Sunday, March 14, 2010

കിട്ടേണ്ട സമയത്ത് കിട്ടണം.

ഗ്രോസറിയില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ഹംസയുടെ മുഖത്ത് പതിവിലുള്ള പുഞ്ചിരിയില്ല. നാട്ടിലേക്ക് ഫോണ്‍ വിളിക്കുന്ന വെള്ളിയാഴ്ചകളില്‍ ഇത് പതിവാണ് ആറുവയസ്സുകാരി മകളുമായി ഒന്നുകില്‍ മുഴുവന്‍ സംസാരിച്ചുതീരുന്നതിന് മുമ്പെ പൈസ കഴിഞ്ഞ് ടെലിഫോണ്‍ കട്ടാവും അല്ലെങ്കില്‍ ഉമ്മയുമായുള്ള പിണക്കം അതുമല്ലെങ്കില്‍ നാട്ടില്‍ ചെല്ലാന്‍ വൈകുന്നതിലെ പരാതികള്‍.

" ഹംസേ ഇന്നെന്താടോ പ്രശ്നം? "

നാട്ടുകാരനായ കോയക്കയുടെ ഇരുപത്തഞ്ച് വര്‍ഷം പഴക്കമുള്ള കടയില്‍ ഹംസ വന്നിട്ട് ഏഴ് വര്‍ഷമായിരിക്കുന്നു.

'.. അപ്പോ ങ്ങളൊന്നുമറിഞ്ഞില്ലെ? '

പുതിയ കെട്ടിടം വരുന്നതിനാല്‍ പഴയതെല്ലാം പൊളിക്കുന്നതിന്‍‌റ്റെ ഭാഗമായി കോയക്കക്കും കഴിഞ്ഞ മാസം മുനിസിപ്പാലിറ്റിയില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം കിട്ടിയിരുന്നു. ഒരു പക്ഷെ ഇതു പിന്‍‌വലിച്ചേക്കാം എന്ന പ്രതീക്ഷക്കിടയിലാണ് രണ്ട് ദിവസം മുമ്പ് വീണ്ടും മുന്നറിയീപ്പ് വന്നതത്രെ.രണ്ട് ദിവസം കൂടിയേയുള്ളു ഇനി അതിനാല്‍ കടയിലെ മിക്ക സാധനങ്ങളും വില കുറച്ച് വിറ്റഴിക്കയാണ് കോയക്ക.

' ങ്ങള് വരീ , പറ്റുന്ന വല്ലതും കണ്ടാല്‍ എടുക്കാലോ. '

പള്ളിജുമുഅ പിരിഞ്ഞതിന് ശേഷം ഞാനും കോയക്കയുടെ കടക്ക് മുന്നില്‍ ചെന്ന് നിന്നു. അടുത്തുള്ള ചില ശ്രീലങ്കന്‍ വംശജരും ഒന്ന് രണ്ട് മലയാളികളും , കുറച്ച് ബലൂച്ചികളും അവിടെ മുമ്പെ സ്ഥാനമുറപ്പിച്ചിരുന്നു.ഉള്ളില്‍ നിന്നും ഓരോ സാധനങ്ങളും പുറത്തേക്കെടുക്കുമ്പോള്‍ കോയാക്ക സൂക്ഷിച്ച് നോക്കും , പിന്നെ എന്തോ ആലോചിച്ച് പറയും ' പത്ത് ദിര്‍ഹം ' , മിക്ക സാധനങ്ങള്‍ക്കും പത്ത് ദിര്‍ഹമായിരുന്നു വിലയിട്ടത്.

കടക്ക് പുറത്ത് ഓരോരുത്തരും എടുത്ത സാധനങ്ങള്‍ കൂട്ടിക്കിടന്നു. കുറച്ച് പേര്‍ അവര്‍ വാങ്ങിയതുമായി പോയപ്പോള്‍ മറ്റുള്ളവര്‍ പിന്നേയും കടക്കുള്ളിലേക്ക് നോക്കിക്കൊണ്ടിരുന്നു. ഇടക്ക് ഹംസ ഒരു പൊതിയെടുത്ത് കോയാക്കയുടെ നേരെ വിലക്കായി കാണിച്ചു.

