Thursday, March 18, 2010

നീലി.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും ഇടവഴി കണ്ടപ്പോള്‍ നീലിത്തള്ളയുടെ മുഖമായിരുന്നു മനസ്സില്‍.
ശരീരത്തിന്‍‌റ്റെ മുന്‍‌ഭാഗം പല നിറത്തിലുള്ള മണിമാലകള്‍ക്കൊണ്ട് മറച്ചിട്ടുള്ള അവര്‍ വടി കുത്തി നടക്കുമ്പോള്‍ വശങ്ങളിലേക്കാടുന്നത് കാണാം. മഴവെള്ളമൊലിച്ച് വഴിയുടെ വശങ്ങള്‍ കൂടുതല്‍ ഇടിയുകയും രണ്ട് വശങ്ങളിലായി വളര്‍ന്ന മുളകള്‍ മൂലമുള്ള ഇരുട്ടുമല്ലാതെ മറ്റ് മാറ്റമൊന്നും കണ്ടില്ല. പണ്ടും പകല്‍ സമയങ്ങളില്‍ ഇരുട്ടുള്ള വഴി നേരെ ചെന്ന് കയറുന്നത് നീലിയുടെ മക്കളായ ചെമ്പന്‍റ്റേയും വേലായിയും വീടുകളിലേക്കാണ്.

" പാമ്പുകളുള്ള സ്ഥലാണല്ലോ കുട്ട്യേ , എവിടേക്കാ ഈ വഴിക്ക്? "

പാടത്തുനിന്നും പുല്ല് പറിച്ച് വരുന്ന കുഞ്ഞമ്മദ്ക്ക് പശുവിന്‍‌റ്റെ കയറില്‍ പിടിച്ച് നിന്നു.

ലക്ഷ്യം നീലിയുടെ വീടാണെന്നറിഞ്ഞപ്പോള്‍ കുഞ്ഞമ്മദ്ക്ക പുതിയ വഴി നിര്‍ദ്ദേശിച്ചു:

" അവിടേക്കീ വഴി ആരും പോകാറില്ലാല്ലോ , മ്മടെ ചേക്കൂന്‍റ്റെ പറമ്പിലൂടേണ് അങ്ങോട്ട്‌ക്കുള്ള വഴി"

സ്കൂള്‍വിട്ട്‌ വരുമ്പോള്‍ ചേക്കുക്കയുടെ പറമ്പ്‌ വഴി നീലിയുടെ മുറ്റത്തൂടെ നടന്നാല്‍ പെട്ടെന്ന് വീട്ടിലെത്താം. കുന്നിന്‍ മുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ള മൊഴികെ മറ്റൊന്നും ഈ എളുപ്പ വഴിയിലൂടെയുള്ള ഞങ്ങളുടെ സഞ്ചാരത്തെ തടഞ്ഞിരുന്നില്ല. വീടിന് പിന്നിലുള്ള കശുവണ്ടി മോഷണത്തെ സൂചിപ്പിച്ച് നീലി വേലികെട്ടിയെങ്കിലും, മുറ്റത്തൂടെയുള്ള ഞങ്ങളുടെ സഞ്ചാരത്തെ നിര്‍ത്തുകയായിരുന്നു ലക്ഷ്യം, അതുകൊണ്ട് തന്നെ ചെറുതായി വേലി പൊളിച്ചും ഇടയിലൂടെ നൂഴ്ന്നും ഞങ്ങള്‍ സഞ്ചാരന്‍ തുടര്‍ന്നു.

" ഇടെടാ അണ്ടി താഴെ ? "

വലിയവരുടെ പിന്നിലായി ഓടിയ അഞ്ചുവയസ്സുകാരന്‍റ്റെ പുറത്ത് നീലിയുടെ വടി പല തവണ വീണു.ജീവിതത്തില്‍ ആദ്യമായി എടുത്ത മുണ്ട് അഴിഞ്ഞുപോകാതിരിക്കാന്‍ അരയില്‍ ചുരുളുകളായി തിരുകിയത് അണ്ടി യാണെന്ന് കരുതി അവര്‍ ഓരോന്നായി അഴിച്ചു. അവസാനത്തെ ചുരുളുമഴിഞ്ഞപ്പോള്‍ കണ്ണ് ചുവന്ന നീലി അടികൊണ്ട് പുറത്തുവീണ അടയാളത്തില്‍ മെല്ലെ തടവി.

