Tuesday, March 16, 2010

പാരകള്‍

വിമാനത്തില്‍ നിന്നും ഇറങ്ങിയ ഉടന്‍ എതിരേറ്റ ചൂടുള്ള കാറ്റ്‌ ചെറുതായൊന്നു നടുക്കി.തലേന്ന് ബാവ വിളിച്ചുപറഞ്ഞതുപോലെത്തന്നെ ഇടതുവശത്തായുള്ള കൗണ്ടറില്‍ നിന്നും വിസയും എടുത്ത് ഞാന്‍ എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നീങ്ങി. നാട്ടുകാരനും ബാല്യകാല സുഹൃത്തുമായ ബാവ പുറത്ത് കാത്തുനില്‍‌ക്കുന്നുണ്ടായിരുന്നു.

രാത്രി പതിനൊന്ന് മണിയാണെങ്കിലും പ്രകാശപൂരിതമായ ദുബായ് നഗരത്തിലൂടെ ബാവയുടെമുറിയിലേക്ക് പോകുമ്പോള്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരാറുള്ള അവന്‍ ഓരോരുത്തരെപ്പറ്റിയും വളരെ താത്പര്യത്തോടേ അന്വേഷിച്ചു. ചോദിച്ചവരില്‍ പലരേയും ഞാന്‍ കണ്ടിട്ട് ആഴ്ചകളായിരുന്നെങ്കിലും തലേന്നും കണ്ടതുപോലെ പറയാനേ തോന്നിയുള്ളൂ.

നാല് നിലയുണ്ടെന്ന് തോന്നുന്ന കെട്ടിടത്തിന് മുകളിലേക്ക് കയറിയ ഞങ്ങള്‍ ടെറസ്സിലെത്തിയാണ് നിന്നത്. കയറുമ്പോല്‍ എതിരെ വന്നിരുന്ന പലരും പരിച്ചിതരെപ്പോലെ ചിരിച്ചു. ബാവ ഞാന്‍ വരുന്ന വിവരം സര്‍‌വരേയും അറിയീച്ചിരിക്കുന്നു. ടെറസ്സില്‍ തന്നെയാണ് അടുക്കള രണ്ട് പേര്‍ അടുക്കളക്ക് പുറത്തായി ഭക്ഷണം കഴിക്കുന്നു.പത്തോളം കട്ടിലുകള്‍ നാലു വശങ്ങളിലായി ഇട്ടിട്ടുണ്ട്‌ താഴെ നടുഭാഗം കാലിയായിരിക്കുന്നു.

' തല്‍ക്കാലം ആ കാണുന്നകട്ടിലില്‍ കിടന്നോളൂ , അവിടത്തെ ആള്‍ ഒരാഴ്ച കഴിഞ്ഞേ വരൂ അപ്പോള്‍ എന്തെങ്കിലും ചെയ്യാം '

മറ്റൊരാളുടെ , അതും അറിയാത്ത ഒരാള്‍ ഉപയോഗിച്ച കട്ടിലില്‍ കിടക്കാന്‍ മനസ്സനുവദിച്ചില്ല.
' വേണ്ട ബാവേ ,' ഞാന്‍ ഇവിടെ കിടന്നോളാം '

ഒഴിഞ്ഞ നടുഭാഗമായിരുന്നു എന്‍‌റ്റെ മനസ്സിലെന്ന് ബാവക്ക മനസ്സിലായി.

' അവിടെയൊക്കെ ആളുകളുണ്ടല്ലോ ആ കട്ടില്‍ മാത്രമെ ഒഴിവുള്ളൂ , മാത്രല്ല അവിടെ കെടക്കാന്‍ അവസാനമേ പറ്റൂ ഭക്ഷണം കഴിക്കുന്ന സ്ഥലവുമാണത് '

*******************************

ദുബായില്‍ വന്നിട്ട് രണ്ടുമാസം കഴിഞ്ഞിരിക്കുന്നു.