ചാവികൊടുത്താല്‍ സ്വയം ചെണ്ടകൊട്ടുന്ന പാവക്കുട്ടി കോയാക്ക പാകറ്റ് തുറന്ന് പുറത്തെടുത്തു , പിന്നെ എന്തോ ഓര്‍ത്തിട്ട് ഹംസക്ക് തിരിച്ചുകൊടുത്തു.

'ഇത് വിക്കുന്നില്ല ഇതെനിക്ക് വേണം '

' എന്തിനാ കോയാക്കാ ങ്ങക്കുണ്ടോ ചെറിയ കുട്ട്യോള്? '

' ഹംസേ ജ്ജാ ടെലിഫോണ്‍ നമ്പറെഴുതിയ ബുക്കൊന്നെടുത്തേ , പുതിയതല്ല പഴയത് '

' അതിലൊരു പേരുണ്ട് രാജന്‍ ഭായിയുടെ അതിലേക്കൊന്ന് വിളിച്ചെ '

*****************
രണ്ട് വര്‍ഷം മുമ്പ് ഞങ്ങള്‍ ഇവിടേക്ക് താമസിക്കാന്‍ വന്നപ്പോള്‍ അവിടത്തെ മുമ്പുള്ള താമസക്കാരനായിരുന്നു രാജന്‍.കോയക്കാക്ക് ഗ്രോസറിവകയില്‍ നല്ലൊരു കുടിശ്ശിക കൊടുക്കാനുണ്ടായിരുന്നതിനാല്‍ അവര്‍ തമ്മിലുള്ള ബന്ധം നല്ല രസത്തിലായിരുന്നില്ല.വാടകയും കുടിശ്ശികയായതോടെ സ്ഥലമൊഴിയാതെ മറ്റൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. രാജന്‍ അവിടം വിട്ടുപോകുന്ന ദിവസം കോയക്കയോട് യാത്രപറയുന്നതിനിടെയാണ് ഞാനവസാനമായി രാജനെ കണ്ടത്.ഏകദേശം മുപ്പത്തഞ്ച് വയസ്സ് പ്രായമുള്ള അയാള്‍ക്കൊപ്പം എട്ട് വയസ്സ് തോന്നിക്കുന്ന മകനുമുണ്ടായിരുന്നു.

മുമ്പ് വന്ന കസ്റ്റമേറെ കാണിച്ചതിന് ശേഷം എടുത്തുവെക്കാതിരുന്ന ചെണ്ടകൊട്ടുന്ന ഒരു പാവ കുട്ടി കയ്യിലെടുത്തു. പിന്നീട് വാങ്ങിത്തരാമെന്ന് പറഞ്ഞ രാജനെ അനുസരിക്കാതിരുന്ന കുട്ടിയെ കയ്യില്‍ വലിച്ച് അയാള്‍ പുറത്തേക്ക് പോയി. ഏങ്ങിക്കരുയുന്ന കുട്ടി കടയിലേക്ക് തന്നെ നോക്കിക്കൊണ്ട് പോകുന്നത് ഞങ്ങളെല്ലാവരും നോക്കിക്കൊണ്ടിരുന്നു.

' ഹലോ രജന്‍ ഭായിയല്ലെ ദ് കോയയാണ് ഗ്രോസറീന്ന് '

നാട്ടില്‍ പോകുകയാണെന്നും കാണണമെന്നുമൊക്കെ പറഞ്ഞ് താമസ സ്ഥലവും മനസ്സിലാക്കിയാണ് കോയക്ക ഫൊണ്‍ വെച്ചത്. വൈകീട്ട് ഞങ്ങള്‍ രാജന്‍‌റ്റെ താമസസ്ഥലത്തേക്ക് പോയി. വിശാലമായ ഹാളിന്‍‌റ്റെ മൂലയിലിരിക്കുന്ന ടി.വിയില്‍ ഏഷ്യാനെറ്റിലെ ഏതോ സീരിയല്‍ നടന്നുകൊണ്ടിരിക്കുന്നു . ടി.വി. ഓഫാക്കി സന്തോഷത്തോടെ രാജന്‍ ഞങ്ങളെ എതിരേറ്റു. റിമോട്ട് പിടിച്ചുവങ്ങിയ മകന്‍ പ്ലേസ്റ്റേഷനില്‍ ഗെയിം കളി‍ക്കാന്‍ തുടങ്ങി.