വെളുത്ത കുപ്പായവും തുണിയും ഇരുട്ടില്‍ നിന്നും തിളങ്ങുന്നത് കണ്ട് ചെമ്പന്‍ താഴേക്കിറങ്ങിവന്നു: ആളെ മനസ്സിലായപ്പോള്‍ ചെമ്പന്‍ മുകളിലോട്ട് നോക്കി.

" അടുത്ത വരവിന് മ്മളൊക്കെ ണ്ടാവോ ആവോ "

മുറ്റത്തേക്ക് കയറുമ്പോള്‍ ചെമ്പന്‍ വിലക്കി,

" അതല്ല വഴി കുട്ട്യേ അവിടൊക്ക് മ്മിണി പാമ്പോളാ "

ചേക്കുക്കാടെ പറമ്പിലേക്ക്‌ ചെമ്പന്‍ കൈ ചുണ്ടി, അതിലൂടെ വരാന്‍ കൈകൊണ്ടാങ്ങ്യം കാണിച്ചു.

"എന്തെ ആ ഭാഗം വൃത്തിയാക്കാതെ അങ്ങിനെ ഇട്ടിരിക്കുന്നത്‌ ? വേലികെട്ടി ഇടവഴി അടച്ചുകൂടെ? "

മറുപടി പറഞ്ഞത് ഉള്ളീല്‍ നിന്നുമിറങ്ങിവന്ന ചെമ്പന്റെ മകന്‍,

" ഈ അച്ഛന് പ്രാന്താ ഇക്കാ അമ്മൂമ്മ പണ്ടെങ്ങോ എന്തോ പറഞ്ഞൂന്ന് പറഞ്ഞ്‌ വേലി കെട്ടാതിരിക്കണോ? "

" വേണം കുട്ട്യേ വേണം, ന്‍റ്റെ കാലം കഴിഞ്ഞാ ങ്ങള് വേല്യോ മതിലോ ന്താന്ന് വെച്ചാ കെട്ടിക്കോ പ്പോ പറ്റൂല്ല "

ഇടവഴിയിലൂടെ താഴത്തേക്കിറങ്ങുമ്പോള്‍ നീലിയുടെ മുറുക്കു ചുവപ്പിച്ച ചുണ്ടും വശങ്ങളിലേക്കാടുന്ന മണി മാലകളും മുള വടിയും ചുകന്ന കണ്ണുകളുമായിരുന്നു മനസ്സില്‍.

17 comments:

റോഷ്|RosH said...

നന്നായിരിക്കുന്നു..

എവിടെയൊക്കെയോ ഒരു പൊററ കാട് ശൈലി..

ദേശത്തിന്റെ കഥയിലെ ഒരു ഭാഗം പോലെ ഫീല്‍ ചെയ്തു..

ബഷീർ said...

ആ വേലി കെട്ടാതെയിരിക്കാന്‍ ഇനിയുള്ള നാളുകള്‍ക്ക്‌ / ആളുകള്‍ക്ക്‌ ആവില്ല
നൊമ്പരമുണര്‍ത്തിയ ഓര്‍മ്മകള്‍

മുസ്തഫ|musthapha said...

നല്ല ഓര്‍മ്മകള്….

വര്‍ഷങ്ങള്‍ക്ക് ശേഷവും അവിടെയൊക്കെ കടന്നു ചെല്ലാന് തോന്നുന്നതും ആ ഓര്‍മ്മകള് അയവിറക്കാന് കഴിയുന്നതും വളരെ നല്ല കാര്യം തന്നെ…

poor-me/പാവം-ഞാന്‍ said...

