Wednesday, March 17, 2010

മേനോനും റഫീക്കും

ജബല്‍ അലിയിലേക്ക് താമസമാക്കിയ സമയത്ത് ഇബിന്‍ ബത്തൂത്ത മാള്‍ തുറക്കാത്തതിനാല്‍ പ്രധാന പ്രശ്നം മുടിവെട്ടലും വീട്ട് സാധനങ്ങള്‍ വാങ്ങിക്കലുമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാഴ്ചകൂടുമ്പോള്‍ അറുപത് കിലോമീറ്റര്‍ യാത്ര ചെയ്ത കിസ്സൈസിലെ സാധനം വാങ്ങല്‍ തുടര്‍ന്നു. പിന്നീട് ജബല്‍ അലിയില്‍ ഇബിന്‍ ബത്തൂത്ത മാള്‍ തുറന്നു, ഉള്ളില്‍ ജിയന്റ് സൂപര്‍മര്‍ക്കറ്റും. സാധനങ്ങളുടെ കാര്യം പോലെത്തന്നെയായിരുന്നു മുടിവെട്ടുന്ന കാര്യവും.

ജബല്‍ അലിയില്‍ തന്നെ മലയാളി നടത്തുന്ന ബാര്‍ബര്‍ഷോപ്പ് കണ്ടെത്തുന്നത് വരെ ടൗണില്‍ പോയായിരുന്നു മുടിവെട്ടിയിരുന്നത്.റഫീക്കിനടുത്ത് മുടിവെട്ടാന്‍ എനിക്ക് നല്ല താത്പര്യമാണ്. മെല്ലെ മൂളിപ്പാട്ടൊക്കെ പാടും. മുടിവെട്ടാന്‍ കാത്തിരിക്കുന്ന അന്യദേശക്കാരായവരെ ഉദ്ദേശിച്ച് നിര്‍ദോഷകരമായ ചില തമാശകള്‍ പറയും മൂപ്പര്‍ ചിരിക്കില്ല, ഇരിക്കുന്ന എനിക്ക് ചിരി അടക്കാനുമാവില്ല.

ചെല്ലുന്ന സമയത്ത് മറ്റ് കസേരകള്‍ ഒഴിഞ്ഞാണിരിക്കുന്നതെങ്കിലും പോലും അവന്റെ കസ്റ്റമര്‍ മുടിവെട്ടിക്കഴിയുന്നതുവരെ ഞാന്‍ കാത്തുനില്‍ക്കുമായിരുന്നു. ഇടക്ക് മലയാളിയായ മുതലാളി ഇല്ലാത്ത സമയത്ത് ചെറുതായൊക്കെ അവന്റെ കാര്യങ്ങള്‍ പറയും അങ്ങിനെയാണ് ആള്‍ തമാശപറയുന്നുണ്ടെങ്കിലും വേദനിക്കുന്നവനാണെന്ന് മനസ്സിലായത്. വര്‍ഷങ്ങള്‍ കൊണ്ടുള്ള പരിചയം അവന്റെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചു. എട്ട് മണിമുതല്‍ വൈകീട്ട് പത്ത് പണിവരെയുള്ള പണിയും തുടങ്ങി പലതും പറയും അപ്പോള്‍ പക്ഷെ നഷ്ടമായത് അവന്റെ തമാശകളാണ്.

മുടിവെട്ടല്‍ കഴിഞ്ഞാല്‍ ചെറിയ കണ്ണാടി തലക്ക് പിന്നില്‍ പിടിച്ച് കാണിക്കുന്ന പരിപാടിയുണ്ട്, എനിക്കത് തീരെ ഇഷ്ടമല്ല. പണിചെയ്യാന്‍ അറിയും എന്ന വിശ്വാസത്തിലാണല്ലോ ഞാന്‍ വെട്ടാന്‍ ഏല്പ്പിച്ചത് അതുകൊണ്ട് തന്നെ അവര്‍ അത് വേണ്ട പോലെ ചെയ്തിരിക്കുമെന്നെ വിശ്വാസമാണിതിന് പിന്നില്‍.