സംസാരത്തിനിടെ കോയക്ക കുട്ടിയെവിളിച്ച് പൊതി ഏല്‍‌പ്പിച്ചു.പൊതിതുറന്ന കുട്ടി തീരെ താത്പര്യമില്ലാതെ പാവയെ തിരിച്ചും മറിച്ചും നോക്കി.

' അയ്യെ അങ്കിളെ ഇതൊക്കെ പഴയ മോഡലല്ലെ , എനിക്ക് വേണ്ട താങ്ക്സ് '
' ഒരാള്‍ ഒരു സാധനം തന്നല്‍ ഇങ്ങനെയാണോ പറയുക '
ചായയുമായി വന്ന രാജന്‍ മകന്‍‌റ്റെ ഈ പെരുമാറ്റം കണ്ട് ശാസിച്ചു.
' എനിക്ക് വേണ്ടാഞ്ഞിട്ടാ ഡാഡി , ചാവികൊടുക്കുന്ന പാവ... '

രാജന്‍‌റ്റെ ദേഷ്യംമൂലം മനമില്ലാമനസോടെ കുട്ടി പാവയെ വാങ്ങി, അകത്തേക്ക് നടന്നു.

ഭക്ഷണമൊക്കെകഴിച്ച് പിരിയുമ്പോള്‍ വല്ലാതെ വൈകിയിരുന്നു. വണ്ടിയെടുത്തപ്പോള്‍ കാറിന്‍റെ ഹെഡ് ലൈറ്റിന്റെ തിളക്കത്തില്‍ മൂന്നാം നിലയില്‍ നിന്നുള്ള ഏറില്‍ ചെണ്ട പൊതിയില്‍ നിന്നും പുറത്തേക്ക് തള്ളിയിരുന്നത് വ്യക്തമായി കണ്ടു.

'കിട്ടേണ്ട സമയത്ത് കിട്ടുന്നതിനേ വില കാണൂ ...'
കോയക്കയുടെ വാക്കുകളില്‍ കുറ്റബോധം ഒളിച്ചിരിപ്പുണ്ടായിരുന്നോ!

30 comments:

Shooting star - ഷിഹാബ് said...

kollaam moham nannaayittundu.

Ranjith chemmad / ചെമ്മാടൻ said...

എവിടെയോ
ഒന്നു നൊന്തു...

നന്ദു said...

രണ്ടു വർഷത്തിനുശേഷം ആ സംഭവം ഓർക്കുകയും അവിടെവരെ പോയി ആ ടോയ് കൊടുക്കാനുമുള്ള കോയക്കായുടെ മനസ്സിന്റെ വലിപ്പം പക്ഷെ രാ‍ജൻ ഭായിക്ക് കാണാൻ കഴിയാതെപോയി!.

നല്ല കുറിപ്പ് !.

ചീര I Cheera said...

ചിലപ്പോ‍ാള്‍ അങ്ങനെയാണ്, വേണ്ടത് വേണ്ടപ്പോള്‍ തോന്നാതേയും, ചിലപ്പോള്‍ വേണ്ടതിനെ തിരിച്ചറിയാതേയും, വേണ്ടതൊക്കെ മറന്നൂം ജീവിച്ച് ജീവിച്ച് അവസാനം പെട്ടെന്നൊരു ദിവസമാവും ജീവിതം എന്തെന്ന് തന്നെ നമ്മള്‍ തിരിച്ചറിയുന്നത്!
മോ‍ഹം ഇഷ്ടായി..

ഒരു തോന്നല്‍.. അവസാനിപ്പിയ്ക്കുമ്പോള്‍
കോയക്കയുടെ വാക്കുകളില്‍ “കൂറ്റബോധം“ എന്നു തന്നെയാണോ‍ ഉദ്ദേശ്ശിച്ചത് എന്ന്..
ഇനി എന്റെ വായനയുടെ പ്രശ്നമാവോ?

Viswaprabha said...

