്ടിരിക്കുന്നു. പുറത്ത്‌ നല്ല ബഹളം കേള്‍ക്കുന്നുണ്ട്‌ , കുട്ടികള്‍ പറമ്പില്‍ കളിക്കുന്നത്‌ ജനലിലൂടെ എനിക്കൊരു മായ പോലെ കാണാമായിരുന്നു. പകുതി മയക്കത്തോടെ മെല്ലെ വാതിലിനരികിലേക്ക്‌ നോക്കിയപ്പോള്‍ വാതിലിനരികെ ആരോ നില്‍ക്കുന്നു,

' ന്‍റ്റെ പൈസ എവിടെ? '

വാതിലിനരികില്‍ നിന്നവര്‍ എന്‍‌റ്റെ അടുത്ത് വന്നു , മെല്ലെ തലയില്‍ തലോടി ,

' ന്‍റ്റെ പുട്ടെ , പൈസ തലക്കാണിടെ ചോട്ടിലുണ്ട് ട്ടോ.. '

തലയിണയുടെ അടിയിലുള്ള നോട്ടുകളെ ഞാന്‍ തൊട്ട്‌ തീര്‍ച്ചപ്പെടുത്തുമ്പോള്‍ കട്ടിലിനരികെ ഇരുന്നവര്‍ കയ്യിലുണ്ടായിരുന്ന പൊതിയഴിച്ചു.ഒരു കൈ കൊണ്ട്‌ കണ്ണു തുടക്കുന്ന യശോദാമ്മയേയും മറുകൈകൊണ്ട്‌ എനിക്കു നേരെ നീട്ടുന്ന നെയ്യപ്പവും ഞാന്‍ വ്യക്തമായി കണ്ടു.

13 comments:

ഫസല്‍ ബിനാലി.. said...

nanavulla oarma

സഹയാത്രികന്‍ said...

ഇന്ന് ധ്വനീടെ ഒരു പോസ്റ്റ് വായിച്ചിരുന്നു... ഓര്‍മ്മകളുടെ ഭ്രമം ...
ഇപ്പൊ ഇവിടേം ഓര്‍മ്മകള്‍... ഓര്‍മ്മകള്‍ ഒരു സുഖാലേ മാഷേ...
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ തന്നെ
:)

ശ്രീ said...

നല്ല ഓര്‍‌മ്മകള്‍‌...

Unknown said...

നന്നായിറ്റുണ്ട്.തുടക്കത്തില്‍ പലയിടത്തും വന്ന അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ...

കുഞ്ഞന്‍ said...

സ്നേഹമുള്ള പുള്ളുവത്തി..!

സുന്നത്ത് കല്യാണത്തെപ്പറ്റി പറഞ്ഞപ്പോള്‍ എന്റെ പഴയ ബാല്യകാല കൂട്ടുകാരെപ്പറ്റി ഓര്‍ക്കാന്‍ പറ്റി..!

ഏ.ആര്‍. നജീം said...

Ormakal...:)

Murali K Menon said...

അതപ്പ കഴിഞ്ഞത് നന്നായി. ഇപ്പ ആലോചിക്കുമ്പോ സുഖൊള്ള നൊമ്പരം ല്ലേ തറവാടി...

നവരുചിയന്‍ said...

പെട്ടെന്ന് ഒരു കുഴിയില്‍ വീണ പോലെ ആയല്ലോ അവസാനം ....... കുറച്ചു കൂടി അത് ഭംഗി ആകാം ആയിരുന്നു എന്ന് തോന്നുന്നു .....

മന്‍സുര്‍ said...

തറവാടി....

ഇന്നും ആ പഴയ കാലത്തിന്‍ ചിതലെടുക്കാത്ത ഓര്‍മ്മകളില്ലല്ലേ
നമ്മുടെ ഇന്നിന്റെ ആസ്വാദനം
ആ മധുരവും നനവുമുള്ള ഓര്‍മ്മകള്‍ ഏകാന്തതയുടെ തീരങ്ങളില്‍
ഒരു കുളിര്‍ക്കാറ്റായ്‌..മഴയായ്‌ വിരിയുന്ന പാതിരാ പൂക്കളായ്‌
ഒരു നിശ്വാസത്തിന്‍ സുഗന്ധമായ്‌.....അലയടിക്കുന്നീ ഓര്‍മ്മകള്‍
മനസ്സിന്‍ വീഥികളില്‍..

നല്ല എഴുത്ത്‌..അഭിനദനങ്ങള്‍

നന്‍മകള്‍ നേരുന്നു

മനോജ് കുമാർ വട്ടക്കാട്ട് said...

പുട്ടെ.. അല്ല അലിയൂ, നല്ല ഓര്‍മ്മ

Areekkodan | അരീക്കോടന്‍ said...

ഓര്‍‌മ്മകള്‍‌ നന്നായി.

കൂതറHashimܓ said...

ആഹാ... ‘കുട്ടിഗ് സെറിമണി ഓഫ്....... ’ ആയിരുന്നല്ലേ