Sunday, March 28, 2010

പോലീസും കള്ളനും

മൂന്ന്‌ ദിവസത്തെക്കായി വീട്ടില്‍ പോയി തിരിച്ച് വരുന്ന വഴി കൊച്ചി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു‍. തുടര്‍ച്ചയായ യാത്രാ ക്ഷീണമുള്ളതിനാല്‍ അകത്തുകയറി വിശ്രമിക്കാമെന്നു കരുതി പ്രധാന കവാടം ലക്ഷ്യമാക്കി നടന്ന എന്നോട്, അതുവരെ എന്തോ പറഞ്ഞു ചിരിച്ചുകൊണ്ടിരുന്ന സ്കാനിങ്ങ്‌ മഷിന്‍ ഓപറേറ്റേഴ്സ്‌ എന്നെ കണ്ടതും സംസാരം നിര്‍ത്തി കയ്യിലുള്ള ബാഗ്‌ മെഷിനിലേക്കിടാനാവശ്യപ്പെട്ടു.

സ്കാനിങ്ങ് മെഷിനില്‍ നിന്ന് ബാഗും കയ്യിലെടുത്ത് ടിക്കറ്റിങ്ങ് കൗണ്ടറിലേക്ക് നീങ്ങിയ എനിക്ക് പിന്നാലെ അമ്പതു വയസ്സ് തോന്നിക്കുന്ന ഒരാള്‍ ഓടിവന്നു. ചെറിയതാടിയുള്ള അയാളുടെ കയ്യില്‍ പാസ്പോര്‍ട്ടും ടികറ്റുമൊക്കെ വെക്കാന്‍ പാകത്തിലുള്ള കറുത്ത നിറമുള്ള ഒരു ചെറിയ ബാഗു മാത്രമേയുള്ളു.

' യു.എ.യിലേക്കാ? ' അതെയെന്നുത്തരം പറഞ്ഞ എന്നോട് വാതോരാതെ അയാള്‍ സംസാരിച്ചുകൊണ്ടിരുന്നു.
വടക്കന്‍ മലബാറുകാരനായ അയാളുടെ പേര് സുലൈമാനാണെന്നും , മുപ്പതു വര്‍ഷമായി സൗദിയില്‍ കഫിട്ടേറിയ നടത്തുകയുമാണെന്നും , രണ്ടുവര്‍ഷത്തില്‍ അഞ്ചോ ആറോ മാസം നാട്ടില്‍ നില്‍ക്കാറുണ്ടെന്നുമൊക്കെ ഞാന്‍ മനസ്സിലാക്കി. ടിക്കെറ്റിങ്ങ്‌ കൌണ്ടറുകളൊന്നും തുറക്കാത്തതിനാല്‍ അവിടെയുള്ള സീറ്റില്‍ ഇരുന്ന ഞങ്ങളുടെ സംസാരം തുടര്‍ന്നു. നാട്ടിലുള്ള പ്രശനങ്ങളും വിദേശത്തുള്ള പ്രശ്നങ്ങളും , മക്കളുടെ പഠിപ്പുമെല്ലാം ഒരു സാധരണക്കാരന്‍‌റ്റെ ഭാഷയിലൂടെ അയാള്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഞാനൊരു കേള്‍‌വിക്കാരന്‍ മാത്രമായി. ഇടക്ക് എനിക്കു വന്ന ഫോണ്‍കോളുകള്‍ മാത്രമെ അയാളുടെ സംസാരത്തെനിര്‍ത്തിയുള്ളൂ.

പെട്ടെന്നാണ് എഴുപത്തഞ്ചോളം വരുന്ന കാക്കി യൂണിഫോമിട്ട ചെറുപ്പക്കാര്‍ വരിയായി ഹാളിലേക്ക് പ്രവേശിച്ചത്.അകത്തുകയറിയ അവര്‍ രണ്ട് വരികളിലായി കൗണ്ടറുകളെ അഭിമുഖരിച്ചുകൊണ്ട് നിന്നു.
വല്ല വി.ഐ,പി കളോ മറ്റോ വരുന്നുണ്ടാകും എന്നും കരുതി ഞാന്‍ സുലൈമാന്‍‌റ്റെ അടുത്ത വിഷയത്തിന് കാതോര്‍ത്തെങ്കിലും അയാള്‍ അവരെ ശ്രദ്ധിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞതും സീനിയര്‍ ഓഫീസര്‍ എന്നു തോന്നിപ്പിക്കുന്ന ഒരാള്‍ അവിടേക്ക് വന്ന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും തുടങ്ങി. അധികം താമസിയാതെ അവര്‍ വരിയായി ഉള്ളിലേക്കു പോകുകയും ചെയ്തു.