' നീയ്യ് ബേജാറാവുകയൊന്നും വേണ്ടട്ടാ നമുക്കൊരു വിസിറ്റ്‌ കൂടി എടുക്കാം'

വളരെ അപ്രതീക്ഷിതമായി ലഭിച്ച ഇന്‍‌റ്റര്‍‌വ്യൂകോള്‍ ജോലി കിട്ടിയ സന്തോഷമാണുണ്ടാക്കിയത്. ഇന്‍‌റ്റര്‍‌വ്യൂവിന് വിളിച്ച സമയത്തിന് അര മണിക്കൂര്‍ മുമ്പെത്തന്നെ ഞാന്‍ കെട്ടിടത്തിനരികെ എത്തി.നാല് നിലയുള്ള കെട്ടിടത്തില്‍ ഏറ്റവും മുകളിലുള്ള ഓഫിസ്സിലായിരുന്നു ചെല്ലാന്‍ പറഞ്ഞിരുന്നത്. അടഞ്ഞികിടന്നിരുന്ന ഓഫീസില്‍ വാതില്‍ മെല്ലെ തുറന്ന് കയറി റിസപ്ഷനില്‍ ആരും ഇല്ലായിരുന്നതിനാല്‍ ഉള്ളിലുള്ള മറ്റു മുറികളിലേക്ക് കണ്ണോടിച്ചു.ഫോണില്‍ മലയാളത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ ഉള്ളിലേക്ക് വരാന്‍ കൈകൊണ്ടാഗ്യം കാണിച്ചു.

' yes '
' ഒരു ഇന്‍‌റ്റര്‍വ്യൂവിനു വിളിച്ചിരുന്നു അതിനു വന്നതാണ് '
' sit '

റിസപ്ഷനിനുള്ള കസേരകളിലേക്ക് അയാള്‍ കൈ ചൂണ്ടി.പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ അറബി വേഷവിധാനത്തിലൊരാള്‍ ഉള്ളിലേക്കു വന്നു. നാല്‍പതു വയസ്സോളം വരുന്ന അയാള്‍ എന്നോട് സലാം പറഞ്ഞ് അകത്തുള്ള മുറിയിലേക്കു പോയി. കുറച്ചുകഴിഞ്ഞപ്പോള്‍ മലയാളിയുടെ നിര്ദ്ദേശമനുസരിച്ച് ഞാന്‍ അരബിയുടെ മുറിയിലേക്ക് പ്രവേശിച്ചു.

നാടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമെല്ലാം അറിഞ്ഞതിനു ശേഷം ചെയ്യേണ്ട പണിയെക്കുറിച്ചും മറ്റും വിവരിച്ചതിന് ശേഷം പ്രതീക്ഷിക്കുന്ന ശമ്പളം ചോദിച്ചു.
' 3500 Dirham '

ഗള്‍ഫ് എക്സ്പീരിയെന്‍സില്ലാത്തതിനാല്‍ അത്ര തരാന്‍ അയാള്‍ തയ്യാറായില്ല. തുടക്കത്തില്‍ 3000 Dirham രണ്ട് മാസം കഴിഞ്ഞ് മുഴുവന്‍ തരാമെന്നും പറഞ്ഞ് പിറ്റേന്ന് ജോലിയില്‍ പ്രവേശിച്ചോളാന്‍ നിര്‍ദ്ദേശിച്ചു.

***************************
പിറ്റേന്ന് ഓഫീസ് സമയത്തിന് സ്വല്‍‌പ്പം മുമ്പെത്തിയപ്പോള്‍ തലേന്ന് കണ്ട മലയാളി അയാളുടെ സീറ്റിനരികിലേക്ക് വിളിച്ച് കുശലം ചോദിക്കാന്‍ തുടങ്ങി.