എട്ടൊമ്പത് മാസം മുമ്പൊരിക്കല്‍ മുടിവെട്ടിക്കൊണ്ടിരിക്കുമ്പോള്‍ അവന്‍ പറഞ്ഞു, ' ഇക്കാ ഇനി വെട്ടണമെങ്കില്‍ ഇക്ക നാട്ടില്‍ വരേണ്ടിവരും മുടിവെട്ടാന്‍ '. അവന്‍ പോകുകയാണത്രേ. മറ്റൊരാള്‍ക്ക് നടത്താന്‍ കൊടുത്ത കടയില്‍ നിന്നും ആളെ ഒഴിവാക്കിയെന്നും , പ്രാരാബ്ദമെല്ലാം ഒരു വഴിക്കായെന്നും ആയതിനാല്‍ ഇനി നാട്ടില്‍ നില്‍ക്കാനാണ് തീരുമാനമെന്നും അറിയീച്ചു, ഒപ്പം ഇനി ഗള്‍ഫിലേക്കില്ലെന്ന് മാത്രമല്ല പോരാന്‍ ആഗ്രഹിക്കുന്നവരെ കഴിയുന്നത്ര നിരുത്സാഹപ്പെടുത്തും എന്നും പറഞ്ഞു. അങ്ങിനെ ഞങ്ങള്‍ പിരിഞ്ഞു. പിന്നീട് രണ്ട് തവണ മാത്രമേ ഞാന്‍ അവിടെ പോയിട്ടുള്ളൂ.

************

ജബല്‍ അലി - അബൂദാബി ഡ്രൈവിങ്ങിന്റെ ക്ഷീണം നോമ്പ് തുടങ്ങിയതോടെ കൂടി. അങ്ങിനെയാണ് കാര്‍ പൂള്‍ നോക്കിയത്. വലിയ കാറില്‍ നാലുപേര്‍, രാവിലെ വീട്ടില്‍ നിന്നുമെടുക്കും വൈകീട്ട് വീട്ടില്‍ കൊണ്ട്ചെന്നാക്കും. മറ്റുള്ള മൂന്നുപേരില്‍ രണ്ടുപേര്‍ ബാങ്കില്‍ ഉദ്യോഗസ്ഥര്‍ ഒരാള്‍ എന്റെ സീനിയറയിട്ട് തൃശ്ശൂരില്‍ പഠിച്ചയാളും. പണ്ട് കുറ്റിപ്പുറത്ത് നിന്നും തൃശ്ശൂരിലേക്കുള്ള എക്സിക്യൂട്ടീവ് ട്രെയില്‍ യാത്രയെപ്പോലെ രസകരം. ശീട്ട് കളിയൊഴികെ ബാക്കിയെല്ലാം ഏകദേശം അതുപോലെത്തന്നെ.

ഇന്നലെ അപ്രതീക്ഷിതമായി പാലക്കാട്ട് കാരന്‍ മേനോന്‍ പറഞ്ഞു ' ഈ യാത്ര അവസാനത്തെയാണ്, നാളെ ഞാനുണ്ടാവില്ല, എനിക്ക് അലൈനലേക്ക് ട്രാന്‍സ്ഫര്‍ ആയി' അതൊരു വല്ലാത്ത വാര്‍ത്തയായിരുന്നു! എന്നും വിളിക്കാം മറക്കില്ല തുടങ്ങി കുറെ ഓഫറുകള്‍ അങ്ങോട്ടും തിരിച്ചും എല്ലാവരും കൈമാറിയെങ്കിലും അതിനെ പ്രായോഗികതയും നടപ്പില്ലായ്മയും എല്ലാവര്‍ക്കും അറിയുമായിരുന്നു!

സ്വന്തം വീട്ടില്‍ സംസാരിക്കുന്നതിലധികം ഞങ്ങള്‍ ഒരുമിച്ചായിരുന്നു, ദിവസേനെ ചുരുങ്ങിയത് മൂന്നര മണിക്കൂര്‍ അതും പൂര്‍ണ്ണമായും വായടക്കാതെ! ജീവിതമെന്ന യാത്രയില്‍ എത്രപേരെ കാണുന്നു, പിന്നെ ഓര്‍മ്മയില്‍ മാത്രമവശേഷിപ്പിക്കുന്നു പിന്നീട് ഓര്‍മ്മയില്‍ നിന്നു പോലും ഇല്ലാതാവുന്നു.
അങ്ങിനെ മേനോനും ഒരോര്‍മ്മയാകുന്നു.