കൌണ്ടര്‍ തുറന്ന് ബോര്‍ഡിങ്ങ്‌ പാസ്സും വാങ്ങി ഞങ്ങള്‍ പാസ്പോര്‍ട്ട് കണ്‍ട്രോള്‍ കൌണ്ടറിലേക്കു നീങ്ങി. കൗണ്ടര്‍ തുറന്നിട്ടുണ്ടായിരുന്നില്ലെങ്കിലും മുമ്പ് കണ്ട കാക്കി യൂണിഫോമിട്ടവര്‍ രണ്ടുവരിയായി അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് മുന്നില്‍ നിന്ന് നിര്‍ദ്ദേശം കൊടുക്കുന്ന ആളുടെ വാക്കുകള്‍ ശ്രദ്ധിച്ചപ്പോളാണ് ട്രൈനിങ്ങിനായി വന്നതാണിവരെന്ന് മനസ്സിലായത്.

സീനിയര്‍ ഉദ്യോഗസ്ഥന്‍‌റ്റെ നിര്‍ദ്ദേശം അനുസരിച്ചുകൊണ്ട് , ഇരുപത്തഞ്ചോളം പേര്‍ ഓരോ കൗണ്ടറിലും ഇരിക്കുന്ന പോലീസുകര്‍ക്ക് ചുറ്റും നിലയുറപ്പിച്ചു. അവിടെ കൗണ്ടറില്‍ ഇരിക്കുന്ന പോലീസുകാര്‍ ഓരോരുത്തരോടും പേരു ചോദിക്കുന്നതും പറയുന്നതും കേള്‍ക്കാമായിരുന്നു.

പോലീസുകാരനെ കേന്ദ്രീകരിച്ച് വട്ടത്തില്‍ നിലയുറപ്പിച്ച ട്രൈനികളില്‍ പിന്‍ നിരയിലുള്ളവര്‍ പോലീസുകാരന്‍ പറയുന്നത് ശ്രവിക്കാന്‍ വേണ്ടി മുന്നിലുള്ളവരുടെ തോളില്‍ കയ്യിട്ട് ഉയര്‍ന്നുനോക്കിയത് ; കുന്നംകുളം ചന്തയില്‍ മൈലെണ്ണ വില്‍ക്കുന്നവന് ചുറ്റും നാട്ടിന്‍ പുറത്തുകാര്‍ കൂടിനില്‍ക്കുന്ന ഒരു പ്രതീതി ജനിപ്പിച്ചു.

പോലീസുകാരന്‍‌റ്റെ നിര്‍‌ദ്ദേശത്താല്‍ കൌണ്ടറിലേക്ക്‌ നീങ്ങിയ എന്‍‌റ്റെ പാസ്പോര്‍ട്ട്‌ വാങ്ങി അയാള്‍ തനിക്കു ചുറ്റും നിന്നിരുന്നവരോട് പാസ്പോര്‍ട്ടിലെ ഓരോ പേജിനെക്കുറിച്ച് വിവരിച്ചുകൊടുത്തു. ഓരോരുത്തരുടെയും ഭാവ വ്യത്യാസങ്ങള്‍ വീക്ഷിച്ചു നിന്നിരുന്ന എന്നോട് , അതുവരെ സൌമ്യനായിരുന്ന പോലീസുകാരന്‍ സ്വല്‍പം ഗൌരവത്തില്‍:

' എന്താ (ഡാ) പേര് '

ആ ചോദ്യം ചോദിച്ചപ്പോള്‍ ട്രൈനികളുടെ മുഖത്ത്‌ വല്ലാത്തൊരു പരിഹാസം ഞാന്‍ കണ്ടു.പിന്നീട്‌ അയാള്‍ പാസ്പോര്‍ട്ടിലെ പേജുകള്‍ മറിച്ചുകൊണ്ട്‌ ഓരോന്ന് വിശദീകരിച്ചുകൊടുത്തുകൊണ്ടിരുന്നു. ഇടക്കെന്നോട് ചോദിക്കുമ്പോള്‍ വല്ലാത്ത ഒരു ഗൗരവം മുഖത്തും ചോദ്യത്തിലും വരുത്താന്‍ അയാള്‍ ശ്രമിച്ചിരുന്നു.