തോമസ് നാല് വര്‍ഷമായി ഈ കമ്പനിയില്‍ ജോലി തുടങ്ങിയീട്ട് , വളരെ നല്ല കമ്പനിയാണെന്നും അറബി നല്ലവനാണെന്നുമൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി.കോട്ടയം കാരനായ അയാള്‍ തുടക്കത്തില്‍ സെക്രട്ടറിയായിരുന്നു പിന്നെ ജോലികയറ്റം കിട്ടി അകൌണ്ടന്‍റ്റായെങ്കിലും അയാള്‍ വളരെ എഫിഷ്യന്‍‌റ്റ ആയതിനാലും സെക്രട്ടറിയുടെ പണിയും അയാള്‍ ചെയ്യുന്നതിനാലാണ് സെക്രട്ടറിയുടെ കസേര ഇപ്പോഴും ഒഴിഞ്ഞുതന്നെ കിടക്കുന്നതെന്ന് പറഞ്ഞു.പിന്നീടുള്ള തോമസിന്‍‌റ്റെ സംസാരം എനിക്ക് സത്യത്തില്‍ ഉള്‍ക്കൊള്ളാനാവുന്നതായിരുന്നില്ല.

ഞാന്‍ ദുബായില്‍ വന്നത് മണ്ടത്തരമായെന്നും , നാടായിരുന്നു നല്ലതെന്നും മാത്രമല്ല പഠിപ്പിലൊന്നും വലിയകാര്യമില്ല എല്ലാം ഒരു ഭാഗ്യമാണെന്നുമൊക്കെ അയാളുടെ സംസാരത്തോട് എനിക്കുള്ള താത്പര്യക്കുറവ് മനസ്സിലാക്കിയതിനാല്‍ അയാള്‍ കൂടുതല്‍ അത്തരം സംസാരത്തിലേക്ക് പോയില്ല.

താമസിക്കുന്ന സ്ഥലത്ത്‌ വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞുകൊണ്ടുതന്നെ ഒരു ചായ എന്‍‌റ്റെ മേശക്കു മുകളില്‍ വെച്ചു. കുടിക്കുന്നതിനിടെ എന്‍‌റ്റെ ശമ്പള വിവരങ്ങളടക്കം സര്‍‌വതും അയാള്‍ അറിഞ്ഞുകഴിഞ്ഞിരുന്നു.

' ഇന്നിനി ഇവിടെ ഇരിക്കെണ്ട മുറിയില്‍ പൊയ്ക്കോ നാളെ രാവിലെ ജോലിക്ക്‌ വന്നാല്‍ മതി ഞാന്‍ പറഞ്ഞുകൊള്ളം'

അത്രക്കിഷ്ടമായില്ലെങ്കിലും അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ മുറിയില്‍ പോയി. പിറ്റേന്ന് വെള്ളിയവധിയും കഴിഞ്ഞ് ഞാന്‍ ഓഫീസിലെത്തിയപ്പോള്‍ തോമസ് പുറത്ത് തന്നെ നില്‍‌പ്പുണ്ടായിരുന്നു.

' I want talk to you '

തോമസിന്‍‌റ്റെ ശബ്ദത്തിന്‍‌റ്റെ ഗൗരവം എനിക്കത്രക്ക് രസിച്ചില്ലെങ്കിലും അയാളോടൊപ്പം അയാളുടെ സീറ്റിനരികിലേക്ക് പോയി.

' താന്‍ പറഞ്ഞ അത്രയൊന്നുമില്ലാ തന്‍‌റ്റെ ശമ്പളം തനിക്കു തെറ്റിയതാണ് 1500 Dirhams ആണ് തന്‍‌റ്റെ ശമ്പളം'

തോമസിന്‍‌റ്റെ പെട്ടെന്നുള്ള വാക്കുകള്‍ എന്നെ ആശ്ചര്യപ്പെടുത്തി.