Dear
Tharayude work nadakkumbol aavasyathinnu vellamozhikkaaathathu kondaannu thara vaadi ppoyathu.paambukale sookshikkuka.for more details on snake pl read www.paambunaary.blogspot.com
with regards Poor me
www.manjaly-halwa.blogspot.com

smitha adharsh said...

അതെ..നല്ല ഓര്‍മ്മകള്‍..നീലി തള്ളയെ കാണാന്‍ കഴിഞ്ഞു .ഈ വരികളിലൂടെ..

അനില്‍@ബ്ലോഗ് // anil said...

തറവാടീ,
നന്നായി എഴുതിയിരിക്കുന്നു.
എങ്കിലും ആദ്യം മഷിയിലെഴുതി വായിച്ചു നോക്കുന്നില്ലെ എന്നൊരു തോന്നല്‍. :)

ഉപാസന || Upasana said...

ഭായ്

ചെറുതെങ്കിലും നന്നായി എഴുതിയിരിയുന്നു.
വേലായിയെ പോലെ നീലിയും ഇനി ഓര്‍മകളില്‍.
:-)
ഉപാസന

വേണു venu said...

അടുത്ത വരവിന് മ്മളൊക്കെ ണ്ടാവോ ആവോ "
ഓര്‍മ്മകളില്‍ അവരൊക്കെ എന്നും ഉണ്ടാവും അല്ലേ....

മുസാഫിര്‍ said...

ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം,,,,

വരവൂരാൻ said...

മനോഹരമായിരിക്കുന്നു, നല്ല ഓര്‍മ്മകള്‍

Dr N Sukesan said...

അഭിപ്രായം നന്നിപൂര്‍വ്വം സ്വീകരിക്കുന്നു. താങ്കളുടെ ബ്ലോഗ് മിക്കവാറും എല്ലാം ഞാന്‍ വായിച്ചു . നന്നായിട്ടുണ്ട് . എല്ലാറ്റിലും മലയാളത്തിന്റെ നിറങ്ങളുണ്ട് .അഭിനന്ദനങ്ങള്‍.

നരിക്കുന്നൻ said...

നല്ല ഓർമ്മകൾ...നീലിയുടെ ചിത്രം വായനക്കാരനിലേക്കും പകർത്താൻ കഴിഞ്ഞു.

ഗൗരിനാഥന്‍ said...

ഇപ്പോഴത്തെ കാലത്ത് ആരുണ്ട്‌ മതില്‍ കേട്ടാത്തവരും കെട്ടാന്‍ ആഗ്രഹിക്കാത്തവരും..എല്ലാവരും അവനവന്റെ ലോകത്ത് കഴിയാനാ സന്തോഷം.

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayi..... aashamsakal.......

Anonymous said...

മനസ്സില്‍ പോലും മതിലുകള്‍ കെട്ടിത്തിരിക്കുന്ന നമ്മള്‍ക്കാവുമോ മണ്ണില്‍ മതില്‍ കെട്ടാതിരിക്കുവാന്‍!

ന്റെ മാഷേ, ഇങ്ങനെ ചറുപിറുന്നനെ പോസ്റ്റുകളിട്ടാല്‍ എല്ലാം കൂടി എപ്പോഴാ ഒന്നു വായിക്കുക?ഫോളോവിക്കളയാം. അപ്പോള്‍ സൗകര്യം പോലങ്ങു വായിക്കാമല്ലോ അല്ലേ.........
നല്ല ലാളിത്യമുള്ള ശൈലി..
അക്ഷരത്തെറ്റുമില്ല.....ഇനിയും ഇടുക ധാരാളം നല്ല പോസ്റ്റുകള്‍....കമന്റാന്‍ എപ്പോഴും സാധിച്ചില്ലെങ്കിലും വായിക്കുന്നുണ്ടെന്നറിയുക.....

akhi said...

വേലികള്‍
ഇല്ലാത്തൊരു ലോകം
ഉണ്ടാകുമോ......

പട്ടേപ്പാടം റാംജി said...

ഒര്‍മ്മകളുണര്‍ത്തിയ പോസ്റ്റ്..