' എവിടെയാ (ഡാ) വീട്‌ '
' ആനക്കര '

മൂന്ന് മാസം മുമ്പ്‌ ഇതേ കൌണ്ടറിലൂടെ തന്നെ കടന്നുപോയതും , അന്നു സൗമ്യമായി ഇതേ പോലീസുകാരന്‍ പെരുമാറിയതും എല്ലാം ഓര്‍മ്മിക്കുകയായിരുന്നു ഞാന്‍.

' മൂന്ന് മാസം മുമ്പല്ലെ താന്‍ പോയത്‌?'
' അതെ '
' ആന്ന് ഈ വഴിയാണോ പോയത് ? '
' അതെ '
' അന്ന് താന്‍ ഡല്‍ഹിയിലാണിറങ്ങിയതല്ലെ'
'അതെ'

ചോദ്യത്തിനടക്കൊക്കെ അയാള്‍ പാസ്പോര്‍ട്ട് തുറന്ന് പേജുകളില്‍ നോക്കി ട്രൈനികളോട് വിശദീകരിച്ചുകൊടുക്കുണ്ടായിരുന്നു.

' എന്തെ അന്ന് ഡല്‍ഹിയില്‍ ഇറങ്ങിയത് ഇറങ്ങിയത് ? '
' എന്താ(ഡാ) നിന്‍‌റ്റെ ജോലി? '

മൂന്ന് മാസം മുമ്പ് ലീവിന് നാട്ടില്‍ പോയപ്പോള്‍ ഡല്‍ഹിയില്‍ പോയതെന്തിനെന്ന ചോദ്യത്തിനുത്തരം പറഞ്ഞില്ലെങ്കിലും എന്‍റ്റെ ജോലി ഞാന്‍ പറഞ്ഞു. ഈ സമയം കൊണ്ട് എന്‍‌റ്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

' എവിടെക്കാണിപ്പോ പോകുന്നത്‌ '

എന്ന ചോദ്യം കൂടെയായപ്പോളേക്കും എന്‍‌റ്റെ ക്ഷമ പൂര്‍ണ്ണമായി നശിച്ചിരുന്നു , അബൂദാബിയിലേക്കുള്ള ഫ്ലൈറ്റില്‍ പോകുന്ന ഞാന്‍ അയാളെ ഒന്നിളക്കാന്‍ വേണ്ടി തന്നെ സ്വല്‍‌പ്പം നീരസത്തോടെ:

' ദുബായിലേക്ക് '

അയാളുടെ ഉത്തരം പെട്ടെന്നായിരുന്നു ,

' ദുബായിലേക്കോ , അതിനീ വിമാനം അബുദാബിയിലേക്കാണല്ലോ' പിന്നെ എന്തോ ആലോചിച്ച് ;

' അബൂദാബീന്ന് റോഡ് വഴിയാവും അല്ലെ? '.

പാസ്പോര്‍ട്ടിലെ ശരിയായ വിസ തപ്പിയെടുക്കാന്‍ അയാള്‍ കുറച്ചു പാടുപെട്ടു, ഓരോന്നും മാറി മാറി നോക്കുന്നതിനിടക്ക് ചില തമാശകളൊക്കെ ട്രൈനികളോട് പറയുന്നുണ്ടായിരുന്നു.

ക്ഷമയുടെ നെല്ലിപ്പലകയും പൊളിഞ്ഞുനിന്ന എനിക്ക് അയാളുടെ പരിഹാസവും ഗൗരവവും കലര്‍ന്ന ,

' എന്തെ ഇത്രപെട്ടെന്ന് വീണ്ടും വന്നത്? ' എന്ന് ചോദ്യം തീരെ പിടിച്ചില്ല.
' ഉത്തരം നിര്‍ബന്ധമാണോ ' എന്ന എന്‍റ്റെ മറുചോദ്യവും;
' എന്‍റ്റെ സാറെ കുറെ നേരമായിവിടെ നില്‍ക്കാന്‍ തുടങ്ങിയീട്ട്‌ ഒന്നു കടത്തിവിട്‌ '

എന്ന പരിഹാസം കലര്‍ന്ന അപേക്ഷയും അയാളെ ക്ഷുപിതനാക്കും എന്നു കരുതിയെങ്കിലും അതുണ്ടായില്ല .
അയാളെന്നെ രൂക്ഷമായി നോക്കി പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ്‌ ചെയ്ത്‌ കയ്യിലേക്ക്‌ തരികയായിരുന്നില്ല വലിച്ചെറിയുകായായിരുന്നു.