' തെറ്റിയതോ തോമസേട്ടന്‍ എന്താണീപ്പറയുന്നത്‌ അറബി എന്നോടെല്ലാം പറഞ്ഞുറപ്പിച്ചതാണല്ലോ'
' നാട്ടില്‍ കിട്ടുന്നതിന്‍റ്റെ ഇരട്ടിയാവാം ഇതിപ്പോ എട്ടിരട്ടി എന്നു പറഞ്ഞാല്‍ അതെങ്ങിനെ ശരിയാവും '

എനിക്ക് നാട്ടില്‍ കിട്ടിയ ശമ്പളവും ഇവിടെ തരാമെന്നേറ്റ സമ്പളവും തമ്മില്‍ ബന്ധപ്പെടുത്തുകയായിരുന്നു തോമസ്.ഒന്നും മനസ്സിലാകാത്തതു പോലെ മുഖത്തേക്കു നോക്കിയിരുന്ന എന്നെ പരിഹാസത്തോടെ തോമസ് നോക്കി.

' ഞാനൊക്കെ ഇവിടെ വന്നിട്ട്‌ നാലുകൊല്ലമായി എന്നിട്ടും എനിക്കത്ര കിട്ടുന്നില്ല എന്നിട്ടല്ലേ ഇന്നലെ വന്ന തനിക്ക് '
' അതിനെന്‍‌റ്റെ ജോലിയല്ലല്ലോ തോമസേട്ടാ താങ്കളുടെ '

എന്‍‌റ്റെ നീരസത്തിലുള്ള സംസാരം അയാളെ ചൊടിപ്പിച്ചു ,
' താനെന്താ സമരം ചെയ്യാന്‍ വന്നതാണോ? താനില്ലെങ്കില്‍ ആളുകള്‍ വേറെയുണ്ട്‌ പറ്റില്ലെങ്കില്‍ പൊയ്ക്കോ , ദാ തന്‍റ്റെ പാസ്പോര്‍ട്ട്‌ '

മറ്റൊരു വിസിറ്റ്‌ വിസ ബാവക്കുള്ള അധിക ചിലവ്‌ , ചൂടത്തുള്ള ജോലി തെരച്ചില്‍ ഇതൊക്കെ ഒരു മിന്നല്‍ പിണര്‍പോലെ മനസ്സിലേക്കു വന്നു.

' അപ്പോ രണ്ടുമാസം കഴിഞ്ഞു കൂട്ടാമെന്നു പറഞ്ഞതോ '
'രണ്ടുമാസമല്ല ഒരു കൊല്ലം കഴിഞ്ഞാല്‍ 2000 Dirham ആക്കിയേക്കും താന്‍ നന്നായി പണി ചെയ്താല്‍ , അയാള്‍ വരാറായി എന്താ തന്‍‌റ്റെ തീരുമാനം ? '

ഒന്നും മിണ്ടാതെനിന്ന ഞാന്‍ തോമസിന്‍‌റ്റെ മുഖത്ത് വന്ന വിജയ ഭാവം നോക്കിയിരുന്നു.
' ഇനി അറബിയോട് പണ്ടതു പറഞ്ഞു ഇതു പറഞ്ഞു എന്നൊക്കെ പറയാനുള്ള ഉദേശമുണ്ടെങ്കില്‍ അതു വേണ്ടെന്നിപ്പോഴെ പറഞ്ഞേക്കാം '
ആഫീസിലേക്ക് കയറിയ അറബിയുടെ പിന്നാലെ തോമസ്‌ അറബിയുടെ മുറിയിലേക്കു പോയി. അവര്‍ തമ്മിലുള്ള അടക്കിപ്പിടിച്ച സംസാരത്തിനിടയില്‍ അറബിയുടെ സംസാരം വ്യക്തമായി കേള്‍ക്കാമായിരുന്നു.