മേനോനെ യാത്രയാക്കി പതിവ് പോലെ എന്നെ വീട്ടില്‍ വിടേണ്ട, ഡിസ്കവറിയില്‍ ഈയിടെ തുടങ്ങിയ
ജെന്റ്സ് ബ്യൂട്ടിപാര്‍ളറില്‍ ഇറക്കാന്‍ പറഞ്ഞു. മുടിവെട്ടാന്‍ വന്ന ആളെ കണ്ടതും ഞാനമ്പരന്നു, റഫീക്ക്!
വെളുത്ത സ്റ്റൈലുള്ള യൂണിഫോമൊക്കെയിട്ട്! അവന്‍ പഴയതും പുതിയതുമായ കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് മുടിവെട്ടവസാനിപ്പിച്ചു, കണ്ണാടി എടുത്തു പിന്നെ താഴെവെച്ചൂ , ഓ ഇക്കാക്കിതാവശ്യമില്ലല്ലോ!

1 comment:

തറവാടി said...

Joker said...
ജബല്‍ അലി കഴിഞ്ഞാല്‍ പിന്നെ സൂപ്പര്‍ മാര്‍ക്കറ്റിന്‍ ക്ഖിസൈസില്‍ പോകണോ തറവാടീ. അല്‍ഖൂസില്‍ ഒക്കെ സൂപ്പര്‍ മാര്‍ക്കറ്റ് ഉണ്ടല്ലോ. ::))

പഴയ കാലമാണോ.

കഥ നന്നായിട്ടുണ്ട്

February 18, 2010 12:39 PM


തറവാടി said...
Joker :)

അല്‍ഖൂസില്‍ അന്നുണ്ടയിരുന്നില്ലാന്നാണറിവ്,
ഗ്രാന്റും പിന്നീടാണ് തുടങ്ങിയതെന്ന് തോന്നുന്നു,
യാത്രയുടെ സുഖവും സാധനങ്ങള്‍ ഇരിക്കുന്ന സ്ഥലം അറിയുന്നതുമൊക്കെയാണ്
ഖിസ്സൈസില്‍ പോകാന്‍ കാരണം,ഇപ്പോഴല്ലെ ബര്‍ഷയില്‍ ലുലു തുടങ്ങിയത് ഇപ്പോ അവിടെയാണ് സ്ഥിരം :)

കഥയല്ല അനുഭവമാണ് :)

February 18, 2010 12:56 PM


കാട്ടിപ്പരുത്തി said...
തലക്കെട്ട് ഒരു പഴയ സിനിമാ ടൈറ്റിൽ പോലെ-

February 18, 2010 1:49 PM


ലാടഗുപ്തന്‍ said...
സ്വന്തം വീട്ടില്‍ സംസാരിക്കുന്നതിലധികം ഞങ്ങള്‍ ഒരുമിച്ചായിരുന്നു, ദിവസേനെ ചുരുങ്ങിയത് മൂന്നര മണിക്കൂര്‍ അതും പൂര്‍ണ്ണമായും വായടക്കാതെ!

It will definitely take centuries for the mankind to understand the real depth and implication of the sophisticated philosophical implications immanent in this marvellous sentence! What an overwhelming power!

February 18, 2010 4:32 PM


P.R said...
അനുഭവത്തിന്റെ ചെറുചൂടുള്ളൊരു പോസ്റ്റ്.
അതങ്ങനെയാ ശരിയ്ക്കും, ഞങ്ങൾ ഷാർജയിൽ നിന്നും ട്രാൻസ്ഫർ ആയി അബുദബിയ്ക്കു വരുമ്പോൾ, അയൽ‌പ്പക്കക്കാരോട് പരസ്പരം വിളിയ്ക്കാം, ഇടയ്ക്കു വരാമെന്നൊക്കെ ഉറപ്പു പറഞ്ഞതായിരുന്നു. പക്ഷെ ഇപ്പൊ വിളിയും പോക്കും ഒക്കെ കണക്കായി.അതിലൊരാളെ മാത്രം എപ്പോഴെങ്കിലുമൊക്കെ വിളിയ്ക്കാറുണ്ട്, ആ ബന്ധമാവാം കുറച്ചെങ്കിലും ലൈഫ് ഉള്ളതെന്നു തോന്നുന്നു.

February 18, 2010 8:34 PM


ഒതയാര്‍ക്കം said...
ഇന്‍ നൈന്റീന്‍ ഫോര്‍ട്ടി സെവന്‍..................ജബല്‍‌അലി -അബൂദാബി റൂട്ടില്‍.......ജെബലെലി.. ജെബെലെലി

അമ്മാവോ....

February 21, 2010 6:11 PM


ബിലാത്തിപട്ടണം / Bilatthipattanam said...
നന്നായിരിക്കുന്നു കേട്ടൊ ഭായി ഈ കുറിപ്പുകൾ...

February 22, 2010 2:10 PM