കൗണ്ടറില്‍ നിന്നും നീങ്ങുമ്പോള്‍ ട്രൈനികള്‍ എന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു. നടന്നു നീങ്ങിയ എനിക്കു പിന്നാലെ സുലൈമാന്‍ ഓടിവന്നു. അയാളുടെ സംസാരത്തില്‍ നിന്നും എനിക്കുണ്ടായതിനേക്കാള്‍ മോശമായിരുന്നു അയാളുടെ അനുഭവം എന്നും മനസ്സിലായി. ആദ്യം എനിക്കുള്ള ഫ്ലൈറ്റ് വന്നു , ഞങ്ങള്‍ യാത്രപറഞ്ഞു പിരിഞ്ഞെങ്കിലും യാത്രയില്‍ മിക്കപ്പോഴും സുലൈമാനിക്കയുടെ സംസാരത്തില്‍ വന്നിരുന്ന വാക്കുകളായിരുന്നു ,

' മ്മടെ നാടൊരിക്കലും നന്നാവൂല്ല '

15 comments:

Mubarak Merchant said...

നേരാ, നമ്മുടെ നാട് നന്നാവില്ല. റിപ്പബ്ലിക് ദിനാശംസകള്‍.

വേണു venu said...

തറവാടി,
പോസ്റ്റു വായിച്ചു. മനസ്സില്‍‍ തോന്നിയ വൃണപ്പെട്ട വികാരങ്ങളും മനസ്സിലായി. നമ്മടെ നാടും നന്നാവും, നന്നാവുമെന്ന് തന്നെ പ്രത്യാശിക്കാം. റിപ്പബ്ലിക്ക് ദിനാശംസകള്‍‍. :)

മുസ്തഫ|musthapha said...

വെഷമിക്കാതെ... നമ്മുടെ നാട് നന്നാക്കാന്‍ ടെന്‍ഡറ് വിളിച്ചിട്ടുണ്ട്...!

ശ്രീവല്ലഭന്‍. said...

:-(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രതീക്ഷ ബാക്കിവെയ്ക്കാം.

ഓ.ടോ:പല്ലാവൂരിനടുത്താണ് കാക്കയൂര്‍ എന്ന എന്റെ സ്വപ്നഭൂമി.

മന്‍സുര്‍ said...

തറവാടി...

നാട്‌ നന്നാവില്ല...നമ്മുടെ ആളുകളും

നന്‍മകള്‍ നേരുന്നു

നാടോടി said...

നമ്മടെ നാടും നന്നാവും...
നന്നാവുമെന്ന് തന്നെ പ്രത്യാശിക്കാം...
പ്രതീക്ഷകളാണ് ജീവിതം...
റിപ്പബ്ലിക്ക് ദിനാശംസകള്‍‍...

വിനയന്‍ said...

തറവാടി......

യെവെടെ......യാര് നന്നാക്കും...

ഗള്‍ഫുകാരെ കണ്ടാല്‍ എല്ലാവര്‍ക്കും പുഞമാണ് സഹോദരാ പുഞം...

Sharu (Ansha Muneer) said...

നമ്മുടെ നാട്ടില്‍ നിന്നു വിമാനമാര്‍ഗം പുറത്തു പോകുന്ന ഒട്ടുമിക്ക ആളുകള്‍ക്കും അനുഭവിക്കേണ്ടി വരുന്ന ഒന്ന്... ആരെയോ കൊന്നിട്ട് രക്ഷപെട്ടു പോകുന്നവരോടുള്ളതു പോലെ ആണ് പെരുമാറുന്നത്... എന്ന് നന്നാകാന്‍???

വിചാരം said...

1

Sherlock said...

ഇതിനേക്കാള്‍ മനോഹരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ബാംഗ്ലൂര്‍ എയര്‍പ്പോര്‍ട്ടില്‍ വച്ച്....ഇതു വായിച്ചപ്പോള്‍ അത് ഒരു പോസ്റ്റാക്കാമെന്നു തോന്നുന്നു

ഏ.ആര്‍. നജീം said...