' OK good ..good '

പുറത്തേക്കു വന്ന തോമസിന്‍റ്റെ മുഖം ചിരിയില്‍ നിന്നും ഗൌരവത്തിലേക്കു മാറുന്നത് ഞാന്‍ നിരാശയോടെയും നീരസത്തോടെയും നോക്കിയിരുന്നു.ആറുമാസത്തിനു ശേഷം മറ്റൊരു കമ്പനിയിലേക്കും പിന്നീട് പലകമ്പനികളിലേക്കും ഞാന്‍ പ്രവേശിച്ചപ്പോഴെല്ലാം അവിടെയെല്ലാമുണ്ടായിരുന്നു.

തോമസുമാര്‍ , ഗണേഷനായിട്ടും , അഷറഫ് ആയിട്ടുമൊക്കെയായിരുന്നെന്ന് മാത്രം.

14 comments:

പാമരന്‍ said...

കേരളത്തീന്നുള്ള ഞണ്ടുകളാണുള്ളതെങ്കില്‌ ചാക്ക്‌ കെട്ടിവയ്ക്കണ്ട എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

അതുല്യ said...

തറവാടീ, ഇത് കൊടുമുടിയോളം വരുന്ന ഒരു മലയില്‍ നിന്ന്, നഖത്തിന്റ് അകത്ത് കയറിയ ഒരു നുള്ള് ചെളിയല്ലേ ആവുന്നുള്ളു? ഇത്രേയുള്ളു ഇവിടെത്തേ ഞണ്ടുകള്‍ ന്ന് ആളുകളു വിചാരിയ്ക്കും :).

കരീം മാഷ്‌ said...

ഞാന്‍ ഇതിന്റെ പോസിറ്റീവു വശമാണു കണ്ടതും പ്രചരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നതും.
കോര്‍ഫക്കാന്‍ തീരത്തു ഉരുവില്‍ നിന്നു ചാടി നീന്തി കരക്കടിയുന്ന ഭാഗ്യാനേഷികളെ തീരത്തു നിന്നെടുത്തു കൊണ്ടു വന്നു കഞ്ഞി കൊടുത്തു ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ച,
വണ്ടികളില്‍ നിന്നു വലിച്ചെറിയുന്ന ഒഴിഞ്ഞ ടിന്നുകള്‍ കൊണ്ടു മണ്ണെണ്ണ വിളക്കുണ്ടാക്കി വിറ്റു സഹജീവികളെ സ്നേഹിച്ച ഒരു അലിക്കയെ എനിക്കറിയാം
അയാളെക്കുറിച്ചു പറയാന്‍ ഞാന്‍ കൂറ്റുതല്‍ ഇഷ്ടപ്പെടുന്നു.
ലോകത്തില്‍ നന്മ ന്‍ശിച്ചിട്ടില്ലന്നു ചിലപ്പോള്‍ എന്നെ തന്നെ ബോധ്യപ്പെടുത്തേണ്ടി വരുമ്പോള്‍....:)

ഉപാസന || Upasana said...

മലയാളിക്ക് പാരകള്‍ മലയാളികള്‍ തന്നെയാണ് പലപ്പോഴും
:-)
ഉപാസന

ഹരിത് said...

വല്ലാത്ത ആളുകള്‍!!!!

GLPS VAKAYAD said...

തറവാടീ,
ഒരു വഴിയേയ്യുള്ളൂ മറ്റൊരു തോമസ് ആകാന്‍ ശ്രമിക്കുക.നന്നായിരിക്കുന്നു മനുഷ്യന്റെ വിഭിന്ന ഭാവങ്ങള്‍.

Sathees Makkoth | Asha Revamma said...

എവിടേയും മലയാളിക്കെതിരെ മലയാളിയുണ്ടാവും

അഗ്രജന്‍ said...

താഴെയുള്ളവന്‍റെ ശമ്പളവും ഓവര്‍ടൈമും വെട്ടിച്ചുരുക്കി, അവനതിനേ അര്‍ഹതയുള്ളൂ എന്ന് വരുത്തി മുതലാളിക്ക് മുന്നില്‍ തന്‍റെ മിടുക്ക് തെളിയിക്കുന്ന, മുതലാളിയുടെ പ്രശംസ പിടിച്ച് പറ്റാന്‍ ശ്രമിക്കുന്ന മേലുദ്യോഗസ്ഥന്മാര്‍... തോമാസും, ഗണേഷും, അഷറഫും മാത്രമല്ല.... ചൌധരിയും, അല്‍ നജാറും, വില്‍ഫ്രഡും... അങ്ങിനെ ഒത്തിരി...