നന്നായി എഴുതിയിരിക്കുന്നു!
കോയാക്കേന്റെ മനസ്സുപോലെ ലളിതം, ആര്‍ദ്രം!

ഇടയ്ക്കെവിടെയോ കണ്ണിലൊരു നനവു തേങ്ങി.

-ഒരു പുറമ്പോക്കുപെട്ടിക്കടക്കാരന്റെ മോന്‍

Viswaprabha said...

:)

തറവാടി said...

പി.ആര്‍,

കുറ്റ ബോധം തന്നയാണുദ്ദേശിച്ചത്. കോയാക്കയുടെ ഭാവത്തില്‍ നിന്നും എഴുത്ത്‌കാരന്‍ വായിച്ചെടുക്കുന്ന വികാരമാണത്. ശരിയാവാം തെറ്റാവാം.

(ഓ.ടോ :സ്പെല്ലിങ്ങ് മിസ്റ്റേക്ക് താങ്കളുടെ കമന്റിലായിരുന്നു എന്‍‌റ്റെ പോസ്റ്റിലല്ല :) )

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചില മോഹങ്ങള്‍ എപ്പോഴും അങ്ങനെയാണല്ലോ

Sherlock said...

എന്തോ ഒരു അവ്യക്തത. ഇവിടെ കോയാക്കാക്ക് കുറ്റബോധം തോന്നേണ്ട ഒരാവശ്യവുമില്ല.

കരയുന്ന കുട്ടികള്‍ക്ക് കളിപ്പാട്ടം ഏതു കടക്കാരനാണ് ഫ്രീ കൊടുക്കുക?

പിന്നെ കട ഒഴിയുന്ന സന്ദര്‍ഭത്തില്‍ അത് കൊടുക്കാന്‍ തോന്നിയത് അദ്ദേഹത്തിന്റെ നല്ല മനസ്

ഇനി എനിക്കു മനസിലാകാഞ്ഞിട്ടാണോ? ഒന്നു കൂടി വായിച്ചു നോക്കട്ടെ.

ചീര I Cheera said...

ഹി,ഹി ... അത്രയ്ക്കു പോയില്ല ട്ടൊ, പക്ഷെ അതെനിയ്ക്കിഷ്ടായി... ;)

മനസ്സിലായി, ഇപ്പൊ തോന്നുണു എഴുത്തിലെ ഒരു സുന്ദരമായ “വര്‍ത്തമാനകാലത്തെ” ഞാന്‍ നശിപ്പിച്ചു കളഞ്ഞു എന്ന്! അതെഴുതേണ്ടിയിരുന്നില്ലാന്ന്..

തറവാടി said...

പി.ആര്‍,

വര്‍ത്തമാനത്തില്‍ ഉണ്ടാകുന്ന അനുഭവങ്ങള്‍ക്കായിരിക്കും തീവ്രത. കച്ചവടക്കാരനായ കോയക്ക കുട്ടികരഞ്ഞതുകൊണ്ട് പാവയെ കൊടുക്കാത്തതിനാല്‍ കുറ്റബോധത്തിന്‍‌റ്റെ ആവശ്യമില്ല എന്നത് വായനക്കാരന്‍ ഭൂതവും വര്‍ത്തമാനവും നിമിഷങ്ങള്‍ക്കൊണ്ട് വായിച്ചെടുക്കുന്നതിനാലാണുണ്ടവാന്‍ കാരണം.
രണ്ട് വര്‍ഷം കൊണ്ട് കോയക്കക്കുണ്ടായ മാറ്റം , പുതിയ അനുഭവം എല്ലാം അതിന് കുറ്റ ബോധത്തിന് കാരണമായിരിക്കാം , ഇതൊക്കെ എന്‍‌റ്റെ കഴ്ചപ്പാട്.

വായനക്കാരന്‍‌റ്റെ ' കച്ചവട ' മനസ്ഥിതിയാണിവിടെ പ്രശ്നം :)

മറ്റൊരാളും ഇതേ അഭിപ്രായം പറഞ്ഞതിനാലാണ് വിശദീകരിച്ചത്.

(ഓ.ടോ : പി. ആര്‍ , തെറ്റായി ദ്ധരിക്കുമോ എന്നൊരു .... ഉണ്ടായിരുന്നു , അതു മാറി :) )

കാവലാന്‍ said...

കിട്ടാതെ പോയതിനേക്കാള്‍ കൊടുക്കതിരുന്ന,കൊടുക്കാന്‍ കഴിയാതിരുന്ന ചിലതിനെക്കുറിച്ച് ചെറിയൊരു വിഷമം തോന്നുന്നു ഇതു വായിച്ചുകഴിഞ്ഞപ്പോള്‍.

Sunith Somasekharan said...

'കിട്ടേണ്ട സമയത്ത് കിട്ടുന്നതിനേ വില കാണൂ ...'
shariyaanu...
kollaam...

ശ്രീ said...

മനസ്സില്‍ തട്ടി, തറവാടി മാഷേ.
:)

ആവനാഴി said...

ഉം,നന്നായിരിക്കുന്നു. ഒരാളുടെ മനസ്സിന്റെ നന്മയെ ആദരിക്കാനുള്ള സന്‍‌മനസ്സു നമ്മുടെ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ ഓരോ മാതാപിതാക്കളും ശ്രമിക്കണം.

Shabeeribm said...

വളരെ നല്ല എഴുത്തു ....ശരിക്കും മനസ്സില്‍ കാണാമായിരുന്നു. .

ഒരു സ്നേഹിതന്‍ said...

ജീവിതത്തിലെ പല സംഭവങ്ങളും ഓര്‍ക്കാന്‍ താങ്കളുടെ പോസ്റ്റിനു കഴിഞ്ഞു ....

ആശംസകള്‍....

Anil cheleri kumaran said...

കൊള്ളാം..
നന്നായിരിക്കുന്നു..
എന്റെ ബ്ലോഗിലൊന്നു വിസിറ്റ്
ചെയ്യണേ..

Unknown said...

oru cheru novu oru cheru gnanam

ദിലീപ് വിശ്വനാഥ് said...

ഹൃദ്യമായ പോസ്റ്റ്. ചിലനേരങ്ങളില്‍ അങ്ങനെയും..

ചിതല്‍ said...

മനസ്സില്‍ തട്ടിയാല്‍ കമ്മന്റണം... ലൈറ്റായോ എന്ന് നോക്കാറില്ല...

ടച്ചിങ്ങ്..

shahir chennamangallur said...

കുട്ടികളുടെ മനസ്സ് പ്രവചനാതീതമാണ് . അത് കച്ചവടക്കാരന് വിപണനം ചെയ്യാനുള്ള ഒരു സാധ്യതയും. പാവം കോയാക്കയെ അതില് പഴിക്കേണ്ട. അയാളുടെ അരി ആണത്

Jayasree Lakshmy Kumar said...

ഇഷ്ടമായി ഈ പോസ്റ്റ്

എറക്കാടൻ / Erakkadan said...

വത്യസ്തമായ ഒരു ട്രീറ്റ്‌

കൂതറHashimܓ said...

കൂതറ ചെക്കന്‍, അവന്റെ ചെള്ളക്കിട്ട് രണ്ടെന്നം കൊടുത്തിട്ടു പോവാര്‍ന്നു കോയക്കക്ക്..!!

അനില്‍@ബ്ലോഗ് // anil said...

കിട്ടേണ്ട സമയത്ത് കിട്ടണം.
അതുപോലെ കൊടുക്കേണ്ട സമയത്ത് കൊടുക്കുകയും വേണം.

ഗ്രീഷ്മയുടെ ലോകം said...

ആ കുട്ടിക്കാണോ കൊടൂക്കേണ്ടത് അനിലേ?

bhoolokajalakam said...

നല്ല വിവരണം , ആശംസകള്‍
കൂതറയുടെ അഭിപ്രായം കൂതറ തന്നെ

Naushu said...

ചെറുതായിട്ട് നൊമ്പരപ്പെടുത്തി....
നല്ല പോസ്റ്റ്‌ ..... വളരെയധികം ഇഷ്ട്ടമായി...

ആര്‍ബി said...

കിട്ടേണ്ടത് കിട്ടേണ്ടപ്പോ കിട്ടണം...
നൊമ്പരപ്പെടുത്തി അലിയുക്ക,