ഹെവിടെ നന്നാവാന്‍.... കൊള്ളാം നല്ല കാര്യമായി... :)

വിചാരം said...

ഗള്‍ഫുക്കാരോടോ .. മറ്റു വിദേശ മലയാളികളോടോ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ക്കും പോലീസുക്കാര്‍ക്കും, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും ഒരു തരത്തിലുള്ള അസൂയയുടെ ഫലമാണ് ഇങ്ങനെയുള്ള ദുരനുഭവങ്ങള്‍ക്ക് നമ്മള്‍ സാക്ഷിയാവുന്നത്.ഒത്തിരി കഷ്ടപ്പെട്ട് കൈകൂലിയും നല്‍കി ലഭിയ്ക്കുന്ന ജോലിയില്‍ അവര്‍ക്ക് തൃപ്തമായ ശമ്പളം ലഭിയ്ക്കുന്നില്ലാന്നുള്ളത് ഒരു സത്യമാണ്. നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലയേറുന്നതിനനുസരിച്ച് ഇവരുടെ ശമ്പളം ഉയരാത്തതും കൈക്കൂലി മറ്റു അഴിമതികള്‍ക്ക് അവര്‍ നിര്‍ബ്ബന്ധിതമാവും,നാലാം ക്ലാസും ഗുസ്ഥിക്കാരനുമായ മന്ത്രിമാര്‍ കഷ്ടപ്പെട്ട് പഠിച്ച ഉദ്യോഗസ്ഥരെ ..പോലിസ് മേധാവികളുടെ മേക്കട്ട് കയറുമ്പോള്‍ മേലുദ്യോഗസ്ഥന്മ്മാര്‍ സാദാ പോലിസുക്കാരുടെ മേക്കട്ട് കയറും, പിന്നെ സാദാ പോലീസുക്കാര്‍ക്ക് മേക്കട്ട് കയറാന്‍ നമ്മളെല്ലാതെ മറ്റാരാ ?.മേലെ തട്ടില്‍ നിന്ന് സദാചാരപരവും ധാര്‍മ്മികവുമായ ഒരു വ്യവസ്ഥിതി സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്നു വരണം
, ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് കാലോചിതമായി എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പോലീസുക്കാര്‍ക്കും ശമ്പള വര്‍ദ്ധന നടത്തുക. നമ്മുടെ നാട് നന്നാവണമെങ്കില്‍ ആദ്യം നമ്മുക്ക് രാഷ്ട്രീയക്കാരെ നന്നാക്കണം. വിദ്യാഭ്യാസം മാനദണ്ഡമാക്കിയായിരിക്കണം ഓരോ സ്ഥാനത്തേയ്ക്കുമുള്ള മത്സരവും തിരഞ്ഞെടുപ്പും.. പഞ്ചായത്ത് തലം തൊട്ട് പാര്‍ലിമെന്റു വരെ ഓരോ ലവലായി വേര്‍ത്തിരിക്കണം.
എനിക്ക് പ്രതീക്ഷയുണ്ട് എന്റെ നാട്ടിനോട്... വളരെ കഴിവും പ്രാപ്തിയുമുള്ള കേരള പോലീസിനോട് എനിക്ക് മതിപ്പാണ് പുഴുകുത്തു പോലെ ഒന്നോ രണ്ടോ പേര്‍ ഉണ്ടായിരിക്കാം അതുകൊണ്ട് എല്ലാവരേയും ആ ഗണത്തി പെടുത്തരുത്.

Gopan | ഗോപന്‍ said...

നമ്മുടെ നാടിന്‍റെ touch എന്തായാലും ഒരു specimen പോലെ കാത്തു സൂക്ഷിക്കുന്ന ഈ പോലീസേമാന്‍മാര്‍ക്കു നന്ദി പറയാം പുരാവസ്തു സൂക്ഷിക്കുന്നതിന്...

Seena said...

തറവാടി,
വളരെ നന്നായിരിക്കുന്നു എല്ലാം.
നിങ്ങളൊക്കെ മലയാളത്തില്‍ എഴുതാന്‍ സമയം കണ്ടെത്തുന്നതില്‍ വളരെ സന്തോഷം തൊന്നി.
കുട്ടികളുടെ ബ്ലോഗും നന്നായിരിക്കുന്നു.. എന്റെ മകളോടും സന്ദര്‍ശിക്കാന്‍ പറയാം.

pls visit her blog, http://littlepoetess.blogspot.com