‘നല്ല ലക്ഷണമൊത്ത കരുത്തനായ അടിമ‘ എന്ന് ചന്തയില്‍ വിളിച്ച് കൂവിയിരുന്നവന്‍റെ ബാധ വിട്ടുമാറാത്ത ആധുനിക രൂപങ്ങള്‍...

തറവാടി നന്നായി ഈ പോസ്റ്റും... പോസ്റ്റിന്‍റെ തുടക്കത്തിലെ വായന ഇവിടെ വന്ന നാളുകളെ ശരിക്കും ഓര്‍മ്മിപ്പിച്ചു... നന്ദി!

തോന്ന്യാസി said...

ഇന്ത്യ വിട്ടിതുവരെ പുറത്തുവന്നിട്ടില്ലാത്തതിനാലും, ഇപ്പോള്‍ ചെയ്യുന്ന ജോലിയിലിതുവരെ ഇത്തരം പാരകളെ കണ്ടിട്ടില്ലാത്തതു കൊണ്ടും വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നി.എങ്കിലും ഒന്നു ഞാന്‍ കേട്ടിട്ടുണ്ട് മലയാളിയുടെ ശത്രു മലയാളിയാണെന്ന്. അതെന്തായാലും, കഥ മനോഹരമായി

സജീവ് കടവനാട് said...

പൊതുവേ ഗള്‍ഫിലെ കമ്പനികളില്‍ നടക്കുന്നതു തന്നെ ഇത്. മലയാളിയാകണമെന്നൊന്നുമില്ല്ല. ഒരു മധുരക്കാരന്‍ തന്ന അനുഭവം ഉള്ളതിനാല്‍ ഇരയെന്ന് എനിക്കും അവകാശപ്പെടാം. ചെറിയ ഇരയെയിട്ട് വലിയ മീനിനെ പിടിക്കുന്നവര്‍.

ഏ.ആര്‍. നജീം said...

അതെ ഗള്‍ഫിലെ ഒരു സ്ഥിരം കാഴ്ചതന്നെ ഇതും

ഏത് ജോലിക്കും ഒരാളെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ മാനേജറുടെ വകൊരു ഉപദേശം ബോസ്സിന് ഇതിനെക്കാള്‍ കുറച്ച് ശമ്പളത്തില്‍ ഇതിലും ഡിഗ്രി കൂടുതല്‍ ഉള്ളവര്‍ ജോലിക്ക് കിട്ടും എന്ന്... അത് സത്യവുമാണല്ലോ

യാരിദ്‌|~|Yarid said...

മലയാളി തന്നെയാണ്‍ മാഷെ എല്ലായിടത്തും മലയാളിക്കിട്ടു വെക്കുന്നത്. അതു ഗള്‍‌ഫിലായാലും നാട്ടിലായാലും. ഒരുത്തന്‍ നന്നാകുന്നത് മറ്റൊരുത്തനു പിടിക്കത്തില്ല്, ചുരുക്കം ചിലരൊഴിച്ചാല്‍. ഈ പറഞ്ഞതിനു ഏകദേശം സമാനമായ ഒരു സംഭവം എന്റെ ബ്രദറിനുമൂണ്ടായി...

വേണു venu said...

തോമസ്സ് പാരാര.
പലതും മനസ്സിലാക്കിക്കുന്ന പോസ്റ്റിഷ്ടമായി.

യൂനുസ് വെളളികുളങ്ങര said...

ഒരു ദിനം ഞമ്മളെ മാവും പൂക്കും എന്ന്‌ വിചാരിക